ആത്മാവും അഭിമാനവും പണയപ്പെടുത്തി വിശപ്പകറ്റുന്നവരുടെ ജീവിതമാണിത്. ചായം തേച്ച ശരീരത്തിനുള്ളിലെ മുറിവേറ്റ മനസ്സ് കാണാന്‍ സാധിക്കാതെ പോയവര്‍ ഇനിയെങ്കിലും കേള്‍ക്കണം ആ വേദന. കൊറോണ കാലത്ത് വഴിമുട്ടിപ്പോയ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഒരന്വേഷണം. ഭാഗം 02
മുപ്പത് വര്‍ഷത്തോളമായി കോഴിക്കോട് പാളയം കേന്ദ്രീകരിച്ച് ലൈംഗിക തൊഴില്‍ ചെയ്യുന്ന വ്യക്തിയാണ് രാധ(യഥാര്‍ഥ പേരല്ല). മനസ്സ് ഉറയ്ക്കും മുന്‍പെ പതിനാറാമത്തെ വയസ്സില്‍ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചു. നാല്‍പ്പതുകാരനായ ഭര്‍ത്താവ് സകല പരിധികളും ലംഘിച്ച് ക്രൂരമായി ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുന്നത് പതിവായിരുന്നു. രാധയുടെ വാക്കുകള്‍ കടമെടുത്താല്‍ അതൊക്കെയും ബലാത്സംഗങ്ങളായിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ശരീരം ആസകലം നീരുവന്നു വീര്‍ത്തു. മനസ്സില്ലാ മനസ്സോടെ ഭര്‍ത്താവിന്റെ അമ്മയോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്, കുറച്ചൊക്കെ ശ്രദ്ധിക്കണ്ടേ എന്നായിരുന്നു. ശരീരത്തിനേറ്റ വേദനയെക്കാള്‍ ആ വാക്കുകള്‍ അവരുടെ ഉള്ള് പൊള്ളിച്ചിരുന്നു. സ്വന്തം ശരീരത്തില്‍ യാതൊരു അവകാശവും തനിക്ക് ഇല്ലെന്ന ബോധ്യത്തിലേക്കാണ് അന്നുമുതല്‍ രാധ എത്തിച്ചേര്‍ന്നത്.
ഗര്‍ഭിണി ആയിരുന്നപ്പോഴും ക്രൂരമായ ലൈംഗികവേഴ്ചക്ക് അവര്‍ ഇരയായിരുന്നു. എന്നാല്‍ മകന് ജന്മം കൊടുത്തതോടെ ആ ശരീരം ഭര്‍ത്താവിന് മതിയാവുകയായിരുന്നു. കിടപ്പുമുറിയില്‍ മറ്റൊരു സ്ത്രീയെ കൊണ്ടുവന്നാണ് അദ്ദേഹം ആ വിയോജിപ്പ് കാണിച്ചത്. നിവൃത്തിയില്ലാതെ വീട് വിട്ട് ഇറങ്ങി. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്ന രാധയെ സ്വീകരിക്കാന്‍ സ്വന്തം കുടുംബം പോലും തയ്യാറായില്ല.
അപരിചിതമായ തെരുവുകളിലേക്ക് രാധ മകനെയും ഒക്കത്തിരുത്തി നടക്കുകയായിരുന്നു. സഹായിക്കാനായി വന്നവര്‍ക്കൊക്കെ വേണ്ടത് ശരീരമായിരുന്നു. ഒടുവില്‍ അന്നത്തിനായുള്ള മാര്‍ഗ്ഗമായി അവര്‍ ശരീരത്തെ ബലിയര്‍പ്പിക്കുകയായിരുന്നു.
മകനുമായി കോഴിക്കോട് ടൗണിനോട് ചേര്‍ന്ന ഗ്രാമത്തില്‍ വാടകവീട് തരപ്പെടുത്തി. പത്താം തരം വരെ പഠിപ്പിച്ചു. വര്‍ഷങ്ങളോളം ചെയ്യുന്ന തൊഴില്‍ എന്താണെന്ന് മകനെ അറിയിക്കാതെ കൊണ്ടുപോയി. എന്നാല്‍ പ്രായമായ മകനില്‍ നിന്നും ഏറെക്കാലം അത് മറച്ചു പിടിക്കാന്‍ അവര്‍ക്കായില്ല. അമ്മയുടെ ശരീരം വിറ്റ പണം കൊണ്ടാണ് ഇത്ര കാലം കഴിഞ്ഞതെന്ന യാഥാര്‍ഥ്യം അവനില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പിന്നീടൊരിക്കലും രാധ പറയുന്നത് ആ മകന്‍ കേട്ടിട്ടില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഓരോ നിമിഷവും സ്വയം ഇല്ലാതാവുകയായിരുന്നു.
