വൃദ്ധസദനത്തില്‍ എല്ലാവരും രാത്രി ഉറങ്ങുമ്പോഴും പകല്‍ പലരും വിശ്രമിക്കുമ്പോഴും എണ്‍പതുകാരിയായ സതീദേവിയുടെ വിരലുകള്‍ ഒന്നുകില്‍ ഗ്ലാസില്‍ പെയ്ന്റ് ചെയ്യുകയായിരിക്കും, അല്ലെങ്കില്‍ തുണിയില്‍ ചിത്രം തുന്നുകയായിരിക്കും.

എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവളായിപ്പോയ അവര്‍ അവസാനകാലത്ത് തന്റെകൂടെ കൂടിയ കലയെ സ്‌നേഹത്തോടെ വരവേല്‍ക്കുകയാണ്, ക്ലാവുപിടിച്ച കണ്ണുകളോടും കൈവിരലുകളോടും തോല്‍ക്കാന്‍ മനസ്സില്ലാതെ.

അഴിക്കോട് പൂതപ്പാറയിലെ 'സാന്ത്വനം' വയോജനകേന്ദ്രത്തില്‍ കൊല്ലം സദേശിനിയായ സതീദേവി എട്ടുവര്‍ഷത്തോളമായി താമസിക്കുന്നു. നാലുവര്‍ഷംമുന്‍പുവരെ വൃദ്ധസദനത്തില്‍ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹം മരിച്ചു. പൊള്ളുന്ന വേദനകള്‍ മനസ്സിലൊളിപ്പിച്ചുകൊണ്ട് അവര്‍ വെറുതെയിരിക്കുന്നില്ല. വയ്യാതായപ്പോഴും കലയെ പഠിച്ചെടുക്കുന്നു.

വൃദ്ധസദനത്തിലെ മുറി മുഴുവന്‍ ആ അമ്മയുടെ കരവിരുതുകളാണ്. തുണിയിലും ഗഌസിലും നെയ്‌തൊരുക്കിയ മനോഹരമായ നിരവധി ചിത്രങ്ങള്‍, മനോഹരമായ മാലകള്‍, മുത്തുകൊണ്ടും വിവിധ സീക്വന്‍സും ചേര്‍ത്ത് തയ്യാറാക്കിയ ആഭരണങ്ങള്‍, പെയിന്റിങ്ങുകള്‍, നിറമുള്ള കല്ലുപിടിപ്പിച്ച ചിത്രങ്ങള്‍...

അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠിച്ച സതീദേവി 72ാമത്തെ വയസ്സില്‍ 'സാന്ത്വന'ത്തില്‍ എത്തുന്നതുവരെ ഇതൊന്നും പഠിച്ചിട്ടില്ല. പക്ഷെ ഇവിടെയെത്തിയശേഷം സ്വന്തമായി പഠിച്ചെടുക്കുകയായിരുന്നു. ഗ്ലാസ് പെയിന്റിങ് അറിയാവുന്ന ഒരാള്‍ സാന്ത്വനത്തില്‍ വന്നപ്പോള്‍ ഒന്നുരണ്ട് മണിക്കൂര്‍മാത്രം പരിശീലനംതേടി മികച്ച ഗ്ലാസ് പെയിന്ററായി മാറുകയായിരുന്നു. ആഭരണങ്ങള്‍ നിര്‍മിക്കുന്ന വിദ്യ ടി.വി.യില്‍നിന്ന് കണ്ടുപഠിച്ചതാണ്. ചിത്രത്തുന്നലുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് പഠിച്ചത്. അതുപോലെ തുണിയില്‍ പെയിന്റിങ്. ഒന്നും പഠിക്കാന്‍ പ്രായം ഒരു തടസ്സമില്ല. കടുത്ത രോഗത്തിന്റെ പിടിയിലാണവര്‍. എന്നിട്ടും ഇപ്പോഴും പഠിക്കുന്നു. പുതിയത് പലതും പഠിക്കാനുണ്ട് അവര്‍ പറയുന്നു.

ജീവിതത്തില്‍ നിങ്ങളെ ഉറ്റവര്‍ തഴയുമ്പോഴും തകര്‍ന്നുപോകരുത്. മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ ഇത്തരം കലകള്‍ക്കാവും എന്നാണ് സതീദേവിയുടെ പക്ഷം. കൊല്ലം കിളികൊല്ലൂര്‍ കണ്ടക്കാട്ടി എന്‍.രവീന്ദ്രന്റെ ഭാര്യയാണ് സതീദേവി. മൂന്ന് മക്കളുണ്ട്. എല്ലാവരും നല്ലനിലയില്‍. പക്ഷേ, സ്വത്തുതര്‍ക്കത്തിന്റെപേരില്‍ മക്കള്‍ പോരടിച്ചപ്പോള്‍ അച്ഛനമ്മമാര്‍ പുറത്തായി. അതിനിടെ സംരക്ഷണച്ചെലവ് നല്‍കണമെന്ന് കോടതി വിധിച്ചിട്ടും മക്കള്‍ കൊടുത്തില്ല. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ വൃദ്ധസദനത്തില്‍ എത്തുകയായിരുന്നു. ആ വൃദ്ധസദനംപോലും അന്വേഷിച്ച് കണ്ടെത്തിയതും അവര്‍തന്നെ.

ആരും തിരിഞ്ഞുനോക്കിയില്ല. ഒരു മകള്‍ ഇടയ്ക്കിടക്ക് വിളിക്കും. ഭര്‍ത്താവ് മരിച്ചപ്പോള്‍പ്പോലും മറ്റു രണ്ട് മക്കള്‍ വന്നില്ല കണ്ണുനിറഞ്ഞുകൊണ്ട് സതീദേവി പറഞ്ഞു. എന്തെങ്കിലും പെന്‍ഷന്‍ കിട്ടുമോ എന്നന്വേഷിച്ചു. പക്ഷേ, വൃദ്ധസദനത്തിലായതിനാല്‍ അതും കിട്ടില്ലത്രെ. ഏതായാലും മക്കളോട് ഞാന്‍ തോറ്റുകൊടുക്കില്ല അവര്‍ പറഞ്ഞു.

Content Highlights: international women's day 2020, each for equal, inspiring life