ചേമഞ്ചേരി കാര്‍ഷികഗവേഷണകേന്ദ്രത്തിന്റെ ഗേറ്റ് കടക്കുമ്പോഴേക്കും സുനിതയുടെ ഫോണെത്തി. ഞാന്‍ അവിടെ എത്തീട്ടില്ലാട്ടാ... ഞങ്ങടെ രണ്ട് മെഷീന്‍ കംപ്ലെയിന്റായി കിടക്കാ... അത് റിപ്പയര്‍ ചെയ്ത് കൊണ്ടരാന്‍ പെട്ടിഓട്ടോ കിട്ടാന്‍ വൈകി.

സമയം പത്തര കഴിഞ്ഞിട്ടേയുള്ളൂ. വെയിലിന് ഉച്ചസൂര്യന്റെ ചൂട്. ഗവേഷണകേന്ദ്രത്തിനു മുന്നിലെ പാടത്തെ കുറ്റിപ്പയര്‍ കൃഷിയിടത്തില്‍ വെയിലിനെ കൂസാതെ പണിയെടുക്കുകയാണ് നാല് സ്ത്രീകള്‍. അവരെ നോക്കിനില്‍ക്കെ പെട്ടിഓട്ടോ എത്തി. ഡ്രൈവറുടെ വാതില്‍ തുറന്ന് ചുരിദാര്‍ ധരിച്ച യുവതി ചാടിയിറങ്ങി ഓടിയെത്തി.

വണ്ടിയില്‍നിന്ന് ഭാരമേറിയ ടില്ലര്‍ മറ്റുള്ളവര്‍ക്കൊപ്പം വലിച്ചിറക്കുന്നതിലെ ചുറുചുറുക്ക് കണ്ടപ്പോള്‍ മനസ്സിലായി, ഈ കര്‍ഷകത്തൊഴിലാളി ചില്ലറക്കാരിയല്ലെന്ന്. നിമിഷങ്ങള്‍ക്കകം പച്ച ടീഷര്‍ട്ടും പാന്റ്‌സും തൊപ്പിയുമണിഞ്ഞ് 'ഗ്രീന്‍ ആര്‍മി' പോരാളി മുന്നിലെത്തി.

ഇത് സുനിതഅളഗപ്പനഗര്‍ പഞ്ചായത്തില തെക്കേക്കര വാര്‍ഡ് അംഗം. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന നെന്മണിക്കര ചിറ്റിശ്ശേരി വടക്കേടത്ത് ശങ്കരന്റെയും ഓട്ടുകമ്പനിത്തൊഴിലാളി അമ്മിണിയുടെയും മൂത്തമകള്‍.

സുനിതയിപ്പോള്‍ മണ്ണുത്തിയിലെ ഗവേഷണകേന്ദ്രത്തില്‍ പരിശീലകയാണ്. ഒപ്പം കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയിലും പരിശീലനം നേടുന്നു.

തൃശ്ശൂര്‍ ജില്ലയിലെ മണ്ണംപേട്ട സ്വദേശി സുനിത ഷാജുവിന് ട്രാക്ടര്‍, ടില്ലര്‍ തുടങ്ങി ഏത് കാര്‍ഷികോപകരണവും വഴങ്ങും. കരാറടിസ്ഥാനത്തില്‍ ഞാറുനടീല്‍ മുതല്‍ കൊയ്ത്തുവരെ സുനിതയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തുകൊടുക്കും.

ഇതിനു പുറമേ പാട്ടത്തിന് സ്ഥലമെടുത്ത് നെല്ല്, ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ കൃഷിയുമുണ്ട്. ഏക്കറുകണക്കിന് നിലത്ത് വിത്തിടാനും ഞാറുനടാനും ഹരിതസേനയ്ക്ക് നേതൃത്വം നല്‍കുന്നതും ഈ നാല്‍പ്പത്താറുകാരിയാണ്.

അയല്‍വാസിയുടെ കുഞ്ഞിനെ നോക്കാന്‍ ഗള്‍ഫിലേയ്ക്ക് പോയതാണ് സുനിതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. 'രണ്ടുകൊല്ലം ഗള്‍ഫില്‍ തുടര്‍ന്നു. തിരിച്ച് നാട്ടിലെത്തിയത് എന്തെങ്കിലും പണിചെയ്യണമെന്ന ചിന്തയുമായി. ആദ്യമിറങ്ങിയത് തയ്യല്‍പ്പണിക്കാണ്. ഇതിനിടെ പട്ടികജാതി വനിതകള്‍ക്കായുള്ള സര്‍ക്കാരിന്റെ പരിശീലനത്തിലൂടെ ഓട്ടോ ലൈസന്‍സ് സ്വന്തമാക്കി. ആയിടയ്ക്കാണ് നാട്ടില്‍ പാരിജാതം ഹരിതസേന രൂപവത്കരിക്കുന്നതും അതിന്റെ അംഗമാകുന്നതും'.

