രുപത്തിമൂന്നു വയസ്സിനിടെ കൊച്ചിക്കാരിയായ ഈ പെണ്‍കുട്ടിപോയ ദൂരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ് ലണ്ടന്‍ കിങ്‌സ് കോളേജ്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍, കൊളംബിയയില്‍ ഇന്റേണ്‍ഷിപ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്, നെയ്‌റോബിയിലെ യു.എന്‍. ഹ്യൂമണ്‍ സെറ്റില്‍മെന്റ് പ്രോഗ്രാം, കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള സ്റ്റോക്‌ഹോം സമ്മേളനം , ഈജിപ്തിലെ വേള്‍ഡ് യൂത്ത് ഫോറം... എല്ലാ യാത്രകളും കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അനാമിക ഇന്ത്യ എന്ന മഹാരാജ്യത്തെ കൂടുതല്‍ സ്‌നേഹിക്കുന്നു

''ഡോക്ടറും എന്‍ജിനിയറും ആവില്ലെന്നുറപ്പായിരുന്നു. പിന്നെന്താവുമെന്ന് ആലോചിച്ചിട്ടുണ്ടോ. അതുമില്ല. ഒടുവില്‍ ലിബറല്‍ ആര്‍ട്‌സ് പഠിച്ചു. പ്രത്യേകിച്ച് ഒരിഷ്ടവുമില്ലാതെ സഞ്ചരിച്ചെത്തിയത് പല രാജ്യങ്ങളിലെ നയതന്ത്രപ്രധാനമായ വേദികളിലായിരുന്നു. ഇപ്പോള്‍ ഒരു ലക്ഷ്യമുണ്ട്, സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കുതകുന്ന കാര്യങ്ങള്‍ ചെയ്യാന്‍പറ്റുന്ന ഒരു നല്ല പോളിസി മേക്കറാവണം'' ചെറുപ്പത്തിന്റെ ചുറുചുറുക്കാര്‍ന്ന സ്വരമാണ് അനാമിക മധുരാജിന്. ഇരുപത്തിമൂന്ന് വയസ്സിനുള്ളില്‍ യു.എന്നിന്റെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ പങ്കാളിയാകാന്‍ കഴിഞ്ഞിട്ടുണ്ട് അനാമികയ്ക്ക്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം.ഫില്‍ ചെയ്യാനൊരുങ്ങുകയാണ് ഈ മിടുക്കി.

പഠിച്ചുപഠിച്ച്...

പ്ലസ് ടു കഴിഞ്ഞ് എന്തുചെയ്യണമെന്ന് ആലോചിച്ചാലോചിച്ചാണ് ലിബറല്‍ ആര്‍ട്‌സില്‍ എത്തിയത്. ഇന്ത്യയില്‍ അത്തരമൊരു കോഴ്‌സ് വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല അക്കാലത്ത്. അങ്ങനെ ലണ്ടന്‍ കിങ്‌സ് കോളേജില്‍ ലിബറല്‍ ആര്‍ട്‌സിന് ചേര്‍ന്നു. ആദ്യത്തെ വര്‍ഷം പല വിഷയങ്ങളും പഠിക്കാം, ഫിലിം സ്റ്റഡീസ്, ഫ്രഞ്ച് ഒക്കെ പഠിച്ചു. രണ്ടാംവര്‍ഷമാണ് ഏതാണ് പ്രധാനവിഷയമെന്ന് തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ പൊളിറ്റിക്‌സ് മേജറായി എടുത്തു. അതിനിടെയാണ് സര്‍വകലാശാലയിലെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചത്. ഒരു സെമസ്റ്റര്‍ വേറെ സര്‍വകലാശാലയില്‍ പഠിക്കാന്‍ അതുവഴി കഴിഞ്ഞു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരിലാണ് പഠിച്ചത്. ആ സെമസ്റ്റര്‍ കഴിഞ്ഞപ്പോള്‍ എല്ലാ വിഷയത്തിനും എ ഗ്രേഡ് കിട്ടി. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഇന്റേണ്‍ഷിപ് കിട്ടി, കൊളംബിയയില്‍.

