പൊതുവിടങ്ങള്‍ എന്ന വാക്കിലെ 'പൊതു' ആണിനെ സൂചിപ്പിക്കുന്നതാണെന്നും പെണ്ണിന് വ്യക്തമായ അതിരുകളും അരുതുകളും അവിടങ്ങളിലൊക്കെ ഉണ്ടെന്നും മനസിലായത് പഠനകാലത്താണ്. ബിരുദത്തിന് ശേഷം തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്നു.ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനം എന്നതിനെ ഇന്ന് വിളിക്കാന്‍ തോന്നുന്നു.
അഡ്മിഷന്‍ എടുക്കുന്ന പെണ്കുട്ടികള്‍ സ്ഥാപനം നിര്‍ദേശിക്കുന്ന ഹോസ്റ്റലില്‍ താമസിക്കുന്ന പതിവാണ് അന്നുവരെ അവിടെ ഉണ്ടായിരുന്നത്.ആദ്യമായി ആ അലിഖിത നിയമം ലംഘിക്കുന്നത് ഞാനായിരുന്നു.ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മറ്റൊരു ഹോസ്റ്റലില്‍ ഞാന്‍ മുറിയെടുത്തിരുന്നു. ക്ലാസ് കഴിഞ്ഞ് അരമണിക്കൂറിനകം ഹോസ്റ്റലില്‍ കേറിയിരിക്കണം,മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല,ഉറക്കെ ചിരിക്കാന്‍ പാടില്ല,അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോവാന്‍ ആണെങ്കില്‍ പോലും മുന്‍കൂട്ടി വാര്‍ഡന്റെ അനുമതി വാങ്ങിയിരിക്കണം എന്നുതുടങ്ങിയ ജയില്‍ നിയമങ്ങള്‍ ആയിരുന്നു സ്ഥാപനം നിര്‍ദേശിക്കുന്ന ഹോസ്റ്റലിലെ നിയമങ്ങള്‍. അങ്ങനെയൊരു ജയില്‍ ശിക്ഷ അനുഭവിക്കാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പുള്ളതുകൊണ്ടും ഈ നിയമങ്ങള്‍ അനുസരിക്കുക വഴി കിട്ടാന്‍ പോകുന്ന 'പ്രത്യേക സുരക്ഷ' ആവശ്യമില്ല എന്നുറപ്പിച്ചതുകൊണ്ടും വേറെ ഹോസ്റ്റല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
വ്യവസ്ഥകളെ എതിര്‍ക്കുന്നവര്‍ നോട്ടപ്പുള്ളികള്‍ ആകുന്നത് സ്വാഭാവികമാണല്ലോ. സ്ത്രീയാണെങ്കില്‍ പ്രത്യേകിച്ചും.ചെറുതും വലുതുമായ ഒട്ടേറെ കുറ്റങ്ങള്‍ അതിനുശേഷം എന്റെമേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. കോഴ്‌സ് ഏതാണ്ട് പകുതി ആയപ്പോള്‍ വളരെ അപ്രതീക്ഷിതമായി എന്നാല്‍ ഏറെ നാടകീയമായി എന്നെ സ്ഥാപനത്തിന്റെ മേധാവി മുറിയിലേക്ക് വിളിപ്പിച്ചു. ഒരു കവര്‍ കയ്യില്‍ തന്നു, സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍! അമ്പരന്നുപോയ ഞാന്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത് വായിച്ച് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി.
കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാന്‍ പോവുന്നു, സിനിമയ്ക്ക് പോവുന്നു, യാത്രകള്‍ പോവുന്നു എന്നതൊക്കെയായിരുന്നു ആരോപിക്കപ്പെട്ട തെറ്റുകള്‍. കൂട്ടുകാര്‍ എന്നുപറയുമ്പോള്‍ ആണും പെണ്ണും ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഞാനാണിത്തരം ഭരണഘടനാവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു ആരോപണം. അതുകൊണ്ട് മറ്റുകുട്ടികളെ 'നശിപ്പിക്കുന്ന' പ്രവീണാ നാരായണനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നു എന്ന്!
