കൊച്ചി: “ഭർത്താവിനോടും മക്കളോടും യാത്രപറഞ്ഞ് ആശുപത്രിയിലേക്കിറങ്ങുമ്പോൾ ഞാനറിഞ്ഞില്ല, ഇനിയവരെ കാണാൻ ദിവസങ്ങളെടുക്കുമെന്ന്. കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾക്ക് കർമനിരതരായേ പറ്റൂ. എങ്കിലും ഞാനെന്റെ കുഞ്ഞുങ്ങളെ മുറുകെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു...”

കോവിഡിനെതിരേ പോരാടുന്ന ഒരു നഴ്സ് സാമൂഹിക മാധ്യമത്തിൽ കുറിച്ച വരികളാണിത്. ഈ ‘ മാലാഖ’ യെപ്പോലുള്ള ആരോഗ്യപ്രവർത്തകരാണ് മഹാമാരിക്കാലത്തെ അതിജീവിക്കാൻ നമ്മെ തുണയ്ക്കുന്നത്. അതിൽ മക്കളെ പിരിഞ്ഞുനിൽക്കുന്ന അമ്മമാരുണ്ട്, അമ്മയെ പിരിഞ്ഞുനിൽക്കുന്ന മക്കളുണ്ട്.

വീഡിയോ കോളിലെ അമ്മ

രണ്ടര വയസ്സുള്ള മകനെ കാണാനോ അവനെ വാരിപ്പുണർന്ന് ഒരുമ്മ നൽകാനോ കഴിയാത്ത സങ്കടത്തിലാണ് എറണാകുളം കിൻഡർ ആശുപത്രിയിലെ നഴ്സ് ഗ്ലാഡിസ് മേരി. കോവിഡ് ഡ്യൂട്ടിയുമായി ആശുപത്രിയിലും ഹോസ്റ്റലിലുമായി കഴിയുകയാണവർ. മകൻ ജോഹാൻ സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലുമായി മാറി മാറി നിൽക്കുന്നു.

“കോവിഡ് തുടങ്ങിയ സമയം മുതൽ ആശുപത്രിയിൽ ഡ്യൂട്ടിയിലാണ് ഞാൻ. കോവിഡിന്റെ ആദ്യകാലത്ത് മകനെ കാണാൻ ഒരിക്കൽപ്പോലും പോയിരുന്നില്ല. കോവിഡ് തീവ്രത അൽപ്പം കുറഞ്ഞ സമയത്ത് അവനെ കാണാൻ പോയെങ്കിലും മുൻകരുതലെന്ന നിലയിൽ അടുത്തിടപഴകൽ പൂർണമായും ഒഴിവാക്കി. അവന്റെ നിഷ്കളങ്കമായ മുഖത്തൊരുമ്മ നൽകാൻ കൊതിയുണ്ടെങ്കിലും എല്ലാം സങ്കടത്തോടെ ഉള്ളിലൊതുക്കി. ഇപ്പോൾ രോഗവ്യാപനം രൂക്ഷമായതിനാൽ വീഡിയോ കോളിലൂടെ മാത്രമാണ് അവനെ കാണുന്നതും സംസാരിക്കുന്നതും. പലതവണ, ജോലി ഉപേക്ഷിച്ചാലോ എന്നുവരെ ചിന്തിച്ചു. എന്നാൽ, ഒരു നഴ്സ് എന്ന നിലയിൽ ഈ മഹാമാരിയുടെ കാലത്ത് ജോലി ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഞാൻ ജോലി ചെയ്യേണ്ടത്...?” -ഗ്ലാഡിസ് ചോദിക്കുന്നു.

അറക്കപ്പൊടിയും അമ്മയും

അറക്കപ്പൊടി പോലെ എരിഞ്ഞുനിന്ന ദുരിതങ്ങളുടേയും സങ്കടങ്ങളുടേയും തീരത്തുനിന്ന് കൈപിടിച്ചു നടത്തിയ അമ്മയുടെ ഓർമകളിലാണ് കൊച്ചി കാൻസർ സെന്ററിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. കെ.ആർ. രവി.

“കൂലിപ്പണിയെടുത്താണ് അമ്മ ഞാനടക്കം നാല് മക്കളെ വളർത്തിയത്. ആദ്യം വാർക്കപ്പണിക്ക് പോയിരുന്ന അമ്മ, പ്രായമായതോടെ അറക്കപ്പൊടി നിറയ്ക്കുന്ന ജോലിയെടുത്താണ് കുടുംബം പുലർത്തിയത്. സുഖമില്ലാതെയാകുമ്പോൾ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് ഞാനാണ്. അന്നു ഡോക്ടറെ കാണാൻ കാശില്ലാത്തതിനാൽ കമ്പൗണ്ടർക്ക് ഒരു രൂപയോ മറ്റോ നൽകി മരുന്നു വാങ്ങി മടങ്ങുകയായിരുന്നു പതിവ്.

ആ നേരത്താണ് ഞാനൊരു ഡോക്ടറാകണമെന്ന ആഗ്രഹം അമ്മ പറഞ്ഞത്. അമ്മയുടെ ആഗ്രഹമനുസരിച്ച് ഞാനൊരു ഡോക്ടറായി. അതിന്റെ എല്ലാ ക്രെഡിറ്റും അമ്മയ്ക്കു തന്നെയാണ്. പത്തു വർഷം മുമ്പ് മരിച്ചെങ്കിലും ഓർമകളിൽ മായാത്ത സ്നേഹസാന്നിധ്യമായി അമ്മ കൂടെയുണ്ട്” -ഡോ. രവി പറഞ്ഞു.

ബെസ്റ്റ് ഫ്രണ്ടാണ് അമ്മ

സ്നേഹ-വാത്സല്യങ്ങളുടെ അടയാളമായി കൂടെനിൽക്കുന്ന അമ്മയെപ്പറ്റിയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സ് നിഷ രാജൻ പറഞ്ഞത്.

“അമ്മ രമണിയാണ് എന്നെ ഞാനാക്കിയത്. ഏക മകളായതിനാൽ കുട്ടിക്കാലം മുതലേ അമ്മയോടെല്ലാം പറയുമായിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്നു ചോദിച്ചാൽ അമ്മ എന്നായിരിക്കും ഉത്തരം. കോവിഡ്കാലത്ത് ആശുപത്രിയിൽ പി.പി.ഇ. കിറ്റ് ധരിച്ച് ഡ്യൂട്ടി ചെയ്യുമ്പോൾ അമ്മയുടെ മുഖം ഞാനോർക്കും. ഏതു പ്രശ്നങ്ങളേയും നമുക്ക് മറികടക്കാനാകുമെന്ന് വിശ്വസിച്ച അമ്മ പകർന്നുതന്ന ആത്മവിശ്വാസം ജോലിക്ക് തുണയായി. ഞാനൊരു ജോലി നേടണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. ഇപ്പോൾ ഞാൻ രണ്ടു മക്കളുടെ അമ്മയാണ്. എന്റെ റോൾമോഡൽ അമ്മതന്നെ” -നിഷ പറഞ്ഞു.

Content Highlights:Mothers day 2021 thankyou mother