മിനിസ്ട്രി ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറില്‍ മൂന്നുനാലു മാസമായിരുന്നു അത്. പോളിസി റിസര്‍ച്ചാണ് ചെയ്തത്. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അന്ന് പഠനം നടത്തി. കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെപ്പറ്റി പഠിച്ചു. ഇത് പരിഹരിക്കാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിനല്‍കി. അതുകഴിഞ്ഞുവന്ന് പഠനം പൂര്‍ത്തിയാക്കി. കിങ്‌സിലെ പഠനത്തിനിടെ ഗ്ലോബല്‍ എക്‌സ്പീരിയന്‍സ് റിട്ടണ്‍ റിഫല്‍ക്ഷന്‍ അവാര്‍ഡ്, ഇന്റര്‍ ഡിസിപ്ലിനറി അവാര്‍ഡ്, യൂറോപ്യന്‍ ഗ്ലോബല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് അവാര്‍ഡ് എന്നിവ കിട്ടി.

യു.എന്നിലേക്ക്...

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ സമ്മര്‍ സ്‌കൂളില്‍ ചേര്‍ന്ന് എക്കണോമിക്‌സ് പഠിച്ചു. രണ്ടുമാസം. അതിനിടെ യു.എന്നില്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നു. അത് കിട്ടിയതോടെ നെയ്‌റോബിയിലെ യു.എന്‍. ഹ്യൂമണ്‍ സെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍. ഹാബിറ്റേറ്റ്) കൂടെ ചേര്‍ന്നു. സമൂഹത്തിലെ പലതട്ടിലുള്ളവര്‍ വീടിന്റെ കാര്യത്തിലും മറ്റും നേരിടുന്ന അന്തരത്തെക്കുറിച്ചാണ് പഠിച്ചത്. വീടുകളുടെ, താമസസൗകര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. എവിടെയാണ് നല്ലത്, എവിടെയാണ് മോശം എന്നെല്ലാം പഠിച്ചു.

ഹ്യൂമണ്‍റൈറ്റ്‌സ് മെത്തഡോളജി ഉപയോഗിച്ച് അതിനായി ഹൗസിങ് ടൂള്‍ ഉണ്ടാക്കി. ദക്ഷിണകൊറിയയില്‍ അതിപ്പോഴും ഉപയോഗിക്കുന്നു. ആരോഗ്യം, അക്രമം, തൊഴിലില്ലായ്മ തുടങ്ങിയവ കെനിയയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ ഏതുരീതിയിലാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. സുസ്ഥിരവികസനത്തിനാണ് ഞങ്ങള്‍ ഊന്നല്‍നല്‍കിയത്. കെനിയയില്‍ ഉള്ളപ്പോള്‍ നെയ്‌റോബിയില്‍ ഭീകരാക്രമണം ഉണ്ടായി. അതിനുശേഷം റെഡ്‌ക്രോസ് രക്തദാനക്യാമ്പ് നടത്തി. അതില്‍ വൊളന്റിയറായി.

സ്റ്റോക്‌ഹോമിലും യൂത്ത് ഫോറത്തിലും

കഴിഞ്ഞവര്‍ഷം നവംബറില്‍ കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്റ്റോക്ക് ഹോമില്‍ നടത്തിയ സമ്മേളനത്തിലും പങ്കെടുത്തു. കാലാവസ്ഥാ പ്രതിസന്ധിയില്ലെന്ന് വാദിക്കുന്നവരെ അത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന പ്രബന്ധമാണ് അന്ന് അവതരിപ്പിച്ചത്. വേള്‍ഡ് യൂത്ത് ഫോറം ഈജിപ്തില്‍ എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. അതിന് ഒരു ലക്ഷത്തിലേറെപ്പേര്‍ അപേക്ഷിച്ചതില്‍ 5000 പേരെയാണ് തിരഞ്ഞെടുക്കുന്നത്. അതില്‍ ഒന്ന് ഞാനായിരുന്നു. യുവാക്കളുടെ ശേഷി ഏതുരീതിയില്‍ പ്രയോജനപ്പെടുത്താമെന്ന കാര്യത്തിനായിരുന്നു ഊന്നല്‍. പ്രസിഡന്റിനൊപ്പം അത്താഴത്തിനും ചര്‍ച്ചയ്ക്കുമായി തിരഞ്ഞെടുക്കപ്പെട്ടവരിലും ഉള്‍പ്പെട്ടു. അതുകഴിഞ്ഞ് കുറച്ചുനാള്‍ ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തിലും പ്രവര്‍ത്തിച്ചു.

