ആരുപറഞ്ഞു അവൾക്ക് സമരംചെയ്യാൻ സാധിക്കില്ലെന്ന്?

1986-ൽ അന്ന്‌ 24 വയസ്സുമാത്രം ഉണ്ടായിരുന്ന ഞാൻ അപ്പോൾ പണിയെടുത്തുകൊണ്ടിരുന്ന കാസർകോട്ടുനിന്ന്‌ തിരുച്ചിയിലെത്തി അവിടന്ന്‌ നാഗപട്ടിനത്തേക്കുപോയി. ഇന്ന്‌ അത്‌ ഒരു ജില്ലാ തലസ്ഥാനം. അന്ന്‌ ഒരു ചെറുനഗരം. പഴയ തുറമുഖമാണ്‌.

പലസ്ഥലത്തും ഞാൻ കൃഷ്ണമ്മാളെപ്പറ്റിയും ജഗന്നാഥനെപ്പറ്റിയും അന്വേഷിച്ചു. എല്ലാവർക്കും ആളെ അറിയാം, സ്ഥലമറിയില്ല. ഒരു ദളിത്‌ വൃദ്ധയോട്‌ ചോദിച്ചു. ചന്തയിൽനിന്ന്‌ അവർ മടങ്ങുകയായിരുന്നു. അവരാണ്‌ എന്നെ കൃഷ്ണമ്മാൾ താമസിച്ചിരുന്ന കുത്തൂർ എന്ന ഗ്രാമത്തിലേക്ക്‌ കൊണ്ടുപോയത്‌.

വളരെ ചെറിയ മൺവീടാണ്‌. കുടിൽ എന്നുതന്നെ പറയാം. ഞാൻ സ്വയം പരിചയപ്പെടുത്തി -തമിഴ്‌ എഴുത്തുകാരൻ. പക്ഷേ, അന്ന്‌ വലുതായിട്ടൊന്നും എഴുതിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഒരുപാട്‌ അലഞ്ഞുതിരിഞ്ഞതിനുശേഷം കാസർകോട്ട്‌ പണി കിട്ടി. ഒന്ന്‌ ‘ഇരുന്ന്‌’ തുടങ്ങിയ കാലഘട്ടം. ഒരുപാട്‌ വേവലാതികൾ ഉണ്ടായിരുന്നു. ഒരുപാട്‌ വിഭ്രാന്തികൾ. ഒരുപാട്‌ ചോദ്യങ്ങൾ. ഒന്നിലും വിശ്വാസമില്ലായ്മ.

ഒരു അഭിമുഖസംഭാഷണം വേണം എന്ന്‌ ഞാൻ ജഗന്നാഥനോട്‌ പറഞ്ഞു. ദിനമണി പത്രത്തിനുവേണ്ടിയാണ്‌ എന്ന്‌ കള്ളം പറഞ്ഞു (പിന്നീട്‌ ആ അഭിമുഖം ദിനമണിയിൽത്തന്നെ വരുകയുണ്ടായി). ജഗന്നാഥൻ എനിക്കായി സമയം നീക്കിവെച്ചില്ല. പക്ഷേ, ഇടക്കിടയ്ക്ക്‌ സംസാരിച്ചു.

അന്ന്‌ നാഗപ്പട്ടിനം കടപ്പുറത്ത്‌ ചെമ്മീൻകൃഷി തുടങ്ങാൻ ചില ദേശീയസ്ഥാപനങ്ങൾ എത്തിയിരുന്നു. അവർ കടപ്പുറത്തുള്ള ചതുപ്പുകൾ സർക്കാരിൽനിന്ന്‌ ചാർത്തിവാങ്ങി അവിടെ കുളംതോണ്ടി വലിയതോതിൽ ചെമ്മീൻകൃഷി തുടങ്ങിയിരുന്നു. നാഗപ്പട്ടിനം ഭാഗത്ത്‌ കടലും കരയും ഒരേ നിരപ്പിൽ. കടൽവെള്ളം വയലിൽ ഊറിയെത്തും. അതുകൊണ്ട്‌ ചോളരാജാക്കൾ ഉണ്ടാക്കിയതാണ്‌ ആ ചതുപ്പ്‌. അവിടെ ചെമ്മീൻകൃഷി തുടങ്ങിയാൽ വയലുകൾ ഉപ്പുകയറി മുടിയും. ജനങ്ങൾ പ്രതിഷേധിച്ചു. പക്ഷേ, രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണം, സമരം എന്നിവ വേറെ ഉദ്ദേശ്യമുള്ളവ. അവരുടെ നോട്ടം തിരഞ്ഞെടുപ്പിൽ. അതിന്റെ കൂട്ടുകെട്ടുകൾക്കനുസരിച്ച്‌ അവരുടെ നിലപാട്‌ മാറും. എല്ലാവരും ആ ജനങ്ങളെ കൈവിട്ടു.

