ഇരുപത്തിരണ്ട് വർഷങ്ങൾക്കുമുമ്പാണ് സുമംഗലയെന്ന ലീലാ നമ്പൂതിരിപ്പാടിനെ ആദ്യമായി കാണുന്നത്. ആത്മസുഹൃത്തും നല്ലൊരു വായനക്കാരനുമായ അഷ്ടമൂർത്തിയുടെ അമ്മയായ അവർ ഒട്ടുംവൈകാതെ എനിക്കും അമ്മയായി.

മരിക്കുന്നതിന് ആറാഴ്ചമുമ്പ് അഷ്ടമൂർത്തിയുടെ വീട്ടിൽവെച്ച് ഞാനമ്മയെ കാണുകയുണ്ടായി. മുഖത്തെ നറുപുഞ്ചിരിയും കണ്ണുകളിലെ തിളക്കവും പഴയപോലെയുണ്ട്. അമ്മയുടെ നെറ്റിയിലും കാൽപ്പാദങ്ങളിലും ഞാൻ സ്പർശിക്കുമ്പോൾ, അമ്മ അതാഗ്രഹിക്കുന്നതായി ഞാൻ അറിഞ്ഞു.

അമ്മയുടെ വാത്സല്യം ഒട്ടും പ്രകടനപരമായിരുന്നില്ല. ഒരു പുഞ്ചിരിയിൽ, വാക്കിൽ, ശബ്ദത്തിൽ, അതൊതുങ്ങി. നേരിൽക്കണ്ട ഓരോ സന്ദർഭത്തിലും അമ്മയുടെ വാത്സല്യം നിശ്ശബ്ദമായി എന്നിലേക്കൊഴുകി.

അമ്മ ആഴവും പരപ്പുമുള്ള വായനക്കാരിയാണ്. ദിവസം എട്ടൊമ്പത് മണിക്കൂറുകളെങ്കിലും അവർ വായിക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും പുതിയ നോവലും കഥയും കവിതയും ലേഖനവും വായനയിൽ ഉൾപ്പെടും. പുരാണങ്ങളും ഇതിഹാസങ്ങളും ആവർത്തിച്ച് വായിക്കും. അതായിരുന്നല്ലോ അവരുടെ ബാലകഥകളുടെ സ്രോതസ്സ്. ഇംഗ്ലീഷ് വായനയിലും പിന്നിലല്ല. വായിച്ചവയെ നിശിതമായും സർഗാത്മകമായും വിർശിക്കും; പുരാണമെന്നോ ആധുനികമെന്നോ വേർതിരിവില്ലാതെ.

അമ്മയുടെ ജീവിതദർശനം ധാർമികതയാണ്. കറകളഞ്ഞ ഗാന്ധിയൻ ധാർമികത. അമ്മ ഒരു ഫെമിനിസ്റ്റായി ഒരിക്കലും അറിയപ്പെട്ടിട്ടില്ല. പക്ഷേ, ലിംഗനീതിയെപ്പറ്റിയുള്ള അമ്മയുടെ കാഴ്ചപ്പാട് ഏതു ഫെമിനിസ്റ്റിനെയും മറികടക്കുന്നതായിരുന്നു. ജാതിയോ മതമോ അമ്മയെ ബാധിച്ചിരുന്നില്ല. ഹിന്ദുവിന്റെയോ നമ്പൂതിരിയുടെയോ ചോരയായിരുന്നില്ല അമ്മയുടേത്. പ്രപഞ്ച മാനവികതയുടേതായിരുന്നു. അതോടൊപ്പം ചരാചരങ്ങളുടെയും. ജൈവികതയുള്ള ഒരു സെക്കുലറിസ്റ്റ് അമ്മയാൽ എപ്പോഴും ഉണർന്നിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സുമംഗലയെ നവോത്ഥാനത്തിന്റെ തുടർക്കണ്ണിയായി അടയാളപ്പെടുത്തുന്നത്. വെള്ളിനേഴിയിലെ പേരുകേട്ട ഒളപ്പമണ്ണ മനയിലെ ഒ.എം.സി. നമ്പൂതിരിപ്പാടാണ് സുമംഗലയുടെ അച്ഛൻ. അമ്മ ഉമ അന്തർജനം. ഒ.എം.സി. തികഞ്ഞ ഗാന്ധിയനായിരുന്നു. സഹോദരങ്ങളായ ശങ്കരൻ നമ്പൂതിരിപ്പാടും വാസുദേവൻനമ്പൂതിരിപ്പാടും സോഷ്യലിസ്റ്റ് കോൺഗ്രസും. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെയും കാറ്റുകൾ ഒളപ്പമണ്ണയിൽ ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിൽത്തന്നെ വീശിയടിച്ചിട്ടുണ്ട്. നവോത്ഥാനത്തിന്റെ ധാതുക്കൾ സ്വാംശീകരിക്കുന്നതിൽ സുമംഗലയെന്ന കുട്ടിയെ അത് സ്വാധീനിച്ചിട്ടുണ്ട്. ഇ.എം.എസും പി. കൃഷ്ണപ്പിള്ളയും മഹാകവി വള്ളത്തോളും ഒളപ്പമണ്ണയിലെത്താറുണ്ട്. പത്തുവയസ്സുള്ള സുമംഗല അച്ഛന്റെ സഹോദരങ്ങൾക്കൊപ്പം അക്കാലത്ത് കോഴിക്കോട്ടെ ഒരു കമ്യൂണിൽ ദിവസങ്ങൾ ചെലവഴിച്ചിട്ടുണ്ട്. കൃഷ്ണപ്പിള്ളയും ഇ.എം.എസുമെല്ലാം കമ്യൂണിലുണ്ടായിരുന്നു. അവിടെവെച്ചാണ് സുമംഗല മാക്സിം ഗോർക്കിയുടെ ‘ അമ്മ’ വായിക്കുന്നത്.

