മുട്ടറ്റം വെള്ളത്തില്‍ മുഖംതാഴ്ത്തിക്കിടക്കുന്ന നെല്‍ക്കതിര്‍. വിളഞ്ഞ പൊന്‍കതിരില്‍ ഏറെയും വെള്ളത്തില്‍ വീണ് നശിച്ചിരിക്കുന്നു. കായല്‍വെള്ളത്തിലെ കൃഷിയാണ്. വിതച്ചതിന്റെ പകുതിപോലും കൊയ്യാന്‍ കിട്ടാതെ നഷ്ടത്തിലായിരുന്നു കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് പാടശേഖരത്തെ ജനങ്ങള്‍. അവിടേക്കാണ് മാറ്റത്തിന്റെ കാറ്റുമായി ഡോ. വനജ എത്തിയത്. അങ്ങനെ ലോകത്താദ്യമായി ജൈവനെല്ലിനങ്ങളുടെ വികസനത്തില്‍ ഒരു 'ശാസ്ത്രജ്ഞ'യുടെ കൈപ്പാട് പതിഞ്ഞു. ഒരു ഗ്രാമത്തിന്റെ പേരില്‍ ലോകത്ത് പിറന്നുവീണ നെല്‍വിത്തുകളുടെകൂടി കഥയാണിത്... ഈ കഥയിലെ നായികയെത്തേടി ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ വനിതാരത്‌നം പുരസ്‌കാരവുമെത്തി

കൊല്ലം 2000. ചിങ്ങം 1

സ്ഥലം: കണ്ണൂര്‍ ജില്ല, ഏഴോം യു.പി. സ്‌കൂള്‍

കാര്‍ഷികദിനത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച ക്ലാസെടുക്കുകയാണ് പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിലെ കൃഷിശാസ്ത്രജ്ഞയായ ഡോ. വനജ. അഞ്ചുവര്‍ഷംമുമ്പ് കൃഷി ഓഫീസറായി ജോലിചെയ്തിരുന്ന അതേ പഞ്ചായത്ത്. പരിചിതമുഖങ്ങളാണ് ഏറെയും. വിവിധ മണ്ണിനു പറ്റിയ നെല്ലിനങ്ങളെക്കുറിച്ചാണ് ക്ലാസ്. സംസാരത്തിനിടയില്‍ പ്രായത്തില്‍ മുതിര്‍ന്നയാളും അന്നത്തെ കൈപ്പാട് പാടശേഖരകൃഷിമേഖലയുടെ പ്രസിഡന്റുമായിരുന്ന ചെമ്മഞ്ചേരി ഗോവിന്ദന്‍ നമ്പ്യാര്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: ''കൈപ്പാട് മേഖലയ്ക്കുവേണ്ടി കാര്‍ഷികസര്‍വകലാശാല ഒരിനവും ഇതുവരെ ഉണ്ടാക്കീറ്റില്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെല്‍ച്ചെടി കതിരിട്ടാല്‍ നടുവൊടിഞ്ഞ് വെള്ളത്തിലേക്ക് ഒറ്റ വീഴ്ചയാണ്. നഷ്ടത്തോട് നഷ്ടാണ് ഓരോ കൊല്ലവും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും നോക്കാനില്ല. പിന്നെ ഈ ക്ലാസ് എന്തിനാ ഈടെ. വേറെ ഏടേലും പോയിട്ട് എട്ത്താ മതി...'' ഈ വാക്കുകള്‍ക്കുമുമ്പില്‍ ഡോ. വനജ ഒന്നുപതറി.

