ചാരങ്ങളെ അന്ധമായി പിന്തുടരുമ്പോള്‍ അവയുടെ അര്‍ഥം നഷ്ടപ്പെടും. ഇത്തരത്തിലൊന്നാണ് അന്താരാഷ്ട്ര വനിതാദിനം. കപടവൈകാരികതയില്‍നിന്നെല്ലാം മാറി, നമ്മളെങ്ങനെയാണ് ഈ ദിനം ആചരിക്കേണ്ടത്?

പ്രതിഷേധിക്കുന്നവള്‍ എന്നരീതിയിലുള്ള ഇന്ത്യന്‍സ്ത്രീയുടെ ഉദയത്തെയാണ് നമ്മള്‍ ആഘോഷിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ ഏതാനും മാസമായി എന്തെങ്കിലും എടുത്തുപറയാനുണ്ടെങ്കില്‍, സര്‍വ്വകലാശാലകളിലെ അതിക്രമങ്ങള്‍ക്കെതിരേയും പൗരത്വനിയമഭേദഗതിക്കും പൗരത്വ രജിസ്‌ട്രേഷനെതിരേയും നടക്കുന്ന സമരമുഖങ്ങളിലെല്ലാം മുന്‍ നിരയില്‍ സ്ത്രീകളാണുള്ളത് എന്നു കാണാം.

സാമൂഹികമാധ്യമങ്ങളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലെ ചിത്രങ്ങളിലുമൊക്കെ ഭയരഹിതരായി സമരങ്ങള്‍ നയിക്കുന്ന, മുദ്രാവാക്യം വിളിക്കുന്ന, ആക്രമിക്കാനെത്തുന്ന പോലീസുകാരെ നേരിടുന്ന, പ്രണയാര്‍ദ്രരായി സ്വാതന്ത്ര്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും പുരുഷാധിപത്യത്തിന്റെ അന്ത്യത്തെക്കുറിച്ചുമൊക്കെയുള്ള പാട്ടുകള്‍ പാടുന്ന സ്ത്രീകളെ നമ്മള്‍ കണ്ടു.

പൊതുസ്ഥലങ്ങള്‍ കൈയടക്കുന്നതിലൂടെ, തങ്ങളുടെ സമരത്തിന്റെ അടിസ്ഥാനമായ പൗരത്വമെന്ന അവകാശം മാത്രമല്ല, മറ്റൊന്നുകൂടി അവര്‍ സ്ഥാപിക്കുന്നുണ്ട്. പൊതുസ്ഥലങ്ങള്‍ സ്ത്രീകളുടേതുകൂടിയാണെന്ന തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന അവകാശമാണത്. ഇന്ത്യയിലെ പൊതു ഇടങ്ങളില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നത് പുരുഷന്മാരാണ്.

അവര്‍ക്ക് ചുറ്റിനടക്കാനും പരദൂഷണം പറയാനും ചായകുടിക്കാനും സിഗരറ്റ് വലിക്കാനും വിശ്രമിക്കാനും ബെഞ്ചുകളിലിരിക്കാനും, നടപ്പാതയില്‍ പിണഞ്ഞിരിക്കാനുമൊക്കെ കഴിയും. ഇന്ത്യന്‍സ്ത്രീകളെ വളരെ ചുരുക്കമായേ നിങ്ങളിങ്ങനെ കാണൂ. അവര്‍ പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് വിനോദത്തിനല്ല, യാത്രയ്ക്കാണ്. എന്നാലിന്നവര്‍ പൊതുസ്ഥലം ഉപയോഗിക്കുന്നത് പ്രതിഷേധിക്കാനാണ്. കാരണം, അതെല്ലാവരുടെയും അവകാശമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ പ്രതിഷേധങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് സ്ത്രീകളെന്ന നിലയിലുള്ള അവരുടെ അവകാശങ്ങള്‍ക്കുമേലല്ല എന്നതാണ്; മറിച്ച് ഒരു സ്വതന്ത്രരാഷ്ട്രത്തിന്റെ പൗരര്‍ എന്ന നിലയിലുള്ള എല്ലാവരുടെയും തുല്യാവകാശമാണ് അതിന്റെ അടിത്തറ.

ചുരുങ്ങിയ പൊതുജീവിതവും പൊതുസ്ഥലങ്ങളില്‍ ചെറിയ സ്ഥാനവും സ്വീകരിക്കാന്‍ ആരൊക്കെയോ പറഞ്ഞുശീലിപ്പിച്ചിരുന്ന ഈ സ്ത്രീകള്‍ മാറിയിട്ടുണ്ടോ? തെരുവുകളില്‍നിന്ന് തിരികെയെത്തുമ്പോള്‍ പഴയപോലെയായി മാറാന്‍ ഇനിയവര്‍ക്കാകുമോ? സ്വന്തം പരിധികള്‍ മറികടന്ന് പ്രതിഷേധിക്കാന്‍ പുറത്തിറങ്ങിയവര്‍ക്ക് പഴയ വ്യക്തിയിലേക്ക് തിരികെപ്പോകാനാകുമോ? അതോ നിങ്ങളിലെന്തെങ്കിലും മാറ്റം സംഭവിക്കുമോ? നിങ്ങളെ നിങ്ങളും മറ്റുള്ളവരും കാണുന്നരീതി തിരുത്തിയെഴുതുന്ന ഒരു മാറ്റം?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇനിയും വ്യക്തമല്ല. എന്നാല്‍, പൗരത്വനിയമഭേദഗതിയോടുള്ള പ്രതിഷേധങ്ങള്‍ സ്ത്രീകളുടെ മറ്റൊരു വിപ്ലവത്തിന് വഴിതെളിച്ചിട്ടുണ്ട് എന്നതൊരു സാധ്യതയാണ്. തുല്യപൗരന്മാര്‍ എന്നനിലയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വിപ്ലവം. ഇത് തീര്‍ച്ചയായും നമ്മളാഘോഷിക്കേണ്ട നേട്ടമാണ്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കല്പന ശര്‍മയുടെ കോളം ആരംഭിക്കുകയാണ്. റീ ഡിസ്‌കവറിങ് ധാരാവി, ദ സയലന്‍സ് ആന്‍ഡ് സ്റ്റോം; നരേറ്റീവ്‌സ് ഓഫ് വയലന്‍സ് എഗെയ്ന്‍സ്റ്റ് വുമന്‍ ഇന്‍ ഇന്ത്യ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ കല്പന ശര്‍മയ്ക്ക് രാജ്യത്തെ മികച്ച വനിതാ പത്രപ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരമായ ചമേലി ദേവി ജെയിന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

Content Highlights:  international women's day 2020, each for equal, Kalpana Sharma