തൊരു ഞായറാഴ്ചയായിരുന്നു. അന്നുരാവിലെ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം പള്ളിയില്‍ പോയി. സണ്‍ഡേ സ്‌കൂളിനിടയ്ക്ക് അയല്‍പക്കത്തുള്ള ഒരുകുട്ടി വന്ന് പെട്ടെന്ന് വീട്ടിലേക്കുചെല്ലാന്‍ പറഞ്ഞു. ഞാന്‍ ഓടിച്ചെന്നപ്പോള്‍ മൂന്നുനാലുപേര്‍ പാപ്പയോട് സംസാരിച്ചുനില്‍ക്കുന്നു. അച്ഛനെ ഞാന്‍ പാപ്പാ എന്നാണ് വിളിക്കുന്നത്. പാപ്പ എന്നെ ചേര്‍ത്തുനിര്‍ത്തി. അവരാരും ആ നാട്ടുകാരല്ലായിരുന്നു. അവര്‍ നാഗാമീസ് ഭാഷയിലാണ് സംസാരിച്ചത്. എനിക്കതൊന്നും മനസ്സിലായില്ല. എനിക്ക് അപ്പോള്‍ എട്ടുവയസ്സ്. ചേച്ചിയാണ് ഏറ്റവും മൂത്തത്. അവള്‍ പഠിക്കുന്നുണ്ടായിരുന്നു. എട്ടുവയസ്സായിട്ടും എന്നെ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ല. പാപ്പയുടെ കൈയില്‍ അവര്‍ പണം വെച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടു. 'നീ ഇവരുടെ ഒപ്പം പൊയ്‌ക്കോ. നിനക്ക് പുതിയ ഉടുപ്പുവാങ്ങിത്തരും, സ്‌കൂളിലയച്ച് പഠിപ്പിക്കും, നല്ല ഭക്ഷണവും തരും' എന്നൊക്കെ പാപ്പാ പറഞ്ഞു. എനിക്ക് കരച്ചില്‍ വന്നു. ചേച്ചിയെ വിട്ടിട്ട് അവരുടെ കൂടെപ്പോകാന്‍ എനിക്ക് മനസ്സില്ലായിരുന്നു. പക്ഷേ, പാപ്പാ വഴക്കുപറഞ്ഞപ്പോള്‍ ഞാന്‍ ചേച്ചിയെ കെട്ടിപ്പിടിച്ച്, എന്നെ വിടല്ലേ ചേച്ചീ എന്നുപറഞ്ഞ് കരഞ്ഞു. പാപ്പാ ഒച്ചവെച്ചപ്പോള്‍ പേടിച്ച് ഞാന്‍ അവര്‍ക്കൊപ്പം വീട്ടില്‍നിന്നിറങ്ങി. കരഞ്ഞുകൊണ്ട് എന്നെ നോക്കിനില്‍ക്കുന്ന ചേച്ചിയെ തിരിഞ്ഞുനോക്കി. ഞാനും കരഞ്ഞുകൊണ്ടാണ് അവര്‍ക്കൊപ്പം നടന്നത്. അത് 16 വര്‍ഷംമുമ്പായിരുന്നു.

എന്റെ വീട്

അസമിലെ ഗോലാഹട്ടിലാണ് എന്റെ വീട്. കേരളംപോലെ വയലും കൃഷികളും ആറും തോടും ഒക്കെയുള്ള നാട്. അമ്മയുടെ പേര് മേരിയെന്നാണെന്നുമാത്രമേ എനിക്കറിയൂ. എനിക്ക് അമ്മയെ കണ്ട ഓര്‍മയില്ല. എന്നെ പ്രസവിച്ചശേഷമാണ് അമ്മ മരിച്ചുപോയത്. എനിക്ക് എട്ടുവയസ്സ്. ചേട്ടന്‍ രാഹുലിന് 13-ഉം ചേച്ചി അനിതയ്ക്ക് 16 വയസ്സും. അമ്മ മരിച്ചതിന് തൊട്ടുപിന്നാലെ പാപ്പാ കല്യാണംകഴിച്ചു. അതില്‍ ഒരു മകളുണ്ട്. പാപ്പാ മദ്യപനായിരുന്നു. പാപ്പായുടെ രണ്ടാം കല്യാണത്തെച്ചൊല്ലി വഴക്കുണ്ടാക്കി ചേട്ടന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.

