ആത്മാവും അഭിമാനവും പണയപ്പെടുത്തി വിശപ്പകറ്റുന്നവരുടെ ജീവിതമാണിത്. ചായം തേച്ച ശരീരത്തിനുള്ളിലെ മുറിവേറ്റ മനസ്സ് കാണാന്‍ സാധിക്കാതെ പോയവര്‍ ഇനിയെങ്കിലും കേള്‍ക്കണം ആ വേദന. കൊറോണ കാലത്ത് വഴിമുട്ടിപ്പോയ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഒരന്വേഷണം. ഭാഗം 04
'മുപ്പത്തിനാല് വർഷമായി ഞാൻ കോഴിക്കോട്ടങ്ങാടിയിൽ ഈ പണി ചെയ്യാൻ തുടങ്ങിയിട്ട്. എന്റെ മക്കൾക്കും കുടുംബത്തിൽ എല്ലാവർക്കും അത് നന്നായി അറിയാം. ആ കാലത്ത് അവരൊക്കെ ചോദിച്ചത് നിനക്ക് ഇതൊക്കെ നിർത്തിക്കൂടെ എന്നാണ്. എനിക്കും മക്കൾക്കുമുള്ള അരിയും പച്ചക്കറിയും വാങ്ങിത്തന്നാൽ നിർത്തിക്കോളാം എന്നായിരുന്നു അവരോടൊക്കെയുള്ള എന്റെ മറുപടി. ആ മറുപടിക്കുശേഷം ആരും അങ്ങനെ ഉപദേശിക്കാൻ വന്നിട്ടില്ല. പിന്നീട് വീണ്ടും ആ ചോദ്യം കേട്ടത് മക്കൾ വലുതായപ്പോഴായിരുന്നു. അവരോടും എനിക്കു പറയാനുള്ള ഉത്തരം വിശക്കുമ്പോൾ തിന്നാൻ തന്നാൽ ഞാൻ ഈ പണി നിർത്തിക്കോളാം എന്നായിരുന്നു. അവർക്കും ആ ചോദ്യത്തിനു മുന്നിൽ ഉത്തരങ്ങളില്ലായിരുന്നു. നാലാം ക്ലാസ് വരെ മാത്രം പഠിച്ച, ഭർത്താവ് ഉപേക്ഷിച്ചുപോയ എനിക്ക് അക്കാലത്ത് ആര് പണി തരാനായിരുന്നു. ഞാൻ സ്വയം തീരുമാനിച്ച് ഇറങ്ങിയത് തന്നെയാണ്. മക്കളെ പോറ്റാൻ വേറെ ഒരു വഴിയും അക്കാലത്ത് എന്റെ മുന്നിൽ ഇല്ലായിരുന്നു'.
അൻപത് രൂപക്ക് ലൈംഗിക തൊഴിൽ ചെയ്തു തുടങ്ങിയതാണ് യമുന (യഥാർഥ പേരല്ല). കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കുട്ടിയുടെ പ്രസവം കഴിഞ്ഞ് കിടക്കുമ്പോഴാണ് ഭർത്താവിനെ കാണാതായിട്ട് ദിവസങ്ങളായി എന്നറിയുന്നത്. കൈക്കുഞ്ഞുമായി ഏറെ അലഞ്ഞെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ അവർക്കായില്ല. നാളുകൾക്ക് ശേഷം ഒരു ബന്ധുവിലൂടെയാണ് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ വിവരം അറിയുന്നത്. പിന്നീട് ഒരിക്കലും അദ്ദേഹത്തെ കാണാൻ യമുന ശ്രമിച്ചിട്ടില്ല.
