ആത്മാവും അഭിമാനവും പണയപ്പെടുത്തി വിശപ്പകറ്റുന്നവരുടെ ജീവിതമാണിത്. ചായം തേച്ച ശരീരത്തിനുള്ളിലെ മുറിവേറ്റ മനസ്സ് കാണാന്‍ സാധിക്കാതെ പോയവര്‍ ഇനിയെങ്കിലും കേള്‍ക്കണം ആ വേദന. കൊറോണ കാലത്ത് വഴിമുട്ടിപ്പോയ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഒരന്വേഷണം. ഭാഗം 01
മലയാളിയുടെ യഥാര്‍ഥ മുഖം അറിയണമെങ്കില്‍ ഒന്ന് ഇരുട്ടിയാല്‍ മതിയെന്ന് പറഞ്ഞത് നളിനി ജമീലയാണ്. അവര്‍ തന്നെയായിരുന്നു ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീകളോടുള്ള ശരാശരി മലയാളിയുടെ കാഴ്ച്ചപ്പാടുകളും തുറന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നളിനി പറഞ്ഞതും എഴുതിയതുമായ അവസ്ഥയില്‍ നിന്ന് കടുകിട മാറിയിട്ടില്ല എന്നാണ് ലൈംഗിക തൊഴിലാളികള്‍ പറയുന്നത്. മിനിമം ഒരു മനുഷ്യനായെങ്കിലും കാണണമെന്നാണ് ലൈംഗിക തൊഴിലാളിയായ സുമതി പറയുന്നത്. അസാധാരണമായ അവരുടെ ജീവിത അവസ്ഥകളുടെ അതിജീവന കഥയാണിത്. ജീവിതം അത്രമേല്‍ ദുസ്സഹമായ കൊറോണ കാലത്ത് 20 രൂപക്ക് വരെ ശരീരം വില്‍ക്കേണ്ടി വന്നവരും ആ കൂട്ടത്തില്‍ ഉണ്ട്. അവരുടെ ചോദ്യങ്ങള്‍ ഒരിക്കല്‍കൂടി അവര്‍ ആവര്‍ത്തിക്കുകയാണിവിടെ...
അതിരാവിലെ തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപത്ത് വന്നാല്‍ കണ്ടു സംസാരിക്കാം എന്ന ധാരണയിലാണ് ഞങ്ങള്‍ ഫോണ്‍ കട്ട് ചെയ്തത്. പ്രകാരം പറഞ്ഞ സമയത്തു തന്നെ എത്തി. ഏറെക്കുറെ വിജനമാണ് ബസ് സ്റ്റാന്റും പരിസരവും. നിര്‍ത്തിയിട്ട ബസ്സിന് അടിയിലും ബെഞ്ചിന്റെ കാലിനോട് ചേര്‍ന്നും തെരുവുനായ്ക്കള്‍ അലസമായി കിടക്കുന്നുണ്ട്. പലയിടങ്ങളിലേക്ക് പോകുന്ന ബസ്സിന്റെ വിവരങ്ങള്‍ അവ്യക്തമായി കേള്‍ക്കാം.
ജീവിതത്തില്‍ ഒറ്റപ്പെട്ട് പ്രേതരൂപമായി മാറിയ കുറെ മനുഷ്യരും പല മൂലകളിലായി ചുരുണ്ട് കിടക്കുന്നുണ്ട്. ബാക്കി ആളുകളെല്ലാം തിരക്കിലാണ്. എത്തേണ്ട സ്ഥലങ്ങളിലേക്ക് പോകാനുള്ള വ്യഗ്രതയില്‍ അവര്‍ ആരെയും കാണുന്നില്ല എന്നത് മുഖത്തുനിന്നുതന്നെ വ്യക്തം. അല്‍പം അകലെനിന്നും വൃദ്ധയായ ഒരു സ്ത്രീ ചിരിച്ചുകൊണ്ട് വരുന്നുണ്ട്. ആ സംശയത്തിന് മുകളില്‍ അവര്‍ ഒരുപാട് കാലത്തെ പരിചയമുള്ള മനുഷ്യരെപ്പോലെ പെരുമാറാന്‍ തുടങ്ങി. 'ഞാനാണ് പാലക്കാട് സുമതി' (യഥാര്‍ത്ഥ പേരല്ല). അവര്‍ സ്വയം പരിചയപ്പെടുത്തി.
