സ്വാതന്ത്ര്യദിനം എന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിലൊന്നാണ്. ഒരു പെണ്‍കുട്ടിയെന്നനിലയില്‍ ഒരുപാട് പരിമിതികളുടെയും കഷ്ടപ്പാടുകളുടെയും ഇടയിലും ഞാന്‍ ആഗ്രഹിച്ചത് രാജ്യത്തെ കാക്കുന്ന സൈനികിയാകണമെന്നായിരുന്നു. അതിര്‍ത്തിരക്ഷാസേനയില്‍ ശത്രുരാജ്യത്തിനുനേരെ, ഉറങ്ങാതെ നിറതോക്കുമായി കാവല്‍നില്‍ക്കുന്ന കാസര്‍കോട്ടെ ആദ്യപെണ്‍കുട്ടിയാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനകരമായ സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ...'' ടി. ജസീല എന്ന മലയാളി പെണ്‍കൊടിയാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനപ്പുലരിയില്‍ ആവേശപൂര്‍വം തന്റെ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.

ജസീലയെന്ന പേരിന് ഒരുപാട് അര്‍ഥങ്ങളുണ്ട്. അതിലൊന്ന് 'കരുത്തയായവള്‍' എന്നാണ്. കൈയിലേന്തിയ യന്ത്രത്തോക്കിലെ ഉണ്ടയെക്കാള്‍ കരുത്തുറ്റ നിശ്ചയദാര്‍ഢ്യമാണ് അവളെ നീലേശ്വരത്തെ ചായ്യോത്ത് ഗ്രാമത്തില്‍നിന്ന് അതിര്‍ത്തിരക്ഷാസേനയില്‍ എത്തിച്ചത്. ഒട്ടേറെ പ്രതികൂലസാഹചര്യങ്ങളുണ്ടായിട്ടും പതറാത്ത ചുവടുകളോടെ ബി.എസ്.എഫിലേക്ക് നെഞ്ചുവിരിച്ച് മാര്‍ച്ച്‌ചെയ്തുകയറി ഈ പെണ്‍കുട്ടി. പൊതുവേ സ്ത്രീകള്‍ തിരഞ്ഞെടുക്കാന്‍ മടിക്കുന്ന തൊഴില്‍മേഖലയാണ് സൈനികസേവനം. കഠിനമായ പരിശീലനത്തെക്കുറിച്ചും വിവാഹശേഷം ജോലിതുടരാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചുമെല്ലാമുള്ള ആശങ്കകള്‍ പലര്‍ക്കുമുണ്ടാകാം. എന്നാല്‍, എല്ലാ പ്രതികൂലസാഹചര്യത്തെയും വെല്ലുവിളിച്ചുകൊണ്ടും പ്രതിസന്ധികളെ തരണംചെയ്തും ജസീല ഇന്ത്യനതിര്‍ത്തിയില്‍ എത്തി. പശ്ചിമബംഗാളിലെ മാള്‍ഡയ്ക്കുമപ്പുറം ബംഗ്ലാദേശ് അതിര്‍ത്തിയിലിരുന്നാണ് അവള്‍ തന്റെ ജീവിതവും യാത്രയും 'മാതൃഭൂമി'യോട് പറഞ്ഞത്.

കാക്കിയിലുടക്കിയ കുട്ടിക്കാലം

''ചെറുപ്പത്തില്‍ പേടി പോലീസിനെയായിരുന്നു. ശരിക്കും വികൃതിക്കുട്ടി. പൊട്ടിത്തെറിച്ചുനടന്ന കാലം'' ജസീല പറഞ്ഞുതുടങ്ങി. ''ഉമ്മയില്‍നിന്ന് തല്ലുകൊള്ളാത്ത ഒരുദിവസംപോലുമുണ്ടായിട്ടില്ല. 'നിന്നെ നോക്കുന്ന നേരത്ത് ഒരു വാഴനട്ടെങ്കില്‍ ഉപകാരമാകുമായിരുന്നു'വെന്ന് ഉമ്മ ദേഷ്യത്തോടെ ഉറക്കെ വിളിച്ചുപറയുമായിരുന്നു. എവിടെയെങ്കിലും പോലീസിനെക്കണ്ടാല്‍ ഓടി ദൂരെ മറഞ്ഞുനില്‍ക്കും ഞാന്‍. ആരാകാനാണ് ആഗ്രഹമെന്ന് അധ്യാപകര്‍ ചോദിക്കുമ്പോള്‍ പോലീസായാല്‍മതിയെന്നായിരുന്നു മറുപടി. പോലീസായാല്‍ എന്തുചെയ്യണമെന്നുപോലും നിശ്ചയമില്ലായിരുന്നു. പോലീസായാല്‍ എല്ലാവരും പേടിക്കുമെന്നുമാത്രമറിയാം.''