''എനിക്കുതന്ന വിഷയം ഇതാണ് ഗോവിന്ദേട്ടാ. ഇവിടെ കൃഷി ഓഫീസറായി ഇരുന്ന കാലത്തുതന്നെ എനിക്ക് ഇതൊക്കെ അറിയാല്ലോ. കുരുമുളക് ഗവേഷണകേന്ദ്രത്തിലാണ് ഇപ്പോ ജോലി. എന്നാലും ഞാന്‍ ഒന്നുപറയാം. ഇവിടത്തെ പ്രശ്‌നം സര്‍വകലാശാലയെ ഉടന്‍ അറിയിക്കും. അവര്‍ അനുവദിച്ചാലും ഇല്ലെങ്കിലും ഞാന്‍ പുതിയൊരു നെല്‍വിത്തിനായി അധ്വാനിക്കും. ഉറപ്പുനല്‍കാന്‍ വയ്യ. എങ്കിലും ഞാന്‍ പരിശ്രമിക്കും.'' പ്ലാന്റ് ബ്രീഡിങ്ങില്‍ പിഎച്ച്.ഡി. എടുത്ത ഡോ. വനജ ഇത് പറയുമ്പോള്‍ ഉള്ളില്‍ സ്വന്തം നാടിനായി സ്വയംനല്‍കിയ ഒരു വാക്കുണ്ടായിരുന്നു. സംഭവബഹുലമായ രണ്ടുപതിറ്റാണ്ടില്‍ ഗവേഷണകുതുകിയായ ആ കൃഷിശാസ്ത്രജ്ഞ വികസിപ്പിച്ചെടുത്തത് ആറുതരം നെല്ലിനങ്ങളായിരുന്നു. ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല്... ഇന്നും ഈ ഗവേഷണസപര്യ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഉയര്‍ന്ന ശിരസ്സോടെ നിറകതിരുകള്‍ വിളഞ്ഞാടുന്ന ഏക്കറോളം നീണ്ട പാടംനോക്കി അതേ ഗോവിന്ദന്‍ നമ്പ്യാര്‍ പറയുന്നു, 'എല്ലാം ഇവരൊരാള്‍ കാരണമാണ്. ചെടികളുടെ ഹൃദയമറിഞ്ഞ് കുഞ്ഞുങ്ങളെപ്പോലെ നോക്കി വളര്‍ത്തുന്ന അമ്മയാണ് വനജ.'

vanaja

വെല്ലുവിളികളുടെ കൈപ്പാട്

മലബാറിലെ കൈപ്പാട് നിലങ്ങളിലെ കര്‍ഷകര്‍ പരമ്പരാഗത കൃഷി വേണ്ടെന്നുവെച്ചുതുടങ്ങിയ കാലം. കായലില്‍നിന്ന് കയറിവരുന്ന ഉപ്പുവെള്ളത്തില്‍ വേലിയേറ്റവും വേലിയിറക്കവും അനുസരിച്ചുള്ള നെല്‍ക്കൃഷിയാണിവിടെ. വെള്ളത്തില്‍ത്തന്നെയാണ് വിത്തുവിതയ്ക്കുന്നതും ഞാറുനടുന്നതും. കൊയ്യാനായി തോണിയില്‍ പോവുകയാണ് പതിവ്. ''ഇതൊരു ജൈവകൃഷിഭൂമിയാണ്. ഒരു വളവുമില്ലാതെത്തന്നെ ഇവിടെ നെല്ല് വളരും. കടലിനോടുചേര്‍ന്നിരിക്കുന്ന ഭൂമിയില്‍ വളം താനേ ഉണ്ടാവും. ഉപ്പുലവണത്തെ അതിജീവിക്കുന്ന ഒരു നെല്‍വിത്തിനായാണ് ഞാന്‍ ആദ്യം ശ്രമം തുടങ്ങിയത്. ജൈവഭൂമിയാണെന്നത് വലിയ വെല്ലുവിളിയായിരുന്നു'' ഡോ. വനജ പറയുന്നു. സര്‍വകലാശാല കൂടാതെ വീട്ടിലെ ടെറസും വനജ പരീക്ഷണശാലയാക്കി. സൂര്യന്‍ ഉദിക്കുംമുമ്പ് ഉണര്‍ന്നെണീറ്റ് നെല്‍ക്കതിരുകളെത്തമ്മില്‍ പരാഗണം നടത്തി. വിവിധതരം നെന്മണികളിലൂടെ നടത്തിയ പരീക്ഷണങ്ങളില്‍ വിജയിച്ചവയെ വിത്താക്കി ഏഴോമിന്റെ പാടങ്ങളില്‍ വിതച്ചു. ഉപ്പുലവണത്തെ അതിജീവിച്ച് അങ്ങനെ 'ഏഴോംഒന്ന് ' പിറവിയെടുത്തു. ഒന്ന് ജയിച്ചപ്പോള്‍ വീണ്ടും കൂടുതല്‍ മെച്ചപ്പെട്ടതിനായി പരീക്ഷണം തുടങ്ങി. സാധാരണമണ്ണില്‍ വിളയുന്ന 'ജൈവ' എന്ന ഇനവും ഇതിനിടെ അവര്‍ കണ്ടെത്തി. അവരുടെ പ്രയത്‌നഫലമായി കൈപ്പാട് അരിക്ക് ഭൗമസൂചികപദവി ലഭിച്ചു.

ഉപ്പുലവണ അതിജീവനശേഷിയുള്ള ജൈവ നെല്ലിനങ്ങളായ ഏഴോം ഒന്നില്‍ തുടങ്ങിയ യാത്ര 'ഏഴോം നാലും' കടന്ന് അഞ്ചാമത്തെ ഇനമായ മിഥിലയിലെത്തി നില്‍ക്കുന്നു..

