വീട്ടില്‍ എല്ലാവരും  സസ്യഹാരികളായതിനാലും ഭക്ഷണവും സ്വാതന്ത്ര്യവും വസ്ത്രവുമടങ്ങിയ എന്റെ അടിസ്ഥാന ആവശ്യങ്ങള്‍ കൂടുതല്‍ കിട്ടിയതിനാലും കിട്ടാത്ത മീന്‍കഷ്ണം പോലൊരു തുടക്കത്തിന് ഇവിടെ സാധ്യതയില്ല. ന്നാ, പിന്നെ ഒരു പഞ്ചിന് രഞ്ജി പണിക്കരില്‍ നിന്നു തുടങ്ങാം. ഏത്, പ്രേമത്തിലെ തീപ്പൊരി അപ്പന്‍ ഡേവിഡ് ജോര്‍ജിലല്ല, മ്മടെ പൂജേടെ പപ്പ, ഡോ. മാത്യു ദേവസ്യയില്‍. ലേബര്‍ റൂമിന് പുറത്ത് ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് നിന്ന മൂപ്പരുടെ കൈയിലെത്തിയ പെണ്‍കുഞ്ഞ്, ആ കുഞ്ഞു സന്തതിയെ നോക്കി ദംഗലിലെ മഹാവീര്‍ ഫോഗട്ടിനെയോ, ഉസ്താദ് ഹോട്ടലിലെ റസാഖിനെ പോലെയോ മൂപ്പര്‍ നിരാശപ്പെട്ടില്ല. ദൈവത്തിന് സ്തുതി പറഞ്ഞു. ഏതാണ്ട് അതുപോലെ തന്നെയാണ് ഈ എളിയവളുടെയും ഭൂമിയിലേക്കുള്ള ഇന്‍ട്രോ  സീന്‍.  പറഞ്ഞു വന്നാല്‍ എന്റെ അയല്‍നാട്ടുകാരനായ മിഥുന്‍ ഇമാനുവല്‍ തോമസിനു ഓംശാന്തി ഓശാന എനിക്കുസമര്‍പ്പിക്കായിരുന്നില്ലേ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പകുതി വഴി ഇട്ടേച്ചു പോയ കാമുകിക്ക് അത് സമര്‍പ്പിക്കുന്നുണ്ട്. തെറ്റിദ്ധരിക്കരുത്, ആ രക്തത്തില്‍ എനിക്ക് പങ്കില്ല  പങ്കുള്ളതിനെപറ്റി പോകവെ പറയാം. പറഞ്ഞാ കുറേയുണ്ടെന്നെ. ജനനം കഴിഞ്ഞു, അത് അത്യാവശ്യം സൂപ്പറായിരുന്നു 'Rat like baby' എന്നാണ് ഡോക്ടര്‍മാര്‍ തന്ന വിശേഷണം.  പക്ഷേ, തൊള്ള തൊറന്നാല്‍'  ഏതോ ചെകുത്താന്റെ സന്തതിയാണെന്ന് അയല്‍പക്കത്തെ സ്ത്രീകള്‍ അടക്കം പറഞ്ഞിരുന്നതായി അറിവുണ്ട് കേട്ടോ. തെറ്റു പറയാന്‍ പറ്റില്ല. ജനിച്ച് വീട്ടിലെത്തിയ നാള്‍ തൊട്ട് ഒരുനാട് 'നിദ്രാവിഹീനങ്ങളല്ലോ, ഇപ്പോ ഞങ്ങളുടെ രാവുകള്‍' എന്ന  ഒറ്റയ്ക്കും കോറസും പാടി.

