റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ കയറി ജോലിചെയ്യാന്‍ കൃഷ്ണപ്രഭയ്ക്കും കൂട്ടുകാരികള്‍ക്കുമുണ്ടൊരു ധൈര്യം. സുരക്ഷയുടെ ശീലങ്ങള്‍ പഠിച്ച് ഈ അമ്മമാര്‍ ട്രാന്‍സ്‌ഫോര്‍മറിനും ബസ്ബാറിനും മുകളില്‍ കയറുന്നു. ഇവരുടെ കൈയില്‍ നട്ടും ബോള്‍ട്ടും സ്പാനര്‍കിറ്റും ഭദ്രം. റെയില്‍വേ പരീക്ഷ എഴുതാന്‍ മടിച്ചവര്‍ക്കും ജോലികിട്ടിയാല്‍ വൈദ്യുതിയെ പേടിച്ച് പിന്‍മാറുന്നവര്‍ക്കും ഇടയിലെ പെണ്‍ താരങ്ങളാണ് ഇവര്‍. റെയില്‍വേയുടെ കണ്ണൂര്‍ സൗത്ത് 110/ 25 കെ.വി. സബ് സ്റ്റേഷനിലെ ടെക്‌നീഷ്യന്‍മാരാണ് കൃഷ്ണപ്രഭയും ജിജിതയും സീബയും.

പാലക്കാട് സ്വദേശിനിയായ കൃഷ്ണപ്രഭ കഴിഞ്ഞവര്‍ഷമാണ് ഇവിടെ എത്തിയത്. തീവണ്ടിയോടുന്ന ലൈനിലേക്ക് വൈദ്യുതി എത്തിക്കുന്ന സംവിധാനം കണ്ട് ആദ്യം ഒന്ന് അമ്പരന്നു. പാലക്കാട് തന്നെയുള്ള വി.ജിജിതയ്ക്കും തലശ്ശേരിക്കാരിയായ എം.സീബയ്ക്കും ഇതേ അവസ്ഥതന്നെ. മൂളുന്ന ട്രാന്‍സ്‌ഫോര്‍മറും കറന്റ് വരുന്ന ബസ്ബാറും ഇലക്ട്രോണിക് സംവിധാനം പോലെ പുതുതായിരുന്നു. പത്താംതരവും പ്ലസ് ടുവും ബിരുദവുമാണ് ഇവര്‍ പഠിച്ചത്. എന്നിട്ടും നട്ടും ബോള്‍ട്ടും മുറുക്കാനും ജോയിന്റടിക്കാനും ഇവര്‍ പഠിച്ചത് കഠിന പരിശ്രമത്തിലൂടെയാണ്. സുരക്ഷാ ബെല്‍റ്റും ഉപകരണങ്ങളും ഒപ്പം മേലുദ്യോഗസ്ഥരുടെ നിരീക്ഷണവും ഇവരെ ഉയരത്തിലെ താരങ്ങളാക്കി.

എലത്തൂര്‍ സബ് സ്റ്റേഷനിലെ പ്രിയ അടക്കമുള്ളവര്‍ ഈമേഖലയില്‍ സധൈര്യം പണിയെടുക്കുന്നു. റെയില്‍വേ വൈദ്യുതി സബ് സ്റ്റേഷനിലും ലൈനിലും പണി എടുക്കുന്ന ജീവനക്കാരികളുടെ എണ്ണം കൂടുകയാണെന്നത് നല്ല കാര്യമാണെന്ന് ഇവര്‍ പറയുന്നു.

Content Highlights: international women's day 2020, each for equal,inspiring woman