കാണാന്‍ വന്ന ലൈംഗിക തൊഴിലാളി വൃദ്ധയായ ആ സ്ത്രീയാണ് എന്നത് ചെറുതല്ലാത്ത അങ്കലാപ്പാണ് ഉണ്ടാക്കിയത്. ഇപ്പോഴും ജീവിക്കാനായി ശരീരം വില്‍ക്കേണ്ടി വരുന്നു എന്നോര്‍ത്തപ്പോള്‍ അവരോട് ഒന്നും ചോദിക്കാന്‍ സാധിക്കാത്ത വിധം തൊണ്ട വരണ്ടു. അതു മനസിലാക്കിയിട്ടാവണം ചായ കുടിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് അവര്‍ മുന്നില്‍ നടന്നത്. കടക്കാരനില്‍നിന്നു ചായ ഗ്ലാസ്സ് വാങ്ങി എനിക്ക് നേരെ നീട്ടി. ചുളിവു വീണു തുടങ്ങിയിരുന്നു അവരുടെ കൈകള്‍ക്ക്. പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് അവര്‍ക്കു നേരിടേണ്ടി വന്ന ജീവിതദുരന്തങ്ങള്‍ മുഖവുരയില്ലാതെ പറഞ്ഞു തുടങ്ങി. 66 വയസ്സുള്ള ആ ശരീരത്തിന് ഇന്നും വിലപറയാന്‍ ആളുകള്‍ ഉണ്ട്. വിശന്ന് ചാവാതിരിക്കാന്‍ വേണ്ടിയാണ് ശരീരം വില്‍ക്കുന്നതെന്ന അവരുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്.
'ഞാന്‍ ലൈംഗിക തൊഴിലാളിയാണ്. ഇതാണെന്റെ തൊഴില്‍' എന്ന് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ചെന്ന് ഉറക്കെപറഞ്ഞ നളിനി ജമീലയുടെ ജീവിതമാണ് ഓര്‍മ്മവന്നത്. ജീവിതത്തിന്റെ വലിയൊരു കാലഘട്ടം മുഴുവന്‍ ലൈംഗിക തൊഴില്‍ ചെയ്യേണ്ടി വന്നിട്ടും പാലക്കാട്ട് അതിര്‍ത്തിയിലെ ഒറ്റമുറി ലൈന്‍ വീട്ടില്‍ കഴിയുകയാണ് ഇന്നവര്‍. അര്‍ദ്ധപട്ടിണിയിലാണെന്നും എഴുതിയ പുസ്തകങ്ങളില്‍ നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അരിവാങ്ങാന്‍ സാധിക്കുന്നത് എന്നും മലയാളിക്ക് മുന്നില്‍ പല തവണ പറഞ്ഞതാണ്.
സമാന പ്രായത്തില്‍ ജീവിക്കുന്ന ലൈംഗിക തൊഴിലാളികളുടെ അവസ്ഥ നളിനി ജമീലയില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ആവശ്യക്കാരനിലേക്ക് ശരീരരമെത്തിക്കുന്ന ഇടനിലക്കാരനപ്പുറത്ത് പലര്‍ക്കും ലോകമില്ല. ജീവിക്കാനുള്ള മറ്റ് സാധ്യതയെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത വിധം തളക്കപ്പെട്ട അവസ്ഥയിലാണവര്‍. സുമതി യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയല്ല. നൂറുകണക്കിന് ലൈംഗിക തൊഴിലാളികളുടെയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെയും പ്രതിനിധിയാണവര്‍.
അസാധ്യമായ ജീവിതങ്ങള്‍
കോവിഡ് സര്‍വ തൊഴില്‍ മേഖലകളെയും അടിമുടി പ്രതിസന്ധിയിലാഴ്ത്തിയ സാഹചര്യത്തിലാണ് കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം തിരഞ്ഞ് ഇറങ്ങിയത്. മുംബൈ പോലുള്ള നഗരങ്ങളില്‍ പലരും ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മറ്റൊരു രീതിയില്‍ ജോലി തുടരുന്നുണ്ട്. എന്നാല്‍, തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ അവസ്ഥ. ലോക്ഡൗണിന്റെ സമയത്ത് പലരും അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലുമായിരുന്നു. പച്ചവെള്ളവും ചക്കയും മാത്രം കഴിച്ച് കഴിഞ്ഞവരും ഉണ്ടായിരുന്നത്രെ. മറ്റ് നഗരങ്ങളിലെ ലൈംഗിക തൊഴില്‍ ഇടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്!തമാണ് ഇവിടുത്തെ സാഹചര്യം. മുംബൈ ഡല്‍ഹി പോലുള്ള നഗരങ്ങള്‍ക്ക് സമാനമായി കൂട്ടമായി താമസിച്ച് തൊഴില്‍ ചെയ്യുന്ന സംവിധാനം കേരളത്തില്‍ ഇല്ല. അതുകൊണ്ട് കൂടെയാണ് ലൈംഗിക അക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നതെന്നാണ് അവര്‍ പറയുന്നത്.
