വിവാഹംപോലും വേണ്ടെന്നുെവച്ച് കാടര്‍ എന്ന ആദിവാസിജനതയ്ക്കുവേണ്ടി പോരാടുകയാണ് ഗീത. രണ്ടക്ഷരത്തിനപ്പുറത്തെ മാഞ്ഞുപോകാത്ത രേഖപ്പെടുത്തലാണ് അവര്‍. കാരണം, ഗോത്രചരിത്രത്തിന്റെ പുതിയൊരു അധ്യായമാണ് ഗീതയിലൂടെ തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ ഊരുമൂപ്പത്തിയാണ് അവരിന്ന്. കൂടാതെ, സമരമുഖങ്ങളിലൂടെ ആദിവാസിജനതയുടെ ശബ്ദം അധികാര ഇടനാഴികളില്‍ പ്രതിഫലിപ്പിക്കാനും അവര്‍ക്കിന്ന് സാധിക്കുന്നു. ഗീത കാക്കുന്ന ഊരിലേക്ക് അവരെത്തേടിയുള്ള യാത്രയാണിത്

മഴ കഴിഞ്ഞിട്ട് അരമണിക്കൂറേ ആയുള്ളൂ എങ്കിലും ചുട്ടുപൊള്ളുന്നുണ്ട് നഗരമാകെ. മലയും കാടും നദികളും ഏറെയുണ്ടായിട്ടും തൃശ്ശൂര്‍ കുറച്ചുകാലമായി ഇങ്ങനെയാണത്രേ. വാഴച്ചാലില്‍ ബസ്സിറങ്ങി ഓട്ടോയ്ക്കുപോകണം ഗീതയുടെ വീട്ടിലേക്ക്. വനംവകുപ്പിന്റെ ചാര്‍പ്പയിലെ ചെക്‌പോസ്റ്റ് കടന്നുവേണം ഊരിലേക്ക് പ്രവേശിക്കാന്‍. ഞങ്ങള്‍ കയറിയ ഓട്ടോ കണ്ടപ്പോള്‍ ചെക്‌പോസ്റ്റിനുള്ളില്‍നിന്ന് രണ്ട് പോലീസുകാര്‍ ഇറങ്ങിവന്നു. ഊരുമൂപ്പത്തിയുടെ അടുത്തേക്കാണെന്നുപറഞ്ഞതും മറ്റുചോദ്യങ്ങളില്ലാതെ ഞങ്ങള്‍ക്കായി വഴി തുറന്നുതന്നു. തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന ആനമല റോഡിലൂടെയുള്ള യാത്രതന്നെ അതിമനോഹരമാണ്. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം ഓട്ടോറിക്ഷയ്ക്കുള്ളിലേക്ക് ഇടക്കിടെ തുളച്ചുവരുന്നുണ്ട്. മുന്നോട്ടുപോകുംതോറും തണുപ്പ് ഞങ്ങളെയാകെ പൊതിഞ്ഞുപിടിച്ചു. വിജനമായ റോഡിനിരുവശവും പ്രകൃതി സൗന്ദര്യത്തിന്റെ ഇലച്ചാര്‍ത്തണിഞ്ഞ് വന്മരങ്ങള്‍മുതല്‍ മനോഹരമായ കാട്ടുപൂക്കള്‍വരെയുണ്ട്. ഇടതുഭാഗത്ത് നദിയുടെ കാതടപ്പിക്കുന്ന ഇരമ്പലാണ്. ദൂരെനിന്ന് അവ്യക്തമായി മലയണ്ണാന്റെയും കിളികളുടെയും ശബ്ദം. കുറെക്കൂടി ഉള്ളിലേക്ക് ചെന്നപ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ ചെറുവീടുകള്‍ കാണാന്‍ തുടങ്ങി. പെയിന്റടിക്കാത്ത ചെറിയൊരു വീടിനുമുന്നില്‍ ഓട്ടോ നിര്‍ത്തി. ഊരുമൂപ്പത്തിയായ ഗീത ഞങ്ങളെക്കാത്ത് അവിടെത്തന്നെ ഉണ്ടായിരുന്നു.