അപ്പോഴാണ്‌ ജഗന്നാഥനും കൃഷ്ണമ്മാളും എത്തിയത്‌. ‘‘ഞങ്ങളുടെ ഒപ്പം നിൽക്ക്‌. വിജയംവരെ ഞങ്ങൾ നിങ്ങളുടെ ഒപ്പം ഉണ്ടാവും’’ -ജഗന്നാഥൻ പറഞ്ഞു. അവരുടേത്‌ ശരിക്കും ഗാന്ധിയൻ സമരം. തികച്ചും നിയമപരം. പൂർണമായും സാത്വികം. ആരേയും എതിർത്തില്ല. വികാരപ്രകടനങ്ങൾപോലും ഇല്ല. പക്ഷേ,  ഒരിഞ്ചുപോലും വിട്ടുകൊടുത്തില്ല. ഞാൻ പോയപ്പോൾ സമരത്തിന്റെ കാലം. രണ്ടു കൊല്ലം കഴിഞ്ഞ്‌ സമരം പരിപൂർണമായും വിജയിച്ചു.

krishnammal

തന്റെ 92-ാം ജന്മദിനത്തില്‍ ഡിണ്ടിഗലില്‍ നടന്ന
മരംനടല്‍ചടങ്ങില്‍ കൃഷ്ണമ്മാള്‍. സമീപം ജയമോഹന്‍

ഗാന്ധിജിയെ ഞാൻ അറിഞ്ഞത്‌ അങ്ങനെയാണ്‌. ഗാന്ധിയുടെ പാത എന്നത്‌ ശത്രുവിനെ തോൽപ്പിക്കൽ അല്ല; സ്വയം വലുതാവുകയാണ്‌. ജഗന്നാഥന്റെയും കൃഷ്ണമ്മാളിന്റെയും ജീവിതം ഗാന്ധിജിയിൽനിന്ന്‌ തുടങ്ങി ഗാന്ധിദർശനത്തിലൂടെയാണ്‌ വളർന്നത്‌. ജഗന്നാഥൻ തഞ്ചാവൂരിലെ വലിയൊരു ഭൂവുടമയുടെ മകനായിരുന്നു. 1912-ൽ ജനിച്ചു. 1942-ൽ ഗാന്ധിജിയുടെ ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ ചേർന്നു. ഗാന്ധിയുടെ ഒപ്പം ആറുകൊല്ലം ഉണ്ടായിരുന്നു. അപ്പോഴാണ്‌ കൃഷ്ണമ്മാളെ കാണുന്നത്‌. 1926-ൽ വളരെ പാവപ്പെട്ട ദളിത്‌ കുടുംബത്തിൽ ജനിച്ച കൃഷ്ണമ്മാൾ വിദ്യാർഥിയായിരിക്കുമ്പോൾതന്നെ ഗാന്ധിയൻ പ്രസ്ഥാനത്തിലേക്ക്‌ കടന്നു. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഗാന്ധിയുടെ അനുഗ്രഹത്തോടെ അവർ വിവാഹിതരായി. ഗാന്ധിജി അവസാനമായി നടത്തിയ വിവാഹം. ഒരാൾ ദളിത്‌ ആയിരിക്കണമെന്ന്‌ ഗാന്ധിജിക്ക്‌ നിർബന്ധം ഉണ്ടായിരുന്നു.
സാഹസികമാണ്‌ രണ്ടാളുടെയും ജീവിതം. വിനോബഭാവയുടെ ഭൂദാനപ്രസ്ഥാനത്തിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. തമിഴ്‌നാട്ടിൽ സർക്കാർ കൊടുത്ത മിച്ചഭൂമിയെക്കാൾ കൂടുതലാണ്‌ കൃഷ്ണമ്മാൾ ഭൂദാനത്തിലൂടെ ദളിതർക്ക്‌ നേടിക്കൊടുത്ത മണ്ണ്‌. അവരുടെ ജീവിതത്തെപ്പറ്റി ലാരാകോപ്പാ എഴുതിയ ഗ്രന്ഥം ഈയിടെ തമിഴിൽ വിവർത്തനം ചെയ്തുവന്നു. അതിന്‌ മുൻകൈയെടുത്തത്‌ ഞാനാണ്‌. അന്ന്‌ അമ്മയുടെ അടുത്തിരുന്ന്‌ സംസാരിക്കാൻ ഭാഗ്യമുണ്ടായി.

വലിയൊരു ജീവിതമാണ്‌-വലിയ ഒരു സമരചരിത്രം. ഞാൻ കഥാകാരൻ, അവരെപ്പറ്റി എഴുതാനേ എനിക്ക്‌ കഴിയുകയുള്ളൂ. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച സ്ത്രീ എന്റെ അമ്മ. പിന്നീട്‌ കൃഷ്ണമ്മാൾ. ആദർശത്തിൽ എനിക്ക്‌ വിശ്വാസം ഉണ്ടാക്കിത്തന്നു. എഴുത്ത്‌ എന്നത്‌ ക്രിയാത്മകമായിരിക്കണം എന്ന്‌ പഠിപ്പിച്ചു. ഞാൻ അവരെപ്പറ്റി ഒരുപാട്‌ എഴുതിയിട്ടുണ്ട്‌, ഇനിയും എഴുതും.

1986-ൽ എന്റെ അമ്മ ആത്മഹത്യ ചെയ്യുകയുണ്ടായി. നാലുമാസം കഴിഞ്ഞാണ്‌ ഞാൻ നാഗപ്പട്ടിനത്തേക്ക്‌ ചെല്ലുന്നത്‌; കൃഷ്ണമ്മാളെ കാണുന്നത്‌.
(പ്രശസ്ത തമിഴ്‌-മലയാളം എഴുത്തുകാരനാണ്‌ ലേഖകൻ)

Content Highlights: international womens day 2020 each for equal writer jayamohan writes about Krishnammal