ആദ്യമൊക്കെ സഹോദരങ്ങൾ സാമ്പത്തികമായി സഹായിച്ചെങ്കിലും കൂലിപ്പണിക്കാരായ അവർക്കത് തുടരാൻ സാധിച്ചില്ല. മറ്റൊരാളുടെ സഹായം കൊണ്ട് ഏറെ കാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് യമുനയും തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് കെട്ടിടം പണിക്ക് പോകുന്നത്. സ്വതവെ ശാരീരിക അസ്വസ്ഥതകളുള്ള അവർക്ക് കഠിനമായ ജോലി വലിയ ബുദ്ധിമുട്ടായിരുന്നു. എങ്കിലും വൈകിയിട്ട് കൂലിയായി കിട്ടുന്ന എഴുപത്തിയഞ്ച് രൂപക്കുവേണ്ടി അവർ ഒരിക്കൽ പോലും മടികാണിക്കാതെ തുടരുകയായിരുന്നു. എന്നാൽ, കുട്ടികളുടെ പഠനവും ഭർത്താവിന്റെ അമ്മയുടെ അസുഖവും വീട്ടുവാടകയും അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മറ്റ് ജോലികൾ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
മരവിച്ച് തെരുവില്‍ കിടക്കുമ്പോഴെങ്കിലും നീതി ലഭിക്കണം; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 01
പ്രതിസന്ധികളുടെ തുടർക്കഥകളായിരുന്നു പിന്നീട്. ഓരോ ആവശ്യങ്ങൾക്കായി യമുന കോൺട്രാക്ടറോടെ പക്കലിൽനിന്നുമാണ് പലപ്പോഴായി പണം കടം വാങ്ങിക്കാറുള്ളത്. ഒരിക്കൽ മകന് അസുഖം കൂടിയപ്പോൾ പണത്തിനായി വീണ്ടും കോൺട്രാക്റ്ററെ തന്നെ സമീപിക്കേണ്ടിവന്നു. പകരമായി അദ്ദേഹം ആവശ്യപ്പെട്ടത് യമുനയുടെ ശരീരമായിരുന്നു. പനിച്ചു വിറച്ചു നിൽക്കുന്ന മകന് മുന്നിൽ അവർക്ക് മറ്റൊന്നും തടസ്സമായില്ല. പിന്നീട് പലപ്പോഴായി അത് ആവർത്തിച്ചു. കോൺട്രാക്ടറെ കൂടാതെ അദ്ദേഹം പറയുന്ന മറ്റുള്ളവരുമായും ശാരീരികബന്ധത്തിൽ ഏർപ്പെടേണ്ടി വന്നു. ഒരു കിഡ്‌നി കൂടെ തകരാറിലായതോടെ ഭാരമുള്ള പണിചെയ്യാൻ പറ്റാത്ത അവസ്ഥയുമായി. വൈകാതെ തന്നെ അൻപത് രൂപക്ക് വരെ ശരീരം വിൽക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുകയായിരുന്നു.
ആളുകൾ കൂടുതലായി അറിഞ്ഞതോടെ പിന്നീട് മറ്റൊരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. പകരം ശരീരം തിരഞ്ഞ് എത്തുന്നവരുടെ എണ്ണം വർധിച്ചു. വളരെ പെട്ടെന്ന് തന്നെ കോഴിക്കോട് നഗരത്തിന്റെ ഓരോ മുക്കും മൂലയും അവർക്ക് പരിചിതമായി. ഇക്കാലത്തിനിടക്ക് ആയിരക്കണക്കിന് മനുഷ്യശരീരങ്ങളാണ് കടന്നുപോയത്. എന്നിട്ടും ബാക്കിയാകുന്നത് ചെറുമഴയിൽ പോലും ചോർന്നൊലിക്കുന്ന വാടകവീടും കുറെ അസുഖങ്ങളുമാണ്. മക്കൾ രണ്ടുപേരും സ്വന്തം ജീവിതം തിരഞ്ഞ് പോവുകയും ചെയ്തതോടെ എല്ലാ അർത്ഥത്തിലും ഒറ്റപ്പെടുകയായിരുന്നു.