പിന്നെ നടക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാരുടെ ഉറക്കം സുഖകരമായെങ്കിലും പകലുകള്‍ മോശമായി തുടങ്ങിയെന്ന ഒരു വ്യത്യാസം മാത്രമേ ഉണ്ടായിട്ടുള്ളൂ. അപ്പോഴേക്കും ലൊക്കേഷന്‍ 'ചെയ്ഞ്ച്ഡ്' ആയിട്ടുണ്ടേ. അമ്മവീട് അച്ഛന്‍വീട്. കോഴിക്കോട്, വയനാട്. തറവാട്ടു വീട്ടില്‍ പത്തുപേരായിരുന്നു. അംഗസംഖ്യയില്‍ പെണ്ണുങ്ങള്‍ മുന്‍പന്തിയില്‍. 'നീ വെറും പെണ്ണാണ്' എന്ന് അവിടെ ആരും ആരോടും അന്നും ഇന്നും പറഞ്ഞിട്ടില്ല. കാരണവരായ അച്ഛച്ഛന്‍ തന്റെ വെള്ളമുണ്ടിന് നിറം പോര, കറിയില്‍ ഉപ്പില്ല, വെള്ളത്തിന് ചൂടില്ല എന്നൊന്നും പറഞ്ഞ് അച്ഛമ്മ അടങ്ങുന്ന സ്ത്രീ വിഭാഗത്തെ പരസ്യമായി രഹസ്യമായോ വിചാരണ ചെയ്തതായി ആര്‍ക്കും  അറിവില്ല. 'MCR' ന്റെ പരസ്യത്തിലെ മുണ്ടിനെ തോല്‍പ്പിക്കുന്ന വെണ്‍മയായിരുന്നു എന്നും അച്ഛച്ഛന്റെ മുണ്ടിന്. ചൂടുവെള്ളത്തിലിട്ട് പുഴുങ്ങി, '501' ബാര്‍ സോപ്പെന്നെ എന്റെ കളി തീവണ്ടിയുടെ കുഞ്ഞുബോഗികള്‍ അടര്‍ത്തി മാറ്റി, മുണ്ടിന്റെ ഓരോ ഇഴയില്‍ വരെ യാത്ര ചെയ്യിച്ച് അടിച്ചു വെളുപ്പിച്ചെടുക്കുമായിരുന്നു മുണ്ടുകള്‍! വിയര്‍ത്തൊലിച്ച്  ഈ പ്രക്രിയ കഴിഞ്ഞ് നടുപിടിച്ച് നില്‍ക്കുന്ന അച്ഛമ്മയെ നിങ്ങളീ സീനില്‍ മനസാ വാചാ ചേര്‍ത്തു വെക്കരുത്. എന്തെന്നാല്‍ ഈ 'പ്രക്രിയ' ചെയ്യുന്നത്അച്ഛച്ഛന്‍ തന്നെയായിരുന്നു. മാത്രമല്ല തൂത്തുവാരല്‍,  തുടയ്ക്കല്‍, കറിക്കരിയല്‍, കറിയുണ്ടാക്കാല്‍, കുഞ്ഞുങ്ങളെ നോക്കല്‍ അതിലേറ്റവും പാടായി തോന്നിയേക്കാവുന്ന 'അപ്പിയിടീക്കല്‍' തുടങ്ങി വീട്ടിലെ A to z കാര്യങ്ങള്‍ക്കും അവിടെ ലിംഗവ്യത്യാസമില്ലായിരുന്നു.

അപ്പോള്‍ ബാല്യവും വല്ല്യ തൊല്ലകളില്ലാതെ കടന്നുപോയി. മരം കേറാനും കുത്തി മറിയാനും സകല സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. കൊഞ്ചിക്കാനും ലാളിക്കാനും  ആണ്‍തരിയായും പെണ്‍തരിയായും കുഞ്ഞായ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. അത് ഗെയിമിനിടെ കിട്ടുന്ന ചില ബോണസ് പോയിന്റുപേലെ ഞാന്‍  നന്നായി ദുര്‍വിനിയോഗവും ചെയ്തു. അങ്കണവാടിയില്‍ നിന്ന് ടീച്ചറെ മാന്തി പുറത്തായപ്പോഴും എനിക്കതുകൊണ്ട് കുറ്റബോധം തോന്നിയിരുന്നില്ല. ഇന്നുണ്ട് കേട്ടോ, കാരണം ടീച്ചര്‍ തികച്ചും നിസ്സഹായയായിരുന്നു. 'സന്ദേശ'ത്തിലെ നൃത്തവിദ്യാലയം പോലെ ഏതോ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍  പത്തിരുപത് പിള്ളേരെ, പരിമിതമായ സ്ഥലത്ത് അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ അടക്കി പിടിക്കുന്നത് പോലെ പിടിച്ചിരിക്കുമ്പം 'എരണം കെട്ട' അതിലൊന്ന് പടിയിളകുന്ന ഗോവണിയിലേക്ക് കുതിക്കാനൊരുങ്ങി ഒന്നടക്കി പിടിച്ചാല്‍ തെറ്റാണോ? അതെന്റെ ശക്തി ആവാഹിക്കപ്പെട്ട കൂര്‍ത്ത നഖങ്ങള്‍ക്കോ, സ്വാതന്ത്ര്യം കൊതിക്കുന്ന മനസിനോ അന്നറിയില്ലായിരുന്നു.  റോസമ്മ ടീച്ചര്‍ മരിക്കും വരെ എന്നെ കാണുമ്പോള്‍  ആ രംഗമോര്‍ത്ത് നെടുവീര്‍പ്പിടുമായിരുന്നു.