അതിനെപ്പറ്റിയൊന്നും പിന്നീടവള്‍ ചിന്തിച്ചില്ല. മുതിര്‍ന്നപ്പോള്‍ പോലീസില്‍ അപേക്ഷനല്‍കുകയോ മുന്നൊരുക്കങ്ങള്‍ നടത്തുകയോ ചെയ്തില്ല. ജീവിതമോഹത്തിന്റെപുറത്ത് ആദ്യമായി ബി.എസ്.എഫിലേക്കാണ് അപേക്ഷ അയച്ചത്. ഉറ്റസുഹൃത്ത് ശ്രുതി ജയനാണ് തനിക്കായി 2015ല്‍ ഓണ്‍ലൈന്‍ അപേക്ഷപോലും നല്‍കിയതെന്നും ജസീല പറയുന്നു.

തയ്യല്‍ക്കട, സ്റ്റുഡിയോ, ടെലികോളര്‍, കൗണ്‍സലര്‍, മാനേജര്‍... വേഷങ്ങളനവധി

പ്ലസ്ടു കഴിഞ്ഞ് തയ്യല്‍ക്കടയിലെ സഹായി, പിന്നെ സ്റ്റുഡിയോ ജീവനക്കാരി, സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍, സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരി, കംപ്യൂട്ടര്‍ പരിശീലനകേന്ദ്രത്തില്‍ ടെലികോളര്‍, കൗണ്‍സലര്‍, മാനേജര്‍ എന്നിങ്ങനെ ഒരുപാടുവേഷങ്ങള്‍ സേനയിലെത്തുംമുമ്പ്്് ജസീലയ്ക്ക് കെട്ടേണ്ടിവന്നു. ആദ്യമൂന്ന് സ്ഥാപനങ്ങളിലും ഒരേദിവസം മാറിമാറി ജോലിചെയ്തു. തുച്ഛവേതനം ജീവിതത്തിന് തികയാതായപ്പോള്‍ മുന്നില്‍ മറ്റുവഴികളുണ്ടായില്ല.

ജസീലയുടെ സാമ്പത്തികപരാധീനതകളെക്കുറിച്ച് നിസ്സഹായരായ ആ തൊഴിലുടമകള്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു. അവളുടെ ആത്മാര്‍ഥതയ്ക്കും ആത്മാര്‍പ്പണത്തിനും മുന്നില്‍ അയല്‍ക്കാരായ അവര്‍ക്ക് മറുത്തുപറയാനും വയ്യ. യൂണിഫോം അണിഞ്ഞൊരു സര്‍ക്കാര്‍ജോലി എപ്പോഴും അവള്‍ വെറുതേ സ്വപ്നംകാണുമായിരുന്നു.

''മകളെന്നനിലയില്‍ എന്നെ ഏറെ വിഷമിപ്പിച്ചത്, ആഗ്രഹിച്ച അവസരങ്ങളിലൊന്നും കുടുംബത്തിന് പിതാവില്‍നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെന്നതാണ്. ഒരുനാള്‍ ഞങ്ങളെ തനിച്ചാക്കി ഉപ്പ തന്റെ നാടായ മലപ്പുറത്തേക്ക് തിരിച്ചുപോയി. അധികം കഴിയാതെ അദ്ദേഹം മരിച്ചു. ഉമ്മ വളരെ കഷ്ടപ്പെട്ടാണ് കുടുംബംനോക്കിയതും ഞങ്ങളെ വളര്‍ത്തിയതും'' അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുമ്പോഴും ജസീലയുടെ ഓര്‍മകളില്‍ നേര്‍ത്ത വേദനയുടെ നനവ്