ലോക്ഡൗണ്‍ കാലമായിരുന്നു രാധയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതകാലം. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ അവകാശപ്പെടാന്‍ ഒരു വിലാസമോ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് പോലും ഇല്ല. പട്ടിണിയുടെ സകലഭാവങ്ങളും ഈ കാലത്തിനിടക്ക് അവര്‍ അനുഭവിച്ചു തീര്‍ത്തിട്ടുണ്ട്. ഇനിയൊന്നും പറയാന്‍ സാധിക്കാത്ത വിധം രാധ തലയില്‍ കൈവച്ച് നിലത്തിരുന്നു. കരയുകയായിരുന്നില്ല, മണ്ണോട് ഉരുകി ചേരുന്നത് പോലെയായിരുന്നു ആ കാഴ്ച്ച.
രാധയുടെ മാത്രം ജീവിതാവസ്ഥയല്ല ഇത്. മിക്ക ലൈംഗിക തൊഴിലാളികളുടെയും ലോക്ഡൗണ്‍ കാലം സമാനമായിരുന്നു. പലതും അക്ഷരങ്ങള്‍ക്കതീതമാണ്. അത്തരം ജീവിതാവസ്ഥകളില്‍ അനുദിനം നീറിപ്പുകഞ്ഞ് കഴിയുകയാണ് ഓരോ ലൈംഗിക തൊഴിലാളിയും.
ശരീരത്തിന് മേല്‍ അവകാശമില്ലാത്തവര്‍
ഏതാനും നാളുകള്‍ക്ക് മുന്‍പ് ബെംഗളൂരു രാജാജി നഗറില്‍നിന്ന് വന്ന വാര്‍ത്ത മറ്റൊരു വിഷയത്തെ കൂടെ വെളിച്ചത്തുകൊണ്ടുവരുന്നതാണ്. കോണ്ടം ധരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ലൈംഗിക തൊഴിലാളിയായ യുവതിയെ കഴുത്തറുത്തു കൊന്നു എന്നായിരുന്നു ആ വാര്‍ത്ത. സമാനരീതിയിലുള്ള പെരുമാറ്റം മലയാളികളില്‍നിന്നും ഉണ്ടാകാറുണ്ടെന്ന് അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് ഫസീല(യഥാര്‍ത്ഥ പേരല്ല).
രാധയുടെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണവര്‍. ഏകദേശം അവരോളം പ്രായവും ഉണ്ട്. കോണ്ടം ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ശേഷം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകേണ്ടിയും വന്നിട്ടുണ്ടവര്‍ക്ക്. ജീവിതത്തില്‍ ഫസീലക്കും നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍ സംരക്ഷിക്കാന്‍ തയ്യാറായി വന്നവര്‍ക്കെല്ലാം ശരീരമായിരുന്നു വേണ്ടിയിരുന്നത്. പിന്നീട് തെരുവിലെത്താന്‍ അധിക ദൂരമില്ലായിരുന്നു.
മുപ്പത്തഞ്ചുകാരിയായ നിവേദിതയും(യഥാര്‍ത്ഥ പേരല്ല) പേരുകൊണ്ട് മാത്രമാണ് ഇവരില്‍നിന്നും വ്യത്യസ്തയായിരിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ എല്ലാം പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നവയാണ്. ഒറ്റക്കായിരുന്നെങ്കില്‍ പണ്ടേ ജീവിതം അവസാനിപ്പിക്കുമായിരുന്നു എന്ന് പറയുമ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ചെറിയ രണ്ട് മക്കളെയും ബൈക്ക് അപകടത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ഭര്‍ത്താവിനെയും സംരക്ഷിക്കാന്‍ അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഇത്തരത്തില്‍ കുടുംബത്തിന് വേണ്ടി തെരുവില്‍ എത്തപ്പെട്ടവരാണ് ഭൂരിഭാഗവും. സ്വന്തം ശരീരത്തിന് മേല്‍ യാതൊരു അവകാശവുമില്ലാതെ ജീവിതം കെട്ടിയാടുകയാണ് ഈ മനുഷ്യര്‍.
