ത് ഒരു അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ്. മൗത്ത് പെയിന്റിങ്ങിലൂടെ പ്രശസ്തനായ ജോയലിന്റെയും അവനെ നിറങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന ചന്ദ്രികടീച്ചറുടെയും കഥ. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം അടക്കമുള്ള പുരസ്‌കാരനിറവിലും നിഴല്‍പോലെ കൂടെയുണ്ട് അവന്റെ ടീച്ചറമ്മ...

നാല് ചുമരുകള്‍ക്കുള്ളിലായിരുന്നു ജോയലിന്റെ ജീവിതം. വാശിയോടെ കരഞ്ഞുതീര്‍ത്ത നാളുകള്‍. കൂട്ടുകാര്‍ കളിക്കാനോടുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കുന്നവന്‍. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വരോഗമാണ് അവന്റെ സ്വപ്നങ്ങളെ തകര്‍ത്തത്. പരസഹായത്തോടെ നീങ്ങുന്ന ചക്രക്കസേരയില്‍ കാരച്ചാല്‍ കണ്ടംമാലി വീട്ടിന്റെ അകത്തളങ്ങളില്‍ അവന്‍ ഒരു നൊമ്പരമായി നിറഞ്ഞു.

ഇത് ഒന്നരവര്‍ഷം മുമ്പുള്ള കഥ...പെറ്റമ്മയെപ്പോലെ സ്നേഹിക്കുന്ന അവന്റെ ടീച്ചറമ്മയെ കാണുന്നതിന് മുമ്പ്. മീനങ്ങാടി ജി.വി.എച്ച്.എസ്. എസിലെ എട്ടാംതരം വിദ്യാര്‍ഥിയായിരുന്നു ജോയല്‍ അന്ന്. സുല്‍ത്താന്‍ ബത്തേരി ബി.ആര്‍.സി. യില്‍ നിന്നുള്ള റിസോഴ്‌സ് അധ്യാപകരാണ് വീട്ടിലെത്തി ക്ലാസുകള്‍ നല്‍കിയിരുന്നത്. 2018-19 അധ്യയനവര്‍ഷത്തില്‍ ചന്ദ്രിക ജോയലിന്റെ അധ്യാപികയായി വന്നതോടെ അവനില്‍ മാറ്റങ്ങള്‍കണ്ടു. അല്‍പ്പം ചലനശേഷിയുള്ള കൈകൊണ്ട് ഒരിക്കല്‍ അവനൊരു ചിത്രംവരച്ചു. വിടര്‍ന്ന പൂവിന്റെ ചിത്രം വെറുമൊരു ചിത്രമല്ലെന്ന് ചന്ദ്രിക ടീച്ചര്‍ മനസ്സിലാക്കി.

പിറ്റേന്ന് കൈനിറയെ കടലാസുകളും നിറങ്ങളുമായാണ് ടീച്ചര്‍ വന്നത്. കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ അവനെ പ്രോത്സാഹിപ്പിച്ചു. ജോയലിന്റെ ഉള്ളിലെ ചിത്രകാരന്റെ ഭാവനക്കൊത്ത് കൈകള്‍ ചലിക്കാതായപ്പോഴാണ് മൗത്ത് പെയിന്റിങ്ങ് എന്ന ആശയം ജനിച്ചത്. ചന്ദ്രിക ടീച്ചറുടെ സുഹൃത്ത് അനിത കുമാരിയിലൂടെ കെ.ആര്‍.സി. തായന്നൂര്‍ എന്ന ചിത്രകാരനെ ജോയലിന്റെ വീട്ടിലെത്തിച്ചു. അദ്ദേഹം മൗത്ത് പെയിന്റിങ്ങിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ഇന്ന് ഭിന്നശേഷിക്കാരായ കലാകാരന്‍മാരുടെ അന്താരാഷ്ട്ര സംഘടനയിലെ (ഐ.എം.എഫ്.എ.) ഏറ്റവും പ്രായംകുറഞ്ഞയാളാണ് ജോയല്‍.

നിരാശയില്‍ കഴിഞ്ഞിരുന്ന ജോയലിന്റെ ജീവിതം മാറ്റിമറിച്ചത് ചന്ദ്രികയാണ്. അവന്‍ വിധിയോട് തോല്‍ക്കാതിരിക്കാന്‍ സ്വന്തം മക്കളേക്കാള്‍ വാത്സല്യവും കരുതലും നല്‍കി. വാശിയും സങ്കടവും പതിയെ അവന്റെ മുഖത്തുനിന്ന് മാഞ്ഞു. ചക്രക്കസേരയിലിരുന്ന ജോയല്‍ പ്രകൃതിയെ തൊടുമ്പോള്‍ നിഴല്‍പോലെ ചന്ദ്രിക കൂടെനിന്നു. ആരോടും സംസാരിക്കാത്ത ജോയല്‍ അവനേറ്റവും ഇഷ്ടമുള്ള മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എന്നപാട്ട് ഏറെത്തവണ പാടിക്കൊടുത്തത് അവന്റെ ടീച്ചറമ്മയ്ക്കാണ്. വാട്‌സ് ആപ്പില്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി അത് നിയന്ത്രിക്കാന്‍ അവനെ പഠിപ്പിച്ചത് ടീച്ചറാണ്. ഒരു ചിത്രം വരച്ചാല്‍ ആദ്യം പ്രസിദ്ധീകരിക്കുന്നത് ഈ ഗ്രൂപ്പിലാണ്. ഏതു പാതിരാത്രിയിലാണെങ്കിലും അവന്റെ ചിത്രത്തിനുള്ള ആദ്യ പ്രോത്സാഹനം ടീച്ചറുടേതാകും.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ ജോയല്‍ ഇന്ന് തിരക്കുള്ള കലാകാരനാണ്. നാടുനീളെയുള്ള സ്വീകരണങ്ങള്‍. ഉദ്ഘാടനങ്ങള്‍, പുരസ്‌കാരങ്ങള്‍. ജോയല്‍ ഇന്ന് സ്റ്റാറാണ്. എവിടെപ്പോയാലും മാതാപിതാക്കള്‍ അവന്റെ പ്രിയപ്പെട്ട ടീച്ചറെയും ഒപ്പംകൂട്ടും... കാരണം അവന്റെ ഉള്ളൊന്ന് പിടഞ്ഞാല്‍ ആദ്യമറിയുക ആ അമ്മ മനസ്സാണ്... മീനങ്ങാടി പുറക്കാടിയില്‍ മൊറാഴ വടക്കേവീട്ടില്‍ വിജയന്റെ ഭാര്യയാണ് ചന്ദ്രിക. അന്തകൃഷ്ണന്‍, രാധിക എന്നിവര്‍ മക്കളാണ്.

Content highlights: inspired story of a teacher and student