പ്രകൃതിയും ബാല്യവും

ആകാശംമുട്ടെ പടര്‍ന്നുപന്തലിച്ച വന്മരങ്ങള്‍ക്കിടയിലൂടെ സൂര്യപ്രകാശം പതിയെ കടന്നുവരുന്നുണ്ട്. എങ്കിലും വാഴച്ചാല്‍പ്പുഴയുടെ കാറ്റിന് കൊടുംതണുപ്പുതന്നെയാണ്. ഗീത ആദ്യം കൊണ്ടുപോയതും അവരുടെ ജീവനാഡിയായ പുഴക്കരയിലേക്കുതന്നെയായിരുന്നു. നീളന്‍ ഈറ്റകള്‍ കാറ്റിന്റെ താളത്തില്‍ ആടിയുലയുന്നുണ്ട്. അതിനുള്ളിലൂടെ കടന്നുവേണം പുഴക്കരയിലേക്കെത്താന്‍. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിനിരുവശവും കാടാണ്. അതിമാനുഷികനായ ചിത്രകാരന്റെ കാന്‍വാസുപോലെ വര്‍ണനകള്‍ക്ക് അതീതമായിരുന്നു ആ കാഴ്ച. കരിമ്പന്‍പാറകളില്‍ത്തട്ടി തെന്നിയൊഴുകുന്ന വെള്ളം പലപ്പോഴും ദിശമാറി ഞങ്ങളുടെ കാലിനെയും തഴുകിയാണ് കടന്നുപോയിരുന്നത്. ആദിവാസി ജനതയുടെ ജീവിതവുമായി ഏറെ ഇഴചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് വാഴച്ചാല്‍പ്പുഴ. ഗീതയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതും വാഴച്ചാലിന്റെ ഈ പ്രകൃതിസവിശേഷതതന്നെയാണ്.

വെറ്റിലപ്പാറ സ്‌കൂളില്‍നിന്നാണ് ഗീത പത്താംക്ലാസ് പൂര്‍ത്തിയാക്കിയത്. 20 കിലോമീറ്ററോളമുണ്ട് വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക്. എങ്കിലും ആദിവാസിജനതയുടെ മുന്നേറ്റം സാധ്യമാകണമെങ്കില്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞിരുന്നു. അത്തരം അറിവുകളിലേക്ക് പാകപ്പെടുത്തിയത് അച്ഛനും പത്രങ്ങളുമായിരുന്നു. പത്രം വായിക്കാന്‍ കിലോമീറ്ററുകളോളം നടക്കണം. എന്നാലും ഒരിക്കല്‍പ്പോലും അതിന് മടികാണിച്ചിട്ടില്ല. പഠനത്തോടൊപ്പം പ്രകൃതിയെ അടുത്തറിയുന്നതും അക്കാലങ്ങളില്‍തന്നെയാണ്. അവധിക്കാലങ്ങള്‍ ഓരോന്നും ഗീതയുടെ പ്രകൃതിപഠനങ്ങള്‍കൂടിയായിരുന്നു. രാവിലെത്തന്നെ കൂട്ടുകാരുമായി പുഴക്കരയിലേക്കുപോകും. കുളിക്കുന്നതിനൊപ്പം മീന്‍ പിടിക്കും. കഠിനമായ തണുപ്പുണ്ടാകും വെള്ളത്തിന്. അതൊക്കെ ആവേശത്തോടെ നേരിടും. അതിന് മറ്റൊരുകാരണം വിശപ്പാണ്.

