വാക്കുകളെ മാറ്റിനിര്‍ത്തിയാല്‍ ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ലോകത്തെവിടെയായാലും ഒരേ ശബ്ദവും വ്യത്യസ്തമായ പ്രതിരോധ വഴികളുമാണെന്നു വീണ്ടും പറഞ്ഞു വെക്കുന്നവയായിരുന്നു പന്ത്രണ്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചില സ്ത്രീ കേന്ദ്രീകൃത സിനിമകള്‍.
ഒറ്റപ്പെട്ടു പോയവരുടെയും പൊരുതി തോറ്റവരുടെയും കണ്ണുനീരും ചോരയുമുണങ്ങാത്ത ചരിത്രവഴികളെ ഓര്‍മ്മിപ്പിക്കുമ്പോഴും കെട്ടുപോകാത്ത ചില വെളിച്ചങ്ങള്‍ അതിലെ അദൃശ്യമായ തീപ്പൊരികളെ അതിര്‍ത്തികള്‍ കടത്തി വിടുന്ന അനുഭവമായിരുന്നു ഓരോ ചലച്ചിത്രാനുഭവവും . ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് നാലുവരെ നടന്ന ചലച്ചിത്രമേളയില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 225 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മേളയില്‍ കണ്ട മൂന്ന് ചിത്രങ്ങളെ കുറിച്ച് .
ഡയപേസന്
ഇറാനിലെ സ്ത്രീജീവിതങ്ങളെ മത,ഭരണകൂട വിലക്കുകള്‍ മറികടന്നാണ് ജാഫര്‍ പനാഹിയുള്പ്പെടെയുള്ള സംവിധായകര്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയത്. അദ്ദേഹത്തിന്റെ 2000 ത്തില്‍ പുറത്തിറങ്ങിയ ദ സര്‍ക്കിള്‍ ,ഓഫ്സൈഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം പുരുഷാധിപത്യത്തിനെതിരായ ശക്തമായ പ്രതിഷേധ സ്വരങ്ങളായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹമീദ് ടെഹ്റാനിയുടെ ഡയപേസന് എന്ന ചിത്രവും. സ്ത്രീക്ക് പാര്‍ട്രിയാര്‍ക്കല്‍ സമൂഹം കല്പ്പിച്ചു നല്കിയ വിലക്കുകളും ഇറാനിലെ നിയമങ്ങളിലെ നൂലാമാലകളുമാണ് സിനിമ അഭിസംബോധന ചെയ്യുന്നത്.
50 കാരിയായ റാണയുടെയും 18 വയസ്സുള്ള മകള്‍ ഹോഡയുടെയും ജീവിതത്തിലെ സുന്ദര നിമിഷങ്ങളാണ് സിനിമയുടെ തുടക്കം. പതിനെട്ടാമത്തെ പിറന്നാള്‍ ദിവസം സഹപാഠിയുടെ സഹോദരന്റെ അപ്രതീക്ഷിതമായ അടിയേറ്റ് ഹോഡ മരണപ്പെടുന്നു. രാത്രി പെണ്‍കുട്ടികള്‍ ഇറങ്ങി നടക്കരുതെന്നു പറഞ്ഞാണ് യുവാവ് വഴക്കുണ്ടാക്കുന്നത്. അത് പിന്നീട് ഹോഡയുടെ മരണത്തില്‍ കലാശിക്കുകയാണ്. ഹോഡയുടെ ഘാതകനെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനായി റാണ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലേക്കാണ് പിന്നെ സിനിമ നീളുന്നത്. പ്രതിയായ യുവാവിനെ തൂക്കിലേറ്റുന്നതിനു ബ്ലഡ് മണിയായി ഒരു തുക കെട്ടി വെക്കാനാണ് റാണയോട് കോടതി നിര്‍ദ്ദേശിക്കുന്നത്. ( ഇറാനിലെ നിയമപ്രകാരം പ്രതിയുടെ വധശിക്ഷ നടപ്പാക്കാന്‍ ഇരയാക്കപ്പെടുന്നവരോ ബന്ധുക്കളോ നിശ്ചിത തുക കെട്ടിവെക്കണം ). പക്ഷെ അത്രയും തുക ഹോഡയുടെ കൈവശമില്ല. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങള്‍ മനുഷ്യത്വം ,നീതി ,നിയമം എന്നിവ തുലനം ചെയ്തുകൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പിന് റാണയെ പ്രേരിപ്പിക്കുകയാണ്.