നൂറു കണക്കിന് ലൈംഗിക തൊഴിലാളികളാണ് കോഴിക്കോട്ടുള്ളത്. കണക്കുകൾ പ്രകാരം പുരുഷ ലൈംഗിക തൊഴിലാളികൾ കൂടുതലുള്ള ജില്ല കോഴിക്കോടാണ്. യമുനയുടെ ജീവിതത്തിന്റെ പരിഛേദമാണ് നഗരത്തിലെ മറ്റ് ലൈംഗിക തൊഴിലാളികളുടെ അവസ്ഥയും. സ്വസ്ഥമായി കിടന്നുറങ്ങാൻ കൂര പോലും ഇല്ലാത്തവരാണ് ഭൂരിഭാഗവും. കോവിഡ് കാലത്ത് സർക്കാർ സഹായങ്ങൾ കൊണ്ട് മാത്രം പിടിച്ചുനിന്നവരുമുണ്ട്. നഗരത്തിൽ അവർ അനുഭവിക്കുന്നതിനപ്പുറമുള്ള വിവേചനവും അക്രമണങ്ങളും പലപ്പോഴും വീട്ടിനുള്ളിലും നേരിടേണ്ടി വരുന്നു എന്നതാണ് വസ്തുത. അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന ലൈംഗിക തൊഴിലാളികളുടെ മാനസികാവസ്ഥയിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാവുന്നതായും നിരീക്ഷിക്കുകയാണ് ഡോ. അജയൻ വർഗ്ഗീസ്. മനഃശാസ്ത്ര വിദഗ്ദ്ധനും ഐ.എസ്.ആർ.എം. ഡയറക്ടറുമാണ് അദ്ദേഹം.
ഒന്നേ പറയാനുള്ളൂ, വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമാണ്; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 02

'എഴുപതുകളിൽ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ അവളുടെ രാവുകൾ എന്ന സിനിമയിൽ കോഴിക്കോട് നഗരത്തിലെ തെരുവുവേശ്യകളെകുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ന് അത്തരം തെരുവുവേശ്യകളുടെ എണ്ണം തുലോം കുറവാണ് എങ്കിൽകൂടി സമൂഹത്തിൽ അത് നിർമാർജനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. കൊറോണ ഈ വിഭാഗത്തെ എങ്ങനെ ബാധിച്ചു എന്നുള്ളത് നമുക്ക് കണക്കിലെടുക്കാം, തെരുവുവേശ്യകൾ എന്നല്ല, എല്ലാ തരത്തിലുമുള്ള വേശ്യകളും തങ്ങളുടേതായ തൊഴിലിലൂടെ കൂടപ്പിറപ്പായി രോഗങ്ങളെ ഏറ്റുവാങ്ങുന്നു. സമൂഹത്തിൽ തന്റെ ഇടപാടുകാർക്ക് അത് സംഭാവനയായി നൽകുകയും ചെയ്യുന്നു. എയ്ഡ്സ് പോലുള്ള മാരകരോഗം വന്നപ്പോഴും തെരുവുവേശ്യകൾക്ക് തൊഴിൽപരമായ പ്രശ്നങ്ങൾ നേരിടുകയുണ്ടായി. ജീവൻതന്നെ അപകടത്തിലാക്കുന്ന പല രോഗങ്ങളും വേശ്യാവൃത്തിക്ക് ഒരു ഭീഷണിയായി നിലനിൽക്കുന്നു. എയ്ഡ്സ് രോഗത്തേക്കാൾ കടുത്ത ഭീഷണിയാണ് കൊറോണ സാമ്പത്തികമായി വേശ്യകളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഉറകൾ ഉപയോഗിച്ചാൽ ഒരു പരിധിവരെ എയ്ഡ്സ് മുതലായ ലൈംഗികരോഗങ്ങളെ തടയാന്‍ കഴിയും. എന്നാൽ കൊറോണയെ തടുക്കാന്‍ ലൈംഗിക തൊഴിലാളികൾക്ക് ഒരു മാർഗ്ഗവുമില്ല എന്നതാണ് ദുഃഖകരമായ വസ്തുത'.