മിക്കരാത്രിയും പാതിവയറോടെയാകും കിടക്കുക. രാവിലെ എഴുന്നേല്‍ക്കുന്നത് പുറത്തെ തണുപ്പിനെക്കാള്‍ വയറിനകത്തെ വിശപ്പിന്റെ തീ സഹിക്കാന്‍ വയ്യാതാകുമ്പോഴാണ്. പുഴക്കരയിലേക്ക് വരുമ്പോഴേ കൃഷിയിടത്തില്‍നിന്ന് കപ്പ കരുതും. കൂടാതെ കാട്ടില്‍നിന്നുവരുന്ന വഴിയില്‍ കാണുന്ന പാകമായ കിഴങ്ങുകളും പറിച്ചെടുക്കും. മിക്ക സമയങ്ങളിലും കപ്പ ഉണ്ടാകാറില്ല. അപ്പോഴൊക്കെ കാട്ടുകിഴങ്ങുകള്‍ മാത്രമാണ് ആശ്വാസം. പുഴക്കരയില്‍നിന്നുതന്നെ ഇതെല്ലാം വേവിച്ചെടുക്കും. അതിനായി പ്രത്യേക മണ്‍പാത്രങ്ങള്‍ പുഴക്കരയില്‍ സൂക്ഷിച്ചുെവക്കും. പുഴ എല്ലായ്‌പ്പോഴും ആവോളം മീന്‍തരാറുണ്ട്. ചെറിയ പരല്‍ മീനുകളും ചൂരയുമൊക്കെയുണ്ടാകും അക്കൂട്ടത്തില്‍. എല്ലാംകൂടി ഒരുമിച്ച് മണ്‍ചട്ടിയില്‍ പാകംചെയ്യും. ശേഷം വലിയ വാഴയില വെട്ടിയെടുത്ത് കൂട്ടുകാരുമായി ഒരുമിച്ചിരുന്ന് കഴിക്കും. അധ്വാനത്തിന്റെ പങ്കുവെപ്പ് പഠിച്ചതും അവിടെനിന്നുതന്നെ. അല്പം മീന്‍ മുള്ളുകളും ചാരവും മാത്രമാണ് ബാക്കിയാവുക. അത് തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വളമായി കൊണ്ടിടും. ഒന്നും പുഴയില്‍ ഒഴുക്കില്ല. എല്ലാംകഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നേരം ഇരുട്ടും. എങ്കിലും മനസ്സ് പുഴക്കരയില്‍ത്തന്നെയാവും.

സമരം വരുംതലമുറയ്ക്കായി

ചെറുപ്പംമുതലേ ഗീതയെ ഏറെ സ്വാധീനിച്ചിട്ടുള്ളത് ഡോ. ലതയുടെ പ്രവര്‍ത്തനങ്ങളാണ്. ചാലക്കുടി പുഴ സംരക്ഷണസമിതിയുടെ അമരക്കാരിയായിരുന്നു അവര്‍. അച്ഛനുമായി കാടറിവുകള്‍ പങ്കുെവക്കാനും പഠിക്കാനുമായി അവര്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. അക്കാലങ്ങളിലാണ് അവരുടെ സംസാരങ്ങള്‍ ഗീത ശ്രദ്ധിച്ചുതുടങ്ങുന്നത്. പുഴയെന്നാല്‍ ഡോ. ലതയ്ക്ക് ഗീതയെപ്പോലെത്തന്നെ ജീവവായുവാണ്. ഗ്രാമങ്ങള്‍ നഗരങ്ങളായപ്പോള്‍ മനുഷ്യന്‍ ഏറെ വിസ്മരിച്ച ഒന്ന് ആ പ്രദേശങ്ങളിലെ ജലസംഭരണികളായായിരുന്നല്ലോ. സമയമില്ലാതെ ഓടുന്നതിനിടയ്ക്ക് ജീവജലമൊഴുകിയ പുഴകള്‍ കറുത്തിരുളാന്‍ തുടങ്ങിയത് കാണാതെപോയതും അതുകൊണ്ടുതന്നെയാവണം. എന്നാല്‍, ആ കറുപ്പ് ഡോ. ലതയെപ്പോലുള്ള ചിലരുടെയെങ്കിലും ഉള്ളുപൊള്ളിച്ചിരുന്നു. അങ്ങനെയാണ് ചാലക്കുടിപ്പുഴയുടെ വീണ്ടെടുപ്പിനായി മനുഷ്യര്‍ ഒത്തുചേര്‍ന്നത്. ഡോ. ലത കാട്ടുമൂപ്പന്മാരില്‍നിന്നുവരെ നിര്‍ദേശങ്ങള്‍ ശേഖരിച്ചാണ് പുഴയ്ക്കുള്ള അമൃതസഞ്ജീവനി ഉണ്ടാക്കിയത്. ഗീതയും ആ വീണ്ടെടുപ്പിന്റെ ഭാഗമായത് ലതയിലൂടെയാണ്. കാലങ്ങളായുള്ള പരിശ്രമംകൊണ്ട് ഇന്ന് ഏറക്കുറെ പുഴ അതിന്റെ സ്വാഭാവികതയിലേക്ക് വന്നുകൊണ്ടിരിക്കയാണ്.

