മൂന്നുവര്‍ഷംമുമ്പ് ക്യാമറയുമെടുത്ത് നിറമുള്ള സ്വപ്നങ്ങളുമായി ഇറങ്ങുമ്പോള്‍, വേറിട്ട കാഴ്ചകള്‍ പകര്‍ത്തണമെന്ന മോഹമായിരുന്നു ആതിര ജോയിക്ക്. സ്വപ്നങ്ങള്‍ക്കുപിന്നാലെയുള്ള ആ യാത്ര ഇന്നും തുടരുകയാണ് ഈ വയനാട്ടുകാരി. ഫാഷന്‍ഷൂട്ടുകളും വിവാഹഷൂട്ടുകളുമായി മുന്നേറുന്നതിനിടെ, നമ്മുടെനാടിന് അധികം പരിചിതമല്ലാത്ത പുതിയൊരുമേഖലയിലും ആതിര ക്ലിക്ക് ചെയ്തു.

പാശ്ചാത്യരാജ്യങ്ങളില്‍ ഗര്‍ഭകാലചിത്രങ്ങള്‍ പുതുമയല്ല. എന്നാല്‍, ഗര്‍ഭിണിയും പങ്കാളിയുമൊത്തുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയെന്നത് ഇവിടെ താരതമ്യേന പുതിയ കാര്യമാണ്. ആതിര കൈവെച്ചത് 'മെറ്റേണിറ്റി ഫോട്ടോ ഷൂട്ട്' എന്ന പുതിയ മേഖലയില്‍. മാതൃത്വത്തിന്റെ മനോഹാരിത കാണിക്കാനും നഗ്‌നതയെ പോസിറ്റീവായി കാണാനും ആളുകള്‍ക്ക് സന്ദേശംനല്‍കുകയായിരുന്നു ലക്ഷ്യം. ഭര്‍ത്താവ് ശിവ് ശങ്കറിന്റെ സുഹൃത്തുക്കളായ ഫ്രഞ്ച് ദമ്പതിമാര്‍ ജാനും അമൃതബാദും അതിന് തയ്യാറായതോടെ, ആ ചിത്രങ്ങള്‍ പിറവിയെടുക്കുകയായിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ ആ ചിത്രങ്ങള്‍ പൊടുന്നനെ വൈറലായി മാറി. പലരും വിമര്‍ശിച്ചു. കൂടുതല്‍പേര്‍ നല്ലവാക്കുകള്‍ പറഞ്ഞു. ''ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവുംകൂടുതല്‍ ആത്മസംതൃപ്തി നല്‍കിയ ചിത്രങ്ങളായിരുന്നു'' അതെന്ന് ആതിര പറയുന്നു.

ഗര്‍ഭകാലത്തിന്റെയും കേരളത്തിന്റെയും നല്ല ഓര്‍മകള്‍ പകരുന്ന ചിത്രങ്ങള്‍ പകര്‍ത്തിക്കൂടെ എന്ന് ആതിര ചോദിച്ചപ്പോള്‍, ജാനും അമൃതബാദും അത് സന്തോഷത്തോടെ സ്വീകരിച്ചു. കോഴിക്കോട് കോടഞ്ചേരിയില്‍ ബന്ധുവിന്റെ വീടിനടുത്തുള്ള പുഴയിലായിരുന്നു ഷൂട്ട്. മൂന്നുമണിക്കൂര്‍കൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തി. ടെന്‍ഷന്‍ പിടിച്ച നിമിഷങ്ങളായിരുന്നു അതെന്ന് ആതിര ഓര്‍ക്കുന്നു. എട്ടുമാസം ഗര്‍ഭിണിയായ ഒരാള്‍ മുഴുവന്‍സമയം വെള്ളത്തില്‍നില്‍ക്കുക, വഴുക്കുന്ന പാറയിലൂടെ നടക്കുക... പക്ഷേ, അവരതൊക്കെ കൂളായി ചെയ്‌തെന്ന് ആതിര പറയുന്നു.

പതിനെട്ടാം വയസ്സില്‍ വിവാഹിതയായ ആതിരയുടെ സ്വപ്നത്തില്‍പ്പോലും ക്യാമറയുണ്ടായിരുന്നില്ല. ഇരുപതാംവയസ്സില്‍ അമ്മയായി. മകന്‍ ആദിക്ക് അഞ്ചുവയസ്സാകുംവരെ വീട്ടിലൊതുങ്ങിനിന്ന ആതിരയോട് ഒരു സുഹൃത്താണ് ഫോട്ടോഗ്രാഫി പഠിച്ചൂടെ എന്ന് ചോദിച്ചത്. വേറിട്ടൊരു കരിയര്‍ എന്ന പഴയ സ്വപ്നം പൊടിതട്ടിയെടുത്ത് ആതിര നേരെ ഡല്‍ഹിക്കു പറന്നു. ഐ.ഐ.പി അക്കാദമിയില്‍ ചേര്‍ന്നു.

നാലഞ്ചുവര്‍ഷം അവിടെ. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ടൈംലൈന്‍ ഫ്രണ്ട്‌സ് എന്ന സ്ഥാപനംതുടങ്ങി. മോനെ സ്‌കൂളില്‍ചേര്‍ത്തതോടെ തിരിച്ച് കേരളത്തിലേക്കുപോന്നു. ഇപ്പോള്‍ പേസ്യന്‍ ഫോട്ടോഗ്രാഫി എന്നൊരു ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രവര്‍ത്തനം. വൈക്കത്താണ് ഭര്‍ത്താവിന്റെ വീട്. അവിടെയാണ് താമസം.

ഫോട്ടോഗ്രാഫി പഠിക്കാന്‍ ആഗ്രഹിക്കുന്നവരോട് ആതിരയ്ക്ക് ഒന്നേ പറയാനുള്ളൂ. ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പോകാതെ, നല്ലൊരു ഫോട്ടോഗ്രാഫറുടെ കൂടെനിന്ന് കണ്ടുംകേട്ടും ചെയ്തും പഠിക്കുക. സ്വന്തമായി ഫോട്ടോയെടുക്കാന്‍ തുടങ്ങിയപ്പോള്‍ കിട്ടിയ അറിവുകളാണ് തന്നെ സഹായിച്ചതെന്നും ആതിര പറയുന്നു.

Content Highlights: international women's day 2020, each for equal, Maternity Phtoshoot