നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായി, വിമാനങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി നിലംതൊടുമ്പോള്‍ അത് സ്ത്രീശാക്തീകരണത്തിന്റെ ടേക് ഓഫ് ആയി മാറും. ഇവിടെ നടക്കുന്ന റണ്‍വേ നവീകരണത്തിന് ചുക്കാന്‍പിടിക്കുന്നത് വനിതാസംഘമാണ്. റണ്‍വേയ്ക്ക് പുതിയൊരു മുഖം പകരുന്നു ഇവര്‍.

നവംബര്‍ 20ന് തുടങ്ങിയ റണ്‍വേ നവീകരണ പദ്ധതി അവസാന ഘട്ടത്തിലാണ്. 160 കോടി രൂപ മുടക്കിയാണ് സിയാല്‍ റണ്‍വേ നവീകരിക്കുന്നത്. നവമ്പര്‍ 20 മുതല്‍ നാലുമാസത്തേക്ക് പകല്‍ എട്ടുമണിക്കൂര്‍ റണ്‍വേ അടച്ചിടുന്നു. ഈ സമയത്താണ് റീ സര്‍ഫസിങ് പ്രവൃത്തികള്‍. അമ്പതോളം വാഹനങ്ങളും വിവിധ കരാര്‍ കമ്പനികളില്‍ നിന്നുള്ള ഇരുന്നൂറിലധികം തൊഴിലാളികളും ഒത്തൊരുമിച്ച് ചെയ്യേണ്ട പ്രവൃത്തി.

3400 മീറ്റര്‍ നീളവും ഷോള്‍ഡര്‍ ഉള്‍പ്പെടെ 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേ, ഏതാണ്ട് അത്രതന്നെ നീളമുള്ള ടാക്‌സിവേ, അഞ്ച് ടാക്‌സിവേ ലിങ്കുകള്‍ ഇവയുടെ പുനരുദ്ധാരണം, പുതിയ രണ്ട് ലിങ്കുകളുടെ നിര്‍മാണം, റണ്‍വേ ലൈറ്റിങ് സംവിധാനത്തിന്റെ പുനഃക്രമീകരണം എന്നിവയാണ് ഇപ്പോള്‍ സിയാല്‍ ചെയ്യുന്നത്.

ശ്രമകരമായ ഈ പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത് സിയാല്‍ എന്‍ജിനീയറിങ് സംഘമാണ്. ഈ സംഘത്തിലെ പത്തുപേരില്‍ എട്ടുപേരും വനിതകളാണ്. ജനറല്‍ മാനേജര്‍ ടി.ഐ. ബിനി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ ഉഷാദേവി, മിനി ജേക്കബ്, ജൂനിയര്‍ മാനേജര്‍മാരായ ടി.എസ്. പൂജ, ട്രീസ വര്‍ഗീസ്, സീനിയര്‍ സൂപ്രണ്ടുമാരായ ശ്രീകല, ജെസി, ജിന്‍സി എന്നിവരുള്‍പ്പെട്ട സംഘമാണ് ടാറിന്റെ ഗുണനിലവാര പരിശോധന മുതല്‍, റണ്‍വേയുടെ ഘര്‍ഷണം വരെ ഉറപ്പുവരുത്തുന്നത്. ഇവരെ സഹായിക്കാന്‍ 20 വനിതകള്‍ അടങ്ങിയ അപ്രന്റീസ് സംഘവുമുണ്ട്.

'ഒരുവര്‍ഷം മുമ്പുതന്നെ ഞങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ നേരിട്ട് തന്നെ ക്വാറികള്‍ സന്ദര്‍ശിച്ചു. ബിറ്റുമിന്‍ മിക്‌സിങ് പ്ലാന്റുകള്‍ വിലയിരുത്തി. 142 ദിവസം തുടര്‍ച്ചയായി പ്രതിദിനം 1500 ടണ്‍ മിക്‌സിങ് വസ്തുക്കള്‍ റണ്‍വേയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കണം. മുടക്കം വന്നാല്‍ എല്ലാം താറുമാറാകും. അതുകൊണ്ട്, അങ്ങേയറ്റത്തെ ആസൂത്രണത്തോടെയാണ് നവീകരണ പ്രവര്‍ത്തനം തുടങ്ങിയത്' ജനറല്‍ മാനേജര്‍ ടി.ഐ. ബിനി പറഞ്ഞു.