'നമ്മുടെ അമ്മയുണ്ടായിരുന്നെങ്കില്‍' എന്നൊക്കെ ചേച്ചി ഇടയ്ക്കിടെ സങ്കടത്തോടെ പറയും. അതിനിടയ്ക്കാണ് എല്ലാവരെയും പിരിഞ്ഞ് എങ്ങോട്ടെന്നറിയാത്ത എന്റെ യാത്ര. എന്റെ കരച്ചിലൊക്കെ കണ്ടിട്ടാവണം എനിക്കവര്‍ ഒരു റബ്ബര്‍ ചെരിപ്പ് വാങ്ങിത്തന്നു. പുതിയ ചെരിപ്പുകിട്ടിയതോടെ എനിക്ക് സന്തോഷമായി. എന്നെപ്പോലെ അഞ്ചുപെണ്‍കുട്ടികള്‍കൂടി ഒപ്പമുണ്ടായിരുന്നു. ബസിലും കാറിലും കയറ്റി ഞങ്ങളെ അവര്‍ നാഗാലാന്‍ഡിലേക്കാണ് കൊണ്ടുപോയത്. അവര്‍ പറയുന്ന ഭാഷയൊന്നും ഞങ്ങള്‍ക്ക് മനസ്സിലായില്ല. പലയിടത്തായി അവര്‍ ഞങ്ങളെ ഇറക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവര്‍ മനുഷ്യക്കടത്തുകാരായിരുന്നെന്ന് എനിക്ക് മനസ്സിലായത്. അവരെന്നെ ഒരു മലയാളിവീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ പത്തില്‍ പഠിക്കുന്ന മകളും ഏഴാംക്ലാസുകാരനും അവരുടെ അച്ഛനമ്മമാരും ഉണ്ടായിരുന്നു.

കണ്ണീരിന്റെ ദിവസങ്ങള്‍

അടിമജീവിതമായിരുന്നു അവിടെ എന്നെ കാത്തിരുന്നത്. വീട്ടുകാര്‍ ഹിന്ദിയിലാണ് എന്നോട് സംസാരിച്ചത്. എനിക്ക് അസമീസ് മാത്രമേ വശമുണ്ടായിരുന്നുള്ളൂ. ഉയര്‍ന്ന സര്‍ക്കാര്‍ ജോലിക്കാരായിരുന്നു ഭാര്യയും ഭര്‍ത്താവും. എട്ടുവയസ്സേ ഉള്ളൂവെങ്കിലും അവര്‍ എന്നെക്കൊണ്ട് ആ വീട്ടിലെ മുഴുവന്‍ പണിയും ചെയ്യിപ്പിച്ചു. രാവിലെ വയറുനിറയെ ഭക്ഷണം തരില്ല. ഉച്ചയ്ക്ക് ഭക്ഷണം എടുക്കാതിരിക്കാന്‍ അടുക്കളപൂട്ടിയാണ് അവര്‍ ജോലിക്കുപോകുക. രാത്രിമാത്രം എന്തെങ്കിലും തരും. എന്തുകുറ്റത്തിനും ആ വീട്ടിലെ എല്ലാവരും എന്നെ തല്ലിയിരുന്നു.

ഒരിക്കല്‍ ആ വീട്ടിലെ കുട്ടിയുടെ മാല കാണാതെപോയി. ഞാനാണ് എടുത്തതെന്നായി ആരോപണം. മൂന്നുദിവസം എന്നെ പട്ടിണിക്കിട്ടു. പച്ചവെള്ളംമാത്രം കുടിച്ച് തളര്‍ന്നുകിടന്നപ്പോഴും, മാല എവിടെയെന്നു ചോദിച്ച് അവരെന്നെ മര്‍ദിച്ചു. എവിടെയോ മറന്നുെവച്ച മാല അവര്‍ക്ക് തിരിച്ചുകിട്ടി. പക്ഷേ, ഒരു സോറിപോലും എന്നോട് ആരും പറഞ്ഞില്ല. പഠിപ്പിക്കുമെന്നത് എന്റെ സ്വപ്നം മാത്രമായി. പണിചെയ്ത് തളരുമ്പോള്‍ വീടിനെയും ചേച്ചിയെയും ഓര്‍ത്ത് ഞാന്‍ കരഞ്ഞു. ക്രമേണ അസംഭാഷ ഞാന്‍ മറന്നു. നാഗാമീസ്ഭാഷ കേട്ടുപഠിച്ചു. മലയാളം വശമായിത്തുടങ്ങി. അങ്ങനെ ഏഴുവര്‍ഷം.

