പത്തനംതിട്ടയില്‍നിന്ന് ചാത്തന്നൂരിലെത്തി കൊല്ലത്തിനുവേണ്ടി ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റുകളില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയ ബി.കെ.തങ്കമ്മയ്ക്ക് 69ാം വയസ്സിലും ഒരു മോഹമുണ്ട്. ലോക മാസ്റ്റേഴ്‌സില്‍ പങ്കെടുത്ത് മെഡല്‍ വാങ്ങണം. പക്ഷേ മീറ്റില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കാന്‍ ഇല്ലാത്തതിനാല്‍ അത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു.
1992ല്‍ തൊടുപുഴയില്‍ നടന്ന സംസ്ഥാന വെറ്ററന്‍സ് മീറ്റില്‍ കൊല്ലം ജില്ലയ്ക്കുവേണ്ടി വനിതകളുടെ ലോങ് ജംപ്, 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം എന്നിവയില്‍ ഒന്നാംസ്ഥാനത്തോടെയാണ് മാസ്റ്റേഴ്‌സ് മീറ്റില്‍ തുടക്കംകുറിക്കുന്നത്. കഴിഞ്ഞ 28 വര്‍ഷമായി മാസ്റ്റേഴ്‌സ് മീറ്റുകളില്‍ പങ്കെടുത്ത് മുന്നേറുന്ന തങ്കമ്മ ചാത്തന്നൂരില്‍ ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ്. 2010 മുതല്‍ തുടര്‍ച്ചയായി ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്ത് ലോങ് ജംപിലും ട്രിപ്പിള്‍ ജംപിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിവരുന്നു.
2019ല്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റിലും ലോങ് ജംപിലും ട്രിപ്പിള്‍ ജംപിലും റിക്കോര്‍ഡ് സ്ഥാപിച്ചാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 27ഓളം രാജ്യങ്ങളില്‍നിന്നുള്ളവരെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ 100 മീറ്ററില്‍ രണ്ടാംസ്ഥാനവും നേടി. പത്തുവര്‍ഷമായി ഏഷ്യന്‍ മീറ്റില്‍ പങ്കെടുത്ത് മെഡല്‍ വാങ്ങിയെങ്കിലും ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തത് മനസ്സിനെ വല്ലാതെ നോവിക്കുന്നതായി തങ്കമ്മ മാതൃഭൂമിയോട് പറഞ്ഞു.
അസോസിയേഷനുകളാണ് സാധാരണയായി മീറ്റുകളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നത്. ഏഷ്യന്‍ മീറ്റുകളില്‍ പങ്കെടുക്കാന്‍ കൈയിലുള്ളത് മൊത്തം പണയപ്പെടുത്തിയാണ് പോകുന്നത്. പീന്നീട് തൊഴിലെടുത്ത് അത് വീണ്ടെടുക്കുമ്പോഴേക്കും അടുത്ത മീറ്റിന് പോകേണ്ട സമയമാകും. നേഴ്‌സ് ആയി ജോലി നോക്കുന്നിടത്തെ ഡോക്ടറുടെ പൂര്‍ണ പിന്തുണയാണ് ഒരു ആശ്വാസം.
ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കൊല്ലത്ത് ആശ്രാമത്തെ നാഷണല്‍ ഫിസിക്കല്‍ ട്രെയിനിങ് സെന്ററില്‍ ഇപ്പോഴും പരിശീലനത്തിന് പോകും. ഗുജറാത്തില്‍ നടന്ന നാഷണല്‍ മീറ്റിലും പങ്കെടുത്തിരിക്കുന്ന തങ്കമ്മ വരാനിരിക്കുന്ന ഏഷ്യന്‍ മീറ്റില്‍ ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ ഭീതിയില്‍ റദ്ദാക്കുമോ എന്ന ആശങ്കയിലാണ്.
പത്തനംതിട്ട ചിറ്റാര്‍ കട്ടച്ചിറ അട്ടക്കുഴിക്കല്‍ വീട്ടില്‍ പരേതരായ കുഞ്ഞുകുഞ്ഞിന്റെയും ഏലിയാമ്മയുടെയും അഞ്ചു മക്കളില്‍ രണ്ടാമത്തെയാളാണ് തങ്കമ്മ (69). അവിവാഹിതയാണ്. മല്ലപ്പള്ളി പരിയാരം യു.പി.എസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ സ്‌പോട്‌സിനോടുള്ള കമ്പം ഇപ്പോഴും തുടരുന്നു.
1972 ജനറല്‍ നഴ്‌സിങ് പൂര്‍ത്തിയാക്കി ജോലിയില്‍ക്കയറി. പത്തനംതിട്ടയില്‍നിന്ന് 1989ല്‍ കണ്ണനല്ലൂരില്‍ എത്തി തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറുടെ ആശുപത്രിയില്‍ ജോലി നോക്കുമ്പോഴാണ് അവിടെ ചികിത്സയ്ക്കുവന്ന ഒരു പോലീസുകാരിയില്‍നിന്ന് വെറ്ററന്‍ മീറ്റിനേക്കുറിച്ച് അറിയുന്നത്.
പിന്നീട് ആശുപത്രിയിലെ ഡോക്ടറുടെയും ആ പോലീസുകാരിയുടെയും സഹായത്തോടെയാണ് മാസ്റ്റേഴ്‌സ് മീറ്റില്‍ ചുവട് വയ്ക്കുന്നത്. തുടര്‍ന്നിങ്ങോട്ടുള്ള പ്രയാണത്തില്‍ മെഡലുകള്‍ വാരിക്കുട്ടിയ തങ്കമ്മ തനിക്ക് ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് മുന്നില്‍ കണ്ണീരോടെ നിശ്വാസമുതിര്‍ക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഒരു സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല.
Content Highlights: international women's day 2020, each for equal, sports woman