നിതാ ദിനമാണ് വീണ്ടും . 'ഇല്ലത്ത് നിന്നിറങ്ങുകേം ചെയ്തു അമ്മാത്തൊട്ട് എത്തിയതുമില്ല' എന്ന്   പെണ്ണുങ്ങളുടെ സ്വത്വ പ്രകാശനത്തെ ചില ദുഷ്ടശക്തികള്‍ പുച്ഛിക്കുന്നത് അവിടുന്നും ഇവിടുന്നും  കേള്‍ക്കുന്നതൊന്നും തല്‍ക്കാലം മൈന്‍ഡാക്കുന്നില്ല. പകരം  ഉശിരുള്ള പെണ്ണുങ്ങളെപ്പറ്റി ചുമ്മാ ഓര്‍ത്തപ്പോള്‍ ഒരുത്തന്റെ കരച്ചിലാണ് മനസിലേക്ക് വന്നത്.  ആര്‍.രാജശ്രീ എഴുതിയ 'കല്യാണിയെന്നും  ദാക്ഷായണി യെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ' വായിച്ച് കരളുരുകിയ  കേരളത്തിലെ ആണൊരുത്തന്റെ കരച്ചില്‍. കേരളക്കരയിലെ വായനക്കരയുടെ വീതി  തങ്ങളുടെ മഴുവെറിഞ്ഞ് എമ്പാടും കൂട്ടിയെടുത്ത  കല്ല് പോലത്തെ കല്യാണിയും ഒരു ദാക്ഷിണ്യവും ഇല്ലാത്ത ദാക്ഷായണിയും... അവരെ വായിച്ച് ആണൊരുത്തന്‍ എന്തിനാണ് തേങ്ങിയത് എന്നത് വിശദമായി ചോദിച്ചറിയുന്നത് രസമായിരിക്കും എന്ന് തോന്നിയതും  അവനെ വിളിച്ചങ്ങ് ഇന്റര്‍വ്യൂ ചെയ്തു. 

കല്യാണിയും ദാക്ഷായണിയും  കഥ വായിച്ച് കരളുരുകിയ  കേരളത്തിലെ ആണൊരുത്തനെ ഇന്റര്‍വ്യൂ ചെയ്ത വിധം.  തന്റേതല്ലാത്ത കാരണങ്ങളാല്‍ ആണ്‍ശിങ്കം തല്ക്കാലം നെയിം റിവീല്‍ ചെയ്യുന്നില്ല. വായനക്കാര്‍ ക്ഷമിക്കുമല്ലോ.

ഇന്റര്‍വ്യൂ അടുത്ത വരിയില്‍ ആരംഭിക്കുന്നു 

ചോദ്യകര്‍ത്താവ്: കല്യാണിയും ദാക്ഷായണിയും  കഥ വായിച്ചപ്പോള്‍ എന്ത് തോന്നി?

ആണൊരുത്തന്‍: ദുഃഖം തോന്നി 

എന്തിന്?

ആണുങ്ങളുടെ മര്‍മ്മത്താണ് എഴുത്തുകാരി ചവിട്ടിയിരിക്കുന്നത്. ഞാനൊരു ആണൊരുത്തനല്ലേ? സഹിക്കുന്നില്ല.

എന്ത് തരം  മര്‍മം?

ഹ് മ്... എല്ലാ മര്‍മവും അതില്‍ പെടും. 

പലരും എഴുത്തിലൂടെ  ആണുങ്ങള്‍ക്കിട്ട് പല കൊട്ടും  കൊടുത്തിട്ടുണ്ട്. അതുപോലല്ലേ ഇതും?

ഇത് അത് പോലല്ല. രാജശ്രീ ടീച്ചര്‍ ഭയങ്കരിയാണ്. ജീവിതം അവരെ പലതും പഠിപ്പിച്ചു കളഞ്ഞു. കാലാകാലങ്ങളായി ആണുങ്ങള്‍ ഒളിപ്പിച്ച് പൂഴ്ത്തിവച്ച ചില ബിസിനസ് രേഖകളാണ് എഴുത്തുകാരി അപ്പാടെ പുറത്താക്കിയിരിക്കുന്നത്. വിക്കി ലീക്‌സിനേക്കാള്‍ വല്യ ലീക്കായി. മൊത്തത്തില്‍ വീക്കായി. ഈ നോവലിന്റെ ശരിക്കുമുള്ള പേര് ഇതല്ല വേണ്ടിയിരുന്നത്.

പിന്നെ?

നഗ്‌നവാനരന്‍. അതാണ് സത്യത്തില്‍ കണ്ടന്റ്‌റ്.

ആണനുഭവം അവിടെ നില്‍ക്കട്ടെ. വായനക്കാരന്‍ എന്ന മട്ടില്‍ ഒന്ന് നുള്ളിപ്പെറുക്കാമോ? ഉദാഹരണത്തിന് നോവലിലെ ചില കെണിപ്പുകളെപ്പറ്റിയൊക്കെ?

