ജോലിയിലെത്തി 20 വര്‍ഷത്തിനുശേഷം ഒരു ഗ്രൂപ്പ് ഫോട്ടോയുടെ കോണില്‍നിന്നാണ് ടെസി തോമസിനെ മാധ്യമങ്ങള്‍ തിരിച്ചറിയുന്നത്. പുരുഷന്മാര്‍ ഏറെയുള്ള മേഖലയിലെ വനിതാസാന്നിധ്യമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മിസൈല്‍ വുമണ്‍ എന്ന പേരെല്ലാം മാധ്യമങ്ങള്‍ നല്‍കിയതാണ്. ഏതൊരു ജോലിയിലും വെല്ലുവിളികള്‍ ഉണ്ടാകും. അറിവാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്നത് തിരിച്ചറിയണം. അറിവും കഴിവുമുണ്ടെങ്കില്‍ വേര്‍തിരിവുകളെല്ലാം ഇല്ലാതാകും. ഞാന്‍ അതിന്റെ ഉത്തമോദാഹരണമാണ്.ഗസ്റ്റ് എഡിറ്റര്‍ ഡോ. ടെസി തോമസ് പറയുന്നു

അഗ്‌നി3 നീറുന്ന ഓര്‍മ

വേദനിപ്പിക്കുന്നൊരു ഓര്‍മയാണ് അഗ്‌നി മൂന്നിന്റെ പരാജയം. വര്‍ഷങ്ങളുടെ അധ്വാനമാണല്ലോ പാഴായതെന്ന് ആദ്യം ചിന്തിച്ചു. എന്താണ് പ്രശ്‌നമായതെന്ന് പോലും ആദ്യം മനസ്സിലാക്കാനായില്ല. പരാജയത്തിന്റെ ആ പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു പിന്നീട് മുന്നോട്ടുള്ള യാത്ര. തോല്‍വികളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് വിജയത്തിലേക്കുള്ള കുതിപ്പ് സാധ്യമാണ്.

കലാം

എ.പി.ജെ. അബ്ദുല്‍കലാമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്. ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അദ്ദേഹം. തുടക്കക്കാരിയുടെ പരിഭ്രമത്തില്‍നിന്ന് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്ക് അദ്ദേഹം കൈപിടിച്ചുയര്‍ത്തി.

കുപ്പിവള ഓര്‍മ

പണ്ട് ഉടുപ്പിന് ചേരുന്ന കുപ്പിവളയൊക്കെ ഇട്ടാണ് ഓഫീസില്‍ പോയിരുന്നത്. ഒരിക്കല്‍ കംപ്യൂട്ടറില്‍ എന്തോ ചെയ്തുകൊണ്ടിരുന്നപ്പോള്‍ വള കീ ബോര്‍ഡില്‍ തട്ടി. ചില സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ പ്രോഗ്രാമിങ്ങില്‍ കടന്നുകൂടി. തെറ്റിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന മേലുദ്യോഗസ്ഥനാണ് കുപ്പിവളയുടെ വില്ലന്‍ വേഷം ചൂണ്ടിക്കാണിച്ചത്. അന്നുമുതല്‍ ഒറ്റവളയിലേക്ക് മാറി.

Tessy thomas In mathrubhumi
ഡോ. ടെസി തോമസ് മാതൃഭൂമിയിലെ വനിതാ ജേര്‍ണലിസ്റ്റുകള്‍ക്കൊപ്പം. 

ശാസ്ത്രമുണ്ട്, ദൈവവും

തിരക്കുപിടിച്ച ജോലിക്കിടയില്‍ പള്ളിയില്‍ പോകാനും പ്രാര്‍ഥിക്കാനുമൊന്നും സമയം കിട്ടാറില്ല. മനസ്സിലാണ് പ്രാര്‍ത്ഥന. ശാസ്ത്രമെന്നതുപോലെ ദൈവവുമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കുടുംബം

കുടുംബവും ജോലിയും ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. ജോലിയുടെ സ്വഭാവം മനസ്സിലാക്കി ഒപ്പം നില്‍ക്കുന്ന കുടുംബത്തെ ലഭിച്ചത് കാര്യങ്ങള്‍ എളുപ്പമാക്കി. മകനും എന്റെ തിരക്കുകളുമായി പൊരുത്തപ്പെട്ടു. ഒപ്പം നില്‍ക്കുന്ന കുടുംബം സ്ത്രീകള്‍ക്ക് നല്‍കുന്ന മാനസികോര്‍ജം ഏറെ വലുതാണ്.

സ്‌കൂള്‍ കാലം

അടങ്ങിയൊതുങ്ങിയിരിക്കുന്ന പ്രകൃതമായിരുന്നില്ല. കലാകായിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു. പൊക്കം കൂടും എന്ന ധാരണയില്‍ എന്നും വൈകീട്ട് ബാസ്‌കറ്റ്‌ബോള്‍ കളിച്ചിരുന്നു. അതോടൊപ്പം സംവാദവും പ്രസംഗവും നൃത്തവും പാട്ടുമെല്ലാം ഉണ്ടായിരുന്നു. ആത്മവിശ്വാസം കൂട്ടാന്‍ ഇതിനെല്ലാം കഴിഞ്ഞിട്ടുണ്ട്. അന്നത്തെ ധൈര്യമെല്ലാം ഇന്നുമുണ്ട്. എന്‍ജിനിയറിങ്ങിന് പഠിക്കുന്ന സമയത്തും ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു.

വഴിതെളിക്കണം മാധ്യമങ്ങള്‍

യുവതലമുറയ്ക്ക് വഴിതെളിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. പിന്തുടരാവുന്ന മാതൃകകളെയും വ്യക്തികളെയും അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.

Content Highlights: Missile Women Tessy Thomas, International Women's Day, Each for Equal