ഉന്നതവിദ്യാഭ്യാസത്തിനായി മക്കളെ കേരളത്തിലേക്കയയ്ക്കാന്‍ അവര്‍ തീരുമാനിച്ചു, വീട്ടുജോലിചെയ്യാന്‍ എന്നെ ഒപ്പമയച്ചു. ഞങ്ങള്‍ മൂന്നുപേരും കോട്ടയത്തിനടുത്ത് താമസമാരംഭിച്ചു. അവിടെ വെച്ചും ആ കുട്ടികളെന്നെ മര്‍ദിച്ചിരുന്നു. അങ്ങനെ എന്നെ തല്ലിയ ഒരു ദിവസം, ആദ്യമായി ഞാന്‍ തിരിച്ചുതല്ലി. അവര്‍ അച്ഛനമ്മമാരെ വിവരമറിയിച്ചു. സാര്‍ വേഗം നാട്ടിലെത്തുമെന്നുകേട്ട ഞാന്‍ വല്ലാതെ പേടിച്ചു. രാത്രിയാകുംവരെ ഞാന്‍ ഒളിച്ചിരുന്നു. പാതിരാത്രിയോെട എങ്ങോട്ടെന്നറിയാതെ നടന്നു. കൈയില്‍ നയാപൈസയില്ല, ഉടുതുണി മാത്രമായി, വഴിയറിയാതെ... ഒമ്പതുവര്‍ഷം മാടിനെപ്പോലെ പണിയെടുത്തതിന്റെ കൂലിപോലും കിട്ടിയില്ല. വഴിയാത്രക്കാരെക്കണ്ടാല്‍ ഒളിച്ചുനിന്നും പേടിച്ചും കുറെ ചെന്നപ്പോള്‍ പ്രകാശംനിറഞ്ഞ കെട്ടിടം കണ്ടു. അവിടത്തെ കാവല്‍ക്കാര്‍ എന്നെ ചോദ്യംചെയ്തപ്പോഴേക്കും നഴ്‌സുമാര്‍ ഓടിയെത്തി. കോട്ടയത്തെ മന്ദിരം ആശുപത്രിയായിരുന്നു അത്. അവര്‍ പോലീസിനെ വിളിച്ചു. പോലീസ്, ജീപ്പില്‍ക്കയറ്റി എന്നെ കൊണ്ടുപോയി. ആ യാത്രയില്‍ ഉള്ളുരുകി ഞാന്‍ കരഞ്ഞു.

