ജീവിതപരിമിതികള്‍ക്കുള്ളില്‍നിന്ന് പണിയെടുക്കുന്ന ഈ അമ്മമാരുടെ സംരംഭം അഞ്ചാം വര്‍ഷത്തിലേക്കു കടന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്കുപഞ്ചായത്തിനു കീഴിലെ അഞ്ചുപഞ്ചായത്തുകളിലെ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ അമ്മമാരാണ് ബ്ലോക്കിനു കീഴില്‍ 2015-ല്‍ പുണ്യം എന്നപേരില്‍ സ്വയംതൊഴില്‍ സംരംഭമായി നോട്ടുബുക്കുനിര്‍മാണം തുടങ്ങുന്നത്.

നടവരമ്പ് സ്‌കൂളില്‍ ആരംഭിച്ച ഈ കേന്ദ്രം പിന്നീട് കൂടുതല്‍ സൗകര്യങ്ങളോടെ അവിട്ടത്തൂരിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേകപരിഗണന ആവശ്യമായ കുട്ടികളുടെ അമ്മമാരായതിനാല്‍ സമയകൃത്യത ആവശ്യമായ ജോലികള്‍ക്കൊന്നും ഇവര്‍ക്ക് പോകാന്‍ കഴിയില്ല.

അങ്ങനെയാണ് അവരുടെ ഒഴിവുസമയം പ്രയോജനപ്പെടുത്തി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം തുടങ്ങിയത്.

ബ്ലോക്കുപഞ്ചായത്ത് രണ്ടുലക്ഷംരൂപയും രണ്ടുലക്ഷംരൂപ ബാങ്കുവായ്പയെടുത്തും 2015 ഡിസംബറില്‍ 'പുണ്യം' എന്നപേരില്‍ നോട്ടുബുക്കു നിര്‍മാണം തുടങ്ങി. ഇവര്‍ക്ക് ബി.ആര്‍.സി.യുടെ പരിശീലനം നല്‍കി.

ഈ സംരംഭത്തില്‍ വിജി ജയന്‍ (പ്രസി.), പ്രമിത പ്രജോഷ് (സെക്ര.), എല്‍സി തോമസ് (ട്രഷ.), സുശാന്തിനി ബിനോയ്, ആന്‍സി ഡിലേഷ്, അമ്പിളി സജി എന്നീ ആറുപേരാണ് ഇപ്പോള്‍ സജീവമായുള്ളത്.

ബുക്കുവില്‍പ്പനയുടെ സീസണ്‍ കഴിഞ്ഞതിനാല്‍ പേപ്പര്‍ ബാഗ്, വിത്തുപേന, കുട എന്നിവയുടെ നിര്‍മാണത്തിലേക്കും ഇവര്‍ കടന്നു. ഈ വര്‍ഷത്തെ ഉപജില്ലാ കലോത്സവത്തില്‍ ഇവരുണ്ടാക്കിയ 1800 വിത്തുപേനകളാണ് വിതരണം ചെയ്തത്. അടുത്ത വര്‍ഷത്തേക്കുള്ള ബുക്കുകളുടെ നിര്‍മാണവും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

രാവിലെ മക്കളെ സ്‌കൂളിലേക്ക് അയച്ചതിനുശേഷം ജോലിക്കുവരുന്ന ഇവര്‍ക്ക് സ്‌കൂള്‍സമയം കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തുംമുമ്പ് തിരിച്ചെത്തുകയും വേണം. പലരും രണ്ടു ബസുകള്‍ കയറിയാണ് ജോലിക്കെത്തുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ വിദ്യാസമ്പന്നരായവരാണ് കൂടുതല്‍പ്പേരും.

അതുകൊണ്ടുതന്നെ ഡി.ടി.പി., സ്‌ക്രീന്‍ പ്രിന്റിങ്, തുണിസഞ്ചിപോലുള്ള മറ്റുത്പന്നങ്ങളുടെ ഉത്പാദനം എന്നിവകൂടെ ആരംഭിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. പേപ്പര്‍ബാഗ്, പേപ്പര്‍പേന നിര്‍മാണപരിശീലന ക്ലാസുകളും ഇവര്‍ നല്‍കുന്നുണ്ട്.

Content highlights: self employment initiative in womens