പിന്നെയുമൊരു അന്താരാഷ്ട്രവനിതാ ദിനം..സ്ത്രീസമത്വം ആണ് ഇത്തവണ വനിതാദിനത്തിന്റെ തീം.. 

പ്രഭാഷണങ്ങളിലും കൂട്ടായ്മകളിലും സ്ത്രീസുരക്ഷയും സ്ത്രീസമത്വവും എല്ലാ വര്‍ഷത്തെയും പോലെ  മുഴങ്ങി കേള്‍ക്കും! സ്വാതന്ത്ര്യമുള്ള, സ്വന്തം കാലില്‍ നില്‍ക്കുന്ന പെണ്ണിന് മാത്രം  പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ആകെ വാരി വിതറും.. ! സംവരണങ്ങളില്‍ ആശ്രയിക്കാതെ പൊതുവിടങ്ങളിലെല്ലാം ആണിനൊപ്പം പരിഗണന ലഭിക്കുന്ന ഒരു ലോകമാണ്, അല്ലെങ്കില്‍ അത്തരമൊരു  സമത്വഭാവനയാണ് എന്റെ മനസിലുള്ളത്... 

മീന്‍ വാങ്ങണമെങ്കില്‍, പുറത്തേക്കിറങ്ങണമെങ്കില്‍,കൂട്ടുകാരിയെ കാണണമെങ്കില്‍, പഠിക്കാന്‍ പോകണമെങ്കില്‍,   'ഏട്ടന്‍ വന്ന് ചോദിച്ചിട്ട്, അല്ലെങ്കില്‍ ഏട്ടനെ വിളിച്ച് പറഞ്ഞിട്ട് ചെയ്യാമെന്ന്' കരുതുന്നവരില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? ഭര്‍ത്താവ് പറയുന്നതല്ലാതെ, ഭര്‍ത്താവിന്റെ അനുവാദമില്ലാതെ സ്വന്തം വീട്ടില്‍ പോവാത്ത പെണ്ണുങ്ങള്‍ ഇല്ലെന്നോ? രാത്രി തല്ലിച്ചതയ്ക്കുന്ന ഭര്‍ത്താവിന് രാവിലെ ഒന്ന് മുഖം കറുപ്പിക്കുക കൂടി ചെയ്യാതെ ചൂടുള്ള ചായ കൈയ്യില്‍ കൊണ്ട് കൊടുക്കുന്ന ഭാര്യമാരില്ലേ? സമൂഹത്തിന്റെ താഴെക്കിടയില്‍ മാത്രമല്ല,അഭ്യസ്തവിദ്യരായ, ഉന്നതജീവിതനിലവാരം പുലര്‍ത്തുന്ന സ്ത്രീസമൂഹത്തിലും ഇത്തരമൊരു വിഭാഗമാണ് കൂടുതല്‍ എന്നത്  ആശങ്കാജനകമാണ്..

സമത്വം നമ്മളെ അന്വേഷിച്ചു വരുകയല്ല..  നമ്മളതിനെ കൈയ്യെത്തി പിടിക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവാണ്, ചിന്തയാണ് ഈ അവസരത്തില്‍ പങ്ക് വയ്ക്കാനുള്ളത്.. 

1.അവന്‍ ആണല്ലേ എന്ന് ഒന്നു വീതം മൂന്ന് നേരം പെണ്മക്കളോട്  പറയുന്ന അമ്മയില്‍ നിന്ന് തുടങ്ങണം തിരുത്തല്‍.. അവന് പകരം  അവള്‍ കടയില്‍ പോകട്ടെ, അവളല്‍പം താമസിച്ചു വീട്ടില്‍ വന്നാല്‍ എന്താണ്, അവള്‍ ഏത് കോഴ്‌സ് ചെയ്യണം എന്നത് അവള്‍ക്ക് വിടുക, എന്നൊക്കെ പറയുന്ന മാതാപിതാക്കളുണ്ടാകട്ടെ ആദ്യം.. അമ്മയെന്ന അടിത്തറയ്ക്ക് മുകളിലാണ് അവളുടെ ആത്മവിശ്വാസം വളര്‍ന്ന് വരുന്നത്.. മാതൃകയാവണം അമ്മ..സമത്വവും സ്വതന്ത്രവും അവളുടെ അവകാശമാണെന്ന് പറഞ്ഞു കൊടുക്കുകയല്ല, പ്രവര്‍ത്തിയില്‍ മാതൃകാവട്ടെ... 
ഇഷ്ടമുള്ളത് വേണം എന്ന് പറയാന്‍  കുഞ്ഞുനാളില്‍ തന്നെ പഠിക്കുക..റിമ കല്ലിങ്കല്‍ പറഞ്ഞത് ഓര്‍മ്മയില്ലേ? ആങ്ങളയ്ക്ക് കൊടുക്കുന്ന മീന്‍ തനിക്കെന്ത് കൊണ്ട് കിട്ടുന്നില്ല എന്ന് ചിന്തിക്കുനന്നിടത്ത് സമത്വഭാവനയ്ക്ക് തറക്കല്ലിടാം. അങ്ങനെയൊരു ചിന്തയുണ്ടാവട്ടെ പെണ്ണുങ്ങള്‍ക്ക്..എന്റെ അവകാശമാണിത്, എനിക്ക് അര്‍ഹതപ്പെട്ടതാണ്.. എനിക്ക് ഇതാണ് ഇഷ്ടം, അതെനിക്ക് വേണം ' എന്ന് എവിടെയും പ്രത്യേകിച്ച് വീട്ടില്‍ നന്നെ  ഉറക്കെ പറഞ്ഞു പഠിക്കട്ടെ... 

