''ഇങ്ങക്ക് കൊറച്ച് പായസെടുക്കട്ടെ?'' കോഴിക്കോട്ട് ബീച്ചില്‍ നിന്ന് ഈ ചോദ്യം കേള്‍ക്കാത്തവര്‍ കുറവായിരിക്കും. കടപ്പുറത്ത് സൊറ പറഞ്ഞിരിക്കുന്നവരുടെ മുന്നിലേക്ക് ഒരു ട്രോളിയുമുന്തി ചിരിച്ചുകൊണ്ട് നടന്നുവരുന്ന സഫീറ കോഴിക്കോടിന്റെ സ്വന്തം പായസക്കാരിയാണ്. വൈകുന്നേരം ആറുമണി മുതല്‍ രാത്രി 12 മണിവരെ സഫീറയുടെ പായസവണ്ടി കോഴിക്കോട് കടപ്പുറത്തുണ്ടാവും. ട്രോളിയിലെ പാത്രത്തില്‍ നിറയെ പായസമാണ്. സഫീറ ഉന്തിക്കൊണ്ടുപോകുന്ന ജീവിതത്തിന്റെ മധുരം.

ബേപ്പൂരില്‍ നിന്നൊരു പായസവണ്ടി

ബേപ്പൂരില്‍നിന്നാണ് സഫീറയുടെ പായസവണ്ടിയുടെ വരവ്. രണ്ടുവര്‍ഷത്തോളമായി ഇതു തുടരുന്നു. രാവിലെ പതിനൊന്നുമണിയോടെ പായസമുണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. കൂടുതലും അടപ്രഥമനാണ് ഉണ്ടാക്കാറുള്ളത്. ആളുകള്‍ക്കേറെ ഇഷ്ടം അതാണെന്ന് സഫീറ പറയുന്നു. എല്ലാം റെഡിയാക്കി വൈകുന്നേരം ആറുമണിയോടെ കടപ്പുറത്തെത്തും. പിന്നെ പാതിരാത്രി വരെ അവിടെയാണ്. മുഴുവന്‍ പായസവും വിറ്റുപോകുന്നതു വരെ. അതിനിടക്ക് ചിലര്‍ക്കൊപ്പമിരുന്ന് സൊറ പറയാനും മടിക്കാറില്ല.

തുടക്കം

സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സഫീറയെ ഈ ഒരു സംരംഭത്തിലേക്ക് എത്തിച്ചത്. സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ പിടിച്ചു നില്‍ക്കാനും എല്ലാം തരണം ചെയ്യാനും എന്തെങ്കിലും ചെയ്യണമെന്ന വാശിവന്നു. ജീവിതത്തെ അങ്ങനെ കൈവിട്ടു പോവാന്‍ അനുവദിക്കാനാവില്ലല്ലോ എന്ന് സഫീറയുടെ വലിയ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യം. ആദ്യം ഉണ്ണിയപ്പവും കുഞ്ഞു കുഞ്ഞു മധുരപലഹാരങ്ങളുമായിരുന്നു വിറ്റു കൊണ്ടിരുന്നത്. അതൊന്നും വേണ്ടപോലെ ക്ലിക്കായില്ല.

നിരാസങ്ങളില്‍നിന്ന് കിട്ടിയ ഊര്‍ജം

പണ്ടു താനിങ്ങനെ ആയിരുന്നില്ലെന്നാണ് സഫീറ പറയുന്നത്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. അതുകൊണ്ടുതന്നെ ആളുകളൊന്നും തന്നെ ശ്രദ്ധിക്കാറേ ഉണ്ടായിരുന്നില്ല. ആളുകളില്‍നിന്നുള്ള അവഗണന വിഷമിപ്പിച്ചെങ്കിലും അതെന്തുകൊണ്ടാവുമെന്നു ചിന്തിച്ചു. തോല്‍വിയില്‍നിന്ന് കൂടുതല്‍ കരുത്തുനേടി. ആദ്യമാദ്യം പലഹാരങ്ങളൊന്നും ആരും വാങ്ങിയില്ല. അതെന്തുകൊണ്ടായിരിക്കും എന്നാലോചിച്ചുകൊണ്ടു ദിവസങ്ങള്‍ തള്ളിനീക്കി. ഉണ്ണിയപ്പത്തിനുപകരം പായസം പരീക്ഷിക്കാന്‍ ഒരു സുഹൃത്ത് നിര്‍ദേശിച്ചു. അതുകൊള്ളാമെന്നു തോന്നി. ട്രോളിയും പാത്രങ്ങളും സുഹൃത്തുക്കള്‍ സംഘടിപ്പിച്ചു തന്നു. യൂ ട്യൂബിലും മറ്റും നോക്കി പാചകങ്ങളും പഠിച്ചെടുത്തു. ഒപ്പം കുറച്ചു മാര്‍ക്കറ്റിങ് ടെക്നിക്‌സും. പിന്നീടങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സ്വന്തമായൊരു പായസവണ്ടിയുണ്ട് ഇപ്പോള്‍ സഫീറയ്ക്ക്. നിരസിച്ചവരെല്ലാം അന്നല്ലെങ്കില്‍ പിറ്റേന്ന് പായസം വാങ്ങാനെത്തി. ഇപ്പോള്‍ അല്ലലില്ലാതെ കഴിയാനാവുന്നുണ്ടെന്ന് സഫീറ അഭിമാനത്തോടെ പറയുന്നു.

