ആലുവ: ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 100 സ്ത്രീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പുനഃസൃഷ്ടിച്ച് സ്ത്രീ കലാകാരികള്‍. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാര്‍ട്ടൂണ്‍ ക്ലബ്ബിന്റെയും യു.സി. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തോട്ടുമുഖം അല്‍സാജ് റിക്രിയേഷന്‍ സെന്ററിലാണ് 'സ്ത്രീവര' അരങ്ങേറിയത്.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഗ്രാഫിറ്റി ചിത്രങ്ങളായി വരച്ച പരിപാടി യു.സി. കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ നീതു മോള്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ കഥാപാത്രമായ ബ്രിട്ടീഷ് ഭരണത്തെ പരിഹസിച്ച് വരച്ച മഹാക്ഷേമദേവത എന്ന സ്ത്രീ കഥാപാത്രവും കാര്‍ട്ടൂണ്‍ രംഗത്ത് പ്രശസ്തി നേടിയ മറ്റ് സ്ത്രീ കഥാപാത്രങ്ങളും വരയില്‍ തെളിഞ്ഞു.

ദേശീയ ശ്രദ്ധ നേടിയ മഞ്ജുള പത്മനാഭന്റെ കഥാപാത്രമായ സുകി, ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ വനിതാ കാര്‍ട്ടൂണിസ്റ്റായ മായാ കമ്മത്തിന്റെ വനിതാ കാര്‍ട്ടൂണ്‍, മലയാളത്തിലെ മോളി, പൊന്നമ്മ സൂപ്രണ്ട്, ചാനല്‍ വല്ലിമ്മ, മിസിസ് നായര്‍ തുടങ്ങിയ കാര്‍ട്ടൂണ്‍ രംഗത്തെ പ്രശസ്തരായ കഥാപാത്രങ്ങളേയാണ് വരച്ചതെന്ന് ഇബ്രാഹിം ബാദുഷ പറഞ്ഞു.

ചിത്രകലാ അധ്യാപകന്‍ ഹസന്‍ കോട്ടേപ്പറമ്പില്‍, നിസാര്‍ കാക്കനാട്, എ.എ. സഹദ്, അനസ് നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വനിതാദിന ആശംസകള്‍ നേര്‍ന്ന് കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കീഴ്‌ശ്ശേരി സ്ത്രീകള്‍ക്ക് സൗജന്യമായി കാരിക്കേച്ചറുകള്‍ വരച്ചു നല്‍കി.

യു.സി. കോളേജിലെ എന്‍.എസ്.എസ്. അംഗങ്ങളായ ഫിള്‍ഡ ജോസഫ്, അനഘ ബോസ്, അനില ഡാനിയേല്‍, പ്രിന്‍സില സാജന്‍, സൂര്യാ ചന്ദ്രന്‍, ദിവ്യ ജി. വിമല്‍, വി.ആര്‍. അഖില, കെ.ജി. അഭിരാമി, സി.എസ്. ഐശ്വര്യ, അനീറ്റ എബി, സെബിന്‍ സേവ്യര്‍, ആശിഷ് കുര്യാക്കോസ് എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്.

Content Highlights: international womens day 2020 each for equal Graffiti drawing