പരീക്ഷണത്തിന്റെ പാതയില്‍

നെല്ലിലാണ് ഡോക്ടറേറ്റ് നേടിയതെങ്കിലും 1999ല്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിലാണ് വനജ ആദ്യം ജോലിക്കുചേര്‍ന്നത്. കുരുമുളകിനുവരുന്ന ദ്രുതവാട്ടരോഗത്തെ പ്രതിരോധിക്കുന്ന ഇനം കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളായിരുന്നു ആദ്യം. കുറെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിക്കേണ്ടിവന്നു വനജയ്ക്ക്. കുരുമുളകിന്റെ കാട്ടിനമായ ബ്രസീലിയന്‍ തിപ്പലിയാണ് സങ്കരണത്തിനായി ഡോക്ടര്‍ തിരഞ്ഞെടുത്തത്. ജീന്‍ ഒരുപോലെയാണെങ്കിലും രണ്ടുവ്യത്യസ്ത വര്‍ഗങ്ങളായിരുന്നു ഇവ. അതുകൊണ്ടുതന്നെ ഫലം കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.

''ഒരുപാടുപേര്‍ പിന്തിരിപ്പിച്ചെങ്കിലും ഞാന്‍ അതുമായി മുന്നോട്ടുപോവുകതന്നെ ചെയ്തു. അങ്ങിനെ ദ്രുതവാട്ടരോഗത്തെ ചെറുക്കുന്ന ഒരു ഇന്റര്‍സ്പീഷീസ് ഹൈബ്രിഡ് ഇനം വികസിപ്പിക്കാന്‍ സാധിച്ചു. കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇനമായി ഇത് വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും സര്‍വകലാശാല തുടരുകയാണ്. കുരുമുളകിനും നെല്ലിനുംപുറമേ തെങ്ങിലുംെൈ കവച്ചു ഈ ശാസ്ത്രജ്ഞ. എല്ലാ ജില്ലയിലും തെങ്ങ് സഹകരണകൂട്ടായ്മയുണ്ടാക്കുകയും നാടന്‍ തെങ്ങിന്റെ ജനിതകസംരക്ഷണത്തിനായി കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കേരളയാത്ര നടത്തുകയുംചെയ്തു അവര്‍. യാത്രയില്‍ കണ്ടെത്തിയ അന്‍പത്തഞ്ച് തെങ്ങിനങ്ങള്‍ ഗവേഷണകേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങളുടെ കൂട്ടുകാരി

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വിജ്ഞാന്‍ അവാര്‍ഡ്, കൈപ്പാട് നെല്‍ക്കൃഷിയെ അടിസ്ഥാനമാക്കി നിര്‍മിച്ച കായല്‍ക്കണ്ടം എന്ന ഡോക്യുമെന്ററിക്ക് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, മദര്‍ തെരേസ സദ്ഭാവന അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഡോ. വനജയെത്തേടിയെത്തി. ഏഴ് ഗവേഷണപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. വനജ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 53 ഗവേഷണപ്രബന്ധങ്ങളുടെയും രചയിതാവാണ്.

മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി

ഡോ. വനജയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച 'മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി' സര്‍ക്കാര്‍ ഏറ്റെടുത്ത് 2019ല്‍ കൈപ്പാട് ഏരിയാ െഡവലപ്‌മെന്റ് സൊസൈറ്റിയായി പ്രഖ്യാപിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ ദൗത്യങ്ങള്‍ക്കു പുറമേ അധികചുമതലയായി ഡോ. വനജയെ ഏജന്‍സിയുടെ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. 2020ലെ ബജറ്റില്‍ കൈപ്പാട് ഗവേഷണ കേന്ദ്രം, നെല്ല് സംഭരണശാല എന്നിവയ്ക്കുള്‍പ്പെടെ 18 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 55 പഞ്ചായത്തുകളാണ് കൈപ്പാടിന്റെ പരിധിയിലുള്ളത്. ലഭ്യമായ തൊഴിലാളികളെവെച്ച് തൊഴില്‍സേനയും പാടത്തേക്ക് എന്ന പരിപാടിയിലൂടെ നെല്‍വിത്ത് വിതരണവും പത്തായത്തിലേക്ക് എന്ന പരിപാടിയിലൂടെ ജൈവഅരി സംഭരണവും കൊയ്ത്തുത്സവവും കര്‍ഷകപങ്കാളിത്തത്തോടെ പിലിക്കോട് ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് പൈതൃകനെല്‍വിത്ത് ഗ്രാമം പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികളും ഇവര്‍ നടത്തിവരുന്നു. 120ഓളം നാടന്‍ നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നുണ്ട് ഇവിടെ. വെള്ളത്തില്‍ കൊയ്ത്തുനടത്തുന്ന യന്ത്രങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം കൊണ്ടുവന്നു.

