നിതാദിനത്തിനായി വനിതാ പത്രപ്രവര്‍ത്തകരും നടന്‍ ടൊവിനൊ തോമസും കൂടി ഒരു ചെറിയ കൂടിക്കാഴ്ചയുണ്ടാകുമെന്ന് പെട്ടെന്നാണ് അറിഞ്ഞത്. ഞങ്ങള്‍ പതിനൊന്നുപേരടങ്ങിയ സംഘമാണ് ടൊവിനോയെ നേരിടാന്‍ തയ്യാറായത്. ചോദ്യങ്ങളെ സ്വതഃസിദ്ധമായ വാക്ചാതുരികൊണ്ട് ടൊവിനൊ വലയ്ക്കുള്ളിലാക്കി. അപ്രതീക്ഷിതമായിവന്ന മൂര്‍ച്ചയുള്ള ചില ചോദ്യങ്ങളുടെ മുനകള്‍ സൂപ്പര്‍കിക്കുകള്‍കൊണ്ട് പൊളിച്ചടുക്കി. താന്‍ പൊളിയാണ്...അന്യായമാണ് എന്ന് ടൊവിനൊ വീണ്ടും തെളിയിച്ചു.

ആത്മവിശ്വാസം നഷ്ടപ്പെട്ട് പാതാളത്തിലേക്ക് കാലുംനീട്ടിയിരുന്ന അപ്പുവിനോട് മാത്തന്‍ മായാനദിയില്‍ പറയുന്നുണ്ട്. ''നിന്നെപ്പോലെ ബുദ്ധിയും സൗന്ദര്യവും ഒരുമിച്ചുകിട്ടുന്ന സ്ത്രീകള്‍ കുറവാണ്.'' ടൊവിനൊ ഇതാരോട് പറയും? ആദ്യത്തെ ചോദ്യം.

അത് ഒരാളോടുമാത്രമായി പറയാന്‍പറ്റില്ലെന്നും അത്തരത്തിലുള്ള ഒരുപാട് സ്ത്രീകള്‍ ചുറ്റുമുണ്ടെന്നും മറുപടി. സൗന്ദര്യത്തിന്റെ അളവുകോല്‍ ഒരിക്കലും പുറമേയല്ലെന്ന് ടൊവിനോ പറഞ്ഞപ്പോള്‍ ഉയരെയിലെ വിശാലായിരുന്നു മനസ്സിലെത്തിയത്.

ഒരു സിനിമയ്ക്കുള്ള തിരക്കഥയുമായി ഒരുസ്ത്രീ സമീപിച്ചാല്‍ അവര്‍ സ്ത്രീയാണെന്ന പരിഗണനവെച്ച് ആ സിനിമ ചെയ്യുമോ അതോ കഥയുടെ കാമ്പ് പരിഗണിക്കുമോ ?

തീര്‍ച്ചയായും കഥയുടെ കാമ്പായിരിക്കും പരിഗണിക്കുക. അവിടെ ജെന്‍ഡറിന് പ്രസക്തിയില്ല. സിനിമ ഒരുപാട് ആളുകള്‍ ഉള്‍പ്പെടുന്ന വ്യവസായമായതുകൊണ്ടുതന്നെ കഥ പരിഗണിക്കാതെ ചെയ്യാനാവില്ല.

താരജാഡകളൊന്നുമില്ലാതെ ഭക്ഷണപ്രിയത്തെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ടൊവിനൊ പങ്കുവച്ചു. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് സ്വകാര്യജീവിതത്തില്‍ ഉണ്ടാക്കുന്ന ചെറിയ നഷ്ടങ്ങളെക്കുറിച്ച് പരിതപിച്ചു. എങ്കിലും സ്വപ്നംകണ്ടൊരു ജീവിതംതന്നെയാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് സമ്മതിച്ചു. ശ്രീലക്ഷ്മി, അഖില, സന്ധ്യ, ഹര്‍ഷ, ശ്രീമതി, അനശ്വര, അനു, റോസ് മരിയ, ഭാഗ്യശ്രീ, ഷബിത, രഞ്ജന എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. എല്ലാ വനിതകള്‍ക്കും ടൊവിനൊ വനിതാദിനാശംസകളും നേര്‍ന്നു.

Content Highlights: actor Tovino chat with women journalists mathrubhumi