ലൈംഗിക തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സംഘമിത്ര പോലുള്ള പല സര്‍ക്കാര്‍ പ്രൊജെക്ടുകളുണ്ട്. എന്നാല്‍, അതൊന്നും ഭൂരിഭാഗം ലൈംഗിക തൊഴിലാളികള്‍ക്കും കേട്ടുകേള്‍വി പോലും ഇല്ല എന്നതാണ് വാസ്തവം. പൊതുസമൂഹത്തില്‍ തൊഴില്‍ വെളിപ്പെടുത്താനുള്ള ഭീതികൊണ്ട് കൂടെയാണ് പലരും അത്തരം ഇടങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നത്. അതിനുള്ള പ്രധാനകാരണം മഹാഭൂരിഭാഗവും കുടുംബമായി ജീവിക്കുന്നവരാണ്. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം 17,000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉണ്ട്. കൃത്യമായ വിവര ശേഖരണം അസാധ്യമാണെന്നു കൂടെ കൂട്ടിവായിക്കണം. എന്തെന്നാല്‍ അവരുടെ തൊഴില്‍ പോലെ ജീവിതവും അത്രമേല്‍ അസാധ്യമാണ്.
ഒറ്റപ്പെടലിന്റെ തുടര്‍ കാലങ്ങള്‍
ചെറിയ പ്രായത്തിലെ അച്ഛന്‍ മരിച്ച സുമതിയെ അമ്മ ദാക്ഷായണി അടുക്കളപ്പണി എടുത്താണ് വളര്‍ത്തിയത്. നാലാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പേരറിയാത്ത അസുഖം അമ്മയെ കൊണ്ടുപോയത്. പിന്നീട് അമ്മാവന്റെ വീട്ടിലായിരുന്നു. അവിടെ എത്തിയ ശേഷം അമ്മാവന്‍ ആദ്യം ചെയ്തത് പാഠപുസ്തകങ്ങളും സ്‌ളേറ്റും എടുത്ത് പത്തായപ്പുരയുടെ ഇരുണ്ട മൂലയിലേക്ക് എറിയുകയായിരുന്നു. പേരുകേട്ട നായര്‍ തറവാടായിരുന്നു എങ്കിലും സാമ്പത്തികനില പാടെ ചിതലരിച്ചു തുടങ്ങിയിരുന്നു.
അങ്ങാടിയിലെ ചെറിയ ചായക്കടയില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ആറു പേര്‍ അടങ്ങുന്ന കുടുംബം ജീവിച്ചു പോന്നിരുന്നത്. അതിരാവിലെ എഴുന്നേറ്റ് കടയിലേക്ക് പാലു കൊണ്ടുകൊടുക്കുന്നത് മുതല്‍ സുമതിയുടെ ഒരു ദിവസം തുടങ്ങും. ഇരുട്ടും വരെ വീട്ടിലെയും ചായക്കടയിലെയും മിക്ക ജോലികളും സുമതിയുടെ ചുമതലയാണ്. കുഞ്ഞു കൈകാലുകള്‍ തളര്‍ന്ന് ഇരുന്നുപോയാല്‍ പിന്നെ സംസാരിക്കുന്നത് അമ്മാവന്റെ ചൂരലാണ്. അതു പേടിച്ച് എത്ര ക്ഷീണിച്ചാലും പണികളെല്ലാം ചെയ്ത് തീര്‍ക്കും.
കാലത്തിനൊപ്പം സുമതിയെക്കാള്‍ വേഗത്തില്‍ ചായക്കടയും വലുതായി. ഓലമറച്ച ചെറിയ കടയില്‍നിന്നും ഓടിട്ട് രണ്ടു മുറികളുള്ള കെട്ടിടത്തിലേക്ക് മാറി. അവിടെ പണിക്കു വന്നതായിരുന്നു ഇടുക്കി സ്വദേശിയായ സുബ്രമണ്യന്‍ (യഥാര്‍ത്ഥ പേരല്ല). വളരെ വേഗം സുമതിയുമായി അദ്ദേഹം പ്രണയത്തിലായി. വീട്ടില്‍ അറിഞ്ഞപ്പോള്‍ മറ്റു വഴിയില്ലാതെ ഇരുവരും നാടുവിടുകയായിരുന്നു.
