കേരളത്തിലെ സര്‍ക്കാര്‍ ജോലികള്‍ സ്ത്രീകള്‍ 'പിടിച്ചടക്കുന്നു'. ക്ലറിക്കല്‍, അധ്യാപക തസ്തികകളില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണുള്ളത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ഥികളില്‍ നാലില്‍ മൂന്നിലേറെയും പെണ്‍കുട്ടികളായതിന്റെ പ്രതിഫലനമാണിത്. അതേസമയം, പോലീസ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളില്‍ സ്ത്രീ പങ്കാളിത്തം ഇപ്പോഴും കുറവാണ്.

2018-19 ല്‍ പി.എസ്.സി. മുഖേന ജോലി ലഭിച്ച 23,797 പേരില്‍ 13,569 പേരും വനിതകളാണ്. ഇതേ കാലയളവില്‍ സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപകജോലി നേടിയവരില്‍ എണ്‍പത് ശതമാനത്തിലേറെയും വനിതകളാണ്. മുന്‍വര്‍ഷത്തില്‍ പി.എസ്.സി. വഴി ജോലി ലഭിച്ച 32,289 പേരില്‍ 16,764 പേര്‍ വനിതകളായിരുന്നു.

സ്‌കൂള്‍ അധ്യാപക വിഭാഗത്തില്‍ നേരത്തേമുതല്‍ മൂന്നില്‍ രണ്ടിലേറെ വനിതാപ്രാതിനിധ്യമുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. ഇപ്പോള്‍ നടത്തിവരുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നവരില്‍ 80 ശതമാനത്തിലധികവും സ്ത്രീകളാണ്.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ അടുത്തകാലത്തെ പി.എസ്.സി. നിയമനങ്ങളില്‍ എണ്‍പത് ശതമാനത്തിലേറെയും സ്ത്രീകള്‍ക്കാണ് ലഭിച്ചത്. ഇതേ ജില്ലകളില്‍ പി.എസ്.സി.യുടെ എല്‍.ഡി. ക്ലാര്‍ക്ക് നിയമനം ലഭിച്ചവരില്‍ മൂന്നില്‍ രണ്ടിലേറെയും സ്ത്രീകളാണ്.

Content Highlights:  international women's day 2020, each for equal, working woman