അന്ന് വീടെന്നുപറയാവുന്ന ഒരു വാടകക്കെട്ടിടത്തില്‍ താമസം. ജസീല, മൂത്തസഹോദരി സബീന, മാതാവ് മറിയം എന്നിവര്‍ക്ക് ആശ്രയമായി ആരുമില്ല. മരക്കച്ചവടക്കാരനായ ഭര്‍ത്താവിനൊപ്പം ഏറെ പ്രതീക്ഷയോടെയാണ് മലപ്പുറത്തുനിന്ന് മറിയം കാസര്‍കോട്ടെത്തിയത്. പെട്ടെന്നാണ് അദ്ദേഹം ജീവിതത്തില്‍നിന്ന് മാഞ്ഞുപോയതും. ജീവിതവഴിയില്‍ പ്രതിസന്ധികള്‍ക്കിടയില്‍ പകച്ചുനില്‍ക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. അതുവരെ വീട്ടില്‍ ഒതുങ്ങിക്കൂടിയ മറിയം കൂലിപ്പണിയെടുത്തും വീട്ടുജോലികള്‍ ചെയ്തും കുടുംബംപോറ്റി. ഉമ്മയുടെ കഷ്ടപ്പാടുകളും പ്രാരബ്ധങ്ങളും കണ്ടുവളര്‍ന്ന ജസീല കുടുംബത്തിന് അത്താണിയാവാന്‍ തീരുമാനിച്ചു. അങ്ങനെയാണ് തുടര്‍പഠനം ഉപേക്ഷിച്ച് അവള്‍ തൊഴില്‍തേടിയിറങ്ങിയത്.

സാമ്പത്തികപരാധീനതകള്‍ക്ക് എങ്ങനെയും അറുതിവരുത്തണമെന്ന ചിന്തമാത്രമായിരുന്നു ഊണിലും ഉറക്കത്തിലും. പോംവഴികളൊന്നും തെളിയുന്നില്ല. കംപ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് (സി.ടി.ടി.സി.) പഠിക്കാന്‍ തീരുമാനിച്ചു. ഒപ്പം ഫോട്ടോഷോപ്പും പഠിച്ചു. വീടിനടുത്തുള്ള സ്റ്റുഡിയോയില്‍ ഡിസൈനറായി. ഫോട്ടോഷോപ്പില്‍ അത്യാവശ്യം അറിവുണ്ടെന്നുകണ്ട് ഉടമ സ്റ്റുഡിയോ ജോലികള്‍ പഠിപ്പിച്ചു. കുറഞ്ഞ മാസങ്ങള്‍കൊണ്ട് ഫോട്ടോഗ്രാഫറുമായി. ആ പ്രദേശത്തൊന്നും പെണ്‍കുട്ടികള്‍ സ്റ്റുഡിയോ ഫോട്ടോഗ്രാഫറായിട്ടില്ല. അതിനിടയില്‍ അവിടെനിന്ന് കാര്യമായ വരുമാനം പ്രതീക്ഷിക്കേണ്ടെന്ന് മനസ്സിലായി. ഉടമയുടെ അനുമതിയോടെ സ്റ്റുഡിയോയ്ക്കുസമീപത്തെ തുന്നല്‍ക്കടയില്‍ സഹായിയായി.

സ്റ്റുഡിയോയില്‍ ഒഴിവുകിട്ടുമ്പോള്‍ തുന്നല്‍ക്കടയില്‍നിന്ന് കുടുക്കുവെക്കാത്ത ഷര്‍ട്ടുകളും പാന്റ്‌സുംമറ്റും എടുത്തുകൊണ്ടുവരും. ഒരു കുപ്പായത്തില്‍ മുഴുവന്‍ കുടുക്കുകളും തുന്നിച്ചേര്‍ത്താല്‍ അന്ന് അഞ്ചുരൂപ കിട്ടും. സ്റ്റുഡിയോയില്‍ എപ്പോഴും ജോലിത്തിരക്കുണ്ടാകാറുമില്ല. ഉള്ള ജോലി പെട്ടെന്ന് പൂര്‍ത്തിയാക്കും. ബാക്കിസമയം പാഴാക്കില്ല. ആ സമയം എന്തുചെയ്യാന്‍പറ്റുമെന്ന ആലോചനയായിരുന്നു. വൈകീട്ട് വീട്ടിലേക്കുപോകുമ്പോള്‍ തുണികള്‍ കൊണ്ടുപോകും. ഉറങ്ങുംവരെ കുടുക്കുകള്‍ തുന്നും. ഉമ്മയും സഹായിക്കും. ധനകാര്യസ്ഥാപനത്തിലും മുഴുവന്‍ സമയം തിരക്കുണ്ടാകില്ല. എപ്പോഴെങ്കിലും വിദേശത്തുനിന്ന് ആര്‍ക്കെങ്കിലുമൊക്കെ പണംവന്നാലായി എന്നതായിരുന്നു അതിന്റെയും അവസ്ഥ.