ശരീരം മണ്ണിലുപേക്ഷിച്ച് ഡോ. ലത യാത്രയായെങ്കിലും ചാലക്കുടിപ്പുഴയോരങ്ങളിലും വാഴച്ചാലിന്റെ ഹരിതഹൃദയത്തിലും അവര്‍ മായാതെയുണ്ട്. ഗീതയുടെ മനസ്സില്‍ അവര്‍വിതച്ച കാടറിവുകളുടെ വിസ്മയങ്ങള്‍ ഇന്ന് പടര്‍ന്നുപന്തലിച്ച് വന്മരമായിട്ടുണ്ട്. ഒപ്പം അതിരപ്പിള്ളിയില്‍ വരാന്‍പോകുന്ന പദ്ധതികള്‍ എത്രമാത്രം തങ്ങളുടെ ജീവിതം ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് വ്യക്തമാക്കിക്കൊടുത്തതും ലതതന്നെയായിരുന്നു. അത്തരം അറിവുകള്‍ ഗീതയ്ക്കുള്ളില്‍ വലിയ വിസ്‌ഫോടനങ്ങളാണ് ഉണ്ടാക്കിയത്. അവിടം മുതലാണ് തന്റെ ജനത അനുഭവിച്ചുപോരുന്ന ഭരണകൂടനെറികേടുകളെക്കുറിച്ച് ഗീത പഠിച്ചറിയാന്‍ തുടങ്ങുന്നത്. എങ്ങനെയാണ് തങ്ങള്‍മാത്രം കാടുകളില്‍ എത്തപ്പെട്ടതെന്ന് തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രപഠനത്തിലൂടെ ഗീത കണ്ടെത്തുകയായിരുന്നു. കാടുകയറേണ്ടി വന്നതിന്റെ യാഥാര്‍ഥ്യം വസ്തുതാപരമായി ഉള്‍ക്കൊള്ളാന്‍ പഠനങ്ങള്‍ സഹായിച്ചു. അത്തരം പഠനങ്ങളില്‍നിന്നാണ് തന്റെ ജനത പലപ്പോഴായി കുടിയൊഴിക്കപ്പെട്ടതിന്റെ ചരിത്രം മനസ്സിലാക്കുന്നത്. ഭരണകൂടം വിവിധ ഡാമുകള്‍ക്കായി പല സമയങ്ങളില്‍ തങ്ങളെ അട്ടിയോടിക്കുകയായിരുന്നു. അറിഞ്ഞതെല്ലാം ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളായിരുന്നു. ഇനിയുമൊരു ഡാം വരുന്നുവെന്നറിഞ്ഞ ഘട്ടത്തിലാണ് ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്ന് മനസ്സിലാക്കിയത്. പിന്നീടങ്ങോട്ട് തന്റെ ജനതയില്‍ സമരസപ്പെടാന്‍ തയ്യാറല്ലാത്ത മനസ്സ് വാര്‍ത്തെടുക്കുകയായിരുന്നു. അതാണ് 'ഇനിയൊരു ഡാം അതിരപ്പിള്ളിയില്‍ വേണ്ട' എന്ന തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ആയിരങ്ങള്‍ക്ക് പ്രചോദനമായത്. കടുകയറേണ്ടിവന്ന ജനതയുടെ അവസാനിക്കാത്ത സമരത്തിനാണ് യഥാര്‍ഥത്തില്‍ അവിടെ തിരികൊളുത്തിയത്.

geetha

'ഈ അടാവില് ഡാമ് വേണ്ട' എന്ന മുദ്രാവാക്യം ഏറെ ചര്‍ച്ചചെയ്തതാണ് കേരളം. അതിരപ്പിള്ളിപദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കാടിറങ്ങിയ ആദിവാസിജനതയ്ക്ക് മുന്നില്‍നിന്ന് ഗീത വിളിച്ച മുദ്രാവാക്യമാണിത്. ആ സമരം നിശ്ശബ്ദമായ കാടകങ്ങളെ കൊടുംപിരികൊള്ളിച്ചിരുന്നു. കാടിനുവേണ്ടി രക്തസാക്ഷിയാകേണ്ടിവന്നാലും ഒരു നുള്ള് സിമന്റുപോലും ഇവിടെ വീഴാന്‍ അനുവദിക്കില്ല എന്ന് ഗീത ഉറച്ചുപറയുന്നുണ്ട്. സമരങ്ങള്‍ക്കൊപ്പം പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അങ്ങനെയാണ് ചാലക്കുടിപ്പുഴയില്‍ നിലവില്‍ ഡാമുകളുണ്ടെന്ന അറിവ് കാരണവന്മാരില്‍നിന്ന് ഗീതയ്ക്ക് കിട്ടിയത്. ഇത്തരത്തില്‍ കാടിനെക്കുറിച്ചുള്ള അപൂര്‍വവിവരങ്ങള്‍ ഇന്നും കാടര്‍ എന്ന ആദിവാസിവിഭാഗത്തിനുണ്ട്. അതെല്ലാം ശേഖരിച്ച് മനുഷ്യന് ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ് ഗീത.

