കോഴിക്കോട്: 'ഹലോ പുഷ്പച്ചേച്ചിയല്ലേ? വയനാട് റോഡിലെ എസ്.എ. ഫ്ളാറ്റില്‍നിന്നാണ്. എനിക്ക് ഉച്ചയ്ക്ക് 2.30-ന് ഒന്നു കാരപ്പറമ്പുവരെ പോകണമായിരുന്നു. ചേച്ചി വരുമോ?...'' തീര്‍ച്ചയായും വരുമെന്ന് സ്നേഹത്തോടെ പുഷ്പലത. അപ്പോള്‍ രാവിലെ 11 കഴിഞ്ഞിട്ടേയുള്ളൂ.

28 വര്‍ഷമായി കോഴിക്കോട് നഗരത്തില്‍ ഓട്ടോയുമായി പാഞ്ഞുനടക്കുന്ന പുഷ്പലതയ്ക്ക് ദിവസേന ഇത്തരത്തില്‍ മൂന്നോ നാലോ വിളിവരും. പിന്നെ, അവരെ വീട്ടില്‍പ്പോയി കൂട്ടും. അവര്‍ക്ക് പോകേണ്ടിടത്തെല്ലാം കൂടെപ്പോകും. ഒരു ഡ്രൈവറായിട്ട് മാത്രമല്ല, സുഹൃത്തും കരുതലോടെ കൂടെനടക്കുന്നവളുമായി... ആര്‍ക്കും എപ്പോഴും പുഷ്പച്ചേച്ചിയെ വിളിക്കാം. രാത്രിയായാലും പകലായാലും തന്റെ കാര്യങ്ങളെല്ലാം മാറ്റിവെച്ച് യാത്രക്കാര്‍ക്കുവേണ്ടി ഓടിയെത്താന്‍ അവര്‍ തയ്യാര്‍.

വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍നിന്ന് ഓട്ടോ ഒയിറ്റി റോഡിലേക്ക് തിരിഞ്ഞു. 45 കിലോമീറ്റര്‍ വേഗത്തിലാണ് പോകുന്നത്. മത്സരഓട്ടമോ, അനാവശ്യ വേഗമോ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്കും സമാധാനം. പുഷ്പച്ചേച്ചി, ഇതേവേഗത്തില്‍ തന്നെയാണോ എപ്പോഴും പോകാറുള്ളത് എന്ന ചോദ്യത്തിന് 'ഇതൊരു മത്സരമല്ലല്ലോ, ആവശ്യങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ വേഗം മാറുമെന്നും എന്നാല്‍, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാന്‍ തയ്യാറല്ലെന്നും' മറുപടി. 28 വര്‍ഷത്തെ ഓട്ടത്തിനിടെ ഒരു അപകടത്തിലുംപെടാതെ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുകൂടി പുഷ്പേച്ചി കൂട്ടിച്ചേര്‍ത്തു. ഇതുകൊണ്ടൊക്കെത്തന്നെയാവും പല അമ്മമാരും കുട്ടികളെ സ്‌കൂളിലെത്തിക്കാനും തിരിച്ച് വിളിച്ചുകൊണ്ടുവരാനും ആശുപത്രിയിലേക്കും ഒറ്റയ്ക്കുള്ള യാത്രകള്‍ക്കുമെല്ലാം ഇവരെ വിളിക്കുന്നത്...

നഗരത്തിലെ ഉരുക്കുവനിത എന്നുമാത്രമേ അമ്പത്തിനാലുകാരിയായ വെള്ളിമാടുകുന്ന് സ്വദേശിനി പുഷ്പലതയെ വിശേഷിപ്പിക്കാനാവൂ. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. എസ്.എസ്.എല്‍.സി. പാസായതിനുശേഷം ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു ചേര്‍ന്നു. നാലുമാസത്തോളം ടെക്‌നീഷ്യനായി, പിന്നെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍, മണി ചെയിന്‍ ഏജന്റ്... അങ്ങനെ പല മേഖലകളില്‍ കൈവെച്ചു.

25-ാം വയസ്സില്‍ ഓട്ടോത്തൊഴിലാളിയായി. കോര്‍പറേഷന്റെ കീഴില്‍ സൗജന്യമായി ഓട്ടോ ഡ്രൈവിങ് പഠിപ്പിക്കുന്നെന്ന പത്രവാര്‍ത്തയാണ് തന്നെ ഈ മേഖലയിലെത്തിച്ചതെന്ന് ഓട്ടോയില്‍ നഗരം ചുറ്റുന്നതിനിടെ അവര്‍ പറഞ്ഞു.