കുടുംബച്ചെലവുകള്‍, ഉപരിപഠനം, സ്വന്തമായി വീടെന്ന മോഹം എന്നിവയ്‌ക്കൊന്നും ലഭിക്കുന്ന പ്രതിഫലം തികയില്ലെന്ന് വളരെ വേഗം ബോധ്യമായി. കഷ്ടപ്പാടുകണ്ട് ദയതോന്നിയ സമീപത്തെ സ്വകാര്യ ധനകാര്യസ്ഥാപന ഉടമ, കംപ്യൂട്ടര്‍ അറിയാമെങ്കില്‍ കണക്കുകള്‍ ശരിയാക്കിത്തന്നോളൂവെന്ന് ആവശ്യപ്പെട്ടു. അങ്ങനെ മൂന്നിടത്തുമായി ഓടിനടന്നു. എന്നിട്ടും പണമൊന്നിനും തികയുന്നില്ല. പക്ഷേ, വേതനം കൂട്ടിച്ചോദിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു തൊഴില്‍ദാതാക്കള്‍.

എന്‍ജിനിയറിങ് ഡിസൈനിങ്ങുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പഠിച്ച് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുമോ എന്നായി അടുത്തചിന്ത. അത്തരം കോഴ്‌സുകള്‍ പഠിക്കാന്‍ വലിയ പണച്ചെലവ് വരുമെന്ന് ബോധ്യപ്പെട്ടു. അത്തരം സ്ഥാപനത്തില്‍ ഒരു ചെറുജോലി തരപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഒരു സുഹൃത്തുമുഖേന കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ടെലികോളര്‍ ട്രെയിനിയായി. പടിപടിയായി ഉയര്‍ന്ന് അതിന്റെ നടത്തിപ്പുചുമതലയും ഏറ്റെടുക്കാന്‍ പ്രാപ്തയായി. ചില കംപ്യൂട്ടര്‍ കോഴ്‌സുകളും അതിനിടയില്‍ പഠിച്ചെടുത്തു. ഇതോടെ അല്‍പ്പമൊരാശ്വാസമായി.

ബി.എസ്.എഫ്. വിളിച്ചപ്പോള്‍

കംപ്യൂട്ടര്‍സ്ഥാപനത്തില്‍ തുടരുന്നതിനിടയില്‍ തനിക്കുവേണ്ടി സുഹൃത്ത് അയച്ച അപേക്ഷയിന്മേല്‍ കായികക്ഷമതാപരീക്ഷയ്ക്ക് തൃശ്ശൂരില്‍ ഹാജരാകണമെന്ന് ബി.എസ്.എഫിന്റെ അറിയിപ്പ് വന്നു. അന്നുമുതല്‍ പോകുന്നതിന്റെ തലേദിവസംവരെ തീവ്രപരിശീലനം. അവിടെയെത്തിയപ്പോള്‍ മൈതാനം നിറയെ ഉദ്യോഗാര്‍ഥികള്‍. ഭൂരിഭാഗംപേരും ജയിക്കാന്‍ പ്രാര്‍ഥന നടത്തിയതിന്റെയും പള്ളികളിലും ക്ഷേത്രങ്ങളിലും നേര്‍ച്ചയിട്ടതിന്റെയും കഥകളാണ് പറയുന്നത്. 'എന്തായാലും ഇത് കിട്ടിയിരിക്കണം. മറ്റൊരു സാധ്യതയും മുന്നില്‍ ഇനിയില്ല' എന്ന് ജസീലയുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ''അവസാനം കായികക്ഷമതാപരീക്ഷ ജയിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഉടന്‍ ഉമ്മയെ വിളിച്ചു. ഫോണ്‍ എടുത്തത് ചേച്ചി. അമിതാഹ്ലാദംകൊണ്ട് തൊണ്ടയിടറി. 'സബീ... സബീ...' എന്നേ നാവ് പൊങ്ങുന്നുള്ളൂ. റബ്ബേ എന്തുപറ്റിയെന്നായി ചിന്ത. പിന്നെ സന്തോഷം സഹിക്കവയ്യാതെ ഉറക്കെ പൊട്ടിക്കരഞ്ഞുപോയി. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. 'ഉമ്മാ, ഞാന്‍ ജയിച്ചു.' പിന്നെ കൂട്ടക്കരച്ചിലായിരുന്നെന്ന് ഉമ്മ ഇപ്പോഴും പറയും.'' മൂന്നുവര്‍ഷംമുമ്പത്തെ ആ സന്ദര്‍ഭം ജസീല ഓര്‍ത്തെടുത്തു.

