'തീയാളി തുടങ്ങുമ്പോള്‍ ആദ്യം കൈകള്‍ രണ്ടും മുകളിലേക്ക് പൊന്തിവരും,പിന്നെ രണ്ടുകാലും പൊന്തും..പിന്നെയെന്ത്. ഒരു ബലൂണ്‍പോലെ...കുറച്ചുനേരം കൂടി കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു..ഇടക്കിടെ അകത്തേക്ക് ഇങ്ങനെ നോക്കണം.'-സുബീന നീണ്ട ഇരുമ്പ്ദണ്ഡ് കൊണ്ട് ബര്‍ണറിനകത്തെ മൃതദേഹം ശരിയാക്കിവെച്ചു. അകത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് ജീവന്‍ വിട്ടകന്ന ഒരാളുടെ ശരീരമുണ്ട്. ക്രിമിറ്റോറിയത്തിന്റെ കുഞ്ഞുലെന്‍സിലൂടെ അത് നോക്കി കാവലിരിക്കുകയാണ് സുബീന എന്ന 27-കാരി. ഭാരം കുറഞ്ഞവരാണെങ്കില്‍ അതിശ്ക്തമായ ചൂടില്‍ മൃതദേഹം തെന്നിമാറി ചുമരിനടുത്തെത്തും. അപ്പോള്‍ വലിയ ഇരുമ്പ് തടികൊണ്ട് തീക്കനലിലേക്ക് നീക്കി വെക്കണം. ദഹിപ്പിക്കാന്‍ എത്തുന്നവര്‍ ട്രേയില്‍ കയറ്റിവെക്കുംവരെ ഒപ്പമുണ്ടാവും. പിന്നെ ചങ്ങല നീക്കി നിവര്‍ത്തി ബര്‍ണറിലേക്ക് നീക്കുന്നത് സുബീനയാണ്. കുറച്ചുനിമിഷങ്ങള്‍..വന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ദേഹം വിട്ടുനല്‍കി മടങ്ങുകയാണ്. ഒരു സ്ത്രീ സുബീനയെ ചേര്‍ത്തുനിര്‍ത്തി, മോളേ, ഇതൊരു പുണ്യപ്പെട്ട പ്രവൃത്തിയാണ് നീയ്‌ ചെയ്യുന്നത്.

ആംബുലന്‍സും ഒപ്പംവന്നവണ്ടികളും പോയികഴിഞ്ഞു. സുബീന അതീവശ്രദ്ധയോടെ ബര്‍ണറിന് സമീപമുണ്ട്. ഇന്ന് രാവിലെ ഒമ്പതിന് ആദ്യത്തെയാണ്. ചൂടായി വരാന്‍ തന്നെ ഒന്നരമണിക്കൂര്‍ എടുക്കും. പിന്നെപ്രശ്‌നമില്ല. അടുത്തതെല്ലാം അരമണിക്കൂറോ കുറച്ചുകൂടുതലോ വേണ്ടിവരുള്ളൂ.. കുഞ്ഞുലെന്‍സിലൂടെ നോക്കി എരിഞ്ഞടങ്ങിയെന്ന് ഉറപ്പുവരുത്തി. താഴെവെച്ച ട്രേ വലിച്ചെടുത്തു. അപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന കനലുകള്‍ക്കിടയില്‍ നിന്ന് കര്‍മങ്ങള്‍ക്കുള്ള അസ്ഥി പെറുക്കി കുടത്തിലാക്കി പേരും വിവരങ്ങളുമെഴുതിവെച്ചു. ദിവസങ്ങള്‍ക്ക് ശേഷമെത്തുന്ന ബന്ധുക്കള്‍ക്ക് കൈമാറാന്‍. 870 ഡിഗ്രി ചൂട്‌, രണ്ട് ബര്‍ണറില്‍നിന്നുമായപ്പോള്‍, ഒരു ചൂളയിലെന്ന് പോലെ പുറത്തും ഉരുകുന്നുണ്ട്. അത്ര അസഹ്യമായി എരിഞ്ഞുതീരുന്ന തൊട്ട് മുമ്പ് വരെ കത്തികത്തിജ്വലിച്ച ജീവനുകള്‍..തീക്കനല്‍ പോലെയിരിക്കുന്ന ട്രേയില്‍നിന്നൊക്കെ പൊള്ളലേല്‍ക്കാം.

ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസിന്റെ മുക്തിസ്ഥാനില്‍ ശവദാഹത്തിന് എത്തുന്നവര്‍ ഈ പെണ്‍കുട്ടിയെ കണ്ട് ആദ്യം ഒന്ന് അമ്പരന്നേക്കാം. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്കും ബോധ്യപ്പെടും മറ്റൊതൊരാളെയും പോലെ സുബീന തന്റെയും പ്രിയപ്പെട്ട ആരോയെന്ന പോലെ ഏറ്റുവാങ്ങി കര്‍മങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ക്ക് ഒപ്പം നിന്ന് യാത്രയാക്കുന്നത്. പുലര്‍ച്ചെ നാല്-നാലരയാവുമ്പോള്‍ എന്നും അറിയാതെ എഴുന്നേല്‍ക്കും. എഴുന്നേറ്റയുടന്‍ കുളിയാണ്. പിന്നെ വീട്ടുജോലികള്‍ തീര്‍ത്ത് വരുമ്പോഴേക്കും വീട്ടകാരെല്ലാവരും എഴുന്നേല്‍ക്കും. ഒന്നാം ക്ലാസ്സുകാരന്‍ ആറുവയസ്സുകാരന്‍ മകന്‍ മുഹമ്മദ് ഇര്‍ഫാനെ യൂണിഫോം ഇടുവിച്ച് ഒരുക്കിനിര്‍ത്തി ഏഴോടെയാണ് സുബീന മുക്തിസ്ഥാനിലെത്തു്ന്നത്. രാവിലെ അസ്ഥി സ്വീകരിക്കാന്‍ വരുന്നവരുണ്ടാകും. ഒമ്പത് മുതല്‍ മൃതദേഹം ദഹിപ്പിക്കല്‍ തുടങ്ങും. നാലരയാണ് അവസാനം എടുക്കുന്ന സമയം. ഒരുദിവസം ഏഴുവരെയൊക്കെയുണ്ടാവുന്ന സമയങ്ങളുണ്ട്. ഉച്ചയ്ക്ക് ശേഷം ജോലിയുണ്ടെങ്കില്‍ ഉച്ച ഭക്ഷണമില്ല. അല്ലെങ്കില്‍ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിക്കും.

മതിലകം സ്വദേശി സുബീന മുക്തിസ്ഥാനിനടുത്ത് പ്രദേശത്ത് എത്തുന്നത് കുഴിക്കണ്ടത്തില്‍ റഹ്മാന്റെ ഭാര്യയായാണ്. പ്ലസ്ടു കഴിഞ്ഞയുടന്‍ ആയിരുന്നു വിവാഹം. ഡിഗ്രി ഒരു വര്‍ഷം ആയപ്പോള്‍ ഗര്‍ഭിണിയായി പഠനം നിലച്ചു.-വലിയ കണ്ണുകളില്‍ അപൂര്‍വമായി കണ്ട സങ്കടം നിഴലിച്ചു. ഇനിയും പഠിക്കണമെന്നുണ്ട്. പക്ഷേ ഞായറാഴ്ച പോലും ഇവിടന്ന് വിട്ടുനില്‍ക്കാന്‍ പറ്റില്ല. കഴിഞ്ഞ പെരുനാളിന് ഏഴ് കേസുകള്‍ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണത്തിന് വീട്ടില്‍ വിരുന്നുകാരൊക്കെ ഞാനൊരുക്കിയ ഭക്ഷണം കഴിക്കുമ്പോള്‍ പോലും എത്തിനോക്കാനായില്ല. ഇവിടെയെത്തുംമുമ്പ് മഹിളാകോണ്‍ഗ്രസ്സ് പ്രവര്‍ത്തനമൊക്കെയായി സജീവമായിരുന്നു.

സ്വന്തം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് എന്നെ  ഇവിടെയെത്തിച്ചത്. മരംവെട്ടുകാരനായ ബാപ്പ മരത്തില്‍ നിന്നൊന്നുവീണു. നാലഞ്ച് ശസ്ത്രക്രിയ വേണ്ടിവന്നു. അന്നാണ് പൈസയുടെ വലിയ വില ശരിക്കും മനസ്സിലായത്. ഇവിടെ വന്നശേഷം കാര്യങ്ങള്‍ ഒരു വിധം നടത്തികൊണ്ടുപോകാനാവുന്നുണ്ട്. അനിയത്തിയുടെ വിവാഹം ഒക്കെ നടത്തി. ബാപ്പയുടേയും ഉമ്മയുടേയും വീട്ടുവാടക, ചെലവ്, മരുന്ന് ഒക്കെറ്റിനും പണം ഞാന്‍ നല്‍കും.-അഭിമാനത്തോടെ സുബീന പറയുന്നു.