'രാവിലെ മൂന്നുമണിക്ക് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും. പത്തുമണി മുതല്‍ ലോറികള്‍ എത്തിത്തുടങ്ങും. നൂറുകണക്കിന് യന്ത്രങ്ങളും പ്രവര്‍ത്തിച്ചുതുടങ്ങും. വൈകീട്ട് അഞ്ചരയോടെ എല്ലാ ജോലികളും നിര്‍ത്തി, റണ്‍വേ ഉപയോഗക്ഷമമാക്കും. ഏറ്റവും ശ്രദ്ധ ആവശ്യപ്പെടുന്ന ഘട്ടമാണിത്. കൃത്യം ആറുമണിക്കുതന്നെ ആദ്യവിമാനം ലാന്‍ഡ് ചെയ്യും. ഇതിന് മുമ്പ് എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കണം' ഉഷാദേവി പറയുന്നു.

അഞ്ചും ഏഴും സെന്റിമീറ്റര്‍ കനത്തില്‍ രണ്ട് പാളികളാണ് പഴയ റണ്‍വേക്കുമേലിടുന്നത്. ഒരുദിവസം 150 മീറ്ററോളം പൂര്‍ത്തിയാക്കും. അപ്പോള്‍ പുതിയ ടാറിങ് നടത്തിയ ഭാഗവും നിലവിലെ ഭാഗവും തമ്മില്‍ ഉയരവ്യത്യാസമുണ്ടാകും. ഇവിടെ ലാന്‍ഡിങ് അപകടമാണ്. ഇത് മറികടക്കാന്‍ ഏഴ് മീറ്ററോളം നീളത്തില്‍ താത്കാലിക ചരിവുപ്രതലം (റാമ്പ്) നിര്‍മിക്കും... പിറ്റേന്ന് ഇത് പൊളിക്കും... ഇങ്ങനെ സങ്കീര്‍ണമായാണ് ഓരോ ദിനവും മുന്നേറുന്നത്.

ഇനി 20 ദിനങ്ങളാണുള്ളത്. വിമാനത്താവളം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാകുന്നത് മാര്‍ച്ച് 29നാണ്. അത് സാധ്യമാകും എന്നുതന്നെയാണ് സിയാലിന്റെ പ്രഖ്യാപനം. അതിന് ഈ വനിതാ സംഘശക്തിയാണ് ഉറപ്പ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എട്ട് വിമാനങ്ങള്‍ പറത്തുന്നത് വനിതകള്‍

നെടുമ്പാശ്ശേരി: വനിതാ ദിനമായ ഞായറാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എട്ട് വിമാനങ്ങള്‍ പറത്തുന്നത് വനിതകള്‍. കൊച്ചിദുബായ്, ഡല്‍ഹിദുബായ്, മുംബൈദുബായ്, കോഴിക്കോട്അലൈന്‍, തിരുവനന്തപുരംമസ്‌ക്കറ്റ്, കണ്ണൂര്‍അബുദാബി, മംഗലാപുരംദുബായ്, ചെന്നൈസിങ്കപ്പൂര്‍ എന്നീ സര്‍വീസുകളാണ് വനിതകള്‍ നിയന്ത്രിക്കുക.

പെലറ്റും കോപൈലറ്റും വിമാന ജീവനക്കാരുമെല്ലാം വനിതകളായിരിക്കും. കൊച്ചിദുബായ് സര്‍വീസ് ഞായറാഴ്ച രാവിലെ ഒമ്പതിനാണ് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നത്.

Content Highlights: sial engineers International Women's Day 2020 #Each For Equal