കാല്‍പ്പന്തുകളിയില്‍ പെണ്‍ കളിക്കാരെ വളര്‍ത്താന്‍ കളത്തിലിറങ്ങിയ മുന്‍ താരമാണ് പയ്യാമ്പലം സ്വദേശിനി എന്‍.പ്രീത. കളത്തില്‍ ജ്വലിക്കുന്ന സമയത്ത് വന്ന അപകടം ഒന്ന് തളര്‍ത്തിയെങ്കിലും ഇപ്പോഴും സ്മാര്‍ട്ടാണ് ഈ വനിതാ കോച്ച്. പെണ്‍കുട്ടികളെ സൗജന്യമായി ഇവര്‍ ഫുട്‌ബോള്‍ പഠിപ്പിക്കുന്നു.

സ്‌കൂള്‍തലം മുതല്‍ കോളേജ് തലം വരെയുള്ള നിരവധി വനിതാ ഫുട്‌ബോള്‍ താരങ്ങളെ പ്രീത വളര്‍ത്തി. താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കി വിജയം നേടിക്കൊടുക്കുന്നതാണ് വലിയ സന്തോഷമെന്ന് പ്രീത പറഞ്ഞു.

2002 മുതല്‍ പ്രീത ഫുട്‌ബോള്‍ പരിശീലന രംഗത്തുണ്ട്. പള്ളിക്കുന്ന് ഹൈസ്‌കൂളിലായിരുന്നു തുടക്കം.

ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കിയിരുന്നു. പിന്നീട് പരിശീലനം പെണ്‍കുട്ടികള്‍ക്ക് മാത്രമായി. കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജ്, പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂള്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ക്ക് പ്രീത പരിശീലനം നല്‍കി.

ഇപ്പോള്‍ രണ്ട് വര്‍ഷമായി പട്ടാന്നൂര്‍ കെ.പി.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. കേന്ദ്രീയ വിദ്യാലയത്തിലും പരിശീലനം നല്‍കുന്നുണ്ട്. ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ 15 വര്‍ഷത്തോളം ദേശീയ ടീമിന് വേണ്ടി പ്രീത കളിച്ചു.

എന്നാല്‍, അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടത് പ്രീതയുടെ കായികമോഹങ്ങളില്‍ കരിനിഴലായി. രണ്ട് വര്‍ഷത്തോളം കളിയില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നു.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ലഭിക്കേണ്ട ജോലി പല സര്‍ട്ടിഫിക്കറ്റുകളുടെയും അഭാവംമൂലം നഷ്ടപ്പെട്ടു. എന്നിട്ടും തളര്‍ന്നില്ല. അക്കാലത്താണ് ജില്ലയില്‍ വനിതാ ഫുട്‌ബോള്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിന് വനിതാ കോച്ചിനെ നിയമിക്കണമെന്ന ഉത്തരവ് വന്നത്. അങ്ങനെ പ്രീത പരിശീലകയുടെ വേഷമണിയുകയായിരുന്നു.

Content Highlights: international women's day 2020, each for equal, inspiring life