ഹവ മറിയം ആയിഷ
സഹ്റ കരീമി സംവിധാനം ചെയ്ത അഫ്ഗാനിസ്ഥാന് ചിത്രം ഹവ മറിയം ആയിഷയും സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കാണ് ക്യാമറ തിരിക്കുന്നത് . അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മൂന്നു യുവതികളുടെ കഥയാണ് ഹവ മറിയം ആയിഷ. പൂര്‍ണ്ണ ഗര്‍ഭിണിയായ ഹവയ്ക്ക് ഭര്‍ത്താവിന്റെ സുഖമില്ലാത്ത മാതാപിതാക്കളെ ശുശ്രൂഷിക്കണം . ജോലിയാവശ്യമെന്നു പറഞ്ഞു പുറത്തുകഴിയുകയും വീട്ടിലേക്ക് ഇടയ്ക്ക് മാത്രം വരുകയും ചെയ്യുന്ന ഭര്‍ത്താവ് ഹലിം അവള്‍ക്ക് യാതൊരു വിധ പരിഗണയും നല്‍കുന്നില്ല .വീട്ടിലേക്കുള്ള അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഹവ ആശ്രയിക്കുന്നത് അയല്‍ക്കാരനായ 14 വയസ്സുകാരനെയാണ്. ഉദരത്തില്‍ വളരുന്ന കുഞ്ഞിനോട് സംസാരിക്കുന്നതിലാണ് അവള് ആശ്വാസം കണ്ടെത്തുന്നത്. ഒരു ദിവസം ഹലീമിനും സുഹൃത്തുക്കള്‍ക്കും അര്‍ധരാത്രി വിരുന്നൊരുക്കുന്നതിനിടയിലാണ് കുഞ്ഞിനു വളരെ നേരമായി ഇളക്കമില്ലെന്നു ഹവ്വ അറിയുന്നത്. ക്ലിനിക്കില്‍ കൊണ്ടുപോകണമെന്ന് ഹവ യാചിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവ് ചെവിക്കൊള്ളുന്നില്ല. പിന്നീട് ഒറ്റയ്ക്ക് ഇറങ്ങിത്തിരിക്കുകയാണ് ഹവ .
ഹവയുടെ ജീവിതത്തിനു സമാന്തരമായാണ് 18 കാരിയായ ആയിഷയുടെയും മറിയത്തിന്റെയും ജീവിതവും. തന്റെ കാമുകനില്‍ നിന്നാണ് ആയിഷ ഗര്‍ഭിണിയാവുന്നത്. ബന്ധുവായ യുവാവുമായി വിവാഹം നിശ്ചയിക്കപ്പെടുമ്പോള് സുഹൃത്തിന്റെ സഹായത്തോടെ ആയിഷ ഗര്‍ഭഛിദ്രത്തിനായി ഡോക്ടറെ സമീപിക്കാനൊരുങ്ങുകയാണ് .
ടി വി ചാനലില്‍ വാര്‍ത്താ അവതാരകയായ മറിയം കുറച്ച് നാളുകളായി ഭര്‍ത്താവില്‍ നിന്നകന്നു താമസിക്കുകയാണ്. ഭര്‍ത്താവ് ഫരീദിന് മറ്റു സ്ത്രീകളുമായുള്ള അതിരു വിട്ട ബന്ധമാണ് മറിയത്തെ തകര്‍ക്കുന്നത് . ഇടയ്ക്ക് ഫോണ്‍ വിളിച്ച് ഫരീദ് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മറിയം സ്വന്തം തീരുമാനത്തില്‍ നിന്ന് പിന്മാറുന്നില്ല . 7 വര്‍ഷത്തെ ദാമ്പത്യത്തില്‍ വിശ്വാസ വഞ്ചന കാണിച്ച ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം വേണമെന്ന ഉറച്ച തീരുമാനത്തിലാണ് മറിയം .താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ആ തീരുമാനത്തിന് മാറ്റം വരുന്നില്ല. ഈ നഗരത്തില്‍ നീ എന്നെ തനിച്ചാക്കി പോയതുകൊണ്ടുള്ള ഒരേ ഒരു ഗുണം ഒറ്റയ്ക്ക് ജീവിക്കാനുള്ള ധൈര്യം ലഭിച്ചു എന്നതാണെന്ന് മറിയം ഫരീദിനോട് പറയുന്നുണ്ട്
പരസ്പരമറിയാത്ത മൂന്നു സ്ത്രീകളും ഒടുവിലെത്തുന്നത് ഒരേ സ്ഥലത്താണ്. ഒടുവിലത്തെ ആ ദൃശ്യമാണ് സിനിമയെ വേറിട്ട് നിര്‍ത്തുന്നതും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതും
പെണ്ണുടല്‍ പുരുഷന് ലൈംഗികോപാധിമാത്രമാണെന്ന പറഞ്ഞു പഴകിയ ഇതിവൃത്തമാണെങ്കിലും സിനിമ സൂക്ഷമമായി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സ്വാതന്ത്ര്യത്തിന്റേതാണ്. ഒടുവില്‍ സ്വന്തം തീരുമാനത്തിനാണ് മൂന്നുപേരും മുന്‍ഗണന നല്‍കുന്നതെന്നതും ശ്രദ്ധേയമാണ് .
