ന്നര പതിറ്റാണ്ടുമുമ്പ് കൂട്ടആത്മഹത്യയുടെ രൂപത്തില്‍, ഒറ്റക്കോളത്തിലൊരു വാര്‍ത്തയായി ഒടുങ്ങേണ്ടതായിരുന്നു കുമരകം കരി കോളനി മൂലേത്ര സലിയുടെ ജീവിതം. നാലും ഒന്നും വയസ്സുള്ള പെണ്‍മക്കളെയുംകൂട്ടി ആത്മഹത്യ ചെയ്യാനുറച്ച കുടുംബമായിരുന്നു അന്നത്. മുന്നില്‍ വേമ്പനാട്ടുകായലുള്ളപ്പോള്‍, എന്തിന് ജീവിതം പാതിവഴിയില്‍ ഉപേക്ഷിക്കണമെന്ന സലിയുടെ ചിന്ത അവരെ തിരിച്ചുവിളിച്ചു. നാലുവര്‍ഷംമുന്‍പ് ഭര്‍ത്താവ് വിനോദിന് സ്‌ട്രോക്ക് വരുന്നതുവരെ ഒന്നിച്ചായിരുന്നു മീന്‍പിടിത്തം. പിന്നീട് തനിച്ചായി. മക്കള്‍ക്കും രോഗിയായ ഭര്‍ത്താവിനും അച്ഛനും അമ്മയ്ക്കും ഏകാശ്രയമാണ് ഇന്ന് ഈ മുപ്പത്തിയെട്ടുകാരി.

അനുസരണയില്ലാത്ത കുട്ടികളെപ്പോലെ ഇളകിമറിയുന്ന വേമ്പനാട്ടുകായലിലെ ഒരുച്ചനേരം. കായലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ ഒന്നുമടിക്കുന്ന നേരം. പക്ഷേ, സലിക്ക് ഭയമില്ല. കായല്‍ കാണാപ്പാഠം. ഒപ്പംപോകുമ്പോള്‍ സലി ധൈര്യം തന്നു. ''ഞാന്‍ മറിച്ചിടില്ല. ധൈര്യമായിട്ട് കയറിക്കോ''- ചങ്കൂറ്റമുള്ള വാക്കുകള്‍.

''രണ്ട് സെന്റില്‍ ടാര്‍പോളിന്‍ മറച്ച് വീട്. പല ദിവസവും പട്ടിണി. ഒരുദിവസം ഭര്‍ത്താവ് പറഞ്ഞു. മക്കളേയുംകൂട്ടി ആത്മഹത്യ ചെയ്താലോ. ആ രാത്രി ഒരുപോള കണ്ണടിച്ചില്ല. പിറ്റേന്ന് നേരംവെളുക്കുംമുന്നെ എന്റെ വീട്ടില്‍ചെന്ന് അമ്മയെ വിളിച്ചുണര്‍ത്തി. അമ്മയുടെ പഴയ മീന്‍വലയിലൊന്ന് വാങ്ങി. അതിലാണ് തുടക്കം''- മീന്‍പിടിച്ച് മക്കളെ പോറ്റിവളര്‍ത്തിയ അമ്മയെക്കാള്‍ വലിയൊരു വിജയകഥ ഇന്നോളം കണ്ടിട്ടോ കേട്ടിട്ടോയില്ല സലി.

sali

കുറേ മീന്‍കിട്ടിയ കാലമൊക്കെപോയെന്ന് സലി പറയുന്നു. ''ഒരിക്കല്‍ ഒരുദിവസം രാത്രികിട്ടിയ മീന്‍വിറ്റ രൂപകൊണ്ടാണ് വീട്ടില്‍ കക്കൂസ് ഉണ്ടാക്കിയത്. ഇപ്പോള്‍ മീന്‍കുറവാണ്''.

വലകൊണ്ട് മാത്രമല്ല മീന്‍പിടിത്തം ടോര്‍ച്ചടിച്ച് മീനിനെ അനങ്ങാതെനിര്‍ത്തി കൈകൊണ്ടോ മുപ്പെല്ലി കൊണ്ടോ കുത്തിയെടുക്കും. ഒരിടത്ത് മീന്‍പിടിച്ചാല്‍ അതേയിടത്ത് മീന്‍ താവളംകൂട്ടാന്‍ ഒരാഴ്ചയെടുക്കും. ഒന്നുകില്‍ സന്ധ്യയ്ക്കുപോയിട്ട് രാത്രി 12 മണിയോടെ വരും. അല്ലെങ്കില്‍ 12-നുപോയി ആറുമണിക്ക് വരും. മൂത്ത മകള്‍ ദിവ്യ ഡിഗ്രിക്കും ഇളയയാള്‍ ദീപ പത്തിലും പഠിക്കുന്നു. അവര്‍ക്ക് ജോലിവേണം. പൊട്ടിപ്പൊളിഞ്ഞ വീടൊന്ന് ശരിയാക്കണം. മുന്നില്‍ മോഹങ്ങള്‍ വള്ളപ്പാടുകളകലെ നില്‍ക്കുന്നു. പിന്നെങ്ങനെ ഭയം തോന്നാന്‍.

Content Highlights: international womens day 2020 each for equal fisherwoman story Kumarakom