ഏഴെട്ടുവയസ്സുള്ളപ്പോൾ അവർ വിക്ടർഹ്യൂഗോയുടെ നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത ‘ പാവങ്ങൾ’ വായിക്കാൻ തുടങ്ങി. ‘ പാവങ്ങളിലെ’ ‘ കൊസെത്ത്’ എന്ന അധ്യായം മുപ്പതുതവണയെങ്കിലും വായിച്ചിട്ടുണ്ട്. കൊസെത്ത് താൻതന്നെയാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. കൊസെത്തിന്റെ രൂപഭാവങ്ങളും ദാരിദ്ര്യവും നിരാലംബതയും അവർ പങ്കിട്ടു. എൺപത്തിയേഴാംവയസ്സിലും കൊസെത്തെന്ന ദരിദ്രയായ പെൺകുട്ടി അവർക്കുള്ളിലുണ്ടായിരുന്നു.

ഹ്യൂഗോവിന്റെ കൊസെത്തുമായി തന്മയീഭവിച്ച സുമംഗല മുപ്പത്തിയെട്ടാമത്തെ വയസ്സിലാണ് പച്ചമലയാളം നിഘണ്ടുവിനുള്ള ശ്രമംതുടങ്ങുന്നത്. 1975-ൽ നിഘണ്ടുവിന്റെ ആദ്യപതിപ്പിറങ്ങി. നിഘണ്ടുവിനെപ്പറ്റി സുമംഗല: ‘ ‘ ഒന്നു മാത്രമേ ഈ നിഘണ്ടുവിനെപ്പറ്റി എടുത്തുപറയാനുള്ളൂ. സംസ്കൃതത്തിൽനിന്നും മറ്റുഭാഷകളിൽനിന്നുമുള്ള തത്പദങ്ങൾ കഴിയുന്നിടത്തോളം ഒഴിവാക്കിയിട്ടുണ്ട്. തത്ഭവങ്ങളും ശുദ്ധദ്രാവിഡ പദങ്ങളുമാണ് ഇതിലേറെയും''.

പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരുസ്ത്രീ എന്തുകൊണ്ട് ഭാഷാശാസ്ത്രജ്ഞർക്കുപോലും ബാലികേറാമലയായ ഒരു നിഘണ്ടു നിർമിക്കാനൊരുങ്ങി? വിവിധ ദേശങ്ങളുടെ മണ്ണിൽ നിന്നുള്ള വാക്കുകൾ വിളയിച്ചെടുത്തതാണ് ഈ നിഘണ്ടു. ബഹുസ്വരതയും സ്രമണധാരകളും സമന്വയിക്കുന്നത്. ഈ നിഘണ്ടു മറ്റൊരർഥത്തിൽ ഏകശിലാ സംസ്കാരത്തിനെതിരേയുള്ള ഒരു സ്ത്രീയുടെ സർഗാത്മകമായ പ്രതിഷേധമാണ്.