അമ്മ ഒരേ സമയം സ്‌കൂളില്‍ സ്ഫടികത്തിലെ ചാക്കോ മാഷും മാണിക്യ കല്ലിലെ വിനയചന്ദ്രന്‍ മാഷുമായിരുന്നു. അതു സ്‌കൂളിലെ എന്റെ പടയോട്ടത്തിന് വലിയ സഹായവുമായിരുന്നു. എന്നെ തൊട്ടാല്‍ കേസാവുമോ എന്ന്  ആണ്‍കുട്ടികള്‍ വെറുതേ ഭയന്നു. ചിലര്‍ അമ്മയോടുള്ള സ്‌നേഹം കൊണ്ട് പ്രണയവും  പ്രതികാരവും ഉള്ളിലൊതുക്കി.  ആണ്‍ കുട്ടികളെ തല്ലിയൊതുക്കാന്‍ ഞാനൊരു പെണ്‍പട തന്നെ സജ്ജമാക്കിയിരുന്നു. ആദ്യമായി ഞാന്‍ കരണത്തടിച്ചവന്‍ ഇന്ന് ലോകമറിയപ്പെടുന്ന ബോഡി ബില്‍ഡറാണ്. എന്റെ ജാതകം നോക്കി പണിക്കര്‍ പറഞ്ഞതില്‍ ഈ ഉദാഹരണത്തിലൂടെ ഞാന്‍ വിശ്വസിച്ച ഒരേ ഒരു കാര്യം  'കൈ വെച്ചതെല്ലാം പൊന്നാവും' എന്ന പ്രവചനമാണ്. കൊണ്ടും കൊടുത്തും പത്താം ക്ലാസ്സ് വരെ സ്‌കൂളില്‍ നിറഞ്ഞാടി. പ്രണയിക്കാന്‍ വന്നവനോട് ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങി വരുമോ'  സ്‌റ്റൈല്‍ സമീപനമായതു കൊണ്ട് ഒന്നും വിജയം കണ്ടില്ല. എല്ലാം ഈയാംപാറ്റ ആയുസ്സുള്ളവ.

പ്ലസ്ടു കാലത്ത് ചേട്ടന്മാര്‍ 'കാണാന്‍ കൊള്ളാവുന്ന' കാറ്റഗറിയിട്ട് ഒരു ദിവസം ഞങ്ങള്‍ ഫസ്റ്റ് ഇയേഴ്‌സിനെ റാഗിങ്ങിന് തിരഞ്ഞെടുത്തപ്പോള്‍ ലിസ്റ്റില്‍ ഞാനില്ല. പകച്ചു പോയന്റെ കൗമാരം! അമ്മ ടീച്ചറായതിന്റെ  ബഹുമാനമെന്നോണം ലിസ്റ്റില്‍ നിന്ന് ഔട്ടായതാണെന്നറിഞ്ഞപ്പോള്‍ എന്റെ മനസ് ആശ്വസിച്ചെങ്കിലും അഭിമാനം സമ്മതിച്ചില്ല. വീട്ടിലെ എന്റെ വാക്കൗട്ട് കണ്ട് പാവം അമ്മക്ക്, രഹസ്യമായി പ്രിയ ശിഷ്യരെ  കണ്ട്  സമാധാനമായി ജീവിക്കാനുള്ള കൊതി കൊണ്ടു ചോദിക്കുവാ  മോളെയൊന്നു റാഗ് ചെയ്യാന്‍ പറ്റുമോ? എന്ന് ചോദിക്കേണ്ടി വന്നു.  
 