'അന്ന് കൃഷിയെക്കുറിച്ച് എനിക്കൊന്നുമറിയില്ല. 'നാട്' എന്നു പറഞ്ഞാല്‍ ഞാറുനടലാണെന്നുപോലുമറിയില്ല. വീട്ടിലാരും കൃഷിപ്പണിക്കിറങ്ങിയിട്ടില്ല. കാര്‍ഷികയന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനമാണ് ഗ്രൂപ്പംഗങ്ങള്‍ക്ക് നല്‍കുന്നത്.

പിന്നീട് സുനിത പാടത്തുനിന്ന് കയറിയിട്ടില്ല. കാര്‍ഷികയന്ത്രങ്ങള്‍ക്കൊപ്പം കൈകൊണ്ട് ഞാറുനടാനും കൊയ്യാനും പഠിച്ചു. ഇപ്പോള്‍ പാടത്തേക്കിറങ്ങാത്ത ദിവസം ആകെ അസ്വസ്ഥതയാണ് അവര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി അവാര്‍ഡും കേന്ദ്രസര്‍ക്കാരിന്റെ നൈപുണ്യ അവാര്‍ഡും ഇതിനിടെ സുനിതയെ തേടിയെത്തി.

'കൃഷിയൊരുക്കം സജീവമായപ്പോള്‍ കൂടുതല്‍ പണം ആവശ്യമായി വന്നു. അങ്ങനെയാണ് അളഗപ്പനഗര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് സുവര്‍ണഹരിതസേന രൂപവത്കരിച്ചത്. നെന്മണിക്കരയുടെ കാര്‍ഷികസമൃദ്ധി തിരിച്ചുപിടിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഞങ്ങള്‍ പത്തുപേര്‍.

'ഒരുകാലത്ത് ഓട്ടുകമ്പനികള്‍ മണ്ണെടുത്തിരുന്ന സ്ഥലങ്ങളാണിത്. പോയ വര്‍ഷങ്ങളിലുണ്ടായ പ്രളയംമൂലം ഈ പാടശേഖരങ്ങളില്‍ മാലിന്യം വന്നടിഞ്ഞു. അത് നീക്കുകയായിരുന്നു വെല്ലുവിളി. ചിലപ്പോള്‍ കഴുത്തൊപ്പം ചെളിയിലിറങ്ങി പണിയേണ്ടി വരും. രാത്രി 12 വരെ പാടത്തുപണിയും. പുലര്‍ച്ചെ വീണ്ടുമെത്തും. 36 ഏക്കര്‍ ഞങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. അവിടെ വിതച്ച നെല്ല് വിഷുവടുപ്പിച്ച് വിളവെടുക്കും. അടുത്തതവണ നൂറേക്കറാണ് ലക്ഷ്യം' കൊടകര ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ സെക്രട്ടറികൂടിയായ സുനിതയുടെ വാക്കുകളില്‍ പ്രതീക്ഷയുടെ പച്ചപ്പ്.

ഭര്‍ത്താവ് ചേന്ദ്രവീട്ടില്‍ ഷാജുവും മകന്‍ വിനായകും എല്ലാപിന്തുണയുമായി ഒപ്പമുണ്ട്. മാലിന്യം നീക്കി നിലമൊരുക്കാന്‍ രാവും പകലും ഒപ്പംനിന്നത് ഇവരാണ്. പെണ്‍മക്കളായ ഐശ്വര്യയ്ക്കും അശ്വതിക്കും അമ്മയുടെ പോരാട്ടങ്ങളില്‍ ഏറെ അഭിമാനമുണ്ട്.

'ആദ്യമൊക്കെ ട്രാക്ടറും ടില്ലറും ഓടിക്കാന്‍ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എനിക്ക് ട്രാക്ടറോടിക്കാനാകും സുനിത പറയുന്നു.

'പ്രീഡിഗ്രി പാസായിട്ടില്ല. ഇപ്പോള്‍ വി.എച്ച്.എസ്.ഇ. പഠിക്കണമെന്നാഗ്രഹമുണ്ട്. പക്ഷേ, പന്ത്രണ്ടാം ക്ലാസ് തുല്യതാപരീക്ഷയില്‍ അതു പഠിക്കാനാവില്ല. തത്കാലം കൊമേഴ്‌സ് പഠിക്കാനാണ് തീരുമാനം'.

'സുനിതേച്ചി ഊണു കഴിക്കുന്നില്ലേ?' പരിശീലനബാച്ചിലെ സഹപാഠികള്‍ സുനിതയെ തിരഞ്ഞെത്തി. മൂന്നുമണിക്ക് പഞ്ചായത്ത് കമ്മിറ്റിയുള്ളതാ. വൈകിച്ചെല്ലാനാവില്ല. ഞാന്‍ യൂണീഫോമൊന്നു മാറ്റട്ടേ സുനിത തിടുക്കം കൂട്ടി.

Content Highlights: international women's day 2020, each for equal, woman farmer