'രാഷ്ട്രപതി പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. എന്നാലെന്താ, അദ്ദേഹത്തിന്റെ കൈയില്‍നിന്ന് പുരസ്‌കാരം കിട്ടിയല്ലോ'' നിഷ്‌കളങ്കമായ ചിരിയോടെ നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനിയമ്മ പറയുന്നു.

ഞായറാഴ്ച രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് ബഹുമതി സ്വീകരിച്ച ശേഷം വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അവര്‍. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് മുട്ടം ചിറ്റൂര്‍ സ്വദേശിനിയാണ് 98 വയസ്സുള്ള പടീറ്റതില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ.

സാക്ഷരതാപഠനം ഇത്രയും വലിയ അംഗീകാരം നേടിത്തരുമെന്ന് അവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. പുരസ്‌കാരം സ്വീകരിക്കാന്‍ വിമാനത്തിലാണ് കാര്‍ത്യായനിയമ്മ ഡല്‍ഹിയില്‍ എത്തിയത്. ആദ്യത്തെ വിമാനയാത്ര എങ്ങനെയുണ്ടായിരുന്നുവെന്ന ചോദ്യത്തിന് നല്ല രസമെന്നായിരുന്നു നിറഞ്ഞചിരിയോടെയുള്ള മറുപടി. 'വിമാനത്തില്‍ തല കറങ്ങും കുലുങ്ങും എന്നൊക്കെ എല്ലാവരും എന്നെ പേടിപ്പിച്ചു. എന്നാല്‍, എനിക്ക് വലിയ പേടിയുണ്ടായിരുന്നില്ല. സാധാരണ വാഹനത്തില്‍ സഞ്ചരിക്കുംപോലെ. കുലുക്കമൊന്നുമുണ്ടായില്ല. ഒട്ടും പേടിച്ചില്ല. നല്ല യാത്രയായിരുന്നു'.

രാഷ്ട്രപതിഭവനില്‍നിന്നും വിമാനത്തില്‍നിന്നും കഴിച്ച ഭക്ഷണത്തെക്കുറിച്ചും കാര്‍ത്യായനിയമ്മ ഓര്‍ത്തെടുത്തു. 'രാഷ്ട്രപതിഭവനില്‍നിന്ന് ഗുലാബ് ജാം, സമൂസ, കാപ്പി എന്നിവ കഴിച്ചു. വിമാനത്തില്‍നിന്ന് ബദാം ജ്യൂസും ചായയും ബിസ്‌കറ്റും'.

പുരസ്‌കാരജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. പ്രധാനമന്ത്രിയോട് എന്തൊക്കെ പറയുമെന്ന് ചോദിച്ചപ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കുമെന്നായിരുന്നു മറുപടി. 'നാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായതും അറിയിക്കും. വീട്ടിലേക്ക് ക്ഷണിക്കും. അദ്ദേഹത്തിനുവേണ്ട കാര്യങ്ങളൊക്കെ ഒരുക്കും' ഗൗരവം ചോരാതെ കാര്‍ത്യായനിയമ്മ പറഞ്ഞു.

ഇളയമകള്‍ അമ്മിണിയമ്മ, സാക്ഷരതാപ്രേരക് കെ. സതി എന്നിവര്‍ക്കൊപ്പമാണ് കാര്‍ത്യായനിയമ്മ ഡല്‍ഹിയില്‍ വന്നത്. ഇന്ത്യാ ഗേറ്റ്, കുത്തബ്മിനാര്‍ തുടങ്ങിയവയൊക്കെ സന്ദര്‍ശിച്ചശേഷം തിങ്കളാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങും.

Content Highlights: Karthyaniyamma received nari shakti award