മാസങ്ങള്‍ക്കുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എഴുത്തുപരീക്ഷ. റാങ്കുപട്ടിക വന്നപ്പോള്‍ ആറാമത്തവള്‍. തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പിലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ് കോള്‍ലെറ്റര്‍ വന്നു, ബാംഗ്ലൂര്‍ ബി.എസ്.എഫ്. എസ്.ടി.സി. പരിശീലനകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍. അവിടെയെത്തിയപ്പോള്‍ പല മലയാളി പെണ്‍കുട്ടികളും തിരിച്ചുപോയി. 22 പേരില്‍ പലരും, 'പെണ്‍കുട്ടികള്‍ക്കുപറഞ്ഞ പണിയല്ല ഇത്' എന്നുംപറഞ്ഞ് പേടിച്ച് സ്ഥലംവിട്ടിരുന്നു. അവിടെനിന്ന് നേരെ പോയത് പഞ്ചാബിലെ ബി.എസ്.എഫ്. പരിശീലനകേന്ദ്രത്തിലേക്കാണ്. പരിശീലനം പൂര്‍ത്തിയാക്കിയപ്പോഴേക്കും മലയാളി പെണ്‍കുട്ടികള്‍ ഏഴുപേര്‍ മാത്രമായി.

തടഞ്ഞ നുഴഞ്ഞുകയറ്റം

ബി.എസ്.എഫിലെ പരിശീലനം ശാരീരികമായും മാനസികമായും തന്നെ ആകെ മാറ്റിയെടുത്തെന്ന് ജസീല പറയുന്നു. നേതൃപാടവം വളര്‍ത്തുകയെന്നത് സേനാംഗമെന്നനിലയില്‍ കിട്ടുന്ന ഏറ്റവും വലിയ നേട്ടമാണ്. ഓരോ സേനാംഗവും സേനാവിഭാഗത്തില്‍ ഏതെങ്കിലും ഒരു ഘടകത്തെ നയിക്കേണ്ടിവന്നേക്കുമെന്ന അവസ്ഥയും പരിശീലനത്തിന്റെ ഭാഗമാണ്.

പരിശീലനംകഴിഞ്ഞ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട ആദ്യമാസം. അവിടെ റോന്തുചുറ്റുന്നതിനിടയില്‍ സ്ത്രീ ഇന്ത്യന്‍ അതിര്‍ത്തിയിലെ കമ്പിവേലിക്കിടയിലൂടെ നുഴഞ്ഞുപോകാന്‍ ഒരു ശ്രമം നടത്തി. ജസീല അന്ന് സൈക്കിളോ മോട്ടോര്‍ സൈക്കിളോ എടുത്തിരുന്നുമില്ല. ചുമലില്‍ തോക്കും ഒരുകൈയില്‍ കുടയും മറുകൈയില്‍ വയര്‍ലസ്സും. കുട വലിച്ചെറിഞ്ഞ് അവരെ ഓടിച്ചെന്ന് പിടികൂടി. സാരിയില്‍പ്പിടിച്ച് തടഞ്ഞുനിര്‍ത്തി, വയര്‍ലസില്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരംകൊടുത്തു. അടുത്ത പിക്കറ്റ് പോസ്റ്റിലും അറിയിച്ചു. അവര്‍ തിരിച്ചുവരാന്‍ കൂട്ടാക്കിയില്ല. വെടിവെക്കേണ്ടെങ്കില്‍ തിരിച്ചുവന്നോളാന്‍ പറഞ്ഞ് വിരട്ടിനോക്കി. അവരെ പിന്നീട് കീഴ്‌പ്പെടുത്തി നമ്മുടെ അതിര്‍ത്തിയില്‍ത്തന്നെ എത്തിച്ചു. അവരുടെ ബന്ധുക്കളുടെ വീട് ബംഗ്ലാദേശിലുണ്ടെന്നാണ് ഞങ്ങളോട് പറഞ്ഞത്. അവരെ കാണാനാണ് അങ്ങോട്ട് പോകാനൊരുങ്ങിയതത്രെ. ആ സംഭവത്തില്‍ ഒരു റിവാര്‍ഡും ജസീലയ്ക്ക് കിട്ടി.

