രീസം നട്ടുച്ചക്ക്, ഞാനിങ്ങനെ ചുമ്മാ കട്ടിലില്‍ കിടക്കുകയാണ്. ' എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ ' എന്ന ടോപ്പിക്കില്‍ പലതും ഇന്‍സര്‍ട്ടും ഡിലീറ്റും ചെയ്തു കൊണ്ട്. അപ്പോഴാണ് പുറകില്‍ നിന്നൊരു വിളി ' മോളെ...ഹര്‍ഷേ...' . നോക്കുമ്പം ആരാ? മ്മടെ പടച്ചോന്‍! പപ്പു ചേട്ടന്‍ പറഞ്ഞ പോലെന്നെ... മൂപ്പര് റൗണ്ട്‌സിനിറങ്ങീതാ പോലും. ഭൂമിയിലെ വിസിറ്റിംഗ് കാര്‍ഡ് എക്‌സ്പയേര്‍ഡ് ആയി എന്നു പറയാനല്ല, മറിച്ച് ഈ നടക്കാത്ത സ്വപ്‌നങ്ങളുടെ കാര്യത്തില്‍ വല്ലതും ചെയ്യാനൊക്കുവോ എന്നറിയാന്‍ വന്നതാണ്. ശേഷം ഇങ്ങനെ.

പടച്ചോന്‍:  ' അനക്കെന്താ ആഗ്രഹം ന്നു വെച്ചാ വെക്കം പറ, പോയിട്ട് പണിയുണ്ട് '.

ഞാന്‍:   ' അങ്ങനെ പെട്ടെന്നു ചോദിച്ചാ, ങ്ങള് ബേജാറാക്കല്ല, ആലോയിക്കട്ടെ'.

പടച്ചോന്‍:  ' ചിന്തിച്ചാ, അനക്കൊരു അന്തോം കുന്തോം ഉണ്ടാവൂല. എന്താ ന്നു വെച്ചാ പെട്ടെന്നെടുത്തിട്',

ഞാന്‍:  ' ന്നാ പിന്നെ ഒറ്റയ്ക്ക് ഒരു രാത്രി അങ്ങനെ നടക്കണം.രാത്രീല് കടല്‍ കാണണം, പവിഴമല്ലി വിരിയുന്നത്  കാണണം, പൂനിലാവില്‍ മയങ്ങി പ്രകൃതി ഉറങ്ങുന്നതു കാണണം, കാലന്‍ കോഴീടെ ഭംഗി ക്യാമറയില്‍ പകര്‍ത്തണം  പിന്നെ കാട്,കാവ്...'

പടച്ചോന്‍:  ' നിര്‍ത്ത്, നിര്‍ത്ത് ! അല്ല കുട്ട്യോ, പറയുമ്പം ഈയൊരു ജേണലിസ്റ്റല്ലേ? രാത്രി നടത്തോം മറ്റും നടത്തി നാടിപ്പളും സേഫല്ല എന്നു കണ്ടു പിടിക്കുന്ന കൂട്ടരല്ലേ? പിന്നെ എന്തിനാണെന്നെ സുയിപ്പാക്കാന്‍ ഓരോന്നു ചോദിക്കണേ? ബി പ്രാക്ടിക്കല്‍! ഈ പറഞ്ഞതൊക്കെയും ഇപ്പോഴും റിസ്‌കുള്ള കാര്യങ്ങളല്ലേ?

ഞാന്‍:  ' ഇങ്ങള് ആളെ കളിയാക്കാ ? സ്വപ്‌നം കണ്ടു കിടന്ന എന്നെ വിളിച്ചെണീപ്പിച്ച് ആഗ്രഹം പറയാന്‍ പറഞ്ഞിട്ട്,പറഞ്ഞപ്പോ ഒരു മാതിരി ഇലയിട്ട് ചോറില്ലാത്ത അവസ്ഥ. ദിസ് ഈസ് ചീറ്റിംഗ്! ഞാനില്ല ഈ കളിക്ക് '.

പടച്ചോന്‍:  ' പെണങ്ങാന്‍ പറഞ്ഞതല്ല. ന്റെ കൈയില് നില്‍ക്കാത്ത സ്ഥിതിയാ. നാളെ അനക്കെന്തേലും പറ്റിയാ, പിന്നെ വാര്‍ത്തയായി, ചര്‍ച്ചയായി, നിക്ക് ഫുള്‍ ചീത്തപ്പേരും. അല്ലെന്നെ ങ്ങളിപ്പം തീരെ സൈ്വരം തരാണ്ടായിക്ക് '.