subeena

മുമ്പ് പോലീസ് കോണ്‍സ്റ്റബിളായി ജോലി കിട്ടിയിരുന്നു. പക്ഷേ അന്ന് പരിശീലനത്തിന് വിളിച്ചപ്പോള്‍ ഭര്‍ത്താവ് ഗള്‍ഫില്‍, മകന്‍ കൈക്കുഞ്ഞും. സങ്കടത്തോടെ അതുപേക്ഷിക്കേണ്ടിവന്നു. ഒരു വര്‍ഷം മുമ്പാണ് ഇവിടെ ക്രിമിറ്റോറിയം തുടങ്ങുന്നത്. ഭര്‍ത്താവിന്റെ ഉപ്പ അബ്ദു ആണ് പറഞ്ഞത്. അവിടെ ജോലിക്ക് അപേക്ഷിക്കാന്‍.

ആദ്യം ഓഫീസ് ജോലിക്കാണ് എത്തിയതെങ്കിലും മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സജീവന്‍ ചേട്ടന്റെ സഹായിയായിരുന്നു. ഇടയ്ക്ക് അദ്ദേഹം ഇല്ലാത്തപ്പോള്‍ ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടിവന്നു. പിന്നീട് ചെയ്യാന്‍ സന്നദ്ധത അറിയിച്ച് സ്ഥാപനമുടമകളെ സമീപിക്കുകയായിരുന്നു. സഹായത്തിന് സജീവന്‍ ഒപ്പമുണ്ട്,നിഴലുപോലെ. നാട്ടുകാര്‍ക്ക് ഒരു പെണ്ണ് ഒറ്റക്ക് ശ്മശാനം തുറക്കുകയും പോവുകയും ചെയ്യുന്നത് കണ്ടിട്ട് പിടിച്ചില്ല. ഒരു പെണ്ണ് ശ്മശാനത്തില്‍ പോവുക അതും ഒറ്റയ്ക്ക്. ഇതാണ് പ്രശ്‌നം. അയ്യേ, എനിക്കത് കേട്ടിട്ട് നാണായിപ്പോയി. ഞാന്‍ ചെയ്യുന്നത് ഒരു തൊഴില്ലല്ലേ.. ഇതൊരു ജോലിയല്ലേ, അത് പറയാന്‍ എനിക്കൊരു മടിയുമില്ല. അഭിമാനത്തോടെത്തന്നെയാണ് ചെയ്യുന്നത്-സെന്റ് ജോസഫ് സ്‌കൂളിന് വേണ്ടി വോളിബോള്‍ കോര്‍ട്ടില്‍ അടിച്ചിട്ടിരുന്ന സ്മാഷ് പോലെ ചടുലമാണ് സുബീനയുടെ മറുപടിയും.

മുമ്പത്തൈപ്പോലെയല്ല, മൃതദേഹവുമായി വരുന്നവര്‍ക്കൊപ്പം ഇപ്പോള്‍ സ്ത്രീകളും ഉണ്ടാവാറുണ്ട്. ഒരു സ്ത്രീയായ ഞാന്‍ ഇവിടെയുള്ളതും അതിന് കാരണമാവാം. പെണ്‍മക്കള്‍ കര്‍മം ചെയ്യുന്നതും കാണാറുണ്ട്. കഴിഞ്ഞ ദിവസം ഒരു മുത്തശ്ശിക്ക് വേണ്ടി പേരക്കുട്ടി, പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയാണ്, കര്‍മം ചെയ്തത്. മാറുന്നുണ്ട് നമ്മുടെ ചുറ്റും. ക്രിമിറ്റോറിയത്തിലെ തിരക്കുകള്‍ക്കിടയില്‍ ചടുലമായി തലയുയര്‍ത്തി പ്രതീക്ഷയോടെയാണ് സുബീന അത് പറഞ്ഞത്. 

സുബീനയുടെ പഴയമോഡല്‍ കുഞ്ഞു ഫോണ്‍ ശബ്ദിച്ചു. ശവസംസ്‌കാരം ബുക്ക് ചെയ്യാന്‍ ദൂരെയെവിടുന്നോ ആണ്. സാധാരണ മരണമല്ലെന്നറിഞ്ഞപ്പോള്‍ വാര്‍ഡ് മെമ്പറുടെ കത്തിനൊപ്പം പോലീസ് അനുമതി വേണമെന്ന് സുബീന വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത് കേട്ടു.