ഇനി സീന്‍ പോകുന്നത് അങ്ങനെയൊരു ഡിഗ്രിക്കാലത്തേക്കാണ്. തോളില്‍ തട്ടുന്ന കമ്മലും 'അമ്പട ഞാനേ' നടപ്പും പിന്നെ ഒരിത്തിരി 'ഗ്ലാമറും'. പ്ലസ്ടു കാലത്തെ വിഷമം തീര്‍ക്കാന്‍ ഒരു റാഗിങ് പരമ്പരക്ക് ഹേതുവായി. പല സന്ദര്‍ഭങ്ങളിലും ഉള്ളിലെ പേടിയും  ചപലതകളും മറക്കാന്‍ ഈ നടപ്പും കാലില്‍മേല്‍ കാല്‍ കയറ്റി  ബബിള്‍ഗം ചവച്ചുള്ള ഇരുപ്പും എന്നെ സഹായിച്ചിട്ടുണ്ട്.  പെരുന്തച്ചന്റെ കുളം പോലെ ആളുകള്‍ പല പല കോണില്‍ നിന്നു മാറി മാറി തുറിച്ച് തുറിച്ച് നോക്കി ജാട, തണ്ട്, ഫെമിനിച്ചി, അഹങ്കാരി ഇത്യാദി വിശേഷണങ്ങളൊക്കെ നല്‍കിയേക്കാം. അപ്പോള്‍ നമ്മുടെ മറു അമ്പാണ് പുച്ഛം!  പുച്ഛം പുച്ഛേന സര്‍വ്വരക്ഷ' എന്ന പ്രമാണം. ജാടയെന്ന ടോപ്പിംഗ്് അങ്ങനെ ഒരു രക്ഷാകവചമായ കാലത്തും ടോപ്പിംഗിനടിയിലേക്ക് തുരന്നു നോക്കിയ ചില തൊരപ്പന്‍മാരും തൊരപ്പത്തികളും കട്ട ചങ്കുകളായി.

ലിംഗവ്യത്യാസമില്ലാതെ ജാട ഇമേജ് കൊണ്ടു നടക്കല്‍, റിബലാവല്‍, അഹങ്കാരിയാവല്‍ തുടങ്ങിയതൊന്നും ഈ പറയുന്ന അത്ര എളുപ്പമല്ല. അടിമുടി ശ്രദ്ധിക്കണം. ഗെറ്റപ്പ്, ഡയലോഗ്‌സ്, ടൂള്‍സ്  എല്ലാം എപ്പോഴും കിറുകൃത്യമാവണം. അത്യാവശ്യം ദുരനുഭവങ്ങളും അപഖ്യാതികളും കേള്‍ക്കേണ്ടിയും വരും. ചില ഉദാഹരണങ്ങള്‍ നോക്കാം.
 
കെമിസ്ട്രി ലാബിനു പുറത്ത് മെയിന്‍ എക്‌സാമിന്റെ ലാസ്റ്റ് ബെല്‍ മുഴങ്ങുന്നതു വരെ റെക്കോഡിനു സൈന്‍ കിട്ടാതെ നിന്നിട്ടുണ്ട് ഈ ജാടക്കാരി. എന്റേതല്ലാത്ത കാരണത്താല്‍, ഒരു ദിവസം ക്ലാസ്സിനു പുറത്താക്കിയപ്പോള്‍ കാരണം വിശദീകരിച്ച് കെഞ്ചികരയാഞ്ഞതിന്റെ അരിശം 'ആ അധ്യാപകന്‍' ഇങ്ങനെയങ്ങു തീര്‍ത്തു. അവസാനം ഒരു വിജയിയെപോലെ റെക്കോഡില്‍ കുത്തിവരച്ച് ഒപ്പിടുമ്പോള്‍ 'പെണ്‍കുട്ടികള്‍ക്ക് ഇത്രേം അഹങ്കാരം നന്നല്ല' എന്നൊരു മുന്നറിയിപ്പും തന്നു. ഒട്ടും വിഷമമോ കുറ്റബോധമോ തോന്നിയില്ല. സമൂഹം ഏറ്റവും വിലയോടെ കാണുന്ന ഒരധ്യാപികയുടെ മകള്‍ക്ക് ഗുരുഭക്തി ആരും പഠിപ്പിച്ചുതരേണ്ടതായിരുന്നില്ല. 'തെറ്റല്ല ചെയ്തതെന്ന് ഉറപ്പുള്ളിടത്തോളം  തല കുനിക്കരുതാരുടെ മുന്നിലും' എന്നെന്നെ എന്റെ അമ്മ ടീച്ചര്‍ പഠിപ്പിച്ചിരുന്നു. 

