പുനലൂര്‍  ഗുരുവായൂര്‍ പാസഞ്ചര്‍ തൃശ്ശൂര്‍ വിട്ടതേയുള്ളൂ. ട്രാക്കില്‍ എന്തോവെളിച്ചം... മനസ്സിലാവുന്നില്ല. മെല്ലെ ബ്രേക്ക് ഹാന്‍ഡില്‍ പ്രവര്‍ത്തിപ്പിച്ചു. ആ വെളിച്ചത്തിന് 10 മീറ്റര്‍മുമ്പ് വണ്ടിനിന്നു. എന്‍ജിനില്‍നിന്ന് ലോക്കോപൈലറ്റ് മരിയ ഗൊരേറ്റിയും അസിസ്റ്റന്റും ഗാര്‍ഡും ഇറങ്ങി. തീവണ്ടിയുടെ വീഡിയോ എടുക്കാന്‍ ട്രാക്കിന് തൊട്ടടുത്ത് മൊബൈല്‍ഫോണുമായി ചെറുപ്പക്കാരുടെ സംഘം. പിന്നെയെല്ലാം നിയമത്തിന്റെ വഴിക്ക്.

തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ലോക്കോപൈലറ്റാണ് മരിയ. ആലുവ സെയ്ന്റ്‌സേവ്യേഴ്‌സ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വരാപ്പുഴക്കാരി ഗൊരേറ്റി തീവണ്ടി അടുത്തുകാണുന്നത്. പ്രീഡിഗ്രിക്കുശേഷം പെരിന്തല്‍മണ്ണ പോളിടെക്‌നിക്കില്‍ പഠിക്കാന്‍ചേര്‍ന്നു. പകുതിയാത്ര ട്രെയിനില്‍. അന്നൊന്നും സ്വപ്നത്തില്‍പോലും കരുതിയില്ല തീവണ്ടിയുടെ അമരക്കാരി ആവുമെന്ന്.

'ഇലക്ട്രോണിക്‌സ് ഡിപ്ലോമ പാസായിവന്നപ്പോഴാണ് റെയില്‍വേയില്‍ ഡീസല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ കണ്ടത്. അപേക്ഷിച്ചു കിട്ടിയത് 1998ല്‍. അപ്പച്ചന്‍ തോട്ടകത്ത് ജോസഫിനും അമ്മ റെജീനയ്ക്കും ആദ്യം കുറച്ച് പേടിയുണ്ടായിരുന്നു. മകള്‍ ആ സംശയങ്ങളെല്ലാം തിരുത്തിക്കൊടുത്തു.

അസിസ്റ്റന്റ് ലോക്കോപൈലറ്റായി നിയമനം. ഗുഡ്‌സ് വണ്ടിയാണ് ആദ്യം ഓടിച്ചത്. പിന്നെ പാസഞ്ചറുകള്‍, എക്‌സ്പ്രസുകള്‍, 'ഓരോ ദിവസവും നേരിടേണ്ടിവരുന്നത് ഓരോവെല്ലുവിളികളാണ്. എന്‍ജിനിലിരുന്നാല്‍ മുന്നിലുള്ളത് ദൂരെനിന്നുപോലും വ്യക്തമായി കാണാം. ജീവിതം അവസാനിപ്പിക്കാന്‍ വന്നുനില്‍ക്കുന്നവരെ അവസാനമായി ജീവനോടെ കാണേണ്ടിവരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഹൃദയഭേദകമാണ് അത്.

പലരും വളവുകളില്‍നിന്നൊക്കെ എടുത്തുചാടും. അപ്പോള്‍ ഒന്നും ചെയ്യാനുണ്ടാവില്ല. തൊട്ടടുത്ത് എത്തിക്കാണും. പെട്ടെന്ന് ബ്രേക്കിട്ടാല്‍ ഒരുപക്ഷേ വണ്ടി മറിയും. തൊട്ടടുത്ത് സ്റ്റേഷനില്‍ വിവരമറിയിച്ച് മരവിച്ച മനസ്സുമായി യാത്രതുടരും.

വരാപ്പുഴ എടമ്പാട് പാവനത്തറ പോള്‍ ടോമിയാണ് മരിയ ഗൊരേറ്റിയുടെ ഭര്‍ത്താവ്. വരാപ്പുഴ പഞ്ചായത്തില്‍ യു.ഡി. കഌര്‍ക്കാണ് അദ്ദേഹം. മക്കള്‍ ഇഷയും ഐറിനും സ്‌കൂള്‍വിദ്യാര്‍ഥികളാണ്. എറണാകുളം സൗത്തില്‍വെച്ച് മരിയ ഗൊരേറ്റി ഞങ്ങളോടുസംസാരിച്ചു തീര്‍ന്നപ്പോഴേക്ക് ആലപ്പുഴകണ്ണൂര്‍ ഇന്റര്‍സിററി എത്തി. ഗൊരേറ്റി എന്‍ജിന്‍ റൂമിലേക്ക്. പുതിയൊരു യാത്രയുടെ തുടക്കം.

Content Highlights: railway loco pilot maria International Women's Day 2020 #Each For Equal