പത്ത് ദിവസത്തിന്‌ശേഷം തിരിച്ചെടുത്തു, അടുത്ത ദിവസം മുതല്‍ ക്ലാസ്സില്‍ വരാം എന്നറിയിപ്പു കിട്ടി.അടുത്ത ദിവസം ക്ലാസില്‍ കയറാതെ സ്ഥാപനത്തിന്റെ മേധാവിയെ കണ്ട് ഞാന്‍ പഠനം നിര്‍ത്തുകയാണ്,ഇങ്ങനെയൊരു സ്ഥാപനത്തില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചു. അച്ഛനെ വിളിപ്പിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.എന്റെ കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്,അച്ഛനെ വിളിപ്പിക്കേണ്ടതില്ല എന്നറിയിച്ചിട്ടും അയാള്‍ എന്റെ മുന്നില്‍ വച്ചു തന്നെ അച്ഛനെ ഫോണ്‍ ചെയ്തു.അവള്‍ക്കിഷ്ടമില്ലെങ്കില്‍ നിര്‍ത്തട്ടെ എന്ന് അച്ഛന്റെ മറുപടി. പിന്നീട് അയാളുടെ ആവശ്യം കോഴ്‌സ് നിര്‍ത്തിക്കോളൂ പക്ഷേ സ്ഥാപനത്തിന് എതിരെ പരാതി കൊടുക്കരുത് എന്നായിരുന്നു.അക്കാര്യത്തില്‍ എനിക്ക് ഉറപ്പ് തരാന്‍ പറ്റില്ല എന്ന് തറപ്പിച്ച് പറഞ്ഞപ്പോള്‍ അയാള്‍ റാസ്‌കല്‍ എന്ന് സംബോധന ചെയ്തുകൊണ്ട് ചാടി എഴുന്നേറ്റു.പിന്നീടൊരു പത്ത് മിനുറ്റ് വലിയ ശബ്ദത്തില്‍ അസഭ്യവര്‍ഷമായിരുന്നു. ഞാനിറങ്ങി പോന്നു. ഒരു വര്‍ഷത്തെ കോഴ്‌സ് കൊണ്ട് എനിക്കുണ്ടായ നേട്ടം എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള ഒരു സൗഹൃദം മാത്രം, ബ്രിയാന്‍ ഫിലിപ്പ്. നഷ്ടങ്ങളാണ് അധികം, ജീവിതത്തിന്റെ വിലപ്പെട്ട കുറച്ചു വര്‍ഷങ്ങള്‍.
വിദ്യാഭ്യാസ ലോണെടുത്തു ചേര്‍ന്ന കോഴ്‌സ് പാതിവഴിക്ക് ഉപേക്ഷിച്ച, സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു വീട്ടിലെ പെണ്കുട്ടിയുടെ അതിജീവനം അതികഠിനമായിരുന്നു. ഒന്ന് പിടിച്ചുനില്‍ക്കാന്‍ പലജോലികളും ചെയ്തു.പിന്നീട് വിദൂരവിദ്യാഭ്യാസം വഴി എം എ മലയാളം ചെയ്തു.നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായി.ഇപ്പോള്‍ തൃശ്ശൂര്‍ ഒരു കോളേജില്‍ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്യുന്നു.ഗവേഷണത്തിന് തയ്യാറെടുക്കുന്നു.
പെണ്ണായതുകൊണ്ട്, ആരോപിക്കപ്പെട്ട തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് ചോദിച്ചുകൊണ്ട് അവിടെത്തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ അഹങ്കാരി,നിഷേധി, താന്തോന്നി തുടങ്ങിയ പേരുകളൊന്നും വീഴില്ലായിരുന്നു എന്നറിയാം. പക്ഷേ, ഇത്ര വിശാലമായ ലോകം പുറത്തുണ്ടെന്ന് അറിയാത്ത കൂപമണ്ഡൂകമാകുന്നതിലും അഹങ്കാരിയാവുന്നതാണ് അഭിമാനം.
പെണ്ണിന് അവളവളിടങ്ങള്‍ വേണം എന്നൊക്കെ വാദിക്കുന്നതിന് മുന്‍പ് പൊതുവിടങ്ങള്‍ അവളുടേതുകൂടിയാവണം.പെണ്ണിന് മാത്രമുള്ള അസമയങ്ങളും അരുതുകളും ഇല്ലാതാവേണ്ടതുണ്ട്. ജീവിതം സ്വാസ്ഥ്യമുള്ളതാകാന്‍ ഞാന്‍ നടത്തിയ തുറന്ന യുദ്ധങ്ങള്‍ എന്റെ മകള്‍ക്ക് ചെയ്യേണ്ടി വരരുത് എന്നാഗ്രഹമുണ്ട്, അത്രേയുള്ളൂ.
Content Highlights: international women's day 2020, each for equal, woman freedom