ആത്മാവും അഭിമാനവും പണയപ്പെടുത്തി വിശപ്പകറ്റുന്നവരുടെ ജീവിതമാണിത്. ചായം തേച്ച ശരീരത്തിനുള്ളിലെ മുറിവേറ്റ മനസ്സ് കാണാന്‍ സാധിക്കാതെ പോയവര്‍ ഇനിയെങ്കിലും കേള്‍ക്കണം ആ വേദന. കൊറോണ കാലത്ത് വഴിമുട്ടിപ്പോയ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഒരന്വേഷണം. ഭാഗം 05
തൃശ്ശൂരിലെ ലൈംഗിക തൊഴിലാളിയായ സുമതിയുടെ (യഥാർത്ഥ പേരല്ല) ജീവിതത്തിൽനിന്ന് തുടങ്ങിയതാണ് 'വിൽക്കുന്നത് ശരീരം പറയാനുണ്ട് ജീവിതം' എന്ന ഈ പരമ്പര. ഇനിയും പ്രകാശം കടന്നുചെന്നിട്ടില്ലാത്ത ഒരു പാട് ജീവിതങ്ങളിലേക്കുള്ള താക്കോൽ ആയിരുന്നു യഥാർത്ഥത്തിൽ സുമതി. കൊറോണ കാലത്തെ ലൈംഗിക തൊഴിലാളികളുടെ ജീവിതം അന്വേഷിച്ചായിരുന്നു അവരുടെ അടുത്തെത്തിയത്. എന്നാൽ അറിയാൻ സാധിച്ചത് ജീവിതത്തിൽ ഉടനീളം അവർ ഉൾപ്പെടുന്ന ലൈംഗിക തൊഴിലാളികൾ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളുടെ ആഴവും പരപ്പുമായിരുന്നു. അക്ഷരങ്ങൾകൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കാത്തതായിരുന്നു പല ജീവിതങ്ങളും. പലതും അവിശ്വസനീയവും. അതിൽ ചിലതു മാത്രമാണ് മുൻ ഭാഗങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഇനിയുള്ളത് കേരള സമൂഹം കണ്ണുതുറന്ന് കാണാൻ തയ്യാറാവണം. ആ ജീവിതങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ.
മരവിച്ച് തെരുവില്‍ കിടക്കുമ്പോഴെങ്കിലും നീതി ലഭിക്കണം; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 01
പുഴു തിന്ന് ഉപേക്ഷിച്ച ഇല പോലെയാണ് ഓരോ ലൈംഗിക തൊഴിലാളിയുടെ ജീവിതവും. കാർന്നു തിന്ന് സർവ്വവും ഇല്ലാതാക്കിയ പുഴുവിനെ ആരും കാണാറുമില്ല, തിരയാറുമില്ല. എന്നാൽ പുഴു തിന്ന ഇലയുടെ അഭംഗി എല്ലാവരും കാണാറുമുണ്ട്. പലരും അവജ്ഞയോടെ നോക്കാറുമുണ്ട്. അവരുടെ പേരുകൾ വ്യത്യസ്‍തമാണെങ്കിലും ജീവിതം ഒന്നിൽനിന്ന് ഒന്നിലേക്ക് ഇഴ ചേർന്ന് നിൽക്കുന്നുന്നതായി കാണാം. അസാമാന്യമായ പ്രതിസന്ധികളിൽ പെട്ട് അവിടെ എത്തിപ്പെട്ടവരാണ് ഭൂരിഭാഗവും. അവർക്ക് വേണ്ടത് ഉപദേശങ്ങളല്ല, കാര്യക്ഷമമായ ഇടപെടലുകളാണ്.