പുതിയൊരമ്മ, പാര്‍പ്പിടം

ഒരുപാടുകുട്ടികളും കുറെ മുതിര്‍ന്ന സ്ത്രീകളും താമസിക്കുന്ന ഇടത്തേക്കാണ് എന്നെ കൊണ്ടുപോയത്. കോട്ടയത്തെ 'സാന്ത്വനം' എന്ന സ്ഥാപനം. എല്ലാവര്‍ക്കുംകൂടി' ഒരമ്മ. ആനി ബാബു എന്നായിരുന്നു അമ്മയുടെ പേര്. എന്നെക്കാള്‍ ദുഃഖമനുഭവിച്ച കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നവരെല്ലാം. അമ്മയോട് ഞാന്‍ എന്റെ ജീവിതം മുഴുവന്‍ പറഞ്ഞു. നിനക്ക് ഇനിവേണമെങ്കിലും പഠിക്കാം എന്ന അമ്മയുടെ വാക്ക് എനിക്ക് ആശ്വാസം നല്‍കി. അതിനിടയില്‍ നാഗാലാന്‍ഡിലെ സാര്‍ എന്നെ കാണാതെപോയ വിവരം പോലീസിലറിയിച്ചിരുന്നു. എന്നെ 'സാന്ത്വന'ത്തിലാക്കിയ വിവരം പോലീസില്‍നിന്നറിഞ്ഞ അവര്‍ മടക്കിക്കൊണ്ടുപോകാനെത്തി. ഞാനാകെ ഭയന്നു. പക്ഷേ, ആനിയമ്മ അവരോടു ചോദിച്ചു: ''ഇവളുടെ ശരീരത്തില്‍ കാണുന്ന പാടുകളൊക്കെ എന്താണ്. ഇവള്‍ക്ക് 12 വയസ്സിന്റെ വളര്‍ച്ചപോലുമില്ലല്ലോ. നിങ്ങള്‍ ഭക്ഷണമൊന്നും കൊടുക്കാറില്ലായിരുന്നോ, അവള്‍ക്ക് 17 വയസ്സുണ്ട്. പേടിപ്പിച്ച് പിടിച്ചുകൊണ്ടുപോകാനൊന്നും പറ്റില്ല. മനസ്സോടെ വരുന്നുണ്ടെങ്കില്‍ കൊണ്ടുപൊക്കോ'' എന്ന്.

assam
പാപ്പ, സഹോദരന്‍, സഹോദരി
എന്നിവര്‍ക്കൊപ്പം ജൂലി (ഇടത്ത്)

എന്നെ അനുനയിപ്പിക്കാനൊക്കെ അവര്‍ ശ്രമിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. ഞാനവരോട് ജോലിചെയ്തതിന്റെ കൂലി ചോദിച്ചു. അതിനൊന്നും അവര്‍ ഒരുക്കമല്ലായിരുന്നു. സാറിനെതിരേ ബാലനീതി നിയമമനുസരിച്ച്, ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കുമെന്ന് പറഞ്ഞു. അയാള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപതന്ന് തലയൂരി. എന്റെ ഒമ്പതുവര്‍ഷത്തെ അടിമജീവിതത്തിന്റെ വില. അതില്‍നിന്ന് 25,000 രൂപ കൊടുത്ത് ഞാന്‍ ഒരുപവന്റെ മാലയും കമ്മലും വാങ്ങി. ബാക്കി ബാങ്കിലിട്ടു. സ്‌കൂള്‍ തുറന്നപ്പോള്‍, 17-ാം വയസ്സില്‍ ആനിയമ്മ എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. മുടിയൂര്‍ക്കര ഗവ. സ്‌കൂളിലെ മേരിക്കുട്ടി ടീച്ചര്‍ എന്നെ മണലില്‍ അ, ആ എഴുതിച്ചു. എന്റെയൊപ്പം ബെഞ്ചില്‍ അഞ്ചുവയസ്സുള്ള കുട്ടികള്‍. നാണം വന്നെങ്കിലും പഠിക്കാനുള്ള കൊതി ഭയങ്കരമായിരുന്നു. ഒരുവര്‍ഷംകൊണ്ട് നാലുക്ലാസ് പാസായി. തുടര്‍ന്ന് അഞ്ച്, ആറ്, ഏഴ്, ക്ലാസുകള്‍ മണ്ണാര്‍കുന്ന് സ്‌കൂളില്‍. പിന്നെ തുല്യതാപരീക്ഷയെഴുതി പത്താംക്ലാസിലെത്തി. പ്ലസ്ടു ആയപ്പോഴേക്കും എനിക്ക് ചേച്ചിയെയും ചേട്ടനെയും ഓര്‍ത്തിട്ട് സങ്കടം സഹിക്കാന്‍ വയ്യാതായി. എന്നെ ദുരിതജീവിതത്തിലേക്ക് തള്ളിവിട്ട പാപ്പായോട് എനിക്ക് ഭയങ്കര വെറുപ്പുമായിരുന്നു. ആനിയമ്മ എനിക്ക് കൗണ്‍സലിങ് തന്നു. പാപ്പായോടുള്ള വൈരാഗ്യം കൊണ്ടുനടന്നാല്‍ തകരുന്നത് എന്റെ ആരോഗ്യം തന്നെയാണെന്ന അറിവുണ്ടായി. ഞാന്‍ പാപ്പായോട് ദൈവനാമത്തില്‍ ക്ഷമിച്ചു. പാപ്പായെ കാണാന്‍ വല്ലാത്ത ആശതോന്നി. നാട്ടിലേക്ക് പോയിവരണമെന്ന് ആനിയമ്മയോട് പറഞ്ഞു. അന്ന് സാന്ത്വനത്തിലുണ്ടായിരുന്ന അസംകാരി എലൈസയെക്കൂട്ടി അമ്മയെന്നെ അസമിലേക്ക് ട്രെയിന്‍ കയറ്റിവിട്ടു.