എം.ബി.എ. വിദ്യാര്‍ഥികളെ അദ്ഭുതപ്പെടുത്തിയ മാര്‍ക്കറ്റിങ്ങ്

ഒരുദിവസം വൈകീട്ട് പായസം വിറ്റുകൊണ്ടിരിക്കേ കുറേ കുട്ടികള്‍ സഫീയ്ക്കരികിലെത്തി. എം.ബി.എ. വിദ്യാര്‍ഥികളായിരുന്നു അവര്‍. പാത്രം നിറയെ പായസവുമായെത്തി ആവശ്യക്കാര്‍ക്കെല്ലാം കൊടുത്ത് കാലിയായ പാത്രവുമായി പോകുന്ന സഫീറയെ അവരെന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്താണിത്താ, നിങ്ങടെ മാര്‍ക്കറ്റിങ് തന്ത്രം എന്നായിരുന്നു അവരുടെ ചോദ്യം. സഫീറയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ആത്മവിശ്വാസം. എന്നാണ് പ്രീഡിഗ്രിക്കാരിയായ സഫീറ ആ എം.ബി.എ. വിദ്യാര്‍ഥികള്‍ക്കു കൊടുത്ത മറുപടി. നിരാസങ്ങളില്‍ അടിപതറാതെ നമ്മുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താനാവുമെന്നാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും സഫീറ വിശ്വസിക്കുന്നു.

കുടുംബം

ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. അപകടം പറ്റിയതോടെ ഭാരിച്ച ജോലികള്‍ ചെയ്യാനാവാതെയായി. കുട്ടികള്‍ മൂന്നുപേര്‍. അവരുടെ പഠനച്ചെലവും കുടുംബഭാരവും ഇപ്പോള്‍ സഫീറയുടെ ചുമലിലാണ്.

രാത്രി പെണ്ണിന് സുരക്ഷിതമാണോ?

പെണ്ണിനെ ലക്ഷ്യം വെക്കുന്നവര്‍ക്ക് രാത്രി എന്നോ പകലെന്നോ ഇല്ല. ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ എത്രയോ തവണ പകലും തന്റെ അടുത്തേക്ക് ദുരുദ്ദേശ്യത്തോടെ വരുന്നവരുണ്ട്. അവരെയെല്ലാം നേരിടാനുള്ള ധൈര്യം ഇപ്പോഴുണ്ട്.

ജീവിതം നല്‍കിയ കരുത്താണത്. പാതിരാത്രി കോഴിക്കോടു പോലൊരു നഗരത്തില്‍ പെണ്ണിന് പേടിക്കേണ്ട കാര്യമില്ല. മിക്ക ആളുകളും സഹായിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഈയടുത്ത് പരിചയമില്ലാത്ത ഒരുകൂട്ടം ആളുകള്‍ പായസം വിറ്റു കൊണ്ടിരിക്കെ എന്റെ കഥകളറിഞ്ഞ് ബാങ്കിലുണ്ടായിരുന്ന കടങ്ങളെല്ലാം തീര്‍ത്തു തന്നു. അതൊക്കെ കോഴിക്കോടിന്റെ നന്മയാണ്. അവരുടെ കണ്ണില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ പൊടിഞ്ഞു.

ലക്ഷ്യം

അറിയപ്പെടുന്ന ഒരു ബിസിനസുകാരിയാവുക എന്നതാണ് ലക്ഷ്യം. ഇത്രയൊക്കെയായില്ലേ. അതും സാധിക്കുമെന്ന് എനിക്കുറപ്പുണ്ടെന്ന് അവര്‍ പറയുമ്പോള്‍ ആ ഊര്‍ജവും ആത്മവിശ്വാസവും നമ്മിലേക്കും പടരുന്നപോലെ. അതെ ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട് ഞാന്‍ വാങ്ങിടുമെന്ന കവിയുടെ വരികളായിരിക്കണം സഫീറയുടെ ജീവിതത്തിന്റെ ആപ്തവാക്യം.

Content Highlights: international women's day each for equal safeera payasam business