ഒരു പരമ്പരയിൽ ഒതുങ്ങി നിൽക്കുന്നതല്ല യഥാർത്ഥത്തിൽ ലൈംഗിക തൊഴിലാളികളുടെ ജീവിതം. വൈവിധ്യങ്ങളുടെ ഒട്ടേറെ ചില്ലകൾ ഉണ്ടതില്‍. പ്രതിസന്ധിയിൽ പെട്ട് ഉഴലുന്നവരെ മാത്രം എടുത്താൽ പോലും സർക്കാർ സംവിധാനങ്ങൾക്കല്ലാതെ കാര്യക്ഷമമായ ഒരു മാറ്റവും അവരുടെ ജീവിതത്തിൽ വരുത്താൻ എളുപ്പമല്ല. എങ്കിലും നിയമപരമായ സാധ്യതകളെക്കുറിച്ച് അഡ്വ. റെബിൻ വിൻസെന്റ് ഗ്രാലനും സമൂഹത്തിന്റെ ഇടപെടലുകൾ എപ്രകാരം വേണമെന്ന് മൈത്രേയനും പറഞ്ഞു വെക്കുന്നുണ്ട്.
ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്ക് ക്ഷേമനിധി ബോർഡ് ഉണ്ടാക്കണമെന്നാണ് അഡ്വ. റെബിൻ വിൻസെന്റ് ഗ്രാലൻ പറയുന്നത്. കൂടാതെ പെൻഷനും അവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പുകളും സാധ്യമാക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ലൈംഗിക തൊഴിലാളികളോടുള്ള മനോഭാവമാണ് ആദ്യം മാറേണ്ടതെന്നാണ് മൈത്രേയൻ പറയുന്നത്. കൂടാതെ അവരെപോലെ തന്നെ കേരളത്തിലെ എല്ലാ വയോധികരെയും കൂടുതൽ പരിഗണന കൊടുത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പങ്കുവക്കുന്നുണ്ട്.

കാലഹരണപ്പെട്ട പൊതു ധാർമികതാ ആശങ്കകൾ മാറ്റി നിർത്തി ഇന്ത്യയിൽ ലൈംഗിക തൊഴിൽ നിയമവിധേയമാക്കേണ്ടതുണ്ട് എന്നാണ് അഭിഭാഷകനും ലീഗൽ ജേർണലിസ്റ്റുമായ അഡ്വ. റെബിൻ വിൻസെന്റ് ഗ്രാലൻ പറയുന്നത്. ശക്തമായ നിയമ നിർമ്മാണത്തിലൂടെ ലൈംഗിക തൊഴിലാളികളുടെ ജീവിതം അപകടരഹിതമായി കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം നിയമസാധ്യതകളിൽ ഊന്നിക്കൊണ്ട് സമർത്ഥിക്കുകയാണ്...
'വ്യത്യസ്ത ലൈംഗിക അഭിരുചി ഉള്ളവരുടെ സമൂഹമെന്ന നിലക്ക് നമ്മുടെ രാജ്യത്തും ലൈംഗിക തൊഴിൽ നിയമവിധേയമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.എവിടെയാണ് ആവശ്യക്കാർ ഉണ്ടായിരിക്കുകയും അത് നിയമവിധേയമല്ലാതെയിരിക്കുകയും ചെയ്യുന്നത് അവിടെയെല്ലാം ' ബ്ലാക്ക് മാർക്കറ്റ് ' രൂപപ്പെടുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് അത്തരം 'ബ്ലാക്ക് മാർക്കറ്റുകളിൽ' ഉൾപ്പെടുന്നവർ ലൈംഗികത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ പുറത്താക്കപ്പെടുന്നു. 80 ശതമാനത്തോളം കമ്മീഷൻ ഇടനിലക്കാരോ വൻ നെറ്റ്‌വർക്കുകളോ എടുക്കുകയും യഥാർത്ഥ ലൈംഗിക തൊഴിലാളികൾക്ക് ചെയ്യുന്ന ജോലിക്ക് 20% വേതനം മാത്രം കസ്റ്റമറിൽനിന്നു ലഭിക്കുന്ന സ്ഥിതി മാറണമെങ്കിൽ കാലഹരണപ്പെട്ട പൊതു ധാർമികതാ ആശങ്കകൾ മാറ്റി നിർത്തി ഇന്ത്യയിൽ ലൈംഗിക തൊഴിൽ നിയമവിധേയമാക്കേണ്ടതുണ്ട്'.