പിന്തുണയുമായി കുടുംബം

വെള്ളൂരിലെ കുട്ടിക്കാലത്ത് പഠനത്തില്‍ ഏറെ മികവുകാണിച്ചിരുന്ന വനജയ്ക്ക് അന്നുമുതല്‍തന്നെ കൃഷിയോടും ചെടികളോടും താത്പര്യമുണ്ടായിരുന്നു. അധ്യാപകരായിരുന്ന അച്ഛന്‍ ഭാസ്‌കരനും അമ്മ സരോജിനിയും മകളുടെ പച്ചപ്പിനോടുള്ള താത്പര്യത്തിന് എതിരുനിന്നതുമില്ല. കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് അഗ്രിക്കള്‍ച്ചര്‍ ബിഎസ്.സി. ബിരുദം നേടി. അവസാന വര്‍ഷം പഠിക്കുമ്പോഴായിരുന്നു അമേരിക്കയില്‍ എന്‍ജിനിയറായ ചെല്ലട്ടോന്‍ ബാലകൃഷ്ണനുമായി വിവാഹം നടന്നത്. ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. കുറച്ചുകാലം കൃഷി ഓഫീസറായി ജോലി ചെയ്തശേഷം വീണ്ടും പഠനം. എം.എസ് സി.ക്കുശേഷം പ്ലാന്റ് ബ്രീഡിങ്ങില്‍ ഡോക്ടറേറ്റും നേടിയ വനജ അമേരിക്കയിലെ മേരീലാന്‍ഡ് സര്‍വകലാശാലയില്‍നിന്ന് മോളിക്യുലാര്‍ ടെക്‌നോളജിയില്‍ പരിശീലനവും നേടി. എല്ലാ പരീക്ഷണങ്ങള്‍ക്കും അംഗീകാരവും പ്രോത്സാഹനവുമായി ഭര്‍ത്താവിനൊപ്പം മക്കളായ അമേരിക്കയില്‍ ഗവേഷണവിദ്യാര്‍ഥിയായ ജിതിന്‍ കൃഷ്ണനും മദ്രാസ് സി.എം.ഐ.യിലെ ബിരുദവിദ്യാര്‍ഥി ഹൃഷികേശ് ബാലകൃഷ്ണനും മരുമകള്‍ ചാന്ദ്‌നി നാരായണനും കൂടെയുണ്ട്. ഓഫീസില്‍മാത്രമൊതുങ്ങുന്നതല്ല ഡോക്ടറുടെ സസ്യസ്‌നേഹം. പയ്യന്നൂര്‍ ഏച്ചിലാംവയലിലെ വീടിന്റെ ഗെയിറ്റ് തുറന്ന് അകത്തേക്ക് കടക്കുമ്പോള്‍ മുതല്‍ വിവിധങ്ങളായ ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് ഈ വീടിന്റെ മുറ്റം നിറയെ. വീട്ടില്‍വരുന്നവര്‍ക്ക് ഔഷധക്കൂട്ടുനിറച്ച പാനീയവും തയ്യാര്‍.

പാടത്തെ മുട്ടോളം വെള്ളത്തില്‍ ചേറില്‍ ഇറങ്ങി പണിക്കാര്‍ക്കൊപ്പം നിര്‍ദേശങ്ങളുമായി നടക്കുന്ന ഈ കൃഷിശാസ്ത്രജ്ഞ ഇപ്പോള്‍ കൈപ്പാടിന്റെ പോറ്റമ്മതന്നെയാണ്. ഇരുപതുവര്‍ഷം കൊണ്ട് വനജ എന്ന കൃഷി ഓഫീസറില്‍നിന്ന് ലോകമറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞയായി ഡോ. ടി. വനജ മാറി. പുരോഗമനം ഒട്ടുമില്ലാത്ത കുഞ്ഞുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് സ്വന്തം പരിശ്രമംകൊണ്ട് ഒരു ഗ്രാമത്തിനുതന്നെ കൈത്താങ്ങായി. കൈപ്പാടിന്റെ കാര്‍ഷികക്കുതിപ്പിന്റെ നട്ടെല്ലാണ് ഇന്ന് അവര്‍. രണ്ടു ദശാബ്ദത്തിനിടയില്‍ ഭൗമ സൂചികാപട്ടികയില്‍ ഇടംനേടിയ സ്വന്തം നെല്ലിനങ്ങളുടെ തുടര്‍ച്ചതേടി പുതിയ പരീക്ഷണങ്ങളിലാണ് ഇപ്പോഴും ഡോ. വനജ.

Content Highlights: vanita ratnam award winner vanaja speaking International Women's Day 2020