പതിനാറാം വയസ്സില്‍ തന്നെ വഴിയരികിലെ അമ്പലനടയില്‍നിന്നു സുമതിയുടെ കഴുത്തില്‍ സുബ്രമണ്യന്‍ താലി ചാര്‍ത്തി. കയ്യില്‍ ഉള്ളതെല്ലാം സ്വരുക്കൂട്ടി തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ വാടകവീട് സംഘടിപ്പിച്ചു. രണ്ടു പേരും കൂലിപ്പണിക്ക് പോകാനും തുടങ്ങി. അവിടെനിന്നാണ് പടിപടിയായി ജീവിതം കെട്ടിപ്പടുത്തത്. ആ ജീവിതത്തിലേക്ക് സന്തോഷം നിറച്ചുകൊണ്ട് ഒരു പെണ്‍കുട്ടിയും വന്നു. എന്നാല്‍, പെട്ടെന്ന് ഒരു ദിവസം സുബ്രഹ്മണ്യനെ കാണാതായി. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ഇടുക്കിയിലേക്ക് പോയി എന്നാണ് ദിവസങ്ങള്‍ക്ക് ശേഷം അറിയാന്‍ സാധിച്ചത്. ഒറ്റപ്പെടലിന്റെയും ഭീതിയുടെയും കാലങ്ങളായിരുന്നു പിന്നീട്.
വിശപ്പിന്റെ മുന്നില്‍ ഉത്തരങ്ങള്‍ ഇല്ലായിരുന്നു
കൈക്കുഞ്ഞുമായി വിശന്ന വയറ്റില്‍ മുണ്ട് ചേര്‍ത്ത് മുറുക്കി സുമതി വീണ്ടും കൂലിപ്പണിക്ക് ഇറങ്ങി. വിശ്രമമില്ലാത്ത ജീവിതം അപ്പോഴേക്കും ശരീരത്തെ പാടെ തളര്‍ത്തിയിരുന്നു. മറ്റൊരു പണിക്കും പോകാന്‍ സാധിക്കാത്ത വിധം ഏതാനും നാള്‍ കിടപ്പിലായി. അയല്‍വാസിയായ മറ്റൊരു സ്ത്രീയായിരുന്നു അപ്പോഴൊക്കെ സഹായിച്ചത്. ജീവിതം അങ്ങേയറ്റം കൈവിട്ടുപോയ സമയത്ത് ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, മുഖം നിറയെ ചിരിയുമായി നില്‍ക്കുന്ന കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ അവര്‍ക്കതിന് സാധിച്ചില്ല.
അയല്‍വാസിയായ സ്ത്രീയാണ് കൂടെ വന്നാല്‍ പറ്റുന്ന ജോലി നോക്കാം എന്നുപറഞ്ഞ് തൃശ്ശൂര്‍ നഗരത്തിലേക്ക് കൊണ്ടുപോയത്. അവര്‍ ചുമട്ടുതൊഴിലാളികളുടെ അടുത്തും ഓട്ടോ സ്റ്റാന്റിലും കൊണ്ടുപോയി പരിചയപ്പെടുത്തി. ആദ്യമൊന്നും കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണ് അവര്‍ ഉദ്ദേശിക്കുന്ന തൊഴില്‍ എന്താണെന്ന് സുമതിക്ക് മനസിലായത്. ഉടന്‍ തന്നെ ബസ്സുകയറി വീട്ടിലേക്ക് വരുകയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ അവസാന അരിമണിയും തീര്‍ന്നു. വിശന്ന് തളര്‍ന്ന് ഉറങ്ങുന്ന കുഞ്ഞിന്റെ ജീവന് മുന്നില്‍ ഉത്തരങ്ങള്‍ ഇല്ലായിരുന്നു.