ഒന്നേ പറയാനുള്ളൂ, വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമാണ്; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 02
പുതിയ ബദലുകൾ ആവശ്യമാണ്
ഇന്ത്യൻ നിയമ വ്യവസ്ഥയിലെ ലൈംഗിക തൊഴിലിനെ ക്രിമിനൽ കുറ്റമായി കാണുന്ന ഇത്തരം വകുപ്പുകളും നിയമങ്ങളും പൊളിച്ചു എഴുതിയാൽ മാത്രമേ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കി കൊണ്ടുള്ള ഒരു സംസ്കാരം നമ്മുടെ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്താൻ കഴിയൂ. കസ്റ്റമറിൽനിന്ന് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി ഉചിത വേതനം ലൈംഗിക തൊഴിലാളികൾക്ക് ലഭിക്കുകയും അതിനായി ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏകജാലക സംവിധാനം പരീക്ഷിക്കാനും സർക്കാർ തയ്യാറാകണം. ഓൺലൈൻ സെക്സ് വ്യാപകമാകുന്ന കാലത്ത് മാറ്റത്തിന്റെ കാറ്റ് വേഗം കൊടുങ്കാറ്റ് ആയിത്തീരും. അത് ഇപ്പോഴുള്ള നിയമ വ്യവസ്ഥകളുടെ വൻമരങ്ങളെ കടപുഴക്കി എറിയും മുൻപേ പുതിയ ബദലുകൾ കൊണ്ടുവരേണ്ടതുണ്ട്.
ലൈംഗിക തൊഴിലാളികൾക്ക് കസ്റ്റമേഴ്സുമായി സംവദിക്കാനും സേവനം നൽകാനും സാമ്പത്തിക ഇടപാടുകൾ നടത്താനും മറ്റുമായുള്ള സർക്കാർ നിയന്ത്രണത്തിലുള്ള അപ്ലിക്കേഷൻ 'ബെവ് ക്യൂ' ആപ്പ് മാതൃകയിൽ കൊണ്ടു വരാവുന്നതാണ്. ഓൺലൈൻ സെക്സ് മേഖലയിൽ ഇരുഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന പണം തട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാൻ ഇത് ഉപകരിക്കും. ലൈംഗിക തൊഴിലാളികളുടെ കൈവശം മോഷണം മുതലുകൾ അഥവാ സ്വർണ്ണം വൈരം മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയെല്ലാം കസ്റ്റമേഴ്സിൽനിന്നും ഒരുപക്ഷേ മോഷ്ടാക്കളായ കസ്റ്റമേഴ്സിൽനിന്നുതന്നെ പ്രതിഫല രൂപേണ എത്താനും തുടർന്ന് ലൈംഗികതൊഴിലാളികൾ തന്നെ കുറ്റം ചുമത്തപ്പെട്ട് നീണ്ട ക്രിമിനൽ കോടതി നടപടികൾ നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും ഇത് ഉപകരിക്കും.