വ്യത്യസ്തമായ മാനസിക തലങ്ങൾ
ഇവിടെ വേശ്യാവൃത്തി ഒരു രീതിയിലും നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തൊഴിൽ അല്ല. എന്നിരുന്നാലും ഏറെ വിചിത്രമായ വസ്തുത നിയമപരമായി ഇവർക്ക് സഹായങ്ങൾ നൽകുന്നതിനോ ക്ഷേമപ്രവർത്തനങ്ങളിൽ ഭാഗവാക്കാകുന്നതിനോ കഴിയാതെ വരികയും ചെയ്യുന്നു. ഇവരുടെ കുടുംബവും സംരക്ഷിച്ചു കൊള്ളണമെന്നില്ല. വേശ്യാവൃത്തിയിലേയ്ക്ക് ഒരു സ്ത്രീ എങ്ങനെ എത്തിപ്പെടുന്നുവെന്നും അവരെ ഏത് രീതിയിൽ സംരക്ഷിക്കണമെന്നും ദുരന്തങ്ങൾ ഉണ്ടാകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാൻ എങ്ങിനെ കഴിയുമെന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കടുത്ത ദാരിദ്ര്യം മൂലമോ ചതിയിൽപെടുമ്പാഴോ മാത്രമാണ് ഒരു സ്ത്രീ ലൈംഗിക തൊഴിലാളിയായി മാറുന്നത്. ഉറക്കത്തിൽ പോലും കുറ്റബോധത്തെക്കാളുപരി സങ്കടവും ദേഷ്യവുമാണ് അവരിൽ നിഴലിച്ചു കാണുന്നത്. നക്ഷത്ര വേശ്യാലയങ്ങളിലും പാർലറുകളിലും മസാജ് സെൻററുകളിലും ആഡംബര ഹോട്ടലുകളിലും ജീവിതം ആരംഭിക്കുന്ന സ്ത്രീകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അവഗണന മാത്രം അനുഭവിക്കുകയും ചെയ്യുന്നു. ശാരീരികമായ അസുഖങ്ങളെക്കാൾ ഉപരി മാനസികമായ അനവധി അസുഖങ്ങൾ ഇവരെ ബാധിക്കുന്നു.
ഡിപ്രഷൻ, ആങ്‌സൈറ്റി, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബൈപോളാർ ഡിസോർഡർ, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, അപൂർവമായി സ്കീസോഫ്രീനിയ എന്നീ അസുഖങ്ങൾ ഇവരെ ബാധിക്കുന്നതായി കാണാം ഇത്തരം അസുഖങ്ങളെ കണ്ടെത്താനോ തക്കതായ ചികിത്സ നൽകുവാനോ കഴിയാതെ വരുന്നു എന്നുള്ളതാണ് ദുഃഖകരമായ വസ്തുത. അസുഖങ്ങൾ ബാധിക്കുന്നതിനനുസരിച്ച് ഇവർ ലഹരിക്ക് അടിമപ്പെടുകയും ചെയ്യുന്നു. പിന്നീട് പണത്തിനുപകരം ലഹരിമരുന്നുകൾക്ക് ശരീരം വിൽക്കേണ്ടി വരുന്നു.
ഡിപ്രഷൻ അഥവാ വിഷാദം
ലൈംഗിക തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. സുരക്ഷിതത്വം ഇല്ലാതാകുമ്പോൾ, രോഗം പിടിപെടുമ്പോൾ, വരുമാനം കുറയുമ്പോൾ, ഇവരെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്. സിറോട്ടോണിൻ, നോർ-എപിനെഫ്രിൻ എന്നീ ന്യൂറോ കെമിക്കലുകളുടെ വിന്യാസത്തിലും പ്രർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനമെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ഥ്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷൻ അഥവാ വിഷാദരോഗം.
മാനസികതലത്തിലാണ് ഇതനുഭവപ്പെടുന്നത് എങ്കിലും ശരീരത്തിൽ, അതായത് തലച്ചോറിൽനിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഃഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസപ്രേഷണത്തിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒരു മൂഡ് ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിതക്രമത്തിലുള്ള ശാരീരിക-മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ അളവിൽ കൂടുതലോ കുറവോ ആയാൽ മൂഡ് ഡിസോർഡർ ആയിത്തീരുന്നു.'
ലൈംഗിക തൊഴിലാളികളുടെ മൂഡ് എപ്പോഴും വ്യത്യാസപ്പെട്ടിരിക്കും അഥവാ അവരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന രീതിയിൽ വികാരക്ഷോഭങ്ങൾ അനുഭവപ്പെടുക എന്നതാണ് ഇതിന്റെ പ്രത്യേകത. വിഷാദം വഴി ഉണ്ടാകുന്ന മൂഡ് ഡിസോർഡർ ഇവരെ മയക്കുമരുന്നുകൾക്ക് അടിമയാക്കി തീർക്കുന്നു. തുടർന്ന് തൊഴിൽ ചെയ്യുവാനുള്ള ശേഷി നഷ്ടപ്പെട്ട് ജീവച്ഛവവങ്ങളായി മാറുന്നു.