ഹോട്ടല്‍ തന്നെ ശരണം

auto

മാനാഞ്ചിറ വഴി ബീച്ചിലേക്ക് നീങ്ങിയ ഓട്ടോ പിന്നെ നിര്‍ത്തിയത് കോഫി ഹൗസിലാണ്. ''ചായ കുടിക്കണം, പക്ഷേ, അതല്ല പ്രധാനം, ടോയ്‌ലറ്റില്‍ പോകണം!'' -സംശയത്തോടെ പുരികമുയര്‍ത്തിയപ്പോള്‍ പുഷ്പേച്ചി പറഞ്ഞത് നഗരത്തിലെ സ്ത്രീ ഓട്ടോക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തെക്കുറിച്ചാണ്.

അത്യാവശ്യത്തിന് ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ ഏതെങ്കിലും ഹോട്ടലിനെ ആശ്രയിക്കണം. ''വെറുതേ ഹോട്ടലുകളില്‍ കയറി മൂത്രമൊഴിച്ച് മടങ്ങുന്നത് മോശമല്ലേ, അതുകൊണ്ട് ചായ വാങ്ങി കുടിക്കും.

പലപ്പോഴും കൂട്ടിന് സ്ത്രീകളായ മറ്റു ഓട്ടോ ഡ്രൈവര്‍മാരെയും കാത്തുനില്‍ക്കും. പലതവണ അധികാരികള്‍ക്ക് പരാതിനല്‍കിയെങ്കിലും ഒരു മാറ്റവുമില്ല...'' -ചായ കുടിക്കുന്നതിനിടെ ദീര്‍ഘനിശ്വാസത്തോടെയാണ് അവര്‍ ഇത് പറഞ്ഞത്.

'മുരിങ്ങോയ് ങ്ങോട്ടാ...' വീണ്ടും ഓട്ടോയിലേക്ക് കയറാനായി വരുമ്പോള്‍ സ്റ്റാന്‍ഡിലും മറ്റും ഉണ്ടാകാറുള്ള സഹപ്രവര്‍ത്തകരുടെ ചോദ്യം. മുരിങ്ങോളി എന്നാണ് ഓട്ടോയുടെ പേര്. പലരും ആ പേരാണ് വിളിക്കുക. ചുരുക്കം ചിലര്‍ 7738 എന്ന ഓട്ടോ നമ്പറിലാണ് പുഷ്പലതയെ ഓര്‍ക്കാറുള്ളത്.

വിശ്രമിക്കാനിടമില്ല

ഹോട്ടലില്‍നിന്ന് ഇറങ്ങി കുറച്ചുനേരം വെറുതേ ഓട്ടോയില്‍ ഇരുന്നു. ''വിശ്രമിക്കാന്‍ മറ്റു സ്ഥലങ്ങളൊന്നുമില്ല, രാവിലെ എട്ടോടെ വെള്ളിമാടുകുന്നില്‍നിന്ന് തുടങ്ങുന്നതാണ് ഓട്ടം, രാത്രി ഏകദേശം എട്ടുമണിവരെ തുടരുമത്.

ഈ ചൂടത്ത് ഒന്നു തളര്‍ന്നാല്‍പ്പോലും വിശ്രമിക്കാന്‍ എവിടെയും ഒരിടമില്ല. ഇത്രയും ദൂരത്തുനിന്ന് വരുന്നതിനാല്‍ തിരിച്ച് വീട്ടില്‍പ്പോയി വിശ്രമിക്കലും സാധ്യമല്ല'' -അവര്‍ പറയുന്നു.

സമയം രണ്ടരയോടടുത്തു. കാരപ്പറമ്പിലേക്കു പോകണം, യാത്രക്കാരിയെ കൂട്ടാന്‍. അത് കഴിഞ്ഞ് അടുത്ത ഫോണ്‍ കോള്‍ ഉണ്ടെങ്കില്‍ അവരുടെ ഒപ്പം.

അതുമല്ലെങ്കില്‍ അടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്ക്... സ്‌കൂളുകളും ഓഫീസുകളുടെയുമെല്ലാം സമയം കഴിയാറായി. ഇനി തിരക്കാണ്... നട്ടുച്ചയില്‍നിന്ന് തിരക്കുകളുടെ വൈകുന്നേരത്തിലേക്ക് മുരിങ്ങോളി നീങ്ങി.

Content Highlights: international womens day 2020 each for equal kozhikode woman auto driver