കൊച്ചി: 'കാടും നാടും അതിരിടുന്നുണ്ട് മുള്ളരിങ്ങാട്ടെ വഴികളില്‍... പാറക്കൂട്ടങ്ങളും നീര്‍ച്ചാലുകളും ചെറു കുന്നുകളുമെല്ലാം നിറഞ്ഞ കാടകത്തുനിന്ന് രാജവെമ്പാലയും കാട്ടുപന്നിയുമെല്ലാം ഇടയ്ക്ക് നാടുകാണാന്‍ ഇറങ്ങും... ഒരു ചെറുതീപ്പൊരി കാടാകെ എരിച്ചുകളയും, മറ്റു ചിലപ്പോള്‍...'

രാവെന്നും പകലെന്നുമില്ലാതെ കരുതലോടെ കാടിനൊപ്പം നില്‍ക്കേണ്ടതിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് മുള്ളരിങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. രമ്യ.

ഇവിടെ ചുമതലയേറ്റിട്ട് ആറുമാസമായതേയുള്ളൂ. 37 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയുടെ കാവലുണ്ട്്. കാടിന്റെ ഭാഗങ്ങള്‍ എറണാകുളവും പിന്നിട്ട് ഇടുക്കിയിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു. കാടിനെയും മൃഗങ്ങളെയും സംരക്ഷിക്കുകയെന്നത് വെല്ലുവിളിനിറഞ്ഞ ജോലിയാണെന്ന് രമ്യ പറയുന്നു.

കാടിനോട് തൊട്ടുചേര്‍ന്ന് ജനവാസ മേഖലയുണ്ട്, മുള്ളരിങ്ങാട്ട്. അതിനാല്‍ ജാഗ്രത ഏറെ ആവശ്യമാണ്. മരംമുറിക്കല്‍, വനംകൈയേറ്റം എന്നിവയിലും ശ്രദ്ധവേണം. ദിവസവും പട്രോളിങ്ങുണ്ട്. കാട്ടിലേക്കുള്ള യാത്രയില്‍ വാഹനമെന്ന ആഡംബരം എപ്പോഴും പ്രതീക്ഷിക്കാനാകില്ല. ചിലപ്പോള്‍ മണിക്കൂറുകള്‍ നടക്കേണ്ടിവരും. കാട്ടിലെ ട്രെക്കിങ്ങും ക്യാമ്പിങ്ങുമെല്ലാം ജോലിയുടെ ഒരു ഭാഗം മാത്രം.

'അടുത്തിടെ കാട്ടുതീയുണ്ടായി. 10 കിലോമീറ്റര്‍ കാടിനകത്തായിരുന്നു. അഗ്‌നിരക്ഷാ ഉപകരണങ്ങളുമായി എല്ലാവരും കാടിനകത്തേക്ക് നടന്നെത്തിയാണ് തീയണച്ചത്. വന്യജീവി ആക്രമണ സംഭവങ്ങള്‍ വളരെ കുറവുള്ള മേഖലയാണ്. രാജവെമ്പാലയുടെയും കാട്ടുപന്നിയുടെയും ശല്യമുണ്ട്. പാമ്പിനെ പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിടുകയാണ് ചെയ്യുന്നത്' രമ്യയുടെ വാക്കുകള്‍ ശരിവയ്ക്കും മട്ടില്‍ വഴിയരികില്‍ പാമ്പിന്‍ പടം പൊഴിഞ്ഞുകിടക്കുന്നു.

ഇത് മൂര്‍ഖന്റെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഒപ്പമുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍.

'എന്തെങ്കിലും സംഭവങ്ങള്‍ അറിഞ്ഞാല്‍ ഏത് രാത്രിയായാലും സ്ഥലത്ത് എത്തണം. കാടുകയറുന്നതിലൊക്കെ വീട്ടുകാര്‍ക്ക് ആശങ്കയുള്ളത് സ്വാഭാവികം. പക്ഷേ, ശുദ്ധവായു ശ്വസിച്ച്, കാടിനെ കാക്കാന്‍ കിട്ടുന്ന അവസരമല്ലേ... അത് ചെറിയ കാര്യമല്ലല്ലോ...' വാക്കുകളില്‍ നിറയുന്നു കാടിനോടുള്ള ഇഷ്ടം.

Content Highlights: forest officer ramya forest officer ramya International Women's Day 2020 #Each For Equal