രു സ്ത്രീ. ഒരു ഫോണ്‍. ലോകം തുടങ്ങുന്നു. അവസാനിക്കുന്നു. സാങ്കേതികതയുടെ ശിശുക്കളായി മനുഷ്യര്‍ പുനര്‍ജനിക്കുമ്പോള്‍ അവന്റെ അമ്മയാവുകയാണ് സ്ത്രീ. കാരണം അവളാണ് ടെക്‌നോളജിയെ ഒക്കത്തെടുത്ത് നടക്കുന്നത്. അവളുടെ ആത്മാവിന്റെ നിഗൂഢതകള്‍ക്കും ശരീരത്തിന്റെ തുറന്നിടലുകള്‍ക്കും ഇന്ന് ഏറ്റവും അടുപ്പമുള്ള കൂട്ട് ടെക്‌നോളജിയാണ്. അവള്‍ റോബോട്ടിനെ പ്രേമിക്കും, മൊബൈലില്‍ ജീവിക്കും, നെറ്റ്ഫ്ളിക്സില്‍ ലോകം കാണും, ഗര്‍ഭപാത്രം കടംവാങ്ങി പ്രസവിക്കും...

ഇപ്പോഴല്ല, പണ്ടുപണ്ടേ തുടങ്ങിയതാണ് ഈ കൂട്ടുകെട്ട്. അലക്കുകല്ലുമായുള്ള ദീര്‍ഘസംഭാഷണങ്ങള്‍ അവസാനിപ്പിച്ചുതന്ന വാഷിങ് മെഷീന്‍, അന്നന്നത്തെ അന്നം അടുത്തദിവസത്തേക്കുകൂടി എടുത്തുവെക്കാന്‍ ഇടംതന്ന റെഫ്രിജറേറ്റര്‍, ഉരല്‍യുദ്ധങ്ങള്‍ അവസാനിപ്പിച്ചുതന്ന മിക്സി... പക്ഷേ, അതെല്ലാം നിത്യജീവിതമായി മാറിക്കഴിഞ്ഞു. ഇപ്പോഴുള്ളത് പഴയ സ്ത്രീയില്‍നിന്ന് പുറത്തിറങ്ങിയ പുതിയ സ്ത്രീയാണ്.

അടുക്കള

തുടങ്ങിയാലൊടുങ്ങാത്ത പണികളുണ്ട് ഇവിടെ. ഭൗമാന്തര യാത്രയ്ക്കിറങ്ങുമ്പോഴും ഭക്ഷണം തയ്യാറാക്കിയില്ലേയെന്ന നോട്ടം നേരിടേണ്ടിവരും. ഇന്നു പക്ഷേ, ഭക്ഷണം കൊണ്ടുവന്നുതരാന്‍ ആളുണ്ട്. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഒരു ഫോണുണ്ടായാല്‍ മതി; ആവശ്യത്തിന് പണവും. സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ ഈറ്റ്‌സ് തുടങ്ങി നിരവധി ഓണ്‍ലൈന്‍ ഫുഡ് സൈറ്റുകളുണ്ട് സഹായത്തിനായി.

പ്രണയം

അപ്പുറത്ത് ഒരു പുരുഷന്‍ വേണമെന്ന് നിര്‍ബന്ധമില്ലാത്ത പ്രണയകാലം. വികാരമുള്ള റോബോട്ടുകള്‍ ഗവേഷണശാലകളില്‍ ജനിച്ചുകഴിഞ്ഞു. അവയോടുമാവാം ഇനി പ്രണയം. മൊബൈല്‍ കൂട്ടുകളെ ആരു തള്ളിപ്പറഞ്ഞാലും സ്ത്രീകള്‍ തള്ളിപ്പറയില്ല. കണ്ടിരിക്കാം,കേട്ടിരിക്കാം, കളിച്ചിരിക്കാം. സാമൂഹികമാധ്യമങ്ങളില്‍നിന്നു കിട്ടുന്ന ഇഷ്ടക്കാരാല്‍ തുടുത്തിട്ടുണ്ട് ജീവിതം. കാമുകനെ, ഭര്‍ത്താവിനെ, കൂട്ടുകാരനെ ഒരു മൊബൈല്‍ റീപ്ലേസ് ചെയ്യുന്നു. വീടിനകത്ത് പെട്ടുപോകുന്നവരും ഇപ്പോള്‍ ജീവിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെകൂടെ. കണ്ടും കേട്ടും തുണയാവാന്‍ കൂട്ടുകാരില്ലാത്ത മനസ്സിന് നെറ്റ്ഫ്ളിക്സില്‍ സിനിമ കാണാം, യൂ ട്യൂബില്‍ വീഡിയോകള്‍ നോക്കാം. 'അലക്സ' എന്ന കൊച്ചു റോബോട്ടിനെ കണ്ടിട്ടുണ്ടോ? ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്പീക്കറാണത്. എന്തു ചോദിച്ചാലും മറുപടി തരും. ഇഷ്ടമുള്ള പാട്ട് കേള്‍പ്പിച്ചുതരും. കൂടെ ഒരാളുണ്ടെന്ന് നമുക്ക് തോന്നിപ്പോവും.

Content Highlights: international womens day 2020 each for equal technology help