ഒടുവില്‍ ഞാനെന്റെ വീട്ടില്‍...

നാലാംനാള്‍ റഖിയ സ്റ്റേഷനിലിറങ്ങി. പിന്നെയും ഏറെ ദൂരമുണ്ട് എന്റെ ഗ്രാമത്തിലേക്ക്. ബസില്‍ പോകണം. ചോദിച്ചും പറഞ്ഞും ഞങ്ങള്‍ ഒടുവില്‍ എന്റെ ഗ്രാമത്തിലെത്തി. 16 വര്‍ഷം! എന്റെ ഓര്‍മയിലെ ഗ്രാമം ആകെ മാറിപ്പോയിരുന്നു. കടകളിലും വഴിയിലും കാണുന്നവരോട് ചോദിച്ച് സ്ഥലം തേടിപ്പിടിച്ച് എത്തിയപ്പോഴാണറിഞ്ഞത്, വീടുവിറ്റ് അച്ഛന്‍ മറ്റൊരു ഗ്രാമത്തിലേക്ക് പോയിക്കഴിഞ്ഞു. എന്റെ പഴയ വീട്ടിലേക്ക് കുറെനേരം നോക്കിനിന്നു. പിന്നെ ആ പഴയ പള്ളിയിലേക്ക് ഞാനോടി, അവിടെനിന്നാണല്ലോ ദുരിതത്തിലേക്കുള്ള എന്റെ പുറപ്പാട്. പള്ളിയില്‍ മുട്ടുകുത്തി അല്പനേരം ഞാന്‍ പ്രാര്‍ഥിച്ചു. വല്ലാതെ കരച്ചില്‍വന്നു. പള്ളിയിലെ അച്ചന്‍ പറഞ്ഞ സ്ഥലത്തേക്ക് പിന്നെയും രണ്ടുമണിക്കൂര്‍ തീവണ്ടിയില്‍ യാത്രചെയ്യണം. 52 കിലോമീറ്റര്‍. എലൈസ ക്ഷമയോടെ എന്നോടൊപ്പം വീണ്ടും റെയില്‍വേസ്റ്റേഷനിലേക്ക്.

മജ്പട്ടി സ്റ്റേഷനില്‍നിന്ന് 15 മിനിറ്റ് ഓട്ടോയില്‍ സഞ്ചരിച്ചാല്‍ വീട്ടിലെത്തും. അന്നാട്ടുകാരന്‍ കാണിച്ചുതന്ന ആ വീട്ടിലേക്ക് ദൂരെനിന്ന് ഞാനൊന്നുനോക്കി. പിന്നെ ഒറ്റ ഓട്ടമായിരുന്നു. വീടിനുള്ളിലേക്ക് കയറുമ്പോള്‍ ഞാന്‍ വാവിട്ടുകരയുന്നുണ്ടായിരുന്നു. ഒരു കട്ടിലില്‍ എന്റെ പാപ്പാ കിടപ്പുണ്ടായിരുന്നു. പാപ്പാ എന്നുവിളിച്ച് ഞാന്‍ കെട്ടിപ്പിടിച്ചു. പക്ഷേ, പാപ്പാ എന്നെ നോക്കിക്കിടന്നതല്ലാതെ ഭാവമാറ്റമൊന്നും ഉണ്ടായില്ല. നഷ്ടപ്പെട്ടുപോയ മകളെ തിരിച്ചുകിട്ടിയ സന്തോഷമൊന്നും കണ്ടില്ല. രണ്ടാനമ്മ ഇറങ്ങിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അവരും ക്ഷീണിതയായിരുന്നു. അച്ഛന് മറവിരോഗമാണെന്ന് അവര്‍ പറഞ്ഞു. പാപ്പാ ഒരുപാട് ക്ഷീണിച്ചുപോയിരുന്നു. കാത്തുവെച്ച സങ്കടച്ചോദ്യങ്ങളൊന്നും ചോദിക്കാനായില്ല. കേട്ടറിഞ്ഞ് അപ്പോഴേക്കും ഗ്രാമംമുഴുവന്‍ വീടിന്റെ പുറത്തുണ്ടായിരുന്നു.

