തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച വന്നുപോകുന്ന വിമാനങ്ങളുടെ ആകാശനിയന്ത്രണവും ഏകോപനവും നിര്‍വഹിക്കുക 16 വനിതകള്‍. ലോക വനിതാദിനത്തോടനുബന്ധിച്ചാണ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളിലെ വിവിധ വിഭാഗങ്ങളിലെ വനിതകള്‍ക്ക് ഈ ചുമതല നല്‍കിയിരിക്കുന്നത്.

രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഇവിടെ വന്നുപോകുന്ന ആഭ്യന്തരഅന്താരാഷ്ട്ര വിമാനങ്ങളുടെ വ്യോമപാതയാണ് വനിതകള്‍ മാത്രം നിയന്ത്രിക്കുക.

എയര്‍ട്രാഫിക് മാനേജ്‌മെന്റ് ജോയന്റ് ജനറല്‍ മാനേജര്‍ പി.ബി.ജയന്തിയുടെ മേല്‍നോട്ടത്തിലാണ് 16 അംഗ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

ഇവിടെ വന്നുപോകുന്ന വിമാനങ്ങള്‍ക്കു പുറമേ, സമുദ്രനിരപ്പില്‍നിന്ന് 46,000 അടി ഉയരത്തില്‍ തിരുവനന്തപുരത്തിന്റെ ആകാശപരിധിയില്‍ കടന്നുപോകുന്ന സൈനികചരക്ക്‌യാത്രാ വിമാനങ്ങളുടെയും എയര്‍ട്രാഫിക്‌ കൈകാര്യം ചെയ്യുന്നതും ഇവരായിരിക്കും.

എയര്‍ ട്രാഫിക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ജ്യോതിലക്ഷ്മി, ജയശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് ഈ ദൗത്യത്തിനു ചുക്കാന്‍പിടിക്കുക.

അപകടരഹിതമായ പാതയൊരുക്കേണ്ട ചുമതല നിര്‍വഹിക്കുക അസി. ജനറല്‍ മാനേജര്‍ ചിത്രലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

പുറപ്പെടാനൊരുങ്ങുന്ന വിമാനങ്ങള്‍ക്ക്, റണ്‍വേയില്‍ മറ്റു വിമാനങ്ങളില്ലെന്ന് ഉറപ്പുവരുത്തി ക്ലിയറന്‍സ് നല്‍കുന്ന ദൗത്യം നിര്‍വഹിക്കുക എയറോ ഡ്രോം ടവറിലെ മാനേജര്‍ പദവിയിലുള്ള പി.വി. പ്രസീദ  യുടെ നേതൃത്വത്തിലുള്ള ജീവനക്കാരാവും.

Content Highlights: international women's day 2020, each for equal, Woman empowerment