ബൈപോളാർ, മൂഡ് ഡിസോർഡർ
വിഷാദരോഗവും ഉന്മാദരോഗവും മാറിമാറി വരുന്ന അവസ്ഥയാണ് ബൈപോളാർ ഡിസോഡർ. ലൈംഗിക തൊഴിലാളികളുടെ അമിത സംസാരം, നിയന്ത്രണം വിട്ടുള്ള ആഹ്ലാദ പ്രകടനങ്ങൾ, അമിത ദേഷ്യം, അളവിൽ കവിഞ്ഞ ഭക്തി, അമിതമായ ഊർജ്ജസ്വലത എന്നിവയൊക്കെ ബൈപോളാർ മൂഡ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ ആകാനാണ് സാധ്യത. രോഗം കൂടുമ്പോൾ രോഗി സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പാട്ടുപാടുക, നൃത്തം ചെയ്യുക, അശ്ലീല സംസാരം നടത്തുക, ലൈംഗിക ചേഷ്ടകൾ കാട്ടുക, അക്രമാസക്തയാകുക എന്നിവയൊക്കെ ചെയ്തേക്കാം. ചില വ്യക്തികളിൽ ചെറിയ തോതിലുള്ള അമിത സംസാരം, ദേഷ്യം, അമിത ലൈംഗിക താത്പര്യം, അധികം ജോലി ചെയ്യാനുള്ള ത്വര എന്നീ ലക്ഷണങ്ങൾ നേരിയ തോതിൽ മാത്രം കണ്ടെന്നും വരാം. ഇത് തിരിച്ചറിഞ്ഞ് ചികിത്സ നൽകേണ്ടതുണ്ട്.
ഒരു നേരത്തെ അന്നത്തിനായി ശരീരം വിൽക്കേണ്ടി വന്നിട്ടുണ്ട്; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 03
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ
ഈ അവസ്ഥയിൽ ലൈംഗിക തൊഴിലാളികൾ വളരെ പെട്ടെന്ന് വികാരങ്ങൾക്ക് വശംവദരാകുന്നു, വളരെ പെട്ടെന്ന് ദേഷ്യം വരുന്നു. അക്രമാസക്തരാകുന്നു.
സീഷോഫ്രീനിയ
ഇത്തരം കടുത്ത മാനസികരോഗങ്ങൾ വളരെ വളരെ കുറവാണെങ്കിലും ലൈംഗികത്തൊഴിലാളികൾ അവസാനഘട്ടങ്ങളിൽ എത്തിപ്പെടുന്നതായി കാണുന്നുണ്ട്. ഇതുകൂടാതെ ലൈംഗിക തൊഴിലാളികളുടെ കുടുംബാംഗങ്ങളും പല വിധത്തിലുള്ള മാനസിക സംഘർഷങ്ങളിൽ എത്തിപ്പെടാറുണ്ട്. നമുക്ക് ഇവരുടെ കുട്ടികളുടെ കാര്യം പരിഗണിക്കാം ഇത്തരം കുട്ടികൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ കൂടി മറ്റൊരു ദൃഷ്ടിയോടെ കൂടി മാത്രമേ സമൂഹം അവരെ നോക്കി കാണുകയുള്ളൂ അതുകൊണ്ടുതന്നെ കുട്ടികൾക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരിയായ വിദ്യാഭ്യാസം നൽകുന്നതിനും കഴിയാതെ വരുന്നു. എത്ര സംരക്ഷണത്തോടെ വളർത്തിയാലും പ്രലോഭനങ്ങൾക്ക് വശംവദരാകുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
വ്യക്തമായ കണക്കെടുപ്പോ സർവ്വേകളോ ലൈംഗിക തൊഴിലാളികളെ സംബന്ധിച്ച് ഇപ്പോഴും നടത്തപെട്ടിട്ടില്ല. ഈ തൊഴിൽ ഉപേക്ഷിച്ച് കുടുംബജീവിതത്തിലേയ്ക്ക് വരാനുള്ള സാധ്യതയും വിരളമാണ്. സർക്കാരും സന്നദ്ധസംഘടനകളും കൂട്ടായി പ്രവർത്തിച്ച് ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
അപരിചിതമായ ജീവിതങ്ങളുടെ കഥ തുടരും....
Content Highlights: Sex Workers Sharing Saddest Experiences Series Part four