ജീവിതം അങ്ങിനെയാണ്. പലപ്പോഴായി പലവിധ പരീക്ഷണങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ടി വരും. അത്തരത്തിലുള്ള കല്ലും മുള്ളും മാത്രം നിറഞ്ഞ വഴിയിലൂടെ സ്വന്തം മനക്കരുത്ത് കൊണ്ട് ഇഴഞ്ഞു കയറിയ കഥയാണ് പ്രഥമ മാതൃഭൂമി ഷീന്യൂസ് പുരസ്‌കാരം നേടിയ വയനാട്ടിലെ വെള്ളമുണ്ട സ്വദേശിയായ കുംഭാമ്മയ്ക്ക് പറയാനുള്ളത്. രണ്ടുകാലുകളും പോളിയോ ബാധിച്ച് ചെറുപ്പത്തിലെ തളര്‍ന്നു. അന്നുമുതല്‍ മണ്ണില്‍ ഇഴഞ്ഞാണ് ജീവിതം. പിന്നീട് അര്‍ബുദവും ക്ഷണിക്കാത്ത അതിഥിയായി ജീവിതത്തിലേക്ക് വന്നുകയറി. ഈ ദുരിതങ്ങളെയെല്ലാം കുംഭാമ്മ തോല്‍പ്പിച്ചത് മണ്ണില്‍ പണിയെടുത്താണ്. മനക്കരുത്തുകൊണ്ട് മണ്ണിന്റെ മനസ്സറിഞ്ഞ് രോഗങ്ങളെ ചെറുക്കുന്ന ഈ ആദിവാസി കര്‍ഷക ഇന്ന് നാടിന്റെ അഭിമാനമാണ്.  സ്വന്തമായുള്ള കൃഷിയിടത്തില്‍ പച്ചക്കറികൃഷിയില്‍ മുഴുവന്‍ സമയവും ചെലവിടുന്നു. ഇതിന്റെ പ്രോത്സഹാനമായി കൃഷിഓഫീസ് നല്‍കിയ രണ്ടായിരം രൂപയായിരുന്നു ഇവര്‍ക്ക് കിട്ടിയ ആദ്യ  സമ്മാനം.