പണ്ട് മരണവീട്ടില്‍ ഒന്ന് എത്തിനോക്കിപ്പോവുന്നയാളായിരുന്നു ഞാന്‍. പക്ഷേ, ഇപ്പോള്‍ അതൊന്നും ഒരു പ്രശ്‌നമേയല്ല. ഇവിടത്തെ ഒരു കാര്യവും വീട്ടിലെത്തിയാല്‍ ഓര്‍മ വരാറുമില്ല.

ആരുമില്ലാത്തവരുടെ മൃതദേഹം വരുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അവരെ യാത്രയാക്കാനായി ആരുമില്ല. കരച്ചിലും സങ്കടവുമില്ലാതെ അടമ്പടിയില്ലാതെ ഒരു യാത്രയാവും.

ഒരിക്കല്‍ അപകടത്തില്‍ മരിച്ച ഒമ്പതുവയസ്സുള്ള കുട്ടിവന്നപ്പോള്‍ സങ്കടമായി, മോനെപ്പോലെ തോന്നി, ചെയ്തുകൊടുത്തല്ലേ പറ്റൂ. ഇതെന്റെ ജോലിയല്ലേ. പക്ഷേ ആത്മഹത്യചെയ്ത് വരുന്നത് കുട്ടികളാണെങ്കില്‍ പോലും വിഷമമൊന്നും തോന്നാറില്ല. ജീവിതം പോരാടാതെ വിട്ടുകളയുന്നതിനോട് യോജിപ്പില്ല.

മറ്റുള്ളവരാല്‍ കൊല്ലപ്പെട്ടവരും മുങ്ങിമരിച്ചവരും പലജാതിക്കാരും മതക്കാരുമെല്ലാം ഇവിടെ  എത്തുന്നുണ്ട്. എല്ലാം ഒരുപോലെ, മരണത്തിന് ശേഷം ഏറെ അടുത്ത് നിന്ന് കാണുന്ന സുബീനക്ക് ഇപ്പോള്‍ ഇത്തരം അതിരുകളെല്ലാം അര്‍ഥശൂന്യമാണ്്. ജനിച്ചാല്‍ ഒരുനാള്‍ മരിക്കും. അതാ കണ്ടില്ലേ, നിമിഷങ്ങള്‍ മതി ഇങ്ങനെ ചാരമാവാന്‍.. ഒരു മൃതദേഹം കത്തി തീര്‍ത്തുവെന്ന് ഉറപ്പിച്ച് ചാരത്തില്‍നിന്ന് അസ്ഥി തിരയാന്‍ ഒരുങ്ങുകയാണ് സുബീന..-ജീവിതവും മരണവും എത്ര ലളിതവും നിസാരവുമെന്ന തിരിച്ചറിവില്‍ വലിയ കണ്ണിലൂടെ പ്രകാശമായി അവളുടെ ചിരിനിറയുന്നു. 

പുറത്ത് ജാതിഭേദം മതഭേതമില്ലാതെ എല്ലാരും സോദരേണ വാഴുന്ന ഇടമെന്ന ഗുരുവചനങ്ങള്‍ക്കൊപ്പം ശ്രീനാരായണഗുരുവിന്റെ വലിയ ചിത്രവും.
നാലരക്ക് ചൂളയിലേക്ക് വെച്ചയാള്‍ക്ക് കാവലാണ് സുബീന ,സമയം ആറായി. ഇരുട്ട് പരക്കുന്നതേയുള്ളൂ. തൊട്ടടുത്ത് മാലിന്യകേന്ദ്രത്തില്‍ അതുവരെ കലഹിച്ചിരുന്ന കാക്കക്കൂട്ടവും പരുന്തുകളും അന്നത്തെ പരിപാടി നിര്‍ത്തി കൂടയണയാനുള്ള നിശബ്ദതയിലാണ്.നേരം വെളുക്കും മുമ്പ് തുടങ്ങിയ അങ്കം അവസാനിപ്പ് നാളെ തുടങ്ങാന്‍ ഒരിടവേള.

ഇന്നത്തെ അവസാനത്തെ ശവദാഹവും തീര്‍ന്നു. കനലില്‍ പരതി അസ്ഥിയെടുത്തുമാറ്റിവെച്ചു, സുബീന മുക്തിസ്ഥാന്‍ പൂട്ടിയിറങ്ങി കൂടണയാന്‍.

Content Highlights: crematorium worker subeena thrissur