സുഹറയെക്കാത്ത് രാവിലെ വഴിയരികില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറോളമായി. കണ്ടവരെല്ലാം പറഞ്ഞു: 'അളിയനല്ലേ, ഉടനെ വരും.' 10 മണിയായപ്പോള്‍ ദൂരെനിന്ന് സുഹറയുടെ കൂക്കിവിളി കേട്ടു: 'ചാള, അയല, ചെമ്പല്ലി, പൂയ്...' സൈക്കിളിനുപിന്നില്‍ മീന്‍പെട്ടിയുംവെച്ച് 'അളിയന്‍' വരുകയാണ്. ചട്ടിയുമായി കാത്തുനിന്നവര്‍ക്ക് ആശ്വാസം.

ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 'അളിയാ' എന്നാണ് സുഹറയും നാട്ടുകാരും പരസ്പരം സ്‌നേഹത്തോടെ വിളിക്കുന്നത്. അളിയന്റെ മീനുംകാത്ത് പതിവുകാര്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ മീന്‍ കേടാകുമോയെന്ന പേടിയില്‍ ഐസിട്ടുവെക്കേണ്ടിവരാറില്ലെന്ന് സുഹറ.

തൃശ്ശൂര്‍ പെരിഞ്ഞനം നെടുമ്പറമ്പ് സ്വദേശി വടക്കനോളി സുഹറയുടെ ഒരുദിവസം തുടങ്ങുന്നേയുള്ളൂ മീന്‍വില്‍പ്പനയില്‍. 62 വയസ്സായെങ്കിലും ദിവസേന 20 കിലോമീറ്ററോളം സൈക്കിള്‍ചവിട്ടിയാണ് മീന്‍വില്‍പ്പന. മറ്റുള്ള യാത്രകളും സൈക്കിളില്‍ത്തന്നെ.

''മിക്കപ്പോഴും 3035 കിലോ എടുക്കാറുണ്ട്. 10 മണിയാകുമ്പോഴേക്കും മീനെല്ലാം തീര്‍ന്നിട്ടുണ്ടാകും. അതുകഴിഞ്ഞെത്തിയാല്‍പ്പിന്നെ നാട്ടുകാര്‍ ആരെങ്കിലും മറ്റുജോലിക്ക് വിളിക്കും. സിമന്റ് ചുമക്കാനും വൈദ്യുതിബില്ലടയ്ക്കാനും, കെട്ടിടംപണിക്കും, പറമ്പുകള്‍ നനയ്ക്കാനും അങ്ങനെ എല്ലാത്തിനുംപോകും ഞാന്‍'' സുഹറ പറഞ്ഞു.

ഏഴാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. ബാപ്പയും ഉമ്മയും മരിച്ചപ്പോള്‍ തനിച്ചായി. വിവാഹം കഴിച്ചിട്ടില്ല. സര്‍ക്കാരിന്റെ ആശ്രയപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടുനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇനിയും തേപ്പ് ബാക്കിയാണ്.

തൂങ്ങിമരിച്ചവരുടെ മൃതദേഹങ്ങള്‍ അഴിച്ചുകൊടുക്കാനും അഴുകിയ മൃതദേഹങ്ങള്‍ എടുത്തുകൊടുക്കാനും മൃതദേഹം കുളിപ്പിച്ചുകൊടുക്കാനും സുഹറ പോകാറുണ്ട്. ''ഒരിക്കല്‍ അടുത്ത സുഹൃത്തിന്റെ ബന്ധുവായ പെണ്‍കുട്ടി പൊള്ളലേറ്റുമരിച്ചത് കാണാന്‍ പോയി. മൃതദേഹത്തില്‍നിന്ന് ആരെങ്കിലും ആഭരണങ്ങള്‍ ഊരിമാറ്റുമോയെന്ന് പോലീസുകാര്‍ ചോദിച്ചു. ആരും മുന്നോട്ടുവരാതായപ്പോള്‍ ധൈര്യം സംഭരിച്ച് ഞാന്‍ ആഭരണമെല്ലാം ഊരിമാറ്റി. അപ്പോള്‍ പോലീസുകാര്‍ ചോദിച്ചു, മൃതദേഹം നിലത്തുനിന്ന് ഒന്ന് പൊക്കിത്തരുമോയെന്ന്. അതും ചെയ്തു. അതോടെ പേടിപോയി'' സുഹറ പറഞ്ഞു. പിന്നീട് ഇത്തരം ആവശ്യങ്ങള്‍ വന്നാല്‍ പോലീസ് വിളിക്കുന്നത് പതിവായി.

അടുത്തിടെ സമീപത്തെ കുളത്തില്‍ ഒരു പെണ്‍കുട്ടി മുങ്ങിമരിച്ചപ്പോള്‍ എടുത്തുകൊടുക്കാന്‍ പോലീസുകാര്‍ വിളിച്ചത് സുഹറയെയാണ്. നീന്തലറിയാത്തതിനാല്‍ ദേഹത്ത് വടംകെട്ടി നിലയില്ലാത്ത കുളത്തിലിറങ്ങി സാഹസികമായാണ് ആ മൃതദേഹം കരക്കെത്തിച്ചത്. ഇതിനൊന്നും കൂലിചോദിക്കാറില്ല, ആരും നല്‍കിയിട്ടുമില്ല.

അതുപറയുന്നതിനിടെ സുഹറയുടെ സൈക്കിള്‍ നീങ്ങാന്‍ തുടങ്ങി. അയല, ചാള, ചെമ്പല്ലി...

Content Highlights: international women's day 2020, each for equal, inspiring woman life