ടീച്ചറാവാന്‍ പഠിക്കുന്ന ബി.എഡ് കാലത്തും കരസ്ഥമാക്കി കുറേ വിശേഷണങ്ങള്‍. 'കോലോത്തെ തമ്പ്രാട്ടി' 'തണ്ടു കൂടിയ ഐറ്റം' തുടങ്ങിയവ അതില്‍ ചിലത് മാത്രം.  നിവേദനം നല്‍കലും പ്രതിഷേധങ്ങളും സമരങ്ങളും അവിടുത്ത  പ്രൊഫഷണല്‍  ജീവിതത്തിന്റെ ഭാഗമായപ്പോള്‍ കിട്ടി അടുത്ത പണി. പ്രഭാത അസംബ്ലി ടൈമില്‍ ഓരോരുത്തരും ചെയ്യേണ്ട പുസ്തകാസ്വാദന കര്‍മ്മത്തിന് പുസ്തകത്തിലെ ഏടുകളോ, ചെറുകഥകളോ അധ്യാപകര്‍ തന്നെ തെരഞ്ഞെടുത്തു തരും. അത്രമേല്‍ പ്രശസ്തമല്ലാത്ത ഒരു മാസികയില്‍ ഏതോ തുടക്കയെഴുത്തുകാരി എഴുതിയ ചെറുകഥ  എനിക്കായി കാത്തിരുന്നു അവിടെ. അതിലെ തുടക്ക വാചകം തന്നെ ഇങ്ങനെയായിരുന്നു 'ആ കോളേജിലെ ഏറ്റവും വലിയ സുന്ദരിയും ബുദ്ധിമതിയും താനെന്നായിരുന്നു അവളുടെ ഭാവം' മുന്നൂറോളം സഹപാഠികളുടെ മുന്നില്‍ വായിച്ചപ്പോള്‍ ആദ്യമൊന്നിടറിയെങ്കിലും തോറ്റു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. തുടക്കം തൊട്ട് അങ്ങോളം 'ചില' പച്ച മലയാള പ്രയോഗങ്ങളാലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളാലും  സമ്പന്നമായ ആ കലാസൃഷ്ടി ഞാന്‍ ഒരു വാക്ക് പോലും വിഴുങ്ങാതെ വായിച്ച് തീര്‍ത്തു.  വായിച്ച് തല പൊക്കിയപ്പോള്‍ മുന്നിലിരിക്കുന്ന പലരും തല താഴ്ത്തിയും സഹതാപത്തോടെ നോക്കിയും അത്ഭുതത്തോടെ കണ്ണുമിഴിച്ചും ഇരിക്കുന്നു.  പഠിച്ച കാലത്തെല്ലാം ഈ കൂരമ്പുകളെ നേരിട്ടത്   അഭിമാനവും അഭിപ്രായങ്ങളും മുറുകെ പിടിച്ചും കൂടെ അത്യാവശ്യം മാര്‍ക്ക് വാങ്ങി കൊണ്ടും തന്നെയാണ്.