ഒക്ടോബറില്‍ തുടങ്ങാന്‍പോകുന്ന വേള്‍ഡ് ഇംപാക്ട് അലയന്‍സില്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗ്ലോബല്‍ റിസ്‌ക് ഇന്‍സൈറ്റ് ജേണലില്‍വരുന്ന ലേഖനങ്ങള്‍ എഡിറ്റുചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇന്ത്യയെ അറിയാം

ഇവിടെയായിരുന്നപ്പോള്‍ ഇന്ത്യ നമ്മുടെ രാജ്യം എന്നതിനപ്പുറം മറ്റൊന്നും ആലോചിച്ചിരുന്നില്ല. എന്നാല്‍, പുറമേക്ക് പോയപ്പോഴാണ് രാജ്യത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞത്. നമ്മുടെ ജനാധിപത്യസംവിധാനങ്ങളും സാമൂഹിക ചുറ്റുപാടുകളുമൊക്കെ മാറ്റമാണ്. പിന്നെ പഠിക്കുമ്പോഴും മറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായപ്പോഴുമൊന്നും ഇന്ത്യക്കാരോ മലയാളികളോ ഒപ്പമുണ്ടായിരുന്നില്ല. പല രാജ്യക്കാരായ സുഹൃത്തുക്കളുണ്ട്. ഇന്ത്യക്കാര്‍, പ്രത്യേകിച്ചും കേരളത്തിലുള്ളവര്‍ എന്ന് പറയുമ്പോള്‍ വലിയ സ്‌നേഹവും ബഹുമാനവുമാണ്. പലരും എത്തിച്ചേരാനാഗ്രഹിക്കുന്ന ഒരു സ്ഥലമാണ് കേരളമെന്നുതന്നെ പറയാം.

പഠനത്തിനു പോയപ്പോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഭക്ഷണം, കാലാവസ്ഥ എല്ലാം അസ്വസ്ഥതയുണ്ടാക്കി. എന്നാല്‍, ഇപ്പോള്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ല. എം.ഫിലിന് പോകുമ്പോഴും ഇന്ത്യ തന്നെയാണ് മനസ്സില്‍. ആദ്യവര്‍ഷം ഫീല്‍ഡ് വര്‍ക്കും പ്രബന്ധവും ചെയ്യണം. അത് ഏതുരീതിയില്‍ ചെയ്യണമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. നമ്മുടെ രാജ്യത്തിന് പ്രയോജനപ്പെടുന്നതാകുമെന്നുറപ്പുണ്ട്. കൊച്ചി പാലാരിവട്ടം 'സംയമ'യിലിരിക്കുമ്പോഴും തന്റെ ഇനിയുള്ള യാത്രയെക്കുറിച്ച് സ്വപ്നംകാണുകയാണ് ഈ പെണ്‍കുട്ടി. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനിയറായ അച്ഛന്‍ മധുരാജും പ്ലസ്ടു അധ്യാപികയും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയുമായ അമ്മ ലേഖാ നമ്പ്യാരും ഇരട്ടസഹോദരിയും ആര്‍കിട്ടെക്ട് വിദ്യാര്‍ഥിയുമായ മാളവികയുമെല്ലാം അനാമികയുടെ ചിറകുകള്‍ക്ക് ഊര്‍ജമാകുന്നു.

Content Highlights: international women's day 2020, each for equal, a Girl's dream for her country