ചില കെണിപ്പുകളോ? മൊത്തം കെണിപ്പാണപ്പാ. കല്യാണിക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന്റെ അനിയന്‍ ലക്ഷ്മണനോടും ഉണ്ടായിത്തീര്‍ന്ന ബന്ധങ്ങള്‍ എഴുത്തുകാരി  ക് ണിം ക് ണിം എന്ന് കൂളായി പറയുന്നതൊക്കെ നോക്ക്. എജ്ജാതി കഴുക്കോലും താങ്ങും ന്യായീകരണവും  ഒക്കെ വേണ്ട സന്ദര്‍ഭങ്ങളെ ആണ് ഓറിങ്ങനെ പച്ചവെള്ളം ഗ്ലാസിലെടുത്ത വച്ച പോലെ വിളമ്പി തരുന്നത്? ആര്‍ക്കെങ്കിലും എന്തെങ്കിലും മറുത്ത് പറയാന്‍ തോന്നുന്നുണ്ടോ? അതും സദാചാരവലയില്‍ കുടുങ്ങി ചിറകറ്റ കേരളത്തിലെ കിളികള്‍ക്ക് വായിക്കാന്‍ വേണ്ടി ഇക്കാലത്ത് എഴുതിയ ഒരു നോവലില്‍... ഹോ 

വായന അനുഭവത്തിന്റെ എന്തെങ്കിലും ഒരോര്‍മ പങ്കുവെക്കാമോ?

പേജ് 59 ലെത്തിയ ഓര്‍മ പറയാം. പെറ്റ  നായിന്റെ പക അറിയാമോ? അതേപോലെ അടിവയറ്റില്‍ നിന്നും പെണ്ണിനോടുള്ള പക ചീറാന്‍  തുടങ്ങി.

പകയോ?എന്തിന് ?

സ്വാതന്ത്ര്യം എന്ന പരിധിയില്‍ പെടുന്ന ഒരു പ്രവൃത്തിയാണ് അവിടെ ഉള്ളത് എന്നൊക്കെ വേണമെങ്കില്‍ പറയാം. കുടുംബം എന്ന ഘടന അവിടെ പൊളിഞ്ഞു പോവുകയല്ലേ. അത് കണ്ടു നില്ക്കാന്‍ ഒരു ആണിനും പറ്റില്ല. എത്ര കാലം കൊണ്ടാണ് പ്രാകൃത മനുഷ്യന്‍ എല്ലാം ഒന്ന് ചെത്തിമിനുക്കി ഇവിടെ എത്തിച്ചത്? ആ പേജിലേക്ക് പ്രവേശനം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കല്യാണിയെ തലക്കടിച്ച് കൊന്നേനെ.

അപ്പൊ ആണുങ്ങളെല്ലാം എവിടൊക്കെയോ ആണിക്കാരന്മാര്‍ ആണ് എന്നാണോ?

ങാ, അങ്ങനെയും പറയാം. കുടുംബ സംവിധാനത്തെ  തൊട്ടു കളിച്ചാല്‍ ആണുങ്ങള്‍ക്ക് ആണിക്കാരാവാതെ വയ്യ.

അതുപോട്ടെ, നിങ്ങള്‍  ആണിക്കാരനെ എങ്ങനെ വിലയിരുത്തുന്നു?

മിണ്ടല്ലേ... അയാളെപ്പറ്റി ഓര്‍ക്കുമ്പോള്‍ അറിയാതെ കിടക്കയില്‍ അപ്പിയിട്ടു പോയാല്‍ ഉണ്ടാവുന്ന പോലത്തെ ഒരു നടുക്കമാണ്. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരാതിരിക്കട്ടെ. 

നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മാനസിക നില എങ്ങനെ ഉണ്ടായിരുന്നു?

ഈ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും ഭീതിദമായ യാഥാര്‍ത്ഥ്യം, അത് ശത്രുതാപരമാണെന്നുള്ളതല്ലെന്നും, മറിച്ച് അത് നിസ്സംഗമാണെന്നുള്ളതാണെന്നും പറഞ്ഞയാളെ ഓര്‍ത്തു പോയി. സ്റ്റാന്‍ലി കുബ്രിക്ക് പറഞ്ഞപ്പോള്‍, ആ സത്യത്തിനൊരു സായന്തനക്കാറ്റിന്റെയിളപ്പം ഉണ്ടായിരുന്നു. പക്ഷെ, മുയല്‍ വേട്ടക്കാര്‍ ബീഡി വലിച്ചൂതും പോലെ, കല്യാണിയും ദാക്ഷായണിയും, നിര്‍മമതയുടെ പുക തലച്ചോറിലേക്കൂതി വിട്ടു. മൊത്തത്തില്‍ ഒരു ഗ്രഹണം പിടിച്ച പോലെ. പണ്ട് അനങ്ങിയിരുന്ന പലതും ഇപ്പൊ അനങ്ങുന്നില്ല. എന്തെങ്കിലുമൊക്കെ ചത്തുമലച്ചോ എന്ന് ചോദിച്ചാല്‍ അതിനും ഒരു ഉത്തരം തരാന്‍ പറ്റുന്നില്ല. തലച്ചോറില്‍ ഒരു തരിപ്പ്. എന്നാല്‍ തരിപ്പൊട്ടല്ല താനും. അയാം ഹെല്‍പ്‌ലസ്.