ഇനി ഒരു 'ഉയരെ' കഥ കൂടിയുണ്ട് ചേര്‍ക്കാന്‍. ചുരിദാറിന്റെ കൈയിറക്കം കുറഞ്ഞുപോയി, കഴുത്തിറക്കം കൂടിപ്പോയി, അവന്‍ നിനക്കയച്ച മെസേജില്‍ എന്താണൊരു ഹാര്‍ട്ട്,  ആങ്ങളായാണെങ്കിലും അയക്കുന്ന മെസേജുകള്‍ നിയമാവലി പാലിക്കണം. അതില്‍ ഹൃദയചിഹ്നം, കിസ്സ്, സ്‌മൈലി' എല്ലാം നിഷിധമാണ്, ജേണലിസ്റ്റാവാന്‍ ആഗ്രഹിക്കുന്നത് തെറ്റല്ലെങ്കിലും  ജോലിക്ക് വേണ്ടി ആണുങ്ങളുടെ കൂടെ ചേര്‍ന്നുള്ള രാത്രി യാത്രകളൊക്കെ ബുദ്ധിമുട്ടാകും എന്നു തുടങ്ങി സ്‌നേഹിച്ചു കൊല്ലുന്ന ഒരു പ്രണയത്തെ ഞാനങ്ങു കൊന്നു. ഒരു കുപ്പി ആസിഡ് മനസിലേക്കെറിഞ്ഞ ആ അധ്യായത്തിലെ ശരി തെറ്റുകള്‍ താത്വികമായും, മറ്റും അവലോകനം ചെയ്താല്‍ വാദി പ്രതിയും പ്രതി വാദിയുമാകാം. സ്‌നേഹം ഓരോരുത്തര്‍ക്ക് ഓരോന്നാണ്. ചിലര്‍ക്കത് തികച്ചും സ്വാര്‍ത്ഥവും മറ്റു ചിലര്‍ക്ക് അത് സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും ഉള്ളതിനെ ഉള്ളപോലെ കാണലുമാണ്. രാവണന്റെയും, ദുര്യോധനന്റെയും നല്ല വശങ്ങള്‍ കാണാന്‍ ആനന്ദ് നീലകണ്ഠനു കഴിത്തേക്കാം. എനിക്ക് തല്‍ക്കാലം എന്നെ എഴുതാനേ കഴിയൂ. എനിക്കു വേണ്ടി എഴുതാനേ കഴിയൂ.

പ്രണയമെന്ന ശ്വാസം മുട്ടലില്‍ നിന്ന് പുറത്തു കടന്ന് ഓഷോ, റൂമി, പാവ്‌ലോ കൊയ്‌ലോ, കൂടെ കുറച്ച് മന്ത്രവാദപഠനം  എന്നിങ്ങനെ 'ഒറ്റക്കു പാടുന്ന പൂങ്കുയിലായി' യാത്ര തുടര്‍ന്നു. അച്ഛന്‍, അമ്മ, ചേച്ചി തുടങ്ങിയ കട്ട സപ്പോര്‍ട്ടുകാര്‍ എല്ലാം കണ്ട് സങ്കടം ഉള്ളിലൊതുക്കിയതല്ലാതെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല.  ഒരൊറ്റ പെണ്ണുകാണലിനും ഞാന്‍ നിന്നുകൊടുക്കില്ലെന്ന ശപഥം പണ്ടേ ചെയ്തിരുന്നു.

ജീവിതം ഒരു ഒറ്റയാള്‍ പേരാട്ടമായി മുന്നോട്ടു കൊണ്ടുപോകാമെന്നും, മ്മളെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും ഇത്തിരി പാടാണിഷ്ടാ എന്നൊക്കെ തത്വമുരുവിട്ട് നടക്കാനും തീരുമാനിച്ചു. അപ്പോഴതാ ട്വിസ്റ്റ്! ഞാന്‍ ജാടയാണ്,നമ്പാന്‍ കൊള്ളാത്തവളാണ്, സ്‌നേഹിക്കാന്‍ അറിയാത്തവളാണ് എന്നൊക്കെ പറയുമ്പോഴും വന്ദനത്തിലെ മോഹന്‍ലാലിനെ പോലെ Still I Love You എന്നു പറയുന്നൊരാള്‍. സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞപ്പോള്‍ സ്വാതന്ത്ര്യം നിന്റെ ജന്മാവകാശമാണ്, ആരുടേം ഔദാര്യമല്ലെന്നു പറഞ്ഞൊരാള്‍.  ഇന്നത്തെ ഞാനല്ല നാളത്തെ ഞാന്‍ മാറിയേക്കാം എന്നു പറഞ്ഞപ്പോള്‍ മാറ്റമില്ലാത്ത് മാറ്റമെന്ന പദത്തിനു മാത്രമെന്ന് പറഞ്ഞ തത്വജ്ഞാനി.  ഉയരെയിലെ വിശാല്‍ രാജശേഖരനെപോലെ, മായാനദിയിലെ മാത്തനെപ്പോലെ നീ പൊളിയാണ്, അന്യായമാണ് എന്നു പറയുന്ന മ്മടെ കഥാനായകന്‍ കയറി വരികയാണ് സൂര്‍ത്തുക്കളേ കയറി വരികയാണ്.