വയനാട്ടിലെ വെള്ളമുണ്ടയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാവിന്‍ മരങ്ങള്‍ തണല്‍വിരിക്കുന്ന കൃഷിയിടത്തിന് നടുവിലാണ് അറുപത്തിയെട്ട് വയസ്സ് പ്രായമുള്ള കുംഭാമ്മയുടെ വീടുള്ളത്. വരയിട്ട് ചാണകം മെഴുകിയ വരാന്തയും മുറികളുമുള്ള ചെറിയ വീട്. ഓടിട്ടതാണെങ്കിലും കാലപഴക്കം കൊണ്ട് അലകുകള്‍ തെററി കാലത്തെ തോല്‍പ്പിക്കുന്ന വീട്. കത്തുന്ന വേനലിന്റെ നട്ടുച്ച സമയത്തും സദാ കുളിരുള്ള കാറ്റ് വന്ന് കയറുന്ന വാരാന്തയിലേക്ക് തൊട്ടു താഴെ വയലിലുള്ള പച്ചക്കറി തോട്ടത്തില്‍ നിന്നാണ് കുംഭാമ്മ നിരങ്ങി നിരങ്ങി എത്തിയത്. എഴുന്നേറ്റു നില്‍ക്കാന്‍ കാലുകളില്ലെങ്കിലും നന്നേ ചെറുപ്പം മുതല്‍ ഇതുവരെയും സ്വന്തം പരിശ്രമം കൊണ്ട് കഷ്ടപ്പാടുകള്‍ നീന്തിക്കയറിയ ദൈന്യതകള്‍ മുഖത്തുണ്ട്. ശരീരഭാരം കൈകളില്‍ താങ്ങി പതിനായിരക്കണക്കിന് തവണ നിരങ്ങിയും വീണും നീങ്ങിയ കൃഷിയിടത്തില്‍ ഇന്നു കാണുന്ന പച്ചപ്പുകളെല്ലാം കാത്തു വെച്ചതിന്റെ കഥയും കുംഭാമ്മ പറയും. വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഭര്‍ത്താവിന് അസുഖം വന്നതോടെ ചികിത്സയ്ക്കായി നെട്ടോട്ടമോടുമ്പോള്‍ ബന്ധുക്കള്‍ പറഞ്ഞു വീടിന് ചുറ്റിലുള്ള മരങ്ങളെല്ലാം മുറിച്ച് വിറ്റ് ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താമെന്ന്. ആരെക്കെയോ കച്ചവടക്കാരെ കൊണ്ടുവന്ന് 21 കുറ്റി മരങ്ങള്‍ പണം വാങ്ങി വില്‍പ്പന നടത്തുകയും ചെയ്തു. ഇതറിഞ്ഞ അന്നു മുതല്‍ ഉറക്കം നഷ്ടപ്പെട്ടു. തന്റെയും തലമുറകള്‍ക്കും സാക്ഷ്യമായ ഈ മരക്കൂട്ടങ്ങളും തണലും വില്‍ക്കുന്നില്ലെന്ന് കുംഭാമ്മ ഉറപ്പിച്ചു പറഞ്ഞു. വാങ്ങിയ പണം കച്ചവടക്കാര്‍ക്ക് തിരികെയും നല്‍കി. അതിനുശേഷം അര്‍ബുദം രണ്ട് തവണയും വന്നു. അപ്പോഴും പണമില്ലാതെ കുഴങ്ങിയപ്പോള്‍ ഈ മരങ്ങള്‍ക്ക് മേല്‍ തന്നെ കണ്ണുകള്‍ വന്നു. അന്നും സമ്മതിച്ചില്ല. അങ്ങിനെയെല്ലാം ഇക്കാലം വരെയും കാത്ത് വെച്ചതാണ് ഈ തണലുകള്‍. ഇപ്പോള്‍ മകനും പറയുന്നു ഈ മരങ്ങള്‍ വിറ്റ് നമുക്ക് വീടുണ്ടാക്കാമെന്ന് അപ്പോഴും ഞാന്‍ പറഞ്ഞു. ഈ തണലുകളാണ്  നമ്മുടെ വീട്. അങ്ങിനെ മരങ്ങള്‍ വില്‍ക്കാതെയും കിടപ്പാടം പണയം വെക്കാതെയും ആത്മ വിശ്വാസം ഒന്നുകൊണ്ടു മാത്രാമാണ് അര്‍ബുദം എന്ന മഹാമാരിയെ കുംഭാമ്മ തോല്‍പ്പിച്ചത്.  

kumbamma

കൊല്ലിയില്‍ കുറിച്യതറവാടിന്റെ തലമുതിര്‍ന്ന കാരണവര്‍ കൂടിയാണ് ഇന്ന് കുംഭാമ്മ. എന്തിനും ഏതിനും കുംഭാമ്മയുടെ അഭിപ്രായത്തിന് തന്നെയാണ് വില. തറവാട്ടു വകയുള്ള കൃഷിഭൂമിയൊക്കെ തരിശായി കിടക്കാത്തതും ഇതുകൊണ്ട് തന്നെയാണ്. പന്ത്രണ്ട് മക്കളില്‍ ഒരാള്‍ കാലുകളില്ലാതെ  ഇങ്ങനെ ജനിച്ചപ്പോള്‍ ബന്ധുക്കള്‍ക്കും തറവാടിനുമെല്ലാം അതൊരു ദൈവകോപമായി തോന്നിയിരിക്കും.  എന്നാല്‍ ഓര്‍മ്മ വെച്ചനാള്‍ മുതല്‍ സാഹചര്യങ്ങളോട് പൊരുതാനുള്ള കരുത്തിനെ പാകപ്പെടുത്തി. സമപ്രായക്കാരായ കുട്ടികളൊക്കെ സ്‌കൂളിലും മറ്റും പോയപ്പോള്‍ അമ്മയ്ക്കരികില്‍ നിന്നും ആ ജീവിതങ്ങളെ നോക്കി നിന്നു. ഒന്നിനും ആവതില്ല എന്നതില്‍ നിന്നും എല്ലാം കഴിയുമെന്ന ആത്മ വിശ്വാസത്തിന്റെ പാഠങ്ങളായിരുന്നു ഇക്കാലങ്ങളിലെല്ലാം കുംഭ പഠിച്ചെടുത്തത്.അമ്മയുടെ തണല്‍ വിട്ട് സ്വന്തം വഴികളിലേക്കുള്ള നിരങ്ങി നിരങ്ങിയുള്ള യാത്ര അന്ന് തുടങ്ങിയതാണ്. തണലായി ഏറെക്കാലം നിന്ന അച്ഛനും അമ്മയുമെല്ലാം പോയി. ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരങ്ങള്‍ കൂടി  മുറിപ്പെടുത്തി. കുന്നിറിങ്ങി തലയില്‍ വെള്ളവുമായി വീട്ടിലേക്ക് തിരികെയെത്തി. കാട്ടില്‍ നിന്നും വിറക് കൊണ്ടു വന്ന് അടുപ്പ് പുകച്ചു. കൃഷിടയിടത്തില്‍ അവനവന് വേണ്ടതെല്ലാം കൃഷി ചെയ്തു. അങ്ങിനെ അങ്ങിനെ സ്വന്തം കൈകളില്‍ ഒരു ജീവിതം കുംഭയും തുടങ്ങുകയായിരുന്നു.

