മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഒരു ലോകമുണ്ടെന്നും അത് മനോഹരമാണെന്നും തെളിയിക്കുകയാണ് ഡോ. സൂസന്‍ മാത്യു. ഭര്‍ത്താവ് ഡോ. മാത്യു വര്‍ഗീസിനൊപ്പം ചേര്‍ന്ന് 180ഓളം ജീവിതങ്ങള്‍ക്ക് ഇവര്‍ വഴിവിളക്കാകുന്നതറിയാന്‍ അടൂര്‍ മണക്കാലയിലെ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളിലേക്ക് വരണം. ഡോ.സൂസന്‍ മാത്യുവിന്റെ സ്‌കൂളിലേക്ക്. സെറിബറല്‍ പാള്‍സി എന്ന രോഗം കാരണം ഭിന്നശേഷിയുള്ളവനായി ജനിച്ച മകന്‍ ജ്യോതിഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം നൂറ് കണക്കിന് കുഞ്ഞുങ്ങളെയും ഈ അമ്മ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. രാപകലില്ലാത്ത സേവനത്തിലൂടെ.

ദീപ്തിയുടെ ഉദയം

മണക്കാല ശാലോം വീട്ടില്‍ ഡോ. സൂസന്‍ മാത്യുവിന് 2003ലാണ് ജ്യോതിഷ് ജനിക്കുന്നത്. ജനിച്ച് എട്ടുമാസം പിന്നിട്ടിട്ടും സാധാരണ കുട്ടികളുടേതുപോലെ പ്രതികരണമില്ലാതെ വന്നപ്പോഴാണ് ജ്യോതിഷിന് തലച്ചോറില്‍ സെറിബറല്‍ പാള്‍സി എന്ന രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. പിടിവിട്ടാല്‍ കുഞ്ഞ് മറിഞ്ഞുപോകുമെന്ന അവസ്ഥ. ചികിത്സകളുടെ ഫലമായി മൂന്നാം വയസ്സിലാണ് ജ്യോതിഷ് നടക്കാന്‍ തുടങ്ങിയത്. പിന്നീട് സൂസന്‍ മാത്യുവും കുടുംബവും ബ്രിട്ടനിലേക്ക് പോയപ്പോള്‍

അവിടെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ സര്‍വീസ് ഹെല്‍ത്ത് സര്‍വീസ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ സൗകര്യങ്ങള്‍ കണ്ട് ഇത്തരം സ്ഥാപനങ്ങള്‍ എന്തുകൊണ്ട് നാട്ടിലും ആയിക്കൂടാ എന്ന തോന്നലില്‍നിന്നാണ് സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ വിത്ത് സെറിബറല്‍ പാള്‍സി എന്ന കേന്ദ്രം തുടങ്ങുന്നത്.

തുടക്കത്തില്‍ സെറിബറല്‍ പാള്‍സി ഉള്ള കുട്ടികള്‍ക്ക് മാത്രമായാണ് തുടങ്ങിയതെങ്കിലും ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, എ.ഡി.എച്ച്.ഡി. ലേണിങ് ഡിഫിക്കല്‍റ്റി, ഉള്ള കുട്ടികളും എത്താന്‍ തുടങ്ങിയതോടെ ആരുടെയും മുന്നിലും വാതിലടയ്ക്കാന്‍ തോന്നിയില്ലെന്ന് സൂസന്‍ മാത്യു പറഞ്ഞു.

2010 ല്‍ സെന്റര്‍ ഫോര്‍ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളായി മാറി. 2014 ല്‍ സ്‌പെഷ്യല്‍ സ്‌കൂളായി സര്‍ക്കാര്‍ അംഗീകാരവും ലഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഭാവി, പുനരധിവാസം ലക്ഷ്യമാക്കി വിശാലമായൊരു കാമ്പസ്, കളിസ്ഥലങ്ങള്‍ എന്നിവ ലഭ്യമാക്കണം. സൂസനും മാത്യുവും ഇന്ന് ഈ ഉദ്യമത്തിന് പിന്നാലെയാണ്.

Content Highlights: international women's day 2020, each for equal, Help for special Children