എന്നെ കെട്ടിയാല്‍ നിനക്ക് ഡബിള്‍ സ്വാതന്ത്ര്യമാണെന്നു പറഞ്ഞു പുള്ളി! കെട്ടി നോക്കിയപ്പോ സംഭവം സത്യമാണ്.  ആവശ്യത്തിന്  മുന്‍കോപവും എടുത്തുചാട്ടവും സാഹസികതയും കൊണ്ട് കുട്ടിക്കാലത്തേ നാട്ടില്‍ 'നല്ലപേരുണ്ട് കക്ഷിക്ക്'  അതുകൊണ്ട് തന്നെ ഇവന്റെ കെട്ട്യോള് മാലാഖയാവും  എന്നൊന്നും ആരും തമാശക്ക് പോലും പ്രതീക്ഷിച്ചിട്ടില്ല. ചങ്കരനൊത്ത ചക്കിയും, ചക്കിക്കൊത്ത ചങ്കരനും അങ്ങനെ ബാക്കിയുള്ളവര്‍ എന്തു കരുതും എന്നോര്‍ത്ത്  വ്യാകുലപ്പെടാറില്ല. ഗെറ്റപ്പിലോ,  നിലപാടിലോ മാറ്റം വരുത്താറുമില്ല.

ഞങ്ങള്‍ക്കിടയിലേക്ക് ആത്മസംഗീതത്തിന്റെ മാധ്യുര്യവുമായി റൂഹി ഖയാലെന്ന 'ചക്കരച്ചാത്തന്‍' കടന്നു വന്നപ്പോഴും സംഗതി ഹോട്ടാണ്. ചക്കരച്ചാത്തന്‍ വളരുന്നത് യാതൊരു കെട്ടുപാടുകളും ഇല്ലാതെയാണ്. പെണ്ണായതില്‍ അഭിമാനിച്ച്, ആണാവാത്തതില്‍ വിഷമിക്കാതെ ജീവിത്തില്‍ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ പല ഘട്ടങ്ങളിലൂടെയും  അനുഭവങ്ങളിലൂടെയും കടന്നു പോകേണ്ടി വരുമെന്നും അതില്‍ താങ്ങായും വിലങ്ങായും ലിംഗംഭേദമന്യേ ആളുകളുണ്ടാവും, കുഞ്ഞേ എന്നും ഞാന്‍ പത്തുമാസം മാത്രം പ്രായമുള്ള അവളുടെ  നിഷ്‌കളങ്കത നിറഞ്ഞ മുഖത്തു നോക്കി ഇടയ്ക്കു പറയാതെ പറയാറുണ്ട്, അപ്പോള്‍ എല്ലാം  മനസിലാക്കിയ ഭാവത്തോടെ ആളെ കളിയാക്കുന്ന ചിരി ചിരിച്ച് അവള്‍  'ലേ ക്ലോഗ്ലി കോഗ്ലി' എന്നു ഉരുവിട്ടുകൊണ്ടിരിക്കും.

ഞാന്‍ ഒന്നും മനസിലാവാതെ ഒരു പാട്ടും അങ്ങ് പാടും,

'ശ്രുതി അമ്മ ലയം അച്ഛന്‍
മകളുടെ പേരോ സംഗീതം...'

അപ്പോ ഇനി മോന്‍ വേണ്ടേ?  എവിടുന്നോ കയറി വരുന്നു ആ ചോദ്യം.  അതാണ് ഭായി മ്മടെ നാട്.  സംഭവം രസാണ്. ഒക്കെ ഒരു സ്‌പോര്‍ട്‌സ് വുമണ്‍ സ്പിരിറ്റില്‍ എടുത്താല്‍!

Content Highlights: International Women's Day, Each for Equal