കുഞ്ഞിനെ അടുത്ത വീട്ടിലാക്കി അവരുടെ കൂടെ വീണ്ടും തൃശ്ശൂരേക്ക് സുമതി ബസ്സു കയറുകയായിരുന്നു. വൈകും വരെ ബസ്റ്റാന്‍ന്റ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലുമായി കഴിച്ചുകൂട്ടി. സന്ധ്യ മയങ്ങി തുടങ്ങിയപ്പോള്‍ മൂന്ന് ചുമട്ടുതൊഴിലാളികളുടെ കൂടെ അവര്‍ വന്നു. പൊളിഞ്ഞ് വീഴാറായ ഏതോ കടയുടെ മുകളിലേക്കാണ് അന്നവര്‍ കൊണ്ടുപോയത്. ഗ്ലാസില്‍ തരിപ്പുള്ള എന്തോ വെള്ളമൊഴിച്ച് നീട്ടിയപ്പോള്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ കുടിച്ചിറക്കുകയായിരുന്നു. തികട്ടി വന്നെങ്കിലും വീണ്ടും അത് തുടര്‍ന്നുകൊണ്ടേ ഇരുന്നു. എപ്പോഴോ ബോധം മറഞ്ഞു.
അതിരാവിലെ വടക്കുംനാഥനുള്ള പാട്ടു കേട്ടാണ് ഉണര്‍ന്നത്. അപ്പോഴേക്കും ആ ശരീരം പങ്കുവെക്കപ്പെട്ടിരുന്നു. ഒരു മൂലയിലായി ചുരുണ്ടു കിടക്കുന്ന സാരിയില്‍ മുഷിഞ്ഞ ഏതാനും നോട്ടുകള്‍ അവര്‍ വച്ചിരുന്നു. ഉറക്കെ കരയാന്‍ പോലും ആകാത്തവിധം നോട്ടുകള്‍ മുറുകെ പിടിച്ചുകൊണ്ട് ഏറെനേരം അവിടെ ഇരുന്നു. പിന്നീട് സംഭവിച്ചതെല്ലാം ആ ദിവസത്തിന്റെ ആവര്‍ത്തനങ്ങളായിരുന്നു.
എല്ലാ കണക്കുകള്‍ക്കും അപ്പുറമാണ് യാഥാര്‍ഥ്യങ്ങള്‍
ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 17,000-ത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികളും, 13,331 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ട്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുള്‍പ്പെടെ നടത്തിയ വിവിധ സര്‍വ്വേകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്കുകള്‍. ഇതില്‍ 36 വയസ്സിനും 46 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ഭൂരിഭാഗവും. അതില്‍ തന്നെ 4 സ്ത്രീകള്‍ക്കും 11 പുരുഷന്മാര്‍ക്കും എച്ച്.ഐ.വി. ബാധ ഉള്ളതായും കണ്ടത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 2008-ല്‍ എച്ച്.ഐ.വി. ബാധയുടെ തോത് 0.13 ശതമാനം ആണ്. എന്നാലിത് 2018-ല്‍ 0.05 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.
ഇന്ത്യയിലാകെ നടത്തിയ വിവിധ സര്‍വ്വെകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2014-15-ല്‍ 6,96,484 ലൈംഗിക തൊഴിലാളികള്‍ ഉണ്ടായിരുന്നപ്പോള്‍ 2016-ല്‍ അത് 6,57,724 പേരായി കുറഞ്ഞിട്ടുണ്ട്. 2017-ല്‍ ഇത് 6,03,236 പേരെയും കുറഞ്ഞിട്ടുണ്ട്. കേരളത്തിലും ഇതേ രീതിയില്‍ കുറഞ്ഞുവന്നിട്ടുണ്ട്. 2014-15 കാലഘട്ടങ്ങളില്‍ 25,468 പേരില്‍ നിന്നാണ് ഇപ്പോള്‍ 17,000 പേരിലേക്ക് ചുരുങ്ങിയത്.
എന്നാല്‍, വര്‍ഷങ്ങളായി ലൈംഗിക തൊഴില്‍ ചെയ്യുന്ന സുമതിക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കണക്കുകളാണ്. തൃശ്ശൂരിലെയും എറണാകുളത്തെയും മാത്രം ലൈംഗിക തൊഴിലാളികളുടെ എണ്ണമെടുത്താല്‍ അത് നിലവിലെ കണക്കുകള്‍ക്ക് മുകളില്‍ വരുമെന്നാണ് അവര്‍ പറയുന്നത്. തൃശ്ശൂരില്‍ മാത്രം 5 സ്ത്രീ തൊഴിലാളികള്‍ക്ക് കടുത്ത ലൈംഗിക രോഗങ്ങള്‍ ഉണ്ടെന്നും സുമതി പറയുന്നു.
(തുടരും)
Content Highlights: Sex Workers Sharing Saddest Experiences Series Part one