നൂറ് പെണ്ണുങ്ങള്‍ ചേര്‍ന്നാലെന്തു സംഭവിക്കും? വഴക്കും വക്കാണവുമെല്ലാം പഴയകാലം. പുസ്തകശാലയെന്ന ഫെയ്‌സ്ബുക്ക് പേജില്‍ നൂറ് പെണ്ണുങ്ങള്‍ ഒരു മനസ്സായിനിന്നപ്പോള്‍ കേരളമാകെ നിറഞ്ഞത് പുസ്തകങ്ങളാണ്. കൂട്ടായ്മ കേരളത്തില്‍ ഇതുവരെ സൗജന്യമായി നല്‍കിയത് മുപ്പതിനായിരത്തിലധികം പുസ്തകങ്ങള്‍. പ്രളയകാലത്ത് ആലപ്പുഴ കൈനകരിയിലെ ലൈബ്രറികള്‍ക്ക് വഞ്ചിയിലെത്തി നല്‍കിയത് ആയിരം പുസ്തകങ്ങള്‍.

ജോലിക്കിടയിലെ സമയം പുസ്തകങ്ങളെ സ്‌നേഹിച്ച പെണ്ണുങ്ങള്‍. കേരളത്തിനു പുറത്ത് ഓസ്‌ട്രേലിയയിലും കാനഡയിലുമുള്ള മലയാളിസ്ത്രീകള്‍ ഇവരിലുണ്ട്. അവരില്‍ അധ്യാപകരുണ്ട്, കടല്‍ കടന്ന നഴ്‌സുമാരുണ്ട്, ബിസിനസുകാരുണ്ട്. ജോലി എന്തൊക്കെയായാലും പുസ്തകങ്ങളാണ് ഇവരെ ബന്ധിപ്പിക്കുന്ന ഏകകണ്ണി.

2016ലെ വനിതാദിനത്തില്‍ ആരംഭിച്ച പുസ്തകശാലയെന്ന ഫെയ്‌സ്ബുക്ക് പേജിന്റെ വളര്‍ച്ച അക്ഷരങ്ങളിലൂടെയാണ്. പുറത്തുനിന്നുള്ള ഫണ്ട് പിരിവില്ല. പുസ്തകങ്ങളാണ് പിരിക്കുന്നത്.

ഗോത്രവര്‍ഗവിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് കൂട്ടായ്മ ആദ്യമായി പുസ്തകസഹായവുമായെത്തുന്നത്. അട്ടപ്പാടിയിലെയോ വയനാട്ടിലെയോ പത്ത് ആദിവാസി സ്‌കൂളുകള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണിവരിപ്പോള്‍.

സര്‍ക്കാരുമായും ലൈബ്രറി കൗണ്‍സിലുമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായും ചേര്‍ന്നാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.

വനിതാദിനത്തില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് വനിതാദിനാഘോഷം. 300 പുസ്തകങ്ങളാണ് ഞായറാഴ്ച ജയിലിലേയ്ക്ക് കൈമാറുക. അഞ്ജന പി. ദാസ്, ബിന്ദു മനോജ് എന്നിവരാണ് പുസ്തകശാലാ പേജിന്റെ സാരഥികള്‍. രമ്യാ സുനോജ്, സംഗീതാ ദാമോദരന്‍, നിഫി റഷീദ്, സിമി എസ്. രാജ്, ജ്യോതിലക്ഷ്മി, ബോബി ജോബി, അഡ്വ. ഫാത്തിമ സിദ്ദീഖ് എന്നിവരാണ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍.

Content Highlights: international women's day 2020, each for equal, woman readers