ഇങ്ങനെ അമ്മിക്കല്ല് മുള്ളാണിയും കൂട്ടി തിന്നുമ്പോലെ പറഞ്ഞാല്‍  എങ്ങനെയാ? ഒന്ന് ലൈറ്റാക്ക്..

ഇതിപ്പോ ഇതിലും ലൈറ്റാക്കാന്‍ വയ്യ . ഈ നോവലിനെപ്പറ്റി പറയുമ്പോള്‍ കുറെ വളച്ചുകെട്ടി പറയേണ്ടി വരും.രാജശ്രീ ടീച്ചര്‍ വച്ച എലിക്കെണികളില്‍ ചവിട്ടാതെ നടക്കാന്‍ ഞാനൊക്കെ കുറെ വളഞ്ഞുതുള്ളി നടക്കേണ്ടി വരും.

പെണ്ണുങ്ങളോട് ഇങ്ങക്ക് പ്രത്യേകമായി എന്തെങ്കിലും പറയാനുണ്ടോ?

കൂടുതല്‍ ഒന്നും പറയാനില്ല. പണ്ട് എനിക്ക് കുറെ കാമുകിമാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ഭാര്യ ഉണ്ട്. പെങ്ങന്മാരും പുത്രീ സമാനരും കുടുംബത്തില്‍ ധാരാളമുണ്ട്. അവരോടൊക്കെ അനുഭാവപൂര്‍ണമായ സമീപനം ആയിരുന്നു ഇന്നേവരെ. പക്ഷെ... പെണ്ണുങ്ങള്‍ നേരെ നിന്ന് നാല് വര്‍ത്തമാനം പറയുമ്പോള്‍, അതും അവര്‍ ഇതുവരെ പറയാത്ത മേഖലകളില്‍ പോയി പറയുമ്പോള്‍, അവരുടെ ശരിക്കുള്ള  ഒരു വലിപ്പവും ഉറപ്പും കാണുമ്പോള്‍ ഞാന്‍ മുന്‍പ് കണ്ടത് ഇവരെത്തന്നെയാണോ എന്നൊരു ആന്തലാണ് ഉള്ളില്‍. പെണ്ണുങ്ങള്‍ ഭയങ്കരികളാണ്. അതെനിക്ക് ഭയങ്കരമായി മനസ്സിലായി. എന്നുവച്ച്  ഞാന്‍ പേടിച്ചു നടക്കുകയൊന്നുമല്ല. ചിലപ്പോള്‍ പേടിക്കാനുള്ള ആ ബള്‍ബ് തന്നെ അടിച്ചു പോയോ എന്നും അറിയില്ല.

മ്പക്ക് ഇന്റര്‍വ്യൂ നിര്‍ത്താം. ഒറ്റ ഊക്കില്‍  ഈ നോവലിനെ പറ്റി  പറഞ്ഞാല്‍?

ആണുങ്ങള്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു .പെണ്ണുങ്ങളുടെ ഗൂഢസംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു. കാരമുള്‍ക്കാടും കാഞ്ഞിരമുരടും പൈക്കളും പക്ഷികളും അവര്‍ക്കൊപ്പം  ഒറ്റക്കയ്യാ. എന്തിനും ഏതിനും ഉത്തരവും പ്രതിവിധിയും അവിടെ ഉണ്ട്. ആണുങ്ങളൊക്കെ പുറത്ത്. പൊളിറ്റിക്കലി കറക്റ്റ് ആയ ആണുങ്ങള്‍ വരെ പുറത്ത്. ഒരു ചാരവനിത ആണിന്റെ മുഴുവന്‍ അടിസ്ഥാന പ്രവര്‍ത്തന സംവിധാനങ്ങളും ചോര്‍ത്തി അവന്റെ മുണ്ടഴിച്ച് നനഞ്ഞ വെളക്കുത്തിരി പോലത്തെ സാധനം നാട്ടാരെ മുഴുവന്‍ കാണിച്ച്. എഴുത്തുകാരിയോട് ഞാന്‍ ഇജ്ജന്മം പൊറുക്കില്ല.

Content Highlights: Kalyayani ennum dakshayani ennum peraya randu sthreekalude katha, International Women's Day 2020, Each for Equal, Rajasree R