സൈനികരെപ്പറ്റിയുള്ള സമൂഹത്തിന്റെ പല അബദ്ധധാരണകളും തിരുത്തപ്പെടേണ്ടതാണെന്ന അഭിപ്രായക്കാരിയാണ് ജസീല. സേനയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് ശരിയല്ലെന്നും സേനയിലെ പെണ്‍കുട്ടികള്‍ മോശമാണെന്നുമൊക്കെയുള്ള പല അഭിപ്രായപ്രകടനങ്ങളും നമ്മുടെ സമൂഹത്തില്‍നിന്ന് കേള്‍ക്കാറുണ്ടെന്ന് ജസീല സാക്ഷ്യപ്പെടുത്തുന്നു. ''സേനയ്ക്കുള്ളില്‍നിന്ന് തങ്ങള്‍ക്ക് കിട്ടുന്ന സുരക്ഷിതത്വബോധം മറ്റെവിടെയും ലഭിക്കില്ലെന്നത് ഓരോ പെണ്‍കുട്ടിക്കും ബോധ്യമാകുന്ന ഇടമാണിത്. പെണ്‍കുട്ടികള്‍ വീട്ടിലോ നാട്ടിലോ ഉള്ളതിലും കൂടുതല്‍ സുരക്ഷിതത്വബോധം അനുഭവിക്കുക സേനയ്ക്കുള്ളിലാകും. ഒരു സേനാംഗം ആണായാലും പെണ്ണായാലും ക്യാമ്പിനുള്ളില്‍ യൂണിഫോമല്ലാത്ത വസ്ത്രം ധരിക്കുന്നതിനുപോലും കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. തോന്നിയപോലുള്ള വസ്ത്രധാരണമൊന്നും അനുവദിക്കില്ല. ഓരോ സേനാംഗത്തിനും നമ്മള്‍ എന്താണെന്ന് തെളിയിക്കാനുള്ള അവസരംകൂടി ലഭിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ ആളുടെയും ഉയര്‍ച്ചതാഴ്ചകള്‍ നിശ്ചയിക്കാനുള്ള മാനദണ്ഡം കഴിവുകള്‍മാത്രമാണ്.

ജോലിക്കിടയിലെ ഒരു ദിവസം

വ്യത്യസ്തസംസ്ഥാനക്കാര്‍, വിവിധ ഭാഷ സംസാരിക്കുന്നവര്‍, പലതരം ഭക്ഷണം ശീലിച്ചവര്‍, വൈവിധ്യമാര്‍ന്ന വസ്ത്രരീതിപോലുമുള്ളവരാണ് സേനാംഗങ്ങള്‍. എന്നാല്‍, എല്ലാവരും ഏകമനസ്സോടെ ഒറ്റ ലക്ഷ്യബോധത്തോടെ സേനയില്‍ തോളോടുതോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒരുദിവസത്തെ ഔദ്യോഗികജീവിതം സാമാന്യമായി പറഞ്ഞാല്‍ രാവിലെ ആറിന് ജോലിക്ക് പോവുന്നു. ആറുമണിക്കൂര്‍ അതിര്‍ത്തിയില്‍ കാവല്‍. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമോ അസാധാരണമായി എന്തെങ്കിലുമോ ഉണ്ടോ എന്നെല്ലാം പരിശോധിക്കണം. നുഴഞ്ഞുകയറ്റക്കാരുണ്ടെങ്കില്‍ അതിനെ നേരിടണം. ജോലിയെല്ലാം കഴിഞ്ഞ് മുറിയിലെത്താം. ഭക്ഷണം കഴിച്ച് വേണമെങ്കില്‍ അല്‍പ്പനേരം വിശ്രമിക്കാം. വൈകീട്ട് മൂന്നരയാകുമ്പോള്‍ മുറിയും പരിസരവുമൊക്കെ വൃത്തിയാക്കുക. അതിനൊന്നും വേറെയാരും വരില്ല. ഓരോ സേനാംഗവും അവരുടെ താമസസ്ഥലവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. അത് എല്ലാദിവസവും ചെയ്തിരിക്കണം. വൈകീട്ട് അഞ്ചരയോടെ ഭക്ഷണം കഴിക്കുക. ആറിന് വീണ്ടും ജോലിക്കുപോവുക. ജോലിസമയം മാറിക്കൊണ്ടിരിക്കുമെന്നല്ലാതെ മാറ്റങ്ങള്‍ മറ്റൊന്നുമില്ല.