ശക്തമായ നിയമ നിർമ്മാണം നടത്തണം
പ്രസക്തി നഷ്ടപ്പെട്ട ഇമ്മോറൽ ട്രാഫിക് (പ്രിവെൻഷൻ) ആക്ട് ,1956 ഭേദഗതി ചെയ്തോ എടുത്തു കളഞ്ഞോ അല്ലെങ്കിൽ ലൈംഗിക തൊഴിൽ നിയമവിധേയമാക്കി കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നോ പാർലമെൻറ് ആർജ്ജവം കാട്ടേണ്ടതുണ്ട്. പ്രസ്തുത നിയമത്തിലെ വകുപ്പ് 4 പ്രകാരം വേശ്യാവൃത്തിയിൽനിന്നുള്ള സാമ്പത്തിക വരുമാനം കൊണ്ട് 18 വയസ്സ് പൂർത്തിയായ ഒരാൾ അറിഞ്ഞുകൊണ്ട് ജീവിക്കുന്നത് തന്നെ നിയമവിരുദ്ധ പ്രവൃത്തി ആണെന്നാണ് പറയുന്നത്. അതായത് ഇപ്പോൾ ഇന്ത്യയിൽ ലൈംഗിക തൊഴിൽ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് തന്നെയാണ് ഈ നിയമം പറഞ്ഞുവയ്ക്കുന്നത്. നാലാം വകുപ്പ് രണ്ടു വർഷം തടവും ആയിരം രൂപ പിഴയുമാണ് ലൈംഗിക തൊഴിൽ ചെയ്യുന്നവരുടെ മേൽ ചുമത്തുന്നത്.
ഒരു നേരത്തെ അന്നത്തിനായി ശരീരം വിൽക്കേണ്ടി വന്നിട്ടുണ്ട്; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 03
ലൈംഗിക തൊഴിലിന്റെ ഭാഗമായി കസ്റ്റമേഴ്സിനെ വിവിധ രീതിയിൽ അതിലേക്ക് ആകർഷിക്കാൻ വിവിധങ്ങളായ രീതിയിൽ പെരുമാറുന്ന ലൈംഗിക തൊഴിലാളികൾക്ക് മേൽ കുറ്റം ചുമത്തി അവരെ ആറു മാസം കുറഞ്ഞത് ശിക്ഷിക്കാനാണ് വകുപ്പ് 8 നിഷ്കർഷിക്കുന്നത്. ഇതേ കുറ്റം വീണ്ടും ആവർത്തിക്കുന്നതായി കണ്ടെത്തിയാൽ ശിക്ഷ ഒരു വർഷം വരെ ആക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ലൈംഗിക തൊഴിലാളികളുടെ അസ്വാഭാവിക മരണത്തിൽ നിർബന്ധമായും ബോഡി ഇൻക്വസ്റ്റ് നടത്താനുള്ള ഉത്തരവാദിത്വം ആർ.ഡി.ഒ. അല്ലെങ്കിൽ തഹസിൽദാർ പദവികളിലുള്ളവരെ ചുമതലപ്പെടുത്തിയാൽ അത്തരം വിഷയങ്ങൾ കൊലപാതകങ്ങൾ ആണോ എന്നുള്ളത് സംശയലേശമന്യേ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയും. ഇതേസമയം ലൈംഗിക തൊഴിൽ നിയമവിധേയമാക്കിയാൽ അത് കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനും അത്തരം വിഭാഗങ്ങളിൽ ഉള്ളവർ ലൈംഗിക തൊഴിലിലേക്ക് തള്ളപ്പെടാനും കാരണമാകുമെന്ന വ്യാപക വിമർശനം എല്ലാ കാലത്തും ഉയർന്ന ഒന്നാണ്.
2013-ലും 2018-ലുമുണ്ടായ ക്രിമിനൽ നിയമ ഭേദഗതികൾ വിപുലമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ ലൈംഗിക തൊഴിൽ നിയമവിധേയമാക്കിയാൽ പോലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന എല്ലാ വിധ കുറ്റകൃത്യങ്ങളുടെയും തടയാൻ അത് അപര്യാപ്തമാണ് എന്ന് നിരീക്ഷിക്കാൻ സാധിക്കും. 2012-ലെ പോക്സോ നിയമം പ്രാബല്യത്തിൽ ഉള്ളതിനാൽ ലൈംഗിക തൊഴിലാളികൾക്ക് നിയമപരിരക്ഷ നൽകിയാൽ പോലും കുട്ടികൾക്കുമെതിരായ എല്ലാ വിധ അതിക്രമങ്ങൾക്കും കനത്ത ശിക്ഷ നൽകാവുന്ന നിയമം നാട്ടിൽ നിലവിലുണ്ട് എന്ന് അത്തരം ആശങ്കകൾക്കുള്ള മറുപടിയായി ആശ്വസിക്കാം.
ലൈംഗിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ ജീവിത പ്രശ്നങ്ങൾ സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പ്രവർത്തിച്ച വ്യക്തിയാണ് മൈത്രേയൻ. ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും സമീപനങ്ങളുമാണ് ആദ്യം മാറേണ്ടതെന്നും അതിലൂടെ മാത്രമെ അവരും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നുമാണ് അദ്ദേഹം പറയുന്നത്.

ഡൽഹിയിലും കൊൽക്കത്തയിലും ഉള്ളതുപോലെ കൂട്ടമായി താമസിച്ച് ലൈംഗിക തൊഴിൽ ചെയ്യുന്ന രീതിയല്ല കേരളത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ, ഒരു പ്രത്യേക സമൂഹം എന്ന നിലയിൽ അവരുടെ വിഷയങ്ങളിൽ ഇടപെടുന്നതിന് ഒട്ടേറെ പ്രതിസന്ധികൾ ഉണ്ട്. ലൈംഗിക തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ നേരിടേണ്ട പ്രതിസന്ധികളിൽ ഒന്നാണിത്. പലരും കുറച്ചു ദിവസത്തേക്കോ ഏതാനും നാളുകളിലേക്കോ ഈ തൊഴിൽ ചെയ്യുന്നവരാണ്. പിന്നീട് പല ഇടങ്ങളിലേക്കായി വഴി പിരിഞ്ഞ് പോകുന്നതായും കാണാൻ സാധിക്കാറുണ്ട്. ഒരേ തൊഴിൽ ചെയ്യുന്നവർ എന്ന നിലയ്ക്ക് പരസ്പരം ഒരു ബന്ധവും ഇവർ തമ്മിൽ ഉണ്ടാകാറില്ല. മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ളത് പോലെ, ആരെങ്കിലും പിടിച്ചു കൊണ്ട് വന്ന് പെട്ടുകിടക്കുന്ന അവസ്ഥ കേരളത്തിൽ ലൈംഗിക തൊഴിലാളികൾക്ക് ഇല്ല. വീട് വാടകക്കെടുത്ത് ഇത്തരത്തിൽ ഒരു സംവിധാനം തുടങ്ങിയാൽ തന്നെ നാട്ടുകാരോ പൊലീസോ ഇടപെട്ട് വളരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന അവസ്ഥയാണ് പൊതുവിൽ ഉള്ളത്.
ശാരീരികവും മാനസികവുമായ പല തയ്യാറെടുപ്പുകളും ആവശ്യമുള്ള ഒന്നാണ് യഥാർത്ഥത്തിൽ ലൈംഗിക തൊഴിലും. എന്നാൽ, കേരളത്തിൽ അത്തരത്തിൽ ഒന്നും സംഭവിക്കുന്നേയില്ല. എത്രയും വേഗം ചെയ്തു തീർക്കാവുന്ന ഒന്നായി മാത്രമാണ് ലൈംഗികതയെ സ്ത്രീയും പുരുഷനും കാണുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന പുരുഷന്മാർ ഉള്ളിടത്തോളം കാലം ഇതൊക്കെ ഈ രീതിയിൽ തന്നെ തുടരും. ലൈംഗിക തൊഴിലിന്റെ സ്കില്ലുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ യാതൊരു ലോകവും ഇല്ല.