2.വിവാഹമെന്ന കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലാത്ത സ്ത്രീകളേറെയാണ്.. അവരെക്കാള്‍, അവരുടെ കുടുംബങ്ങളെക്കാള്‍ സമൂഹത്തിനാണ് അതില്‍ വേവലാതി... സവീട്ടിലുള്ള ആണ്‍കുട്ടിയേക്കാള്‍ അവളുടെ വിവാഹമാണ് അച്ഛനമ്മമാരുടെ ഏക ലക്ഷ്യവും വേവലാതിയും!! സ്വന്തം ജീവിതം സ്വാന്തമായി രൂപകല്‍പന ചെയ്യാനുള്ള അവകാശം അവള്‍ക്ക് ലഭിക്കണം.. ഇനിയെങ്കിലും!! 

3.സാമ്പത്തികസമത്വവും പ്രധാനമാണ്.. സ്വന്തം കാലില്‍ നില്‍ക്കുന്ന ഭാര്യയെ അഭിമാനമായി കാണുന്ന ആണുങ്ങളെ നന്ദിയോടെ ഓര്‍ത്തു കൊണ്ട് തന്നെ മറുവശം  പറയട്ടെ... അവളുടെ ശമ്പളത്തിനു ഭര്‍ത്താവെങ്ങനെ അധികാരിയാകും?  വീട്ടിലെ ബഡ്ജറ്റില്‍ രണ്ടു പേര്‍ക്കും ഒരേ പങ്കാവട്ടെ... ബാക്കി ശമ്പളം അവളുടെ സാമ്പത്തിക അടിത്തറയ്ക്ക് ഉറപ്പു നല്‍കാനുള്ള, അവള്‍ക്ക് സ്വന്തന്ത്രമായി സഞ്ചരിക്കാനുള്ള, ജീവിക്കാനുള്ള അവളുടെ സമ്പാദ്യമാണ്.. മാസാദ്യം അവളുടെ ശമ്പളം വാങ്ങി പോക്കറ്റിലിടുന്ന ഭര്‍ത്താക്കന്മാര്‍ ഈ വനിതാദിനത്തില്‍ ഒന്ന് മാറി ചിന്തിക്കൂ.. 

4. ലേഡീസ് സീറ്റ് ഉണ്ടെങ്കില്‍ മാത്രം ബസില്‍ കയറുന്ന, ട്രെയിനില്‍ ആണൊരുത്തന്‍ അടുത്തു വന്നിരുന്നല്‍ അസ്വസ്ഥത തോന്നുന്ന സ്ത്രീകളോടാണ്...  സ്വാഭാവികമായി പെരുമാറുക.. സമൂഹത്തില്‍ ആണിനില്ലാത്ത ചാരിത്ര്യവും, ദേഹത്തൊരുത്തന്റെ കൈ മുട്ടിയാല്‍ പോകുന്ന മാനവുമൊന്നും നമുക്കുമില്ല.. അനാവശ്യസമീപനമുണ്ടായാല്‍ പരാതിപ്പെടുകയും, പ്രതികരിക്കുകയുമാണ് വേണ്ടത്.. അല്ലാതെ പെണ്ണാണെന്ന ഒറ്റക്കാരണം കൊണ്ട് സമൂഹത്തില്‍ നിന്ന് സ്വയം സംരക്ഷണമെന്ന പേരില്‍ ഓടിയൊളിക്കുകയല്ല... 

5.ഒരല്‍പം സ്വാര്‍ത്ഥയാകൂ പെണ്ണേ...  ഭര്‍ത്താവിന്റെ തുണി അലക്കി തേച്ച് അദ്ദേഹത്തെ വെടിപ്പായി നടത്തുന്നത് നിങ്ങളുടെ ഉത്തരവാദിത്തമല്ല.. ജിമ്മില്‍ പോയി വരുന്ന അദ്ദേഹത്തിന് നാരങ്ങാവെള്ളം കലക്കി കൊടുക്കുന്നതിനിടയില്‍  എപ്പോഴെങ്കിലും നിങ്ങളുമൊന്നു കണ്ണാടിയില്‍ നോക്കൂ... അവനൊപ്പം ഒരുങ്ങേണ്ടവളാണ് നീയും...സമ്പാദ്യത്തില്‍ നിന്നൊരല്‍പം നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ചിലവഴിക്കൂ.. 

ആരുടേയും നിഴലാവരുത്, മറിച്ച്, സൂര്യനാവണം... നമ്മുടെ വെളിച്ചം മറ്റുള്ളവരുടെ  നിഴലിന്റെ നീളവും വ്യാപ്തിയും നിശ്ചയിക്കട്ടെ..

Content Highlights: International Women's Day 2020 #Each For Equal