ലോകം ഒരിക്കല്‍ക്കൂടി വനിത ദിനം ആചരിക്കുകയാണല്ലോ. സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യത' എന്ന യു.എന്‍. ആശയം ലക്ഷ്യമാക്കി കേരളത്തിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ അന്തര്‍ദേശീയ വനിതാദിനം വരെ ഒരാഴ്ച നീണ്ടുനിന്ന പരിപാടിക്കള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുവരുന്നത്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് രൂപീകൃതമായിട്ട് രണ്ട് വര്‍ഷം തികഞ്ഞു എന്ന പ്രത്യേകതയുമുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി നിരന്തര ഇടപെടലുകളാണ് വകുപ്പ് നടത്തുന്നത്. പൊതുജന പിന്തുണ ഉറപ്പാക്കി ഇവ സാക്ഷാത്ക്കരിക്കാനാണ് 'സധൈര്യം മുന്നോട്ട്'ന്റെ ഭാഗമായി അന്താരാഷ്ട്ര വനിത ദിനം വരാചരണമായി ആചരിക്കാന്‍ തീരുമാനിച്ചത്. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 7) വൈകുന്നേരം 4ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വനിതാരത്‌ന പുരസ്‌ക്കാരം വിതരണം ചെയ്യും. രാത്രിയില്‍ എല്ലാ ജില്ലകളിലും ജില്ലാ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നൈറ്റ്‌വാക്ക് ഉണ്ടായിരിക്കുന്നതാണ്. ഇതുകൂടാതെ എല്ലാ ജില്ലകളിലും രാത്രി നടത്തവും ഉണ്ടായിരിക്കുന്നതാണ്.

സ്ത്രീകളുടേയും കുട്ടികളുടേയും ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചത്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ വനിതാ ശിശുവികസനത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഈ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ഒരു പരിധിവരെ കര്‍ശനമായി തടയാനും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷകള്‍ ഉറപ്പുവരുത്താനും സര്‍ക്കാരിനായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാനും ഇടപെടാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കി. സംസ്ഥാനത്ത് പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബലാത്സംഗ കേസുകളും മറ്റ് കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് അടുത്തിടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ്. ജെന്‍ഡര്‍ പാര്‍ക്കിനെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി മാറ്റാനാണ് യു.എന്‍. വിമണ്‍ താത്പര്യം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പിടുന്നതാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. സാമ്പത്തിക പരിമിതിയില്‍ നിന്നുകൊണ്ട് ഒട്ടേറെ പദ്ധതികള്‍ സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു അന്തര്‍ദേശീയ വാണിജ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതാണ്.

വനിത ശിശുവികസന വകുപ്പ് സ്ത്രീകളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അതെല്ലാം അവരറിഞ്ഞാല്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ. ഈ ഒരു ലക്ഷ്യപ്രാപ്തിക്കായി അത്തരത്തിലുള്ള ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു കൈപുസ്തകം 'സ്ത്രീകള്‍ക്കായി സര്‍ക്കാര്‍' എന്ന പേരില്‍ വനിത ശിശുവികസന വകുപ്പ് വാരാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.

സ്ത്രീകളുടെ തുല്യത, വിദ്യാഭ്യാസം, വോട്ടവകാശം എന്നിവയ്‌ക്കെല്ലാം വലിയ പോരാട്ടമാണ് പഴയ തലമുറ നടത്തിയത്. ഈ കാലഘട്ടത്തിലും സ്ത്രീകളുടെ അവകാശത്തിനായി മതിയായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും ഉയര്‍ന്നു വരുന്നു. ഇവയ്‌ക്കെതിരെ ശക്തമായ നടപടിക്കും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തനുമായാണ് സംസ്ഥാന സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകള്‍ക്ക് ഇപ്പോള്‍ പോലും രാത്രി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല. ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് രാത്രി നടത്തം ആരംഭിച്ചത്. വലിയ പിന്തുണയാണ് രാത്രി നടത്തത്തിന് ലഭിച്ചത്.

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എന്റെ കൂട്, വണ്‍ ഡേ ഹോം എന്നിവ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. വനിതാ ദിനത്തോടനുബന്ധിച്ചാണ് സംസ്ഥാനത്ത് ആദ്യമായി വണ്‍ഡേ ഹോം തുറക്കുന്നത്. പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായായാണ് വണ്‍ ഡേ ഹോം ആരംഭിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയിലാണ് നഗരസഭയുടെ സഹകരണത്തോടെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ഡേ ഹോം സജ്ജമാക്കിയിരിക്കുന്നത്.