ശരീരം വില്‍ക്കാതെ വിശപ്പു മാറ്റാനുള്ള വകയാണ് വേണ്ടത്; ലൈംഗിക തൊഴിലാളികള്‍ പറയുന്നത് | Part 04
സുഗതകുമാരിക്കൊപ്പം വളരെക്കാലം മുൻപ് തന്നെ ഇത്തരം വിഷയങ്ങളിൽ പല ഇടപെടലുകളും നടത്തിയതാണ്. വർഷങ്ങൾക്ക് മുൻപ് നൂറിലധികം ലൈംഗിക തൊഴിലാളികളെ വസ്ത്ര നിർമ്മാണ യൂണിറ്റിലെ ജോലികൾക്കായി സുഗതകുമാരിയെ ഏല്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഭക്ഷണവും താമസവും കഴിഞ്ഞ് അൻപത് രൂപയായിരുന്നു കൂലിയായി കൊടുക്കാൻ സാധിച്ചത്. മണിക്കൂറിന് ആയിരങ്ങൾ കിട്ടുന്ന ലൈംഗിക തൊഴിലാളികൾക്ക് അതുമായി പൊരുത്തപ്പെട്ടുപോകാൻ സാധിച്ചിരുന്നില്ല. ഇത്തരത്തിൽ ഒക്കെയായിരുന്നു പുനരധിവാസത്തിനായി നടത്തിയ ശ്രമങ്ങളുടെ അവസ്‌ഥ. അത് അത്ര എളുപ്പമല്ല.
മാറേണ്ടത് കാഴ്ച്ചപ്പാടുകളാണ്
ലൈംഗിക തൊഴിലാളിക്ക് അറിഞ്ഞുകൊണ്ട് ജോലി കൊടുക്കാൻ ആരും തയ്യാറല്ല. ഒരു പ്രത്യേക സ്ഥലത്ത് എല്ലാ ലൈംഗിക തൊഴിലാളികളെയും ഒരുമിച്ച് ചേർത്ത് ഒരു സംവിധാനം ഉണ്ടാക്കാനും സാധ്യമല്ല. അത് കൂടുതൽ പ്രതിസന്ധിയാണ് ഉണ്ടാക്കുക. അവരെ ഉൾകൊള്ളാവുന്ന രീതിയിലുള്ള ഒരു വളർച്ച ഇപ്പോഴും കേരളത്തിന് ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം.
ലൈംഗിക തൊഴിലാളികളെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് കൊണ്ടുവന്ന് താമസിപ്പിച്ച് തൊഴിൽ കൊടുക്കാവുന്ന അവസ്ഥയും കേരളത്തിൽ ഇല്ല. അത് അവർക്ക് സാധാരണ തൊഴിൽ പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാകും ഉണ്ടാക്കുക. അനാഥമാക്കപ്പെട്ട പ്രായമായ എല്ലാവരെയും സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്നത് വഴി ഒരു പരിധി വരെ വിഷയങ്ങൾ പരിഹരിക്കപ്പെടും. ഒപ്പം ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നതിലൂടെ കേരളത്തിലെ പ്രായമായ എല്ലാവർക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടാകുന്നതിനും വഴിവെക്കും. കാര്യക്ഷമമായ സർക്കാർ ഇടപെടലുകളാണ് അടിയന്തിരമായി വേണ്ടത്.
ഒറ്റ വാക്കിൽ നിർവചിക്കാനാവാത്ത വ്യാപ്തി ലൈംഗിക തൊഴിലാളിയുടെ ജീവിതത്തിനുണ്ട്. ആത്മാവും അഭിമാനവും പണയപ്പെടുത്തി വിശപ്പകറ്റുന്നവരുടെ ജീവിതമാണത്. ചായം തേച്ച ശരീരത്തിനുള്ളിലെ മുറിവേറ്റ മനസ്സ് കാണാന്‍ സാധിക്കാതെ പോയവര്‍ ഇനിയെങ്കിലും കേള്‍ക്കണം ആ വേദന. കൊറോണ കാലത്ത് വഴിമുട്ടിപ്പോയ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള യാത്ര ഇവിടെ അവസാനിക്കുന്നു.
Content Highlights: Sex Workers Sharing Saddest Experiences Series Part five