ബാക്കിയാകുന്നത് മാറാവ്യാധികളാണ്
തൃശ്ശൂരില്‍ മാത്രം അഞ്ചു ലൈംഗിക തൊഴിലാളികള്‍ക്ക് നിലവില്‍ ഗുരുതര ലൈംഗിക രോഗങ്ങളുണ്ട്. അതില്‍ മൂന്നു പേര്‍ ഏറെക്കുറെ കിടപ്പിലായ അവസ്ഥയുമാണ്. അസുഖബാധിതരാണ് എന്നറിഞ്ഞിട്ടും പലര്‍ക്കും തൊഴില്‍ തുടരേണ്ടിവരുന്നുണ്ട് എന്നാണ് മറ്റ് ലൈംഗിക തൊഴിലാളികള്‍ പറയുന്നത്. അസുഖം മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്താണ് മുന്നോട്ട് പോകുന്നതെങ്കിലും അപകടകരമായ അവസ്ഥയാണത്. അത്രമേല്‍ പിന്മാറാന്‍ സാധിക്കാത്ത വിധം കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ അവരെ അലട്ടുന്നുണ്ട്.
കേരളത്തിലാകെ സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍, വിശ്വാസയോഗ്യമായ കണക്കുകള്‍ ഒന്നും തന്നെ അസുഖ ബാധിതരായ ലൈംഗിക തൊഴിലാളികളെ കുറിച്ച് ഇല്ല എന്നതാണ് വാസ്തവം. എച്ച്.ഐ.വി. പോസിറ്റീവ് ആയവര്‍ വരെ തൊഴിലിന് ഇറങ്ങുന്നു എന്നതും സ്ഥിരീകരിക്കാത്ത യാഥാര്‍ഥ്യമാണ്. കോഴിക്കോടും തൃശൂരും ഇത്തരം രോഗാവസ്ഥ ഉള്ളവരെ അറിയാവുന്നവര്‍ ഉണ്ട് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്.
സ്വാഭാവികമായ ബന്ധപ്പെടലിന് പകരം മറ്റ് രീതികള്‍ ആണത്രേ അവര്‍ ഉപയോഗിക്കുന്നത്. അണുബാധ പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും അവര്‍ സ്വീകരിക്കാറുണ്ട് എന്നുമാണ് അറിയാന്‍ സാധിച്ചത്. കൂടാതെ ത്വക്ക്‌രോഗങ്ങള്‍ ഉള്‍പ്പെടെ തൊലിപ്പുറത്തുള്ള ഒട്ടേറെ അസുഖങ്ങളും അവരെ അലട്ടുന്നുണ്ട്. ദൃശ്യവും അദൃശ്യവുമായ അസുഖങ്ങളുടെ കൂടാരമാണ് ഓരോ ലൈംഗിക തൊഴിലാളിയുടെ ശരീരവും.
കണക്കുകള്‍ പറയുന്നത്
കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം 2009-ല്‍ 554 ബലാത്സംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം 2020-ല്‍ അത് 1479 ആയി കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ആ വര്‍ദ്ധനവിന് പിന്നിലെ കഥകള്‍ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായിരിക്കും എന്നത് നിസംശയം പറയാവുന്നതാണ്. അസ്വാഭാവികമായ രീതിയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കണക്കുകള്‍ പറയുന്നത് അസ്വസ്ഥമായ മനുഷ്യരെ കുറിച്ചുകൂടിയാണ്. കേരളത്തിലെ പുരുഷന്മാര്‍ കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നുള്ള നളിനി ജമീലയുടെ വാക്കുകള്‍ ഈ കണക്കിനോട് കൂട്ടി വായിക്കാവുന്നതാണ്.
അനുദിനം ലൈംഗിക തൊഴിലാളികള്‍ക്ക് നേരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെയും വലിയ രീതിയില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഭൂരിഭാഗവും ഒരു കണക്കിലും പെടാതെ പോകുന്നു എന്നാണ് അവര്‍ പറയുന്നത്. അടുത്ത കാലങ്ങളിലായി കേരളത്തിന്റെ തെരുവുകളില്‍ കൊല്ലപ്പെട്ടത് മൂന്ന് ട്രാന്‍സ് ജെന്‍ഡേഴ്‌സ് ആണ്. അവര്‍ ചെയ്ത കുറ്റം ശരീരം കൊണ്ട് വ്യത്യസ്തരായിരുന്നു എന്നതാണ്.
കൊല്ലത്തെ സ്വീറ്റി മരിയയും ആലുവയിലെ ഗൗരിയും ഒടുവിലായി കൊല്ലപ്പെട്ട ശാലുവും അത് ഉറക്കെപ്പറയുന്നുണ്ട്. കോഴിക്കോട് നഗരത്തിനുള്ളിലെ നടവഴിയില്‍നിന്നാണ് ശാലുവിന്റെ ചലനമറ്റ ശരീരം കണ്ടെടുത്തത്. ഓരോ ദിവസവും നഗരങ്ങളുടെ കനത്ത ഇരുട്ടില്‍ ലൈംഗിക തൊഴിലാളികളും ട്രാന്‍സ്ജെന്‍ഡേഴ്‌സും അതി ക്രൂരമായി അക്രമിക്കപ്പെടുന്നുണ്ട്. എന്നിട്ടും അവര്‍ കൂരിരുട്ടിലേക്ക് ഇറങ്ങി ചെല്ലുന്നത് ജീവിതത്തെ അപേക്ഷിച്ച് നഗരങ്ങളിലെ ഇരുട്ട് വെളിച്ചമായതിനാലാണ്. ആ ഇരുട്ടില്‍ അന്നം തേടിയാണ്.