പപിച്ച
മേളയില്‍ കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അള്‍ജീരിയന്‍ ചിത്രമായ പപിച്ച . 1990 കളിലെ അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധമാണ് പശ്ചാത്തലമെങ്കിലും ആ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന മതവിലക്കുകളെ കുറിച്ചും അസ്വാതന്ത്ര്യത്തെ കുറിച്ചുമാണ് വനിതാ സംവിധായികയായ മോനിയ മെഡോര്‍ പറയാന്‍ ശ്രമിക്കുന്നത്. ആഭ്യന്തര യുദധം നടക്കുമ്പോള്‍ തീവ്രവാദ സംഘടനകളുടെ അധീനതയിലായിരുന്ന അള്‍ജീരിയയില്‍ മത തീവ്രവാദികള്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ഹിജാബ് ധരിക്കാത്തവരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാനും മര്യാദ പഠിപ്പിക്കാനും അവര്‍ ധാരാളം സ്ത്രീകളെയും നിയമിച്ചിട്ടുണ്ട്.
അള്‍ജീരിയയിലെ ഒരു കോളേജിലെ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥികളിലൂടെയാണ് കഥ പുരോഗമിക്കുന്നത് . മുസ്ലിം സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ശരീരം പൂര്‍ണ്ണമായി മറച്ചുകൊണ്ടല്ലാതെ പ്രത്യക്ഷപ്പെടരുതെന്നും ഹിജാബ് ധരിക്കണമെന്നുമുള്ള നിര്‍ബന്ധിത നിയമത്തെ വിദ്യാര്ഥികളിലൊരുവളായ നെജ്മ ചോദ്യം ചെയ്യുകയാണ്. ഒരു സംഘം ആളുകള്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കും .മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരെയും അവര്‍ വെറുതെ വിടുന്നില്ല.
സ്വാതന്ത്ര്യത്തിനും നീതിക്കുമെതിരായ എന്തിനെയും തുറന്ന് ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പുള്ള പെണ്‍കുട്ടിയാണ് നെജ്മ. അതുകൊണ്ടു തന്നെ നെജ്മ എപ്പോഴും നോട്ടപുള്ളിയാവുന്നു . ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നു. തങ്ങളുടെ പ്രതിഷേധം ഒരു ഫാഷന്‍ ഷോയിലൂടെ പ്രകടമാക്കാന്‍ നെജ്മയും സുഹൃത്തുക്കളും തയ്യാറാവുകയാണ് . അതിന്റെ ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കണ്ട കോളേജ് അധികൃതര്‍ ആദ്യം ഷോയ്ക്ക് അനുമതി നിഷേധിക്കുമെങ്കിലും നെജ്മയുടെ ഇച്ഛാശക്തിക്ക് മുന്പില് ഒടുവില്‍ അവര്‍ക്ക് സമ്മതിക്കേണ്ടി വരുകയാണ്. പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ടുള്ള സംഭവികാസങ്ങളാണ് പിന്നീട് നടക്കുന്നത് .
അള്‍ജീരിയയില്‍ പപിച്ചക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രത്തിന് നല്ലസ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാരിസില്‍ നടന്ന 45 മത് സെസര്‍ സെറിമണിയില്‍ മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള രണ്ടു പുരസ്കാരങ്ങള്‍ പാപിച്ച നേടിയിരുന്നു .
അള്ജീരിയയിലൊതുങ്ങാത്ത പ്രമേയമായതുകൊണ്ടു തന്നെ തങ്ങള്‍ മത ദേഹങ്ങല്ലെന്നുറക്കെ വിളിച്ചു പറയുന്ന യുവതലമുറയുടെ സാര്‍വദേശീയ പ്രതിനിധിയാണ് നെജ്മ.
Content Highlights: international women's day 2020, each for equal, women movies