പെട്ടെന്ന് ഒരാള്‍ മുറിക്കുള്ളിലേക്ക് ഓടിവന്ന്, ബുനീ എന്നുവിളിച്ച് എന്നെ കെട്ടിപ്പിടിച്ചു. അതെന്റെ സഹോദരന്‍ മാര്‍ട്ടിന്‍ ആയിരുന്നു. 16 വര്‍ഷംകൊണ്ട് ചേട്ടന്‍ ഒത്ത പുരുഷനായിരിക്കുന്നു. ഞങ്ങള്‍ പിരിയുമ്പോള്‍ 13 വയസ്സായിരുന്നു. കരഞ്ഞുകൊണ്ട് ഞങ്ങള്‍ അന്യോന്യംനോക്കിനിന്നു. ''ചേച്ചിയെവിടെ?'' -കണ്ണീരിനിടെ ഞാന്‍ തിരക്കി. അവള്‍ വിവാഹിതയായെന്നും മിസോറമിലാണ് താമസമെന്നും രണ്ടുമക്കളുണ്ടെന്നുമൊക്കെ ചേട്ടന്‍ പറഞ്ഞു. രണ്ടുനാള്‍ കഴിഞ്ഞപ്പോഴേക്കും ചേച്ചിയും ഓടിയെത്തി. ഞങ്ങള്‍ മൂന്നാളുംകൂടി കരഞ്ഞും ചിരിച്ചും പഴയദിവസങ്ങള്‍ തിരികെപ്പിടിച്ചു. പാപ്പായുടെ രണ്ടാം വിവാഹത്തിലെ മകള്‍ ജോത്സ്‌നയും വീട്ടിലുണ്ട്. രണ്ടുമാസം ഞാന്‍ അവിടെ കഴിഞ്ഞു. എന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം പലിശയടക്കം ഒന്നേമുക്കല്‍ലക്ഷം രൂപ ചേട്ടന്റെ കൈയില്‍ ഏല്‍പ്പിച്ചു. നല്ലൊരു കൃഷിക്കാരനാണ് ചേട്ടന്‍. കക്ഷി മൂന്നുലക്ഷം രൂപകൂടിയിട്ട് മൂന്നുബീഗ സ്ഥലം എന്റെ പേരില്‍ വാങ്ങി. അത് ചേട്ടനെത്തന്നെ നോക്കാനേല്‍പ്പിച്ച് ആനിയമ്മയുടെ അടുത്തേക്ക് ഞാന്‍ മടങ്ങി. ഇനി പ്ലസ്ടു പൂര്‍ത്തിയാക്കണം, നല്ലൊരു ജോലി കണ്ടുപിടിക്കണം, വാങ്ങിയ സ്ഥലത്ത് ആ പണംകൊണ്ട് ഒരു ചെറിയ വീട് പണിയണം. ചേട്ടന്റെ കല്യാണം കഴിഞ്ഞാല്‍ എനിക്കുമൊരു ജീവിതം. ഒത്തിരി വേദനിച്ചെങ്കിലും ഒറ്റപ്പെട്ടുപോയെങ്കിലും ജീവിതമെന്നോട് കരുണ കാണിച്ചു എന്നതാണ് എന്റെ ആശ്വാസം. നഷ്ടമായതെല്ലാം തിരികെത്തന്നല്ലോ.

Content Highlights: international womens day 2020 each for equal human trafficking victim girl story