പിള്ളവാതം  ബാധിച്ചാണ് കുംഭയ്ക്ക് അരയക്ക് താഴെ പൂര്‍ണ്ണമായും തളര്‍ന്നുപോയത്. ആര്‍ക്കും ഒരു ബാധ്യതയാവരുതെന്ന് ബാല്യം മുതലെ അടിയുറച്ചു പോയതാണ് മനസ്സിലൊരു തീരുമാനം. വളര്‍ന്നു വന്നപ്പോഴും മറ്റുള്ളവരുടെ ജിവിതം നോക്കി സമയം പാഴാക്കാന്‍ മെനക്കെട്ടില്ല. എനിക്കും എല്ലാം കഴിയുമെന്ന് തെളിയിച്ചു കൊണ്ടേയിരുന്നു. ഇക്കാലത്തിനിടയില്‍ ചുറ്റിലുമുള്ളവര്‍ക്കും നാടിനുമെല്ലാം ഈ ജീവിതം ഒരു മാതൃകയായി. 

മറ്റുള്ളവരുടെ സഹതാപങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിച്ചു. ഇതിനിടയില്‍ ഒരു കുടുംബം തനിക്കും വേണമെന്ന് കുംഭ അതിയായി ആഗ്രഹിച്ചു. ഇരു കാലുകളുമില്ലാത്ത ഒരാളെ തേടി ആരും വരാനില്ല. ഏറെ വൈകിയാണെങ്കിലും പ്രതീക്ഷ പോലെ ഒരു വിവാഹം ദിനമെത്തി. എന്നാല്‍ തനിക്ക് താങ്ങാവേണ്ട ഭര്‍ത്താവ് കുങ്കന് ഹൃദയവാള്‍വിന് അസുഖം വന്നതോടെ അത് മറ്റൊരു പരീക്ഷണമായി. ഭര്‍ത്താവിനെ പരിചരിക്കലും വൈകല്യമുള്ള കുംഭയുടെ ജോലിയായി. അസുഖങ്ങള്‍ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു. ഇതിനിടയില്‍ പ്രതീക്ഷയായി ഒരു മകന്‍ ജനിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റേതായിരുന്നു ആ നാളുകള്‍. മകനെയും അല്ലലറിയാതെ വളര്‍ത്താന്‍ ഇവര്‍ തന്നെ മുന്നിട്ടറങ്ങി. അസുഖം മൂര്‍ച്ഛിച്ച് ഭര്‍ത്താവ് കുങ്കന്‍ എട്ടു വര്‍ഷം മുമ്പ് മരിച്ചു. മകന്‍ രാജുവിനെ പ്‌ളസ്ടു വരെ പഠിപ്പിച്ചെങ്കിലും തുടര്‍ന്ന് പഠിപ്പിക്കാന്‍ കഴിവില്ലാത്തതിനാല്‍ എല്ലാം നിലച്ചു. മകനൊരു ജോലികിട്ടിയാല്‍ ഈ വാര്‍ദ്ധക്യത്തില്‍ ഒരു ആശ്വാസമാകും.

Content Highlights: mathrubhumi she news award winner kumbha speaking