തിരുവനന്തപുരം: ഒരിക്കല്‍ റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലെത്തി. അവിടെ ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരുടെ എണ്ണം കണ്ട് അവര്‍ അമ്പരുന്നു. 'ഈ സ്ത്രീകളായിരിക്കുമല്ലേ, ബഹിരാകാശരംഗത്തെ നിങ്ങളുടെ നേട്ടത്തിന്റെ ഐശ്വര്യം' എന്നായിരുന്നു റഷ്യക്കാരുടെ പ്രശംസ. ഇന്ത്യയിലെ വനിതകള്‍ ഇന്ന് ഏതു രംഗത്തും പ്രാഗത്ഭ്യം തെളിയിക്കാന്‍ മാത്രം വളര്‍ന്നുവെന്നായിരുന്നു സന്തോഷപൂര്‍വം അവരെ ഓര്‍മിപ്പിച്ചതെന്നു പറയുന്നു വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തില്‍ പ്രോഗ്രാം ഡയറക്ടറായ എസ്.ഗീത. വി.എസ്.എസ്.സി.യുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രോഗ്രാം ഡയറക്ടര്‍കൂടിയാണ് തിരുവനന്തപുരം സ്വദേശിനിയായ ഗീത.

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് എം.ടെക്കില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശേഷമായിരുന്നു 1989-ല്‍ വി.എസ്.എസ്.സി.യില്‍ ചേര്‍ന്നത്. എന്‍ജിനീയറായിട്ടായിരുന്നു തുടക്കം. 1993-ല്‍ പി.എസ്.എല്‍.വി. ഡി വണ്‍ ആയിരുന്നു ആദ്യ പ്രോജക്ട്. മുന്‍കൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുപോകേണ്ട ലോഞ്ചിങ് വെഹിക്കിളിന്റെ ഓട്ടോപൈലറ്റ് ഡിസൈന്‍ തയ്യാറാക്കി. എല്ലാ സ്വപ്നങ്ങളും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തകര്‍ന്നു. സോഫ്‌റ്റ്വേര്‍ തകരാറുമൂലം വാഹനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. എന്നാല്‍, അവിടെനിന്നു ശക്തമായി ഉയര്‍ത്തെഴുന്നേറ്റു. ഇതുവരെയായി പി.എസ്.എല്‍.വി.യുടെ 31-ഉം ജി.എസ്.എല്‍.വി.യുടെ ഒന്‍പതും വിജയകരമായ വിക്ഷേപണങ്ങളില്‍ നേരിട്ടു പങ്കാളിയായി. ഇതിനിടെ, ജി.എസ്.എല്‍.വി.യുടെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടര്‍, സ്പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തിലെ അസോസിയേറ്റ് പ്രോഗ്രാം ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രോഗ്രാം ഡയറക്ടര്‍ എന്ന പദവിയിലേക്കുയര്‍ന്നു. പി.എസ്.എല്‍.വി., ജി.എസ്.എല്‍.വി. എന്നിവയുടെ ഡിസൈന്‍, അനാലിസിസ്, ലോഞ്ചിങ് അപ്ഗ്രഡേഷന്‍, ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക തുടങ്ങിയ ശ്രമകരമായ ജോലികളുണ്ടെങ്കിലും അതെല്ലാം ആസ്വാദ്യകരമാണെന്ന് അവര്‍ പറയുന്നു.

vssc

ഏഴു ടീമുകളായി 64 എന്‍ജിനീയര്‍മാര്‍ ഒപ്പം ജോലിചെയ്യുന്നു. അവരില്‍ പതിനഞ്ചു പേര്‍ സ്ത്രീകളാണ്. മറ്റു രാജ്യങ്ങളെ നോക്കുമ്പോള്‍ ഇന്ത്യന്‍ ബഹിരാകാശരംഗത്ത് വനിതാ ശാസ്ത്രജ്ഞര്‍ കൂടുതലുണ്ട്.

ശക്തമായ തീരുമാനങ്ങളെടുക്കാനും ചെയ്തകാര്യങ്ങള്‍ പറയാനും കഴിവുള്ളവരാണെങ്കില്‍ വി.എസ്.എസ്.സി.യിലേക്കു കടന്നുവരാമെന്ന് അവര്‍ വനിതകളെ ഓര്‍മിപ്പിക്കുന്നു. ജോലി ചെയ്യാന്‍ മികച്ച സാഹചര്യം, നല്ല ശമ്പളം, സമൂഹത്തില്‍ മികച്ച സ്ഥാനം എന്നിവയെല്ലാം ലഭിക്കും. അതുപോലെ, സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും ഗീത പറയുന്നു.

വി.എസ്.എസ്.സി.യില്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഡോക്യുമെന്റേഷന്‍ ഗ്രൂപ്പ് ഡയറക്ടറായ ഭര്‍ത്താവ് വിജയമോഹന കുമാറിനോടും ചെന്നൈയില്‍ വിദ്യാര്‍ഥിനിയായ മകള്‍ വിനീതയോടുമൊപ്പം പനവിളയിലാണ് താമസം. 2008-ല്‍ ബെസ്റ്റ് വുമണ്‍ എന്‍ജിനീയര്‍, 2016-ല്‍ ബെസ്റ്റ് വുമണ്‍ സയന്റിസ്റ്റ്, 2018-ല്‍ ഐ.എസ്.ആര്‍.ഒ.യുടെ മെറിറ്റ് അവാര്‍ഡുകള്‍ എന്നിവയും ഇതിനിടെ ഗീതയെ തേടിയെത്തി.

Content Highlights: international womens day 2020 each for equal vssc programme director s geetha