ആണ്‍പെണ്‍ തുല്യത

സേനയുടെ തീവ്രപരിശീലനത്തിനിടയിലോ അതുകഴിഞ്ഞ് ജോലിക്ക് നിയോഗിക്കുന്നതിനോ ആണ്‍പെണ്‍ വിവേചനമൊന്നുമില്ല. ആണുങ്ങള്‍ എന്തൊക്കെ ജോലി എവിടെയെല്ലാം ചെയ്യുന്നുവോ അതെല്ലാം പെണ്ണുങ്ങളും ചെയ്യണം. വീട്ടിലേക്കുവരുമ്പോള്‍മാത്രമേ ജോലി ഇല്ലാതാകുന്നുള്ളൂ. ആഴ്ചയില്‍ ഞായറെന്നോ തിങ്കളെന്നോ അവധിദിനമെന്നോ വ്യത്യാസമില്ല. പെണ്‍കുട്ടികളായതുകൊണ്ട് ജോലിസമയം കുറച്ചുനല്‍കുകയോ കൂടുതല്‍ വിശ്രമസമയം നല്‍കുകയോ ഇല്ല. നാട്ടിലെത്തിയാല്‍ പലരും ചോദിക്കാറുണ്ട് നഴ്‌സാണോ അല്ലെങ്കില്‍ ഓഫീസ് ജോലിയാണോ എന്നൊക്കെ. ഇതൊന്നുമല്ലെന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ്.

സ്വപ്നം കമാന്‍ഡോസേനയില്‍

എന്തൊക്കെ അവസരങ്ങള്‍ ഒരു ബി.എസ്.എഫ്. കോണ്‍സ്റ്റബിളിന് എത്തിപ്പിടിക്കാമോ അതൊക്കെ സാധ്യമാക്കുകയെന്നതാണ് ജസീലയുടെ സ്വപ്നം. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലേക്ക് അടുത്ത മാസം കമാന്‍ഡോ പരിശീലനത്തിന് പോകും. സേനയില്‍ അധികമാരും തിരഞ്ഞെടുക്കാത്ത, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ മടിക്കുന്നതാണ് കമാന്‍ഡോ ആവുകയെന്നത്. എന്നാല്‍, തന്റെ ഇപ്പോഴത്തെ സ്വപ്നം അതാണ്. അതുകഴിഞ്ഞുവേണം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെത്താന്‍. അടുത്ത മോഹം അതാണ്. എന്‍.എസ്.ജി.യില്‍ ചേരണമെങ്കില്‍ കമാന്‍ഡോ പരിശീലനം നിര്‍ബന്ധമാണ്. മേയ് 11ന് കമാന്‍ഡോ പരിശീലനം തുടങ്ങും. അതിന്റെ പത്തുദിവസംമുമ്പേ അവിടെ റിപ്പോര്‍ട്ടുചെയ്യണം. എത്തേണ്ട മേല്‍വിലാസവും ഒരു ഫോണ്‍നമ്പറുംമാത്രമേ നമുക്ക് തരൂ. ലക്ഷ്യസ്ഥാനം കണ്ടെത്തലും സുരക്ഷിതമായി അവിടെ എത്തുകയെന്നതും നമ്മുടെമാത്രം ഉത്തരവാദിത്വമാണ്. കമാന്‍ഡോയാകാന്‍ ആര്‍ക്കൊക്കെയാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ തന്റെ ബറ്റാലിയനില്‍ 38 പേരില്‍ ജസീലമാത്രമാണ് അതിന് തയ്യാറായത്.

Content Highlights: international women's day 2020, each for equal, army woman