അഭിരുചിയും അനീതിയും
പലര്‍ക്കും വ്യത്യസ്ത രീതിയിലുള്ള ലൈംഗികാഭിരുചികളാണ് ഉള്ളത്. ചിലര്‍ക്ക് ഒപ്പമിരുന്നാല്‍ മതി. ചിലര്‍ക്ക് യാത്ര ചെയ്യണം.
എന്നാല്‍, മിക്ക ആളുകള്‍ക്കും അവരുടെ രതിവൈകൃതങ്ങള്‍ പരീക്ഷിക്കാനുള്ള ഒരു ഉപകരണമാണ് ലൈംഗിക തൊഴിലാളികള്‍. പുറത്തു പറയാന്‍ പോലും സാധിക്കാത്ത അത്ര വികൃതമായി ഉപയോഗിക്കപ്പെടാറുണ്ടെന്നാണ് അവര്‍ പറയുന്നത്. എതിര്‍ത്താല്‍ കൂടുതല്‍ ക്രൂരമായ പെരുമാറ്റം ആകും. അത്തരം ആളുകള്‍ക്കിടയില്‍ പെട്ടുപോയ സാഹചര്യങ്ങള്‍ അനവധിയുണ്ട് ഓരോരുത്തര്‍ക്കും. കേരളത്തിന്റെ സാമൂഹ്യ മനസാക്ഷി ഇത്തരം ക്രൂരതകള്‍ പലപ്പോഴും കാണാതെ പോവുകയാണ്. മാതൃകാപരമായ ശിക്ഷയും അപൂര്‍വ്വമായി മാത്രമെ സംഭവിക്കാറുള്ളൂ. വേദനകള്‍ കേള്‍ക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ലൈംഗിക തൊഴിലാളികള്‍ പറയുന്നത്.
ഭര്‍ത്താവ് മരിച്ചപ്പോള്‍ മക്കളെ പോറ്റാനായി ശരീരം വില്‍ക്കേണ്ടി വന്ന കണ്ണൂരിലെ പുഷ്പ(യഥാര്‍ത്ഥ പേരല്ല)യുടെ ജീവിതവും മരണവും കണ്ണീര്‍ പൊടിയാതെ കേള്‍ക്കാന്‍ സാധിക്കില്ല. 66 വയസ്സുവരെ തൃശ്ശൂരിലും പുറത്തുമായി ശരീരം വിറ്റ് മക്കള്‍ക്ക് മുടങ്ങാതെ പണമയച്ചിരുന്നു. എന്നിട്ടും മരിച്ചു എന്ന് അറിയിച്ചപ്പോള്‍ ശവശരീരം കാണാന്‍ പോലും കുടുംബത്തില്‍ ആരും തയ്യാറായില്ല. ഒടുവില്‍ സംഘമിത്രയാണ് ശവശരീരം ഏറ്റെടുത്ത് അടക്കം ചെയ്തത്. ഒരായുസ്സ് മുഴുവന്‍ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വേണ്ടിയായിരുന്നു അവര്‍ ജീവിച്ചത്. എന്നിട്ടും മരണം പോലും ആ ശരീരത്തോട് ദയ കാണിച്ചില്ല.
ഓരോ ലൈംഗിക തൊഴിലാളിയുടെയും ജീവിതം അത്രമേല്‍ ദുസ്സഹമായ അവസ്ഥയില്‍ ആണ്. കൊറോണ കൂടി വന്നതോടെ എല്ലാ അര്‍ത്ഥത്തിലും ആ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ലൈംഗിക തൊഴിലാളിയായ രാധക്ക് ഭരണകൂടത്തോട് പറയാനുള്ളത് രണ്ടു കാര്യങ്ങള്‍ ആണ്. വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമായെന്നും, കുറഞ്ഞപക്ഷം മരണത്തിന് ശേഷമെങ്കിലും ശരീരത്തിന് നീതി ലഭിക്കണമെന്നുമാണ്.
മരവിച്ച് തെരുവില്‍ കിടക്കുമ്പോഴെങ്കിലും നീതി ലഭിക്കണം; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 01
അപരിചിതമായ ജീവിതങ്ങളുടെ കഥ തുടരും....
Content Highlights: Sex Workers Sharing Saddest Experiences Series Part two