ജാതികൾക്കുള്ളിലും ജാതികൾ തമ്മിലും മതങ്ങൾക്കുള്ളിലും മതങ്ങൾ തമ്മിലും കുടിലുമുതൽ കൊട്ടാരംവരെ ക്രമാനുഗതമായി സംഭവിച്ച രാസമാറ്റങ്ങളാണ് കേരളീയ നവോത്ഥാനം. ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, വാഗ്ഭടാനന്ദൻ, ചട്ടമ്പിസ്വാമികൾ, ബ്രഹ്മാനന്ദശിവയോഗി, പൊയ്കയിൽ കുമാരഗുരുദേവൻ തുടങ്ങി മുൻനിരയിലുള്ള മഹത്തുക്കളായ നവോത്ഥാനശില്പികൾ നമുക്ക് പരിചിതമാണ്. എന്നാൽ, അറിയപ്പെടാത്ത അനേകം പുരുഷന്മാരും സ്ത്രീകളും കുട്ടികളും നവോത്ഥാനത്തിന്റെ ഊർജത്തിൽ വീട്ടിലും ദേശത്തും ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലൊരാളായിരുന്നു സുമംഗലയെന്ന ലീലാ നമ്പൂതിരിപ്പാട്.

വെള്ളിനേഴിയിലെ ഉത്പതിഷ്ണമായ ഒളപ്പമണ്ണയിൽനിന്നും യാഥാസ്ഥിതികതയുടെ ഇരുട്ട് ചുരമാന്തുന്ന ദേശമംഗലം മനയിലേക്ക് ലീല വിവാഹിതയായി എത്തുമ്പോൾ പതിനഞ്ചുവയസ്സാണ്. ഇത്തരമൊരു ശൈശവവിവാഹം അച്ഛൻ ഒ.എം.സി.ക്ക് പറ്റിയ തെറ്റായിരുന്നു. അദ്ദേഹത്തിലെ പുരോഗമനവാദി ഉറങ്ങിപ്പോയ സന്ദർഭം. പക്ഷേ, അച്ഛന് പിണഞ്ഞ തെറ്റിനെ മകൾ വളരെ കാർക്കശ്യത്തോടെയാണ് അഭിമുഖീകരിച്ചത്.

അക്കാലത്ത് കേരളത്തിലെ നമ്പൂതിരിയില്ലങ്ങളിൽ യുവതികളടക്കമുള്ള സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യമില്ലായിരുന്നു. വിവാഹശേഷം ദേശമംഗലത്തെത്തിയ ലീല ക്രൂരവും നിന്ദ്യവുമായ ഈ ആചാരത്തിനുനേരെ പ്രതിഷേധമുയർത്തിയത്, മാറുമറയ്ക്കാതെ ഒരുനിമിഷം പോലും താനവിടെ നിൽക്കില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടാണ്. ലീലയെന്ന പതിനഞ്ചുകാരിയുടെ ഉറച്ച നിലപാടിനെ തള്ളിക്കളയാൻ ഭർത്താവിനോ ദേശമംഗലത്തെ യാഥാസ്ഥിതികർക്കോ കഴിഞ്ഞില്ല. ലീലയുടെ പക്വതയും ക്ഷമയും അനുതാപത്തോടെയുള്ള സമീപനവുമായിരുന്നു കാരണം. താമസിയാതെ ദേശമംഗലം മനയിലെ ഏറ്റവും വയസ്സുള്ള മുത്തശ്ശിയുടെപോലും വാത്സല്യഭാജനമായി ലീല. നിരക്ഷരയായ അവർക്ക് പുരാണേതിഹാസങ്ങളിലെ കഥകൾ പറഞ്ഞുകൊടുത്തും പുറംലോകത്തുനിന്നുള്ള പുരോഗമനചിന്തയുടെ വാർത്തകൾ വായിച്ചുകേൾപ്പിച്ചും ലീല ചെറിയ പ്രകാശം പരത്തി.

സുമംഗലയെന്ന ബാലസാഹിത്യകാരിയെ അമ്മയായി മനസ്സിൽ സൂക്ഷിക്കുമ്പോൾ, എന്നെ ഏറെ ആകർഷിച്ചത് മേൽപ്പറഞ്ഞ നവോത്ഥാനധാതുകൂടിയാണ്. സ്നേഹവാത്സല്യങ്ങൾക്കും കാരുണ്യത്തിനും വളരാൻ സാമൂഹികമാറ്റത്തിന്റെ മണ്ണും വെള്ളവും അനിവാര്യമാണ്.

(കടപ്പാട്: സുമംഗല ടീച്ചറുടെ മകൻ അഷ്ടമൂർത്തിയോട്)

Content Highlights: Writer K. Aravindakshan Remembers Writer Sumangala Mother's day 2021