ന്യൂഡല്‍ഹി: ''അവളുടെ ഓരോ ശ്വാസവും ഞങ്ങളുടെ കണ്‍മുന്നിലാണ് മുറിഞ്ഞുവീണത്. അപ്പോഴും എന്റെ കുട്ടി പറഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യമാണ്, മറ്റൊരാള്‍ക്കും ഈയവസ്ഥയുണ്ടാകരുതെന്ന്...'' അന്ന് തേങ്ങലടയ്ക്കാന്‍ പാടുപെട്ട ആശാ ദേവിയുടെ ശബ്ദത്തിന് ഇപ്പോള്‍ ഒട്ടും ഇടര്‍ച്ചയില്ല. ലോകം 'നിര്‍ഭയ' എന്നുവിളിച്ച പെണ്‍കുട്ടിയുടെ അമ്മ ഏഴുവര്‍ഷംകൊണ്ട് ഏറെ മാറിക്കഴിഞ്ഞു. കുറച്ചൊന്നുമല്ലല്ലോ അവര്‍ അനുഭവിച്ചത്.

മനസ്സാക്ഷിയുള്ളവര്‍ക്ക് നടുക്കത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല ആ ദുരന്തം. ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബം ഏറെ പ്രതീക്ഷയോടെ വളര്‍ത്തിവലുതാക്കിയ പെണ്‍കുട്ടിയെ ഓടുന്ന ബസ്സില്‍വെച്ച് ആറുപേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തുകയായിരുന്നു. അല്പശ്വാസം മാത്രം ബാക്കിവെച്ച് അവരാ പെണ്‍കുട്ടിയെ റോഡില്‍ തള്ളി. പതിമൂന്നു ദിവസം വേദനയില്‍ നീറിനീറിയാണ് ഒടുവിലവള്‍ മരണത്തിന് കീഴടങ്ങിയത്.

എത്ര മനക്കരുത്തുള്ളവരും തളര്‍ന്നുപോകുന്ന ദാരുണദുരന്തത്തില്‍ അലിഞ്ഞില്ലാതാവാനായിരുന്നില്ല ആശാ ദേവിയുടെ തീരുമാനം. അവര്‍ പോരാടാന്‍ തന്നെയുറച്ചു.

''ആദ്യമൊന്നും എനിക്കറിയില്ലായിരുന്നു എന്റെ കുഞ്ഞിന് ഇത്രയൊക്കെ സംഭവിച്ചിട്ടുണ്ടെന്ന്. അവള്‍ നേരിട്ട ക്രൂരതയുടെ ആഴം പിന്നെപ്പിന്നെ ഞങ്ങളുമറിഞ്ഞു. അന്നുറച്ചതാണ്, എന്റെ മകളുടെ ഘാതകരെ തൂക്കിലേറ്റുംവരെ പോരാടുമെന്ന്.

ഇനി മറ്റൊരാള്‍ക്കും എന്റെ കുഞ്ഞിന്റെ അവസ്ഥയുണ്ടാവരുതന്ന് ഉറപ്പിച്ചു. അങ്ങനെയൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും തോന്നാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് അതുപോലൊരു ശിക്ഷതന്നെ ലഭിക്കണം. അതിനാണ് ഞാനും നിയമത്തിന്റെവഴിയില്‍ പോരാട്ടത്തിനിറങ്ങിയത്.

ഏഴുവര്‍ഷത്തെ നിയമപോരാട്ടത്തില്‍ കോടതി എല്ലാവരേയും കേട്ടു. ദുരന്തം നടക്കുമ്പോള്‍ മകള്‍ക്കൊപ്പം ബസ്സിലുണ്ടായിരുന്ന സുഹൃത്തും ഒപ്പംനിന്നു. അന്വേഷണോദ്യോഗസ്ഥരും കോടതിയും ആവശ്യപ്പെട്ടപ്പോഴെല്ലാം അയാള്‍ സഹകരിച്ചു.

അതിനിടെ, നിര്‍ഭയ സംഭവം ഡോക്യുമെന്ററിയാക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പലരും സമീപിച്ചു. ആര്‍ക്കും ഞങ്ങള്‍ അനുമതികൊടുത്തിട്ടില്ല. എങ്കിലും ചിലരൊക്കെ അത് ചെയ്തു.

മകളുടെ നീതിക്കായുള്ള പോരാട്ടത്തില്‍നിന്ന് ആരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, മകളെക്കുറിച്ച് പലരും മോശമായി പറഞ്ഞത് വേദനിപ്പിച്ചു. അതൊന്നും എന്നെ പിന്നോട്ട് നയിച്ചില്ല. ഒരുദിവസംപോലും മുടങ്ങാതെ കോടതികളില്‍ പോയി. അവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് നേരിട്ട് കാണണമായിരുന്നു.

ഒടുവില്‍ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചിട്ടും രണ്ടരവര്‍ഷം കേസിന് അനക്കമുണ്ടായില്ല. സര്‍ക്കാരും ജയില്‍ അധികൃതരും ഉറക്കംനടിച്ചു. ഇതോടെ മരണവാറന്റയക്കാന്‍ എനിക്കുതന്നെ നേരിട്ട് കോടതിയെ സമീപിക്കേണ്ടിവന്നു.

മരണവാറന്റ് വന്നതോടെ പ്രതികളിലൊരാളുടെ അമ്മ എന്റെയടുത്തുവന്ന് കരഞ്ഞു. അവരോട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ ഇപ്പോള്‍ കരയുന്നു... ഏഴ് വര്‍ഷംമുന്‍പ് ഞാന്‍ കുറെ കരഞ്ഞതാണ്. ശിക്ഷ നടപ്പായാലേ എന്റെ പോരാട്ടം പൂര്‍ണമാകൂ, ഇനി അതിനുള്ള കാത്തിരിപ്പാണ്''.

Content Highlights: Nirbhaya's Mother Speaks, International Women's Day, Each For Equal