ഞാന്‍:  ' കാര്യത്തിന്റെ സീരിയസ്‌നെസ് നിക്ക് മനസിലാകാഞ്ഞിട്ടല്ല  പടച്ചൂ, പക്ഷെ ഇതൊന്നും സാധിക്കാണ്ട്    അങ്ങു വന്നാ ഇങ്ങള് ചോയിക്കുവോ, മീശപ്പുലി മലേല്‍ മഞ്ഞ് പെയ്യണ കണ്ടിക്കോ, മാജിക് മഷ്‌റൂം കണ്ടിക്കോ എന്നൊക്കെ 

പടച്ചോന്‍:  ' ഇയ്യ് DQ ഫാനാ ?  ഓന്‍ പറഞ്ഞൊക്കെ കാര്യന്നെ. ഇവിടുള്ള കാലം എല്ലാം കണ്ട്  ലാവിഷാക്കി വരണം നെന്നെയാ ഞാന്‍ പറയാ..പക്ഷെങ്കില് ഇവിടത്തെ കാര്യങ്ങളുടെ പോക്ക് കണ്ടാല്‍.. ഐം ആം ഹെല്‍പ്പ്‌ലെസ്!

ഞാന്‍:  ' നാറാണത്തു ഭ്രാന്തന്‍ ഭദ്രകാളിയോട് വരം ചോദിച്ച പോലായി ഇത്. സിംപിളായ ഒരു വരം ഞാന്‍ ചോദിക്കട്ടെ  ? '.
പടച്ചോന്‍:  ' ഇയ്യ് ചോദിക്ക് മുത്തേ...'

ഞാന്‍:  ' ഒരു ദിവസം രാത്രി 12 ടു രാലിലെ 4 വരെ അദൃശ്യയായി സഞ്ചരിക്കാനുള്ള വരം തരാന്‍ പറ്റ്വോ? '.

പടച്ചോന്‍:  അത് സെറ്റ് !  ദിവസം അനക്ക് തീരുമാനിക്കാം. സമയം തുടങ്ങുമ്പോഴും അവസാനിക്കാറാവുമ്പോഴും ആകാശത്തില്‍ അനക്കെന്റെ മെസ്സേജ് വരും '.

ഞാന്‍:  '  റിമൈന്‍ഡര്‍ വെക്കാന്‍ മറക്കണ്ട. വല്ല്യ തിരക്കുള്ള ആളല്ലേ ! '.

പടച്ചോന്‍:  ' കളിയാക്കാതെ പെണ്ണേ, അപ്പോ വീണ്ടും സന്ധിക്കും വരേക്കും വണക്കം!'.

ഞാന്‍:  ' താങ്ക്യൂ പടച്ചൂ, ബൈ '

പൂനിലാവ് പരക്കുന്ന, പവിഴമല്ലി വിരിയുന്ന ഒരു ധനുമാസ പൗര്‍ണമി നാളില്‍ ഞാനാ വരമങ്ങ് ഉപയോഗിച്ചു എന്നിരിക്കട്ടെ. എന്തെല്ലാം കണ്ടു തീര്‍ക്കണം, എവിടെല്ലാം പോകണം, ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍! പൂനിലാവില്‍ കുളിച്ച് മയങ്ങുന്ന പ്രകൃതിയെ നോക്കി എത്ര നേരമിരുന്നാലാണ് മതി വരിക. പവിഴമല്ലി മിഴി തുറക്കുന്നതും നോക്കി എത്ര നേരമിരിക്കാനും മടിയില്ല. അര്‍ധരാത്രിയിലെ കടലിന്റെ നിഗൂഢസൗന്ദര്യം എത്ര കണ്ടാലാണ് തിരിച്ചു പോരാന്‍ തോന്നുക. കാലന്റെ വരവറിയിക്കുന്ന കാലന്‍കോഴിയെന്ന സാധു, സൗന്ദര്യം കൊണ്ടാണ് ഭീകരന്‍ എന്നു നസീര്‍ക്ക പറഞ്ഞ അറിവേ ഉള്ളൂ. അതിനെ തെല്ലും അലോസരപ്പെടുത്താതെ, ഒരു ഫോട്ടം പിടിക്കാന്‍ പറ്റിയാല്‍! കാവിലെ ഉത്സവം ഉച്ഛസ്ഥായിയിലെത്തി ആളൊഴിഞ്ഞു പോകുന്ന, രാത്രിയുടെ അവസാന യാമത്തില്‍ ഭദ്രകാളിയും ഭൂതഗണങ്ങളും ചുടല താണ്ടി വരുന്നതും നോക്കി കാവിനടുത്തെ പാലച്ചോട്ടില്‍ യക്ഷി കണക്കെ ഇരിക്കാന്‍ പറ്റിയാല്‍...തീരുന്നില്ല മനസ്സിലെ യാത്രാസ്വപ്‌നങ്ങള്‍! ഇവിടെ തുടങ്ങിയിട്ടേ ഉള്ളൂ. മിസ്റ്റര്‍ പടച്ചോന്‍, ആപ് കൃപയാ ധ്യാന്‍ ദേ..ഈ എഴുതിയ നടക്കാത്ത സ്വപ്‌നവും ഒന്നു നടത്തി തരുവോ ?  ഒരു രാത്രിയെങ്കിലും ഇങ്ങനെയൊന്ന് നടക്കാന്‍ കഴി    ഞ്ഞെങ്കില്‍ !

Content Highlights: International Women's Day 2020, #Each For Equal, IWD 2020