നിര്‍ഭയയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യയിലെ സൈബര്‍ രംഗത്തെ ആദ്യ വനിതാ കുറ്റാന്വേഷകയായ ധന്യാ മേനോനെ നിര്‍ഭയയുടെ സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ സൈബര്‍ ആക്രമണങ്ങളിലൂടെ കുട്ടികളേയും പെണ്‍കുട്ടികളേയും ചൂഷണം ചെയ്യുന്നത് വര്‍ധിച്ച് വരികയാണ്. ഈയൊരു സാഹചര്യത്തില്‍ നിര്‍ഭയയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അവബോധവും പരിശീലനവും നല്‍കുന്നതിന് വേണ്ടിയാണ് സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സഹായവും ഉറപ്പ് വരുത്തും. സ്ത്രീ സുരക്ഷയുടെ ഭാഗമായി എല്ലാ ജില്ലകളിലും വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ മഹിളാമന്ദിരങ്ങള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. എല്ലാ നിര്‍ഭയ ഹോമുകളിലും ജീവിതനൈപുണ്യ പരിശീലനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വനിതാവികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'മിത്ര 181' എന്ന ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. നിരവധിപേര്‍ക്ക് ആശ്വാസം നല്‍കി ഹെല്‍പ്പ് ലൈന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നു.

വനിതകളുടെ ശാക്തീകരണത്തിനായി വനിതാവികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടികളും സ്വീകരിച്ചു. എല്ലാ ജില്ലകളിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, വിധവകള്‍ക്ക് ഡേ കെയര്‍ കം വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, സ്ത്രീകള്‍ക്ക് ആദിവാസി ഊരുകളില്‍ പരിശീലന കേന്ദ്രങ്ങള്‍, ഷീ പാഡ്, ഷീ ടോയ്‌ലറ്റ്, തുടങ്ങിയ പദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് വനിതാവികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വളരെയേറെ സ്‌നേഹവും ആദരവും നല്‍കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. നമ്മുടെ വിദ്യാഭ്യാസത്തിലും സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, നവോത്ഥാന രംഗങ്ങളിലും കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങളാണ് സ്ത്രീകള്‍ക്ക് വലിയൊരു പദവിയില്‍ എത്താന്‍ സാധിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 78 ശതമാനവും പെണ്‍കുട്ടികളാണുള്ളത് എന്നത് നമുക്ക് അഭിമാനമാണ്. പുതിയ ശാസ്ത്ര സാങ്കേതിക രംഗത്തെ എല്ലാതലങ്ങളിലുമെത്താന്‍ പെണ്‍കുട്ടികള്‍ക്കായിട്ടുണ്ട്. പുരുഷന്‍മാര്‍ ഇടപെടുന്ന എല്ലാ തൊഴില്‍ മേഖലകളും സ്ത്രീകളും എത്തിയിട്ടുണ്ട്. ഇങ്ങനെ മുന്നേറുന്ന സ്ത്രീകള്‍ക്ക് എല്ലാ സഹകരണവും ഉറപ്പ് വരുത്തുന്നു. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വനിതകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് സമൂഹത്തിന്റെ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.

ഇത്രയൊക്കെ പരിശ്രമം നടത്തിയിട്ടും സ്ത്രീധനവും അനുബന്ധ പീഡനങ്ങളും തുടരുകയാണ്. ഇതാകട്ടെ ഉണ്ടാകുന്നത് കുടുംബത്തില്‍ നിന്നുമാണ്. യുവജനങ്ങളുടെ ഇടയില്‍ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തി നിയമം കര്‍ശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അടുത്ത 5 വര്‍ഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള കഠിന പ്രയത്‌നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. ഇങ്ങനെ സ്ത്രീകളേയും കുട്ടികളേയും ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും വനിത ശിശുവികസന വകുപ്പ് ഇടപെട്ടുവരുന്നു. ഇവയുടെ പൂര്‍ത്തീകരണത്തിന് എല്ലാവരുടേയും സഹകരണം കൂടിയേ കഴിയൂ.

Content Highlights:  international women's day 2020, each for equal, Minister K.K Shylaja