ഊരിന്റെ കാവലാള്‍

69 വീടുകളിലായി 319 പേരാണ് വാഴച്ചാല്‍ ഊരിലെ നിവാസികള്‍. s?പ്രാമോട്ടറായിട്ടായിരുന്നു ഗീതയുടെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ തുടക്കം. കാടിനെക്കുറിച്ചും ആദിവാസിസമൂഹത്തെക്കുറിച്ചും അപ്പോഴും പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അത് രാജ്യതലസ്ഥാനംവരെ എത്തിച്ചു. അസുഖംവന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും പഠനപരമായ കാര്യങ്ങള്‍ നോക്കുന്നതും ഗീതതന്നെ. വൈകാതെതന്നെ അവര്‍ ഊരിന്റെ ഉയിരായി മാറുകയായിരുന്നു. അക്കാലത്താണ് അന്നത്തെ ഊരുമൂപ്പനായിരുന്ന സുബ്രഹ്മണ്യന്‍ ജോലികിട്ടി പോകുന്നത്. ആ സ്ഥാനത്തേക്ക് ഗീതയെ തിരഞ്ഞെടുക്കാന്‍ ഊരുകൂട്ടത്തിന് ഏറെ ആലോചിക്കേണ്ടിവന്നില്ല. ട്രൈബല്‍ വകുപ്പും ആ തീരുമാനത്തെ കൈയടിച്ച് സ്വീകരിച്ചു. അതോടെ കേരളത്തിലെ ആദ്യത്തെ ഊരുകാക്കുന്ന പെണ്‍കരുത്തായി ഗീത മാറി. ഇപ്പോള്‍ നാലുവര്‍ഷത്തോളമായി ഊരുമൂപ്പത്തിയാണ്. പ്രവര്‍ത്തനങ്ങളുടെ മികവുകൊണ്ട് പതിനൊന്ന് ഊരുകളില്‍ക്കൂടി കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. അവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യസംബന്ധവുമായ വിഷയങ്ങള്‍ക്കാണ് പ്രധാന ഊന്നല്‍.

നാടല്ല കാട്

കാടും കാട്ടരുവികളും കാണാന്‍ മലകയറി വരുന്നവരോട് ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താനുണ്ട് ഗീതയ്ക്ക്: ''കാട് ഞങ്ങളെ സംബന്ധിച്ച് വനദേവതയാണ്. അടിക്കാട് വെട്ടണമെങ്കില്‍പ്പോലും കല്ലുs?വച്ച് അതിനുമുകളില്‍ തിരികത്തിക്കും. അഗ്‌നിയെ സാക്ഷിയാക്കി അനുവാദം ചോദിച്ചിട്ടുമാത്രമേ മുളംതണ്ടുപോലും കാട്ടില്‍നിന്ന് ഞങ്ങള്‍ വെട്ടാറുള്ളൂ. ഭക്തിയോടെയാണ് ഞങ്ങളുടെ ജനത കാട് കാണുന്നത്. എന്നാല്‍, കാഴ്ചകള്‍ കാണാന്‍ വരുന്ന പലരും അറിഞ്ഞോ അറിയാതെയോ തകര്‍ക്കുന്നത് ഞങ്ങളുടെ ജീവിത രീതികളാണ്.'' പറഞ്ഞവസാനിപ്പിച്ചപ്പോള്‍ കടുത്ത രോഷമുണ്ടായിരുന്നു ഗീതയുടെ മുഖത്ത്. കാരണംതിരഞ്ഞപ്പോഴാണ് അവര്‍ പുഴക്കരയില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് കവറിലേക്കും മദ്യക്കുപ്പികളിലേക്കും വിരല്‍ചൂണ്ടിയത്. പ്ലാസ്റ്റിക് എറിയുംമുമ്പേ മറക്കാതെ ഓര്‍ക്കണം വിനോദമല്ല, ജീവിതമാണ് ആ ജനതയ്ക്ക് പുഴ.

Content Highlights: international women's day 2020, each for equal, Geetha