'മാതൃഭൂമി'യുടെ മുറ്റത്തുവന്നിറങ്ങുമ്പോള്‍ പൂനം മറ്റെന്തോ ആലോചനയിലായിരുന്നു. ''ചിലപ്പോള്‍ അവര്‍ ഒന്നും സംസാരിക്കില്ല''  പൂനത്തിന്റെ കൂട്ടുകാരി അഞ്ജന ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. ആറടി പതിനൊന്നിഞ്ചുള്ള പൂനം ചതുര്‍വേദി. കാണ്‍പൂരുകാരി. ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരം. പൂനം സംസാരിക്കാതായത് വെറുതെയല്ല. അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട്. ഉയരത്തെച്ചൊല്ലിയുള്ള കളിയാക്കലുകള്‍, മുച്ചിറിയില്‍ ചുളുങ്ങിപ്പോയ ചുണ്ടുകള്‍, ബ്രെയിന്‍ ട്യൂമര്‍ എന്നപേരില്‍ തലയ്ക്കുമുകളില്‍ കാത്തിരുന്ന മരണം... പൂനം പക്ഷേ, മുന്നോട്ടുതന്നെ പോവുന്നു; ഡ്രിബിള്‍ ചെയ്ത്, ഡ്രിബിള്‍ ചെയ്ത്...

ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് കോഴിക്കോട്ടു വന്നതായിരുന്നു ഇപ്പോള്‍ കിഴക്കന്‍ റെയില്‍വേയ്ക്കുവേണ്ടി കളിക്കുന്ന പൂനം. മത്സരത്തിനുമുമ്പ് 'മാതൃഭൂമി'യിലെ വനിതാ പത്രപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച. ചെറിയ മനുഷ്യരും വലിയ പൂനവും തമ്മിലുള്ള ചോദ്യോത്തരങ്ങള്‍..

poonam

അസാധാരണ ഉയരത്തിന്റെ ജീവിതകഥ പറയാനുണ്ടാവില്ലേ.....

ചെറുപ്പംമുതല്‍ ഞാന്‍ കേള്‍ക്കുന്ന വിളിയുണ്ട്. ലംബു. (നീളക്കാരി). ഇപ്പോഴും എവിടെച്ചെന്നാലും ആളുകള്‍ ഉറക്കെ വിളിക്കും, ഓ... ലംബു... ഈശ്വരന്‍ തന്ന ഉയരം. അതിനെന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്? മുച്ചിറിയുണ്ടായിരുന്നു എനിക്ക്. കണ്ടവരൊക്കെ പറഞ്ഞു, ഓ ഇവള്‍ മരിച്ചുപോവുന്നതാണ് നല്ലത്. എന്നിട്ടും പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ ബാസ്‌കറ്റ്‌ബോളിന് ചേര്‍ന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ വന്നു. എപ്പോഴും വേദന. ആയുര്‍വേദ ചികിത്സയും യോഗയുമൊക്കെയായി പിടിച്ചുനിന്നെങ്കിലും വീടിനകത്തായി ജീവിതം. അച്ഛനാണ് പറഞ്ഞത്, ''പുറത്തിറങ്ങൂ, ആളുകളെ കാണൂ, കളിക്കൂ...''

കളിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറിയോ?

ഉയരം ഇവിടെ എന്നെ തുണച്ചു. ഡിഫന്‍സിലും ബാസ്‌കറ്റ് ചെയ്യുന്നതിലുമൊക്കെ.

ബാസ്‌കറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. അല്ലേ?

അല്ല. അത് നിങ്ങള്‍ക്ക് തോന്നുന്നതാണ് (ചെറുതായി ചിരിച്ചു പൂനം; വന്നശേഷം ആദ്യമായി).

ടീമംഗങ്ങള്‍ക്ക് ഇത്ര ഉയരമുണ്ടാവില്ലല്ലോ. അവരുമായുള്ള കെമിസ്ട്രി എങ്ങനെ?

എനിക്കിത്ര ഉയരമുള്ളത് എന്റെ കുറ്റമല്ലല്ലോ.

ഉയരംകൊണ്ട് ബുദ്ധിമുട്ടുണ്ടെന്നാണോ?

ചിലപ്പോള്‍. വെട്ടിച്ച് വെട്ടിച്ച് ബോള്‍ കൊണ്ടുപോവാന്‍ ഞാന്‍ നന്നായി കുനിയണം. മുട്ട് വേദനിക്കും. അടുത്തിരുന്ന സഹകളിക്കാരി അഞ്ജന പറഞ്ഞു: ''ഉയരമുള്ളതുകൊണ്ട് പാസ് തരാന്‍ എളുപ്പമാണ് പൂനത്തിന്. ഗാലറിയില്‍നിന്നും ആളുകള്‍ വിളിച്ചു പറയും. ''പൂനത്തിന് പാസ് കൊടുക്കൂ, പന്ത് കൊടുക്കൂ...''

ബാസ്‌കറ്റ് ബോള്‍ എന്തെല്ലാം തന്നു?

2011 ല്‍ ഇന്ത്യക്കുവേണ്ടി കളിച്ചതാണ് വലിയ നേട്ടം. ബാംഗ്ലൂരില്‍ ഏഷ്യാകപ്പ് കളിച്ചതും. ഛത്തീസ്ഗഢ് ടീമിലായിരുന്നു ആദ്യം. അന്ന് രണ്ടുതവണ റെയില്‍വേയെ തോല്‍പ്പിച്ചു. അത് മറക്കാനാവില്ല.

ബാസ്‌കറ്റ് ബോള്‍ ഇല്ലായിരുന്നെങ്കില്‍...?

വീട്ടുകാര്‍ എന്നെ കെട്ടിച്ചുവിട്ടേനേ. അച്ഛനും അമ്മയും പറഞ്ഞാല്‍ വിവാഹം കഴിക്കേണ്ടിവരുമായിരുന്നു (ചുറ്റും ചിരിപടര്‍ന്നു. ഇതൊക്കെ എവിടെയും ഒരുപോലെയാണല്ലോ എന്നമട്ടില്‍).

വിദേശത്ത് കളിക്കാന്‍ താത്പര്യമുണ്ടോ ?

ഞാനൊരു വെജിറ്റേറിയനാണ്. എനിക്കവിടത്തെ ഭക്ഷണമൊന്നും ശരിയാവില്ല.

* ചുറ്റുമുള്ളവരുടെ നോട്ടം പൂനത്തിന്റെ മെലിഞ്ഞ കൈകാലുകളിലേക്ക് നീളുന്നതുകണ്ടിട്ടാവാം അഞ്ജന ഇടയ്ക്കുകയറിപ്പറഞ്ഞു, ''ഇങ്ങനിരിക്കുന്നത് നോക്കണ്ട, നല്ല ബലമാണ് പൂനത്തിന്''. പത്തുവര്‍ഷമായി പൂനത്തിനൊപ്പമുണ്ട് അഞ്ജന. ''പൂനം ആദ്യം പോയത് വടക്കുകിഴക്കന്‍ റെയില്‍വേയുടെ സെലക്ഷനായിരുന്നു. അവര്‍ ടീമില്‍ എടുത്തില്ല. ഇവളെ കിട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്കായിരിക്കും''. അഞ്ജന പറഞ്ഞു.

കേരളത്തിന്റെ അന്താരാഷ്ട്ര താരം ഗീതു അന്നാ ജോസിനെക്കുറിച്ച്‌ ചോദിച്ചു. ''ഞങ്ങള്‍ ഒന്നിച്ചു കളിച്ചിട്ടുണ്ട്''ഇരുവരും പറഞ്ഞു:

പൂനം എഴുന്നേറ്റു. ആ ഉയരം കണ്ടപ്പോള്‍ ചോദിച്ചു: ''വിക്ടറി സ്റ്റാന്‍ഡില്‍ കയറിനിന്നാല്‍ പൂനത്തിനെ എങ്ങനെ മെഡലണിയിക്കും?'' അപ്പോള്‍ ഒരു സംഭവം പറഞ്ഞു. മെഡലണിയിക്കാന്‍വന്ന വി.ഐ.പി. മൂന്നുവട്ടം ശ്രമിച്ചു. എത്തുന്നില്ല. അവസാനം പൂനം തന്നെ മെഡല്‍ വാങ്ങി കഴുത്തിലണിഞ്ഞു! കഥ പറഞ്ഞ് പൂനം ചിരിച്ചു. അതിനൊടുവില്‍ അവര്‍ പുറത്തേക്ക് നടന്നു. വാതില്‍ കടക്കുമ്പോള്‍ തല തട്ടാതെ കുനിഞ്ഞും പിന്നെ നിവര്‍ന്നും.. ജീവിതത്തെ ബാസ്‌കറ്റ്‌ബോളുപോലെ കൈയിലൊതുക്കി..

Content Highlights: international women's day 2020, each for equal,Poonam Chathurvedi