'കായലില്‍ അടിയൊഴുക്കുണ്ടാകുമ്പോള്‍ കപ്പല്‍ച്ചാലില്‍ ചെളി നിറയും... കപ്പലുകള്‍ക്ക് നങ്കൂരം ഇടാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. ഇത് മാറ്റാന്‍ ഡ്രെഡ്ജ് ചെയ്ത് ചെളി നീക്കണം. കപ്പല്‍ അടുക്കുന്നതിനായി ചെളി നീക്കി ആഴം ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്...'

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ ക്രെയിന്‍ ഓപ്പറേറ്റിങ് കാബിനിലിരുന്ന് ശ്രീലതയും ജയശ്രീയും തങ്ങളുടെ ജോലിയെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോള്‍ നേരം വെളുക്കുന്നതേയുള്ളു... കണിച്ചുകുളങ്ങര സ്വദേശിനി ശ്രീലത സുരേഷ്‌കുമാറും ഗുരുവായൂര്‍ സ്വദേശിനി ജയശ്രീ ജയറാമും.

27 വര്‍ഷമായി ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു ശ്രീലത. രാവിലെ ആറുമണിക്ക് ജോലി ആരഭിക്കും.

എവിടെയാണ് ആഴം കുറഞ്ഞത് എന്നറിഞ്ഞ് ഡ്രഡ്ജ് ചെയ്യുന്നതിനുള്ള സ്ഥാനം നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും. ഇവിടെയെത്തി ഡ്രഡ്ജ് ചെയ്ത് കപ്പല്‍ച്ചാലിലെ ചെളി മാറ്റണം. കടലിലേക്കെത്തി ചെയ്യുന്ന ഏതൊരു ജോലിയും മനോഹരമായ അനുഭവമാണെന്ന് ഈ വനിതകള്‍.

'1993 ഓഗസ്റ്റ് മൂന്നിനാണ് ഈ ജോലിക്ക് കയറുന്നത്. പോര്‍ട്ടില്‍ അപ്രന്റീസായിരുന്നു. ക്രെയിന്‍ ഓപ്പറേറ്ററായി ട്രെയിനികളെ എടുക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് അപേക്ഷിച്ചത്. സ്ത്രീകളെ എടുക്കില്ലെന്നാണ് കേട്ടത്. തിരഞ്ഞെടുത്തുവെന്ന് അറിഞ്ഞപ്പോള്‍ അത് ഉപേക്ഷിക്കില്ലെന്ന് ഉറപ്പിച്ചു' ശ്രീലത പറയുന്നു.

'ശ്രീലതച്ചേച്ചിയുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഞാന്‍ അപേക്ഷിക്കുന്നത്. തനിച്ചാകുമെന്ന തോന്നല്‍ അതോടെ മാറിയിരുന്നു. പിന്നീട് ഈനിമിഷം വരെ മാറി ചിന്തിച്ചിട്ടില്ല' 2000ത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ച ജയശ്രീ കൂട്ടിച്ചേര്‍ത്തു.

ഒരുമിച്ച് ജോലിചെയ്തു തുടങ്ങിയതു മുതല്‍ ഒരേ ഷിഫ്റ്റിലാണ്. ഒരുതരത്തിലും സ്ത്രീകള്‍ക്ക് പറ്റാത്ത മേഖലയൊന്നുമല്ല ക്രെയിന്‍ ഓപ്പറേഷന്‍. തീര്‍ത്തും ഇലക്ട്രിക്കല്‍ ജോലികളാണിവിടെ.

ഈ മേഖലയിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരണമെന്നു തന്നെയാണ് ഇരുവര്‍ക്കും പറയാനുള്ളത്.

ആദ്യകാലത്ത് രാവിലെയും രാത്രിയും ആയിട്ടായിരുന്നു ഷിഫ്റ്റുകള്‍. രാവിലെ എട്ടുമണിക്ക് കയറിയാല്‍, രാത്രി എട്ടുമണിക്കാണ് ഷിഫ്റ്റ് കഴിയുക. പന്ത്രണ്ട് പേരുടെ സംഘത്തിലെ ഒരേയൊരു സ്ത്രീയായിരുന്നു ശ്രീലത.

'രാവിലെ ആറിന് കയറിയാല്‍ 12ന് ഇറങ്ങാം. ചിലപ്പോള്‍ നന്നായി ജോലിയുണ്ടാകും. മറ്റു ചിലപ്പോള്‍ മറിച്ചായിരിക്കും. പക്ഷേ, അധികമാരും വരാത്ത ജോലിക്ക് എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉണ്ടെന്നത് സത്യംതന്നെ... കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ വലുതാണ്...' ശ്രീലത പറഞ്